SignIn
Kerala Kaumudi Online
Sunday, 28 April 2024 1.01 AM IST

ദ്രൗപദി മുർമു; രാഷ്ട്രീയ വിവക്ഷകൾ

draupadi-murmu

മഹാത്ഭുതങ്ങളൊന്നും സംഭവിച്ചില്ല. ദ്രൗപദി മുർമു രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടു, അതും കനത്ത ഭൂരിപക്ഷത്തോടെ. അവർക്ക് ഇലക്ട്രറൽ കോളേജിൽ 64.03 ശതമാനം വോട്ടുകിട്ടിയപ്പോൾ എതിർസ്ഥാനാർത്ഥി യശ്വന്ത് സിൻഹയ്ക്ക് 35.97 ശതമാനം വോട്ടുകൾ മാത്രമേ സമാഹരിക്കാൻ കഴിഞ്ഞുള്ളൂ. കോൺഗ്രസിന്റെയും സഖ്യകക്ഷികളുടെയും വോട്ടുകൾ ചോർന്നെന്ന് തിരഞ്ഞെടുപ്പുഫലം തെളിയിച്ചു. യു.ഡി.എഫും എൽ.ഡി.എഫും ഒറ്റക്കെട്ടായി എതിർത്തിട്ടും കേരളത്തിൽ നിന്നുപോലും മുർമുവിന് ഒരു വോട്ടുകിട്ടി. ബി.ജെ.പിയുടെ തന്നെ കണക്കുകൂട്ടലുകൾ തെറ്റിച്ച വമ്പിച്ച വിജയം.

രാഷ്ട്രപതിയെ തിരഞ്ഞെടുക്കാനുള്ള ഇലക്ട്രറൽ കോളേജിൽ ബി.ജെ.പി നയിക്കുന്ന ദേശീയ ജനാധിപത്യ സഖ്യത്തിന് ഭൂരിപക്ഷത്തോടടുത്ത വോട്ടുകളുണ്ടായിരുന്നു. അല്പമൊന്നു മനസുവച്ചാൽ രണ്ടോ മൂന്നോ പ്രാദേശിക കക്ഷികളെ വശപ്പെടുത്താനും അവരുടെ കൂടി പിന്തുണയോടെ തങ്ങളുടെ സ്ഥാനാർത്ഥിയെ നിഷ്പ്രയാസം വിജയിപ്പിക്കാനും കഴിയുമായിരുന്നു. ബി.ജെ.പിയുടെ സ്ഥാനാർത്ഥി വെങ്കയ്യ നായിഡുവോ ആരിഫ്ഖാനോ അമരീന്ദർ സിംഗോ ആരു തന്നെയായാലും വിജയം ഏറെക്കുറേ ഉറപ്പായിരുന്നു. ബിജു ജനതാദളും തെലുങ്കാന രാഷ്ട്രസമിതിയും വൈ.എസ്.ആർ കോൺഗ്രസും അണ്ണാ ഡി.എം.കെയുമൊക്കെ ബി.ജെ.പിയോടു അങ്ങനെ അയിത്തമുള്ള പാർട്ടികളല്ല. തരാതരം പോലെ എതിർക്കുകയോ അനുകൂലിക്കുകയോ ചെയ്യും. അങ്ങനെ ഒരു രാഷ്ട്രീയ സാഹചര്യത്തിൽ രാഷ്ട്രപതി തിരഞ്ഞെടുപ്പിനെക്കുറിച്ച് ബി.ജെ.പി നേതൃത്വത്തിന് യാതൊരു ഭയാശങ്കയ്ക്കും വകയുണ്ടായിരുന്നില്ല. എങ്കിലും മുൻ പറഞ്ഞവരെ ഒഴിവാക്കി ദ്രൗപദി മുർമു എന്ന സ്ഥാനാർത്ഥിയിലേക്ക് എത്തുമ്പോൾ നരേന്ദ്രമോദിക്കും അമിത് ഷായ്ക്കും മറ്റു പല കണക്കുകൂട്ടലുകളും ഉണ്ടായിരുന്നു. രാജ്യത്തു ഉരുത്തിരിഞ്ഞു വരുന്ന പ്രതിപക്ഷ ഐക്യനിരയെ ശിഥിലമാക്കുക എന്നതായിരുന്നു അവരുടെ താത്കാലിക ലക്ഷ്യം. അതിലുപരി പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്കിടയിൽ ശക്തമായ അടിത്തറ പണിയുക എന്നതാണ് ദീർഘകാലലക്ഷ്യം.

താത്കാലിക ലക്ഷ്യം ബി.ജെ.പി കൈവരിച്ചു കഴിഞ്ഞു. ദേശീയ ജനാധിപത്യ സഖ്യത്തെ കെട്ടുറപ്പോടെ നിലനിറുത്തിക്കൊണ്ടു തന്നെ പ്രാദേശികകക്ഷികൾ പലരെയും വശത്താക്കാനും കോൺഗ്രസ് നയിക്കുന്ന ഐക്യപുരോഗമന സഖ്യത്തിൽ വിള്ളൽ വീഴ്‌ത്താനും അവർക്ക് സാധിച്ചു. ഒഡീഷക്കാരിയായ ഒരു വനിതയെ സ്ഥാനാർത്ഥിയാക്കുന്നതിലൂടെ ബിജു ജനതാദളിന്റെ പിന്തുണ ആദ്യമേ നേടിയെടുത്തു. ദേശീയ ജനാധിപത്യ സഖ്യത്തിൽ അംഗമല്ലാത്ത വൈ.എസ്.ആർ കോൺഗ്രസിനെയും അവരുടെ ബദ്ധശത്രുവായ തെലുങ്കുദേശം പാർട്ടിയെയും ഒരേസമയം ബി.ജെ.പി വശപ്പെടുത്തി. ഏതാണ്ട് ഒരു വർഷം മുമ്പ് സഖ്യം പിരിഞ്ഞുപോയ ശിരോമണി അകാലിദളും തിരിച്ചുവന്നു. ശിവസേനയിലെ പിളർപ്പിന്റെ മുറിവുണങ്ങുന്നതിന് മുമ്പ് ഷിൻഡെ ഗ്രൂപ്പു മാത്രമല്ല താക്കറെ പക്ഷം പോലും മുർമുവിനെ പിന്തുണയ്ക്കാൻ നിർബന്ധിതമായി. രാഷ്ട്രീയമായും സൈദ്ധാന്തികമായും ബി.ജെ.പിയോടു കടുത്ത വിയോജിപ്പ് വച്ചുപുലർത്തുന്ന ബഹുജൻ സമാജ് പാർട്ടി മുർമുവിനെ പിന്തുണയ്ക്കാൻ മുന്നോട്ടുവന്നു. ഐക്യ പുരോഗമന സഖ്യത്തിൽ നിന്നുകൊണ്ടുതന്നെ ജാർഖണ്ഡ് മുക്തി മോർച്ച ദ്രൗപദി മുർമുവിന് പിന്തുണ പ്രഖ്യാപിച്ചു. ബി.ജെ.പിയെ മുഖ്യശത്രുവായി കാണുന്ന ജനതാദൾ സെക്യുലറും അതേപാത പിന്തുടർന്നു. യശ്വന്ത് സിൻഹയെ പിന്തുണയ്ക്കാൻ എൻ.സി.പിയും തൃണമൂൽ കോൺഗ്രസും ഇടതുപക്ഷ പാർട്ടികളും കോൺഗ്രസുമല്ലാതെ ആം ആദ്‌മി പാർട്ടി മാത്രമേ മുന്നോട്ടു വന്നുള്ളൂ. അങ്ങനെ മുർമുവിന്റെ വിജയം അനായാസമായി. അതുകൊണ്ടു തന്നെ ഇലക്ട്രറൽ കോളേജിൽ മൂന്നിൽ രണ്ടുഭാഗത്തോളം വോട്ടു നേടി വിജയം വരിക്കാൻ അവർക്കു സാധിച്ചു.

രാജ്യത്തെ പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്കിടയിൽ ശക്തമായ വേരോട്ടമുണ്ടാക്കണം എന്നതാണ് ബി.ജെ.പിയുടെ ദീർഘകാലലക്ഷ്യം. ഈ വർഷം തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന ഗുജറാത്തിൽ 15 ശതമാനവും അടുത്തവർഷം തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന ഛത്തീസ്‌ഗഢിൽ 32 ഉം മദ്ധ്യപ്രദേശിൽ 21 ഉം രാജസ്ഥാനിൽ 30 ശതമാനവും ആദിവാസി വോട്ടർമാരുണ്ട്. അതുപോലെ മഹാരാഷ്ട്രയിലും ഒഡീഷയിലും ജാർഖണ്ഡിലും പശ്ചിമബംഗാളിലും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും പട്ടികവർഗ വോട്ടുകൾ വളരെ നിർണായകമാണ്. സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിൽ ഉത്തരേന്ത്യയിലെ പട്ടികജാതി - പട്ടിക വിഭാഗക്കാർ പരമ്പരാഗതമായി കോൺഗ്രസിന് വോട്ടു ചെയ്യുന്നവരായിരുന്നു. മുസ്ളിങ്ങളും ബ്രാഹ്മണരുമായിരുന്നു പാർട്ടിയെ പിന്തുണച്ച മറ്റു രണ്ടു പ്രബല വിഭാഗങ്ങൾ. ഹിന്ദു പിന്നാക്ക വിഭാഗക്കാർ പ്രായേണ സോഷ്യലിസ്റ്റ് പാർട്ടിയോടു ചായ്‌വുള്ളവരായിരുന്നു. നഗരങ്ങളിലും പട്ടണങ്ങളിലും ഇടത്തരം കച്ചവടക്കാരുടെ, പ്രത്യേകിച്ച് ബനിയകളുടെ പാർട്ടിയായിരുന്നു ബി.ജെ.പിയുടെ പൂർവരൂപമായ ഭാരതീയ ജനസംഘം. നേതാക്കൾ മിക്കവരും ബ്രാഹ്മണരോ ആര്യസമാജക്കാരോ ആയിരുന്നു. തങ്ങളുടെ വോട്ടുബാങ്ക് സുരക്ഷിതമാക്കുന്നതിനാണ് 1979 ൽ അന്നത്തെ ജനതാ സർക്കാർ മണ്ഡൽ കമ്മിഷനെ നിയോഗിച്ചത്. കമ്മിഷൻ തെളിവെടുപ്പ് നടത്തി റിപ്പോർട്ട് സമർപ്പിക്കുമ്പോഴേക്കും ഇന്ദിരാഗാന്ധി അധികാരത്തിൽ തിരിച്ചെത്തിയിരുന്നു. അതുകൊണ്ടു തന്നെ ആ റിപ്പോർട്ട് ദീർഘകാലം കോൾഡ് സ്റ്റോറേജിൽ ഇരുന്നു. 1989 ൽ വി.പി. സിംഗ് പ്രധാനമന്ത്രിയും ചൗധരി ദേവീലാൽ ഉപപ്രധാനമന്ത്രിയുമായി ജനതാദൾ മന്ത്രിസഭ അധികാരത്തിൽ വന്നപ്പോൾ പഴയ മണ്ഡൽ കമ്മിഷൻ റിപ്പോർട്ട് പൊടി തട്ടിയെടുത്തു. പിന്നാക്ക സമുദായാംഗങ്ങൾക്ക് 27 ശതമാനം വരെ സംവരണം നൽകാൻ വ്യവസ്ഥ കൊണ്ടുവന്നു. അതിനകം രണ്ടിൽനിന്ന് 88 സീറ്റിലേക്ക് വളർന്നു കഴിഞ്ഞിരുന്ന ബി.ജെ.പി വടക്കേ ഇന്ത്യയിൽ ശക്തമായ രാഷ്ട്രീയ അടിത്തറ കെട്ടിപ്പടുത്തിരുന്നു. ബി.ജെ.പിയുടെ ഹിന്ദുത്വ വോട്ടുബാങ്ക് ഭിന്നിപ്പിക്കുകയെന്ന ലക്ഷ്യം കൂടി വി.പി. സിംഗിനുണ്ടായിരുന്നു. മണ്ഡൽ കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കുമെന്ന സർക്കാരിന്റെ പ്രഖ്യാപനം രാജ്യവ്യാപകമായ പ്രക്ഷോഭത്തിന് വഴിയൊരുക്കി. സവർണ സമുദായങ്ങൾ തികച്ചും പ്രകോപിതരായി. വിദ്യാർത്ഥികൾ സമരപാതയിൽ പ്രവേശിച്ചു. സാമുദായിക ധ്രുവീകരണം ശക്തമായി. അതിനിടെ സുപ്രീം കോടതി സർക്കാർ ഉത്തരവ് സ്റ്റേ ചെയ്തു. അതോടെ പ്രക്ഷോഭം ആറിത്തണുത്തു. ഏറ്റുമുട്ടൽ കോടതിക്കുള്ളിലേക്ക് ചുരുങ്ങി. ഏതാണ്ട് ഇതേ സമയത്ത് ശിഥിലമായേക്കാവുന്ന ഹിന്ദു വോട്ടുബാങ്ക് സജീവമാക്കി നിലനിറുത്താൻ ലാൽ കൃഷ്‌ണ അദ്വാനി സോമനാഥ ക്ഷേത്രത്തിൽ നിന്ന് അയോദ്ധ്യയിലേക്ക് രഥയാത്ര പ്രഖ്യാപിച്ചു. ബീഹാറിലെ സമസ്തിപ്പൂരിലെത്തുമ്പോഴേക്കും അദ്വാനിയുടെ രഥം സർക്കാർ തടഞ്ഞു. അന്നേക്കന്ന് ബി.ജെ.പി കേന്ദ്രമന്ത്രിസഭയ്ക്കുള്ള പിന്തുണ പിൻവലിച്ചു. വിശ്വാസവോട്ടു തേടാൻ വി.പി.സിംഗ് നിർബന്ധിതനായി. ആ പരീക്ഷണത്തിൽ അദ്ദേഹം പരാജയപ്പെടുകയും സർക്കാർ രാജിവയ്‌ക്കുകയും ചെയ്തു. അതോടെ വിശ്വനാഥ് പ്രതാപ് സിംഗ് എന്ന നേതാവ് ദേശീയ രാഷ്ട്രീയത്തിൽ ഏറെക്കുറേ അപ്രസക്തനായി. അദ്ദേഹം പിന്നീടൊരിക്കലും അധികാരത്തിൽ തിരിച്ചെത്തിയില്ല. ദേശീയ രാഷ്ട്രീയത്തിൽ മറ്റെന്തെങ്കിലും തരത്തിൽ വ്യക്തിമുദ്ര ചാർത്താനും കഴിഞ്ഞില്ല.

മണ്ഡൽ കമ്മിഷൻ റിപ്പോർട്ട് കെട്ടഴിച്ചു വിട്ട കൊടുങ്കാറ്റ് ഉത്തരേന്ത്യയെ പ്രകമ്പനം കൊള്ളിച്ചു. പട്ടികജാതിക്കാരടക്കം പിന്നാക്ക സമുദായക്കാരും മുസ്ളീങ്ങളും ജനതാദളിന്റെ പച്ചക്കൊടിക്കു കീഴിൽ അണിനിരന്നു. സവർണ സമുദായക്കാർ ഏറെക്കുറേ പൂർണമായും ബി.ജെ.പിക്ക് ഒപ്പവും നിലയുറപ്പിച്ചു. കോൺഗ്രസിന്റെ വോട്ടുബാങ്ക് പൂർണമായും ലിക്വിഡേറ്റ് ചെയ്യപ്പെട്ടു. ഒ.ബി.സി വിഭാഗങ്ങൾ തമ്മിലുള്ള ഐക്യം ക്ഷണികമായിരുന്നു. യാദവരും മുസ്ളിങ്ങളും യു.പിയിൽ മുലയം സിംഗ് യാദവിനെ പിന്തുണച്ചു ; ബീഹാറിൽ ലാലു പ്രസാദിനെയും. യാദവരോടു പക വച്ചുപുലർത്തിയ കുർമ്മികൾ നിതീഷ് കുമാറിന്റെ സമത പാർട്ടിക്കൊപ്പം നിലയുറപ്പിച്ചു. പട്ടികജാതിക്കാർ യു.പിയിൽ മായാവതിയുടെ ബി.എസ്.പിക്കും ബീഹാറിൽ രാം വിലാസ് പാസ്വാന്റെ ലോക് ജനശക്തി പാർട്ടിക്കും വോട്ടുകുത്തി. എന്നിട്ടും 1991 ലെ ഇടക്കാല തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ സീറ്റുകൾ വർദ്ധിക്കുകയാണുണ്ടായത്. അവർ പാർലമെന്റിലെ പ്രധാന പ്രതിപക്ഷകക്ഷിയായി മാറി. മണ്ഡൽ കമ്മിഷൻ റിപ്പോർട്ട് സൃഷ്ടിച്ച സാമുദായിക ധ്രുവീകരണത്തെ ബി.ജെ.പി അതിജീവിച്ചത് തന്ത്രം കൊണ്ടാണ്. അവർ പിന്നാക്ക സമുദായങ്ങളിൽ നിന്നും പട്ടികജാതി - പട്ടികവർഗ വിഭാഗങ്ങളിൽ നിന്നും കഴിവുറ്റ നേതാക്കളെ കണ്ടെത്തി പ്രധാന സ്ഥാനങ്ങളിൽ അവരോധിച്ചു. അതോടൊപ്പം പിന്നാക്ക, ദളിത് വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ പാർട്ടികളുമായി തിരഞ്ഞെടുപ്പു സഖ്യമുണ്ടാക്കി. വി.പി. സിംഗിന്റെ മന്ത്രിസഭയ്ക്കു പിന്നാലെ മുലയം സിംഗ് യാദവ് നയിച്ച ഉത്തർപ്രദേശ് മന്ത്രിസഭയും നിലംപൊത്തി. ബദൽ മന്ത്രിസഭ രൂപീകരിക്കാൻ ഒരു പാർട്ടിക്കും കഴിയാഞ്ഞതിനാൽ സംസ്ഥാനം ഇടക്കാല തിരഞ്ഞെടുപ്പിലേക്ക് നീങ്ങി. രാമതരംഗം ആഞ്ഞടിച്ച 1991 ലെ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ആദ്യമായി ബി.ജെ.പി കേവല ഭൂരിപക്ഷം നേടി. രാജ്‌നാഥ് സിംഗ്, കൽരാജ് മിശ്ര, ലാൽജി ടണ്ഡൻ എന്നിങ്ങനെ സവർണ സമുദായക്കാരായ ഒട്ടേറെ നേതാക്കളുണ്ടായിട്ടും പാർട്ടി മുഖ്യമന്ത്രി സ്ഥാനത്തേക്ക് കണ്ടെത്തിയത് പിന്നാക്ക വിഭാഗത്തിൽ നിന്നുള്ള കല്യാൺ സിംഗിനെയായിരുന്നു. കല്യാൺ സിംഗിന്റെ സ്ഥാനലബ്ധി യു.പി.യിൽ പുതിയൊരു സമരമുഖം തുറന്നു. യാദവേതര ഹിന്ദു പിന്നാക്ക സമുദായങ്ങളിൽ വലിയൊരു പങ്കും കല്യാൺ സിംഗിനെ പിന്തുണച്ചു. ബ്രാഹ്മണരും കായസ്ഥരുമടക്കം സവർണ സമുദായങ്ങളും ബി.ജെ.പിക്കൊപ്പം നിലയുറപ്പിച്ചു. അതിനു പിന്നാലെ മറ്റു സംസ്ഥാനങ്ങളിലും ബി.ജെ.പി ഇതേ പരീക്ഷണം ആവർത്തിച്ചു. മഹാരാഷ്ട്രയിൽ ഗോപിനാഥ് മുണ്ഡെ, മദ്ധ്യപ്രദേശിൽ ഉമാ ഭാരതി, ജാർഖണ്ഡിൽ. ബാബുലാൽ മറണ്ടിയും അർജുൻ മുണ്ടെയും ഒഡീഷയിൽ ജുവൽ ഒറാം എന്നിങ്ങനെ കഴിവുറ്റ ഒട്ടേറെ നേതാക്കളെ കണ്ടെത്താൻ അവർക്കു സാധിച്ചു. മണ്ഡൽ കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കിയ സമയത്ത് ബി.ജെ.പിയുടെ 'മനുവാദ' രാഷ്ട്രീയത്തെ നിശിതമായി വിമർശിച്ച മായാവതി ഉത്തർപ്രദേശിൽ മുഖ്യമന്ത്രിയാകാൻ ആ പാർട്ടിയുടെ പിന്തുണ സ്വീകരിച്ചു. അടുത്തഘട്ടത്തിൽ സമതപാർട്ടിക്കും ലോക് ജനശക്തി പാർട്ടിക്കും ബി.ജെ.പിയോട് ഉണ്ടായിരുന്ന തൊട്ടുകൂടായ്മ ഇല്ലാതായി. ബി.ജെ.പിയോടു കടുത്ത വിരോധം വച്ചുപുലർത്തിയ നേതാവാണ് മുൻ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡ. മകൻ കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കാൻ വേണ്ടി അദ്ദേഹവും നിലപാടിൽ മാറ്റം വരുത്തി.

2001 ൽ ഗുജറാത്തിൽ പിന്നാക്കസമുദായത്തിൽ നിന്ന് അതിശക്തനായ ഒരു നേതാവ് ഉദയം ചെയ്തു - നരേന്ദ്ര ദാമോദർ ദാസ് മോദി. അദ്ദേഹം പാർട്ടിയെ വിജയത്തിൽ നിന്ന് വിജയങ്ങളിലേക്ക് നയിച്ചു. ഹിന്ദുത്വത്തിനും തീവ്ര ദേശീയതയ്ക്കുമൊപ്പം പിന്നാക്കസമുദായ കാർഡും ഇറക്കിക്കളിച്ചു. എല്ലാ കളികളിലും അദ്ദേഹം തന്നെ വിജയിച്ചു. ഗുജറാത്ത് ബി.ജെ.പിയിലെ തന്നെ പ്രബലമായ പട്ടേൽ ലോബി മോദിയെ പിടിച്ചുകെട്ടാൻ പഠിച്ചപണി പതിനെട്ടും പയറ്റി, ഫലമുണ്ടായില്ല. കേശുഭായ് പട്ടേലും പ്രവീൺ തൊഗാഡിയയും മോദിക്കു മുന്നിൽ നിഷ്‌പ്രഭരായി. മോദി ഗർവി ഗുജറാത്തിന്റെ പ്രതിരൂപവും ഹിന്ദു ഹൃദയ സമ്രാട്ടും വികസന നായകനുമായി വാഴ്‌ത്തപ്പെട്ടു. ഹിന്ദു പിന്നാക്ക സമുദായങ്ങളെ പ്രതിനിധീകരിച്ചിരുന്ന മറ്റു പാർട്ടികളിലെ നേതാക്കളൊക്കെ ക്രമേണ നിഷ്പ്രഭരും നിസ്തേജരുമായി- മുലയം സിംഗ് യാദവ്, ലാലു പ്രസാദ് യാദവ്, രാംവിലാസ് പാസ്വാൻ, നിതീഷ് കുമാർ അങ്ങനെ പലരും. യാദവ സമുദായത്തിന്റെ 'ഠ' വട്ടത്തിനപ്പുറം അഖിലേഷ് യാദവിനോ തേജസ്വി യാദവിനോ യാതൊരു നിലനിൽപുമില്ല. മായാവതിയുടെ സ്വാധീനം ജാതവ സമുദായത്തിൽ മാത്രം ഒതുങ്ങിനിൽക്കുന്നു. പിന്നാക്ക ഹിന്ദുസമുദായങ്ങളിലും പട്ടികജാതി വിഭാഗങ്ങളിലും ബി.ജെ.പി പ്രബലശക്തിയായി തീർന്നിരിക്കുന്നു. 2019 ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ സംവരണ മണ്ഡലങ്ങളിൽ ഏറിയകൂറും ബി.ജെ.പിയാണ് നേടിയത്.

സന്താൾ വർഗത്തിൽ ജനിച്ച ദ്രൗപദിയെ പിന്തുണച്ചില്ലെങ്കിൽ ആദിവാസികൾക്കിടയിൽ ഒറ്റപ്പെട്ടുപോകുമെന്ന തിരിച്ചറിവാണ് അവർക്ക് പിന്തുണ നൽകാൻ ജാർഖണ്ഡ് മുക്തിർമോർച്ചയെ പ്രേരിപ്പിച്ചത്. ഒരു ആദിവാസി വനിത മത്സരിക്കുമ്പോൾ മറ്റൊരാൾക്ക് വോട്ടുകൊടുക്കാൻ നിവൃത്തിയില്ല എന്നതിനാലാണ് ശിരോമണി അകാലിദളും ശിവസേനയിലെ താക്കറെ പക്ഷവും ബഹുജൻ സമാജ് പാർട്ടിയും മനസില്ലാ മനസോടെയാണെങ്കിലും അവർക്ക് പിന്തുണ പ്രഖ്യാപിച്ചത്. അങ്ങനെ ദ്രൗപദി മുർമുവിനെ പിന്തുണയ്ക്കുക എന്നത് മറ്റു പാർട്ടികളുടെ കൂടി ഉത്തരവാദിത്വമാക്കി മാറ്റാൻ ബി.ജെ.പിക്കു സാധിച്ചു. ഇതാണ് അമിത് ഷായുടെ ഇലക്‌ഷൻ എൻജിനീയറിംഗ്. ഇതുപോലുള്ള തന്ത്രങ്ങളും അഭ്യാസങ്ങളുമാണ് 2024 ലും അവർക്ക് തുണയാകാൻ പോകുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CHATHURANGAM
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.