SignIn
Kerala Kaumudi Online
Friday, 26 April 2024 5.35 PM IST

ഇൻഡോനേഷ്യയെ കാത്തിരിക്കുന്നത് കൂറ്റൻ സുനാമി ?

tsunami

ജക്കാർത്ത: ഇൻഡോനേഷ്യയിലെ ജാവ, സുമാത്ര ദ്വീപുകളിലും സമീപ പ്രദേശങ്ങളിലും റിക്ടർ സ്കെയിലിൽ 8.9 തീവ്രതയിലെ ശക്തമായ ഭൂകമ്പം 34 മീറ്റർ ( 111 അടി ) ഉയരത്തിലെ കൂറ്റൻ സുനാമിയ്ക്ക് കാരണമായേക്കാമെന്ന് പഠന റിപ്പോർട്ട്. ഇൻഡോനേഷ്യൻ ഗവേഷകർ നടത്തിയ ഒരു പഠനത്തിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. എന്നാൽ ഇത്തരം ഭൂചലനം എപ്പോഴാണ് ഉണ്ടാകാൻ സാദ്ധ്യത എന്നത് സംബന്ധിച്ച വിവരം വ്യക്തമല്ല.

പടിഞ്ഞാറൻ ജാവ പ്രവിശ്യയുടെ തെക്കൻ തീരത്ത് വളരെ ഉയർന്ന അളവിലെ സീസ്മിക് പ്രവർത്തനങ്ങൾ ഗവേഷകർ കണ്ടെത്തി. സുമാത്ര ദ്വീപിന്റെ തെക്ക് കിഴക്കൻ മേഖലയിലും സമാന രീതിയിൽ സീസ്മിക് പ്രവർത്തനങ്ങൾ കണ്ടെത്തി. ഇത് അതിശക്തമായ ഭൂചലനത്തിന് കാരണമാകാമെന്ന് കഴിഞ്ഞാഴ്ച ഒരു ശാസ്ത്ര ജേണലിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

ഇത്തരം തീവ്രതയിലെ ഒരു ഭൂകമ്പമുണ്ടായാൽ അത് 2004ൽ ഇന്ത്യൻ മഹാസമുദ്രത്തിന്റെ തീരങ്ങളിൽ നാശം വിതച്ച സുനാമിയുമായി സാമ്യമുള്ളതായിരിക്കും എന്നത് ആശങ്കയുണർത്തു. അന്ന് ഡിസംബർ 26ന് സുമാത്ര തീരത്ത് കടലിനടിയിൽ 9.1 തീവ്രതയിലെ ഭൂകമ്പമുണ്ടായതാണ് ഇന്ത്യയെ അടക്കം നടുക്കിയ സുനാമിയ്ക്ക് കാരണമായത്. 14 രാജ്യങ്ങളിലായി ഏകദേശം 227,800 ഓളം മനുഷ്യരുടെ ജീവനാണ് ചരിത്രത്തിലെ ഏറ്റവും വിനാശകരമായ പ്രകൃതി ദുരന്തങ്ങളിലൊന്നായ 2004 സുനാമി കവർന്നത്.

2009 മുതൽ 2020 വരെയുള്ള ഡേറ്റകളിൽ നിന്ന് റിക്ടർ സ്കെയിലിൽ നാലോ അതിൽ കൂടുതലോ തീവ്രതയോട് കൂടിയ ഭൂകമ്പങ്ങളുടെ 1,000ത്തിലേറെ പ്രഭവ കേന്ദ്രങ്ങളുടെ മാപ്പ് തയാറാക്കിയാണ് ഭാവിയിലുണ്ടായേക്കാവുന്ന കൂറ്റൻ സുനാമിത്തിരയുടെ ഉയരം ഗവേഷകർ കണക്കുകൂട്ടിയത്.

ഭൂകമ്പത്തിന്റെ തീവ്രതയെ ആശ്രയിച്ചാകും സുനാമിത്തികളുടെ ഉയരം. സുമാത്രയിലും ജാവയിലും യഥാക്രമം 11.8 മീറ്റർ, 10.6 മീറ്റർ ഉയരമാണ് സുനാമിത്തിരകൾക്ക് ഗവേഷകർ ശരാശരി കണക്കാക്കുന്നത്. ഓരോ 500 വർഷം കൂടുമ്പോഴും ജാവയിൽ ഒരു മെഗാ ഭൂകമ്പം ഉണ്ടായേക്കാമെന്ന് മറ്റൊരു പഠനം ചൂണ്ടിക്കാട്ടുന്നു. ലോകത്ത് ഏറ്റവും കൂടുതൽ ഭൂകമ്പ, അഗ്നിപർവത സ്ഫോടന സാദ്ധ്യതയുള്ള മേഖലകളിലൊന്നാണ് പസഫിക് റിംഗ് ഒഫ് ഫയർ മേഖലയിൽ ഉൾപ്പെടുന്ന ഇൻഡോനേഷ്യ.

 അലാസ്കയെ ഞെട്ടിച്ച രാക്ഷസത്തിര !

ചരിത്രത്തിൽ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും ഉയർന്ന സുനാമിത്തിര ആഞ്ഞടിച്ചത് എവിടെയാണെന്നറിയാമോ ? 1958 ജൂലായ് 9ന് അലാസ്‌കയിലായിരുന്നു അത്. അലാസ്‌കൻ മഞ്ഞുമലനിരകൾക്കിടെയിലുള്ള ചെറു ഉൾക്കടലായ ലി​റ്റൂയ ബേയിൽ നിന്ന് അന്ന് ഉയർന്ന് പൊങ്ങിയ രാക്ഷസത്തിരകളുടെ ഉയരം 1720 അടി (524 മീ​റ്റർ ) വരെ ആയിരുന്നു.! എന്നാൽ വെറും അഞ്ച് പേർ മാത്രമാണ് അന്ന് കൊല്ലപ്പെട്ടത്.! ചുറ്റും മഞ്ഞുമലകൾ നിറഞ്ഞതിനാലും ജനവാസ മേഖലയല്ലാതിരുന്നതുമാണ് ഇതിന് കാരണം.

റിക്ടർ സ്കെയിലിൽ 7.8 - 8.3 തീവ്രതയിൽ ഭൂകമ്പമുണ്ടായതും പിന്നാലെ മഞ്ഞുമലകളിൽ നിന്ന് ഹിമാനികൾ തകർന്ന് 3,000 അടി ഉയരത്തിൽ നിന്ന് കടലിലേക്ക് ശക്തമായി പതിച്ചതുമാണ് ഈ രാക്ഷസ സുനാമിയ്ക്ക് കാരണമായത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.