ലണ്ടൻ : സ്ഥാനമൊഴിയുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ അവസാനത്തെ ചോദ്യോത്തര വേള - അഭിസംബോധനയ്ക്കാണ് ഇന്നലെ ബ്രിട്ടീഷ് പാർലമെന്റ് സാക്ഷ്യം വഹിച്ചത്. അടുത്തിടെ തന്നിൽ നിന്നകന്ന കൺസർവേറ്റീവ് എം.പിമാരുടെയടക്കം എഴുന്നേറ്റ് നിന്നുള്ള കൈയ്യടിയോടെ തന്റെ പ്രസംഗം അവസാനിപ്പിച്ചു കൊണ്ട് ബോറിസ് പറഞ്ഞു; ' ഹസ്തല വിസ്ത, ബേബി !"
പലർക്കും ഈ വാക്യം പരിചയം കാണാം. 1991ൽ പുറത്തിറങ്ങിയ ടെർമിനേറ്റർ 2 : ജഡ്ജ്മെന്റ് ഡേ എന്ന മെഗാ ഹിറ്റ് സയൻസ് ഫിക്ഷൻ ചിത്രത്തിൽ ഹോളിവുഡ് സൂപ്പർ താരം അർനോൾഡ് ഷ്വാർസ്നെഗർ പറയുന്ന ഡയലോഗാണിത്. ' വിട, പിന്നെ കാണാം " എന്നാണ് ഹസ്തല വിസ്ത എന്ന സ്പാനിഷ് വാക്യത്തിന്റെ അർത്ഥം. ഷ്വാർസ്നെഗർ ടെർമിനേറ്ററിൽ ഈ ഡയലോഗ് പറഞ്ഞതിന് പിന്നാലെ ഹസ്തല വിസ്ത ലോകപ്രശസ്തമാവുകയായിരുന്നു.
പിൻകാലത്ത് കാലിഫോർണിയ ഗവർണറായ അർണോൾഡ് ഷ്വാർസ്നെഗർ തന്റെ രാഷ്ട്രീയ പ്രചാരണ വേദികളിലും ഈ ഡയലോഗ് ആവർത്തിച്ചിരുന്നു. ഏതായാലും ടെർമിനേറ്ററിലെ ഷ്വാർസ്നെഗറിനെ പോലെ ' ഹസ്തല വിസ്ത, ബേബി !" ഡയലോഗും പറഞ്ഞ് പടിയിറങ്ങുന്ന ബോറിസും ശക്തമായ തിരിച്ചുവരവിനൊരുങ്ങുകയാണോ എന്നാണ് ചിലരുടെ സംശയം.
ബോറിസിനോട് പാർലമെന്റിന്റെ അധോസഭയായ ഹൗസ് ഒഫ് കോമൺസിലെ അംഗങ്ങൾ ചോദ്യങ്ങൾ ചോദിക്കുന്ന അവസാന സെഷനായിരുന്നു ( പ്രൈംമിനിസ്റ്റേഴ്സ് ക്വസ്റ്റ്യൻസ് ) ഇന്നലെ. പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്ക് ശക്തമായ മറുപടികളാണ് ഇന്നലെ ബോറിസ് പാർലമെന്റിൽ നൽകിയത്.
തന്റെ മൂന്ന് വർഷത്തെ ഭരണകാലയളവിനിടെ ബ്രെക്സിറ്റ് മുതൽ കൊവിഡ് വാക്സിൻ, യുക്രെയിൻ വിഷയങ്ങളിൽ വരെ നേടിയെടുത്ത നേട്ടങ്ങൾ ബോറിസ് എണ്ണിയെണ്ണി പറഞ്ഞു. തന്റെ പിൻഗാമിയാകാൻ പോകുന്നയാൾക്ക് ബോറിസ് ആശംസകളും നേർന്നു. വേനലവധിയ്ക്കായി ഇന്ന് പിരിയുന്ന ഹൗസ് ഒഫ് കോമൺസ് ഇനി സെപ്റ്റംബർ 5നാണ് ചേരുക. അന്ന് പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രിയെ സഭയിൽ പ്രഖ്യാപിക്കും.
പാർട്ടിഗേറ്റ് ഉൾപ്പെടെയുള്ള വിവാദങ്ങൾക്ക് പിന്നാലെ ബോറിസിന്റെ ഭരണത്തിൽ അതൃപ്തിയറിയിച്ച് ധനമന്ത്രി റിഷി സുനക്, ആരോഗ്യ മന്ത്രി സാജിദ് ജാവിദ് എന്നിവരും പിന്നാലെ 5 ക്യാബിനറ്റ് മന്ത്രിമാർ, 25 ജൂനിയർ മന്ത്രിമാർ അടക്കം 60ഓളം എം.പിമാരും മന്ത്രിസഭയിൽ നിന്ന് രാജിവച്ച പശ്ചാത്തലത്തിൽ ഇക്കഴിഞ്ഞ ജൂലായ് 7നാണ് കൺസർവേറ്റീവ് പാർട്ടി നേതാവ്, പ്രധാനമന്ത്രി പദവികൾ ഒഴിയുന്നതായി 58കാരനായ ബോറിസ് ജോൺസൺ പ്രഖ്യാപിച്ചത്. 2019 ജൂലായ് 24നാണ് ബോറിസ് ബ്രിട്ടീഷ് പ്രധാനമന്ത്രിയായി സ്ഥാനമേറ്റത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |