ലണ്ടൻ : ഒരു ഭീമൻ ആഫ്രിക്കൻ ആമ യു.കെയിൽ ട്രെയിൻ സർവീസ് താറുമാറാക്കിയത് രണ്ട് മണിക്കൂറോളം.! തിങ്കളാഴ്ച നോർഫോക്കിലാണ് സംഭവം. ട്രാക്കിലൂടെ നീങ്ങിയ ഭീമൻ ആമയെ ട്രെയിൻ ഇടിച്ചതോടെ നോർവിച്ച് നഗരത്തിനും സാൻസ്റ്റെഡ് എയർപോർട്ടിനുമിടെയിലുള്ളത് ഉൾപ്പെടെ മൂന്ന് സർവീസുകൾ വൈകിയെന്ന് റെയിൽ കമ്പനിയായ ഗ്രേറ്റർ ആംഗ്ലിയ ആണ് ട്വിറ്ററിലൂടെ അറിയിച്ചത്.
ട്രാക്കിലെ ആമയുടെ ചിത്രങ്ങൾ ചിലർ സോഷ്യൽ മീഡിയയിലും പോസ്റ്റ് ചെയ്തു. ആമയ്ക്ക് പരിക്കേറ്റെങ്കിലും ജീവനോടെയുണ്ട്. പരിക്കേറ്റ ആമയെ പ്രത്യേക മെഡിക്കൽ ടീം കണ്ടെത്തി പരിചരിക്കുകയാണെന്നും ഉടൻ തന്നെ ഭീമൻ ആമ ആരോഗ്യത്തോടെ മടങ്ങിയെത്തുമെന്ന് കരുതുന്നതായും ഗ്രേറ്റർ ആംഗ്ലിയയുടെ കസ്റ്റമർ സർവീസ് വിഭാഗം അറിയിച്ചു.
ശരിക്കും ഈ ഭീമൻ ആമയുടെ പേര് ക്ലൈഡ് എന്നാണ്. ഇക്കഴിഞ്ഞ ഞായറാഴ്ച ഈസ്റ്റ് ഹാർലിംഗിലെ സ്വൊല്ലോ അക്വാട്ടിക്സിൽ നിന്ന് കാണാതായതാണ് ക്ലൈഡിനെ. ട്രെയിൻ ഇടിച്ചതിന്റെ ആഘാതത്തിൽ ക്ലൈഡിന്റെ തോട് തകർന്നിട്ടുണ്ട്. ഏകദേശം 2.5 അടി നീളമുണ്ട് ക്ലൈഡിന്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |