ജക്കാർത്ത : കണ്ടിട്ട് എന്ത് തോന്നുന്നു ? വീടുകളിൽ പാത്രം കഴുകാൻ ഉപയോഗിക്കുന്ന സ്പോഞ്ച് പോലെയുണ്ടല്ലേ. എന്നാൽ ഇതൊരു കേക്കാണെന്ന് പറഞ്ഞാൽ വിശ്വസിക്കാനാകുമോ ? ഇന്റർനെറ്റിൽ തരംഗമായി മാറിയിരിക്കുകയാണ് ഈ 'ഹൈപ്പർ - റിയലിസ്റ്റിക്" കേക്ക്. ശരിക്കുമുള്ള ഡിഷ്വാഷിംഗ് സ്പോഞ്ചിനെ വെല്ലുന്നതാണ് ഈ കേക്ക്.
സോപ്പിന്റേത് പോലെ കാണപ്പെടുന്ന പതയാകട്ടെ കഴിക്കാനാകുന്നതുമാണ്. ഇൻഡോനേഷ്യൽ കണ്ടന്റ് ക്രിയേറ്ററായ ആൻഡ്രെ സർവോനോ ആണ് ഈ കേക്കിന്റെ വീഡിയോ ഇൻസ്റ്റഗ്രാമിലൂടെ പുറത്തുവിട്ടത്. ആൻഡ്രെ ഈ കേക്ക് മുറിക്കുന്നതും വീഡിയോയിൽ കാണാം.
കേക്ക് തരംഗമായി മാറിയെങ്കിലും ഇത്തരം വിചിത്ര രൂപത്തിലെ കേക്കുകളോട് എതിർപ്പ് പ്രകടിപ്പിക്കുന്നവരും കുറവല്ല. ഈ കേക്ക് കാണുമ്പോൾ കഴിക്കാൻ തോന്നുന്നതേയില്ലെന്നാണ് ഒരു വിഭാഗം പറയുന്നത്.
സമീപ കാലത്ത് വിചിത്ര രൂപത്തിലും ഭാവത്തിലുമുള്ള കേക്കുകളും ചോക്ലേറ്റ് രൂപങ്ങളും സോഷ്യൽ മീഡിയയിൽ തരംഗമാണ്. കടലാമയുടെയും മുതലയുടെയും പക്ഷികളുടെയും വാഹനങ്ങളുടെയുമൊക്കെ രൂപത്തിൽ കേക്കുകൾ എത്തിക്കഴിഞ്ഞു. ഏതായാലും ത്രി - ഡി കേക്കുകൾ നിർമ്മിക്കുന്നവരുടെ കഴിവ് അഭിനന്ദനാർഹമാണെന്ന് സോഷ്യൽ മീഡിയ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |