SignIn
Kerala Kaumudi Online
Thursday, 19 September 2024 1.50 AM IST

ഖാർഗെയെ കാത്ത് വെല്ലുവിളികൾ

Increase Font Size Decrease Font Size Print Page
mallikarjun-kharge

എ.ഐ.സി.സി പ്രസിഡന്റ് തിരഞ്ഞെടുപ്പ് സമാധാനപരമായി നടന്നു. പ്രതീക്ഷിച്ചതുപോലെ മല്ലികാർജ്ജുൻ ഖാർഗെ തിരഞ്ഞെടുക്കപ്പെട്ടു - പോൾ ചെയ്ത 9,497 വോട്ടിൽ 7,897ഉം അദ്ദേഹത്തിന് ലഭിച്ചു. എതിർ സ്ഥാനാർത്ഥി ഡോ. ശശി തരൂർ 1,072 വോട്ടോടെ മാന്യമായ പരാജയം ഏറ്റുവാങ്ങി. സമ്മതിദായകർക്ക് വോട്ടു ചെയ്യാനും അറിയാത്തതു കൊണ്ടോ എന്തോ 416 എണ്ണം അസാധുവായി. പാർട്ടി അദ്ധ്യക്ഷ സ്ഥാനത്തേക്ക് ഖാർഗെയ്ക്കുള്ള അർഹതയും യോഗ്യതയും ഒരാൾക്കും ചോദ്യം ചെയ്യാൻ കഴിയില്ല. കോൺഗ്രസിലെ ഏറ്റവും മുതിർന്ന നേതാക്കളിൽ ഒരാളാണ് അദ്ദേഹം. ദീർഘകാലം കർണാടക നിയമസഭാംഗവും മന്ത്രിയും പ്രതിപക്ഷ നേതാവും പി.സി.സി പ്രസിഡന്റും എ.ഐ.സി.സി ജനറൽ സെക്രട്ടറിയുമായിരുന്നു. പിന്നീട് ലോക്‌സഭയിലെ പാർട്ടി ലീഡറും രാജ്യസഭയിൽ പ്രതിപക്ഷ നേതാവുമായും പ്രവർത്തിച്ചു. പട്ടികജാതി സമുദായാംഗമാണ് ഖാർഗെ. ബാബു ജഗ്‌ജീവൻ റാമിനു ശേഷം ദളിത് വിഭാഗത്തിൽ നിന്നുള്ള രണ്ടാമത്തെ കോൺഗ്രസ് അദ്ധ്യക്ഷൻ. മുതിർന്ന നേതാവ് എന്നതിലുപരി നെഹ്റു - ഗാന്ധി കുടുംബത്തിന്റെ പ്രത്യക്ഷ പിന്തുണയുള്ളയാൾ എന്നതായിരുന്നു ഖാർഗെയുടെ പ്രധാന യോഗ്യത. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ വിജയം സുനിശ്ചിതവുമായിരുന്നു.

മറുഭാഗത്ത്, ഡോ. ശശി തരൂർ അത്ര വലിയ നേതാവൊന്നും ആയിരുന്നില്ല. മുമ്പ് ഐക്യരാഷ്ട്ര സഭയിൽ ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം സജീവ രാഷ്ട്രീയത്തിൽ പ്രവേശിച്ചതു പോലും അടുത്ത കാലത്താണ്. അറിയപ്പെടുന്ന പ്രഭാഷകനും ഗ്രന്ഥകാരനുമാണ്. നെഹ്റു - ഗാന്ധി കുടുംബത്തിന്റെയെന്നല്ല ജി 23 എന്നറിയപ്പെടുന്ന പാർട്ടിയിലെ വിമത നേതാക്കളുടെ പിന്തുണ പോലും തരൂരിന് ഉണ്ടായിരുന്നില്ല. എന്നാൽ കോൺഗ്രസ് പാർട്ടി കാലാനുസൃതമായി മാറണമെന്ന് ആഗ്രഹിച്ച വലിയൊരു വിഭാഗം ആളുകൾ - അധികവും യുവാക്കൾ, അഭ്യസ്തവിദ്യർ, ഇടത്തരക്കാർ - അദ്ദേഹത്തിനു വേണ്ടി രംഗത്തുവന്നു. കോൺഗ്രസുകാർ മാത്രമല്ല മറ്റു പാർട്ടികളെ അനുകൂലിക്കുന്നവരും അക്കൂട്ടത്തിലുണ്ടായിരുന്നു. സംഘടനാ രംഗത്ത് യാതാെരു മുൻപരിചയവുമില്ലാത്ത തരൂർ പാർട്ടിയിൽ എന്ത് അത്ഭുതമാണ് പ്രവർത്തിക്കാൻ പോകുന്നതെന്ന് ഖാർഗെ അനുകൂലികൾ അടക്കം പറഞ്ഞു. പ്രബലരായ ശരത് പവാറും രാജേഷ് പൈലറ്റും താരതമ്യേന ദുർബലനായ സീതാറാം കേസരിയോടു തോറ്റു തൊപ്പിയിട്ടതും അവർ ഓർമ്മിപ്പിച്ചു. ഹൈക്കമാൻഡിനു മീതെ കാക്കയും പരുന്തും പറക്കില്ലെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു. വോട്ടർപട്ടികയിൽ ക്രമക്കേടും ഗാന്ധി കുടുംബത്തിന്റെ വിപ്രതിപത്തിയും ഉണ്ടായിട്ടു പോലും തരൂർ 1072 വോട്ടുനേടിയത് ചില്ലറക്കാര്യമല്ല. കോൺഗ്രസ് പ്രസിഡന്റായത് ഖാർഗെ ആണെങ്കിലും യഥാർത്ഥ വിജയി തരൂരാണെന്ന് പൊതുവേ കരുതപ്പെടുന്നു. തരൂരിന്റെ വ്യക്തി പ്രഭാവത്തേക്കാൾ ഹൈക്കമാൻഡിനോടുള്ള വിയോജിപ്പാണ് തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതെന്ന് വ്യക്തം. തികച്ചും സ്വതന്ത്രവും നീതിപൂർവകവുമായിരുന്നു തിരഞ്ഞെടുപ്പെങ്കിൽ ഫലം കുറേക്കൂടി വ്യത്യസ്തമാകുമായിരുന്നു. എ.ഐ.സി.സി തിരഞ്ഞെടുപ്പിൽ വോട്ടുചെയ്തവർക്കു മാത്രമല്ല വോട്ടവകാശം ഇല്ലാത്ത നേതാക്കൾക്കും പ്രവർത്തകർക്കും അനുയായികൾക്കും കൂടി തരൂർ ഉയർത്തിയ വിഷയങ്ങളോട് അനുഭാവമുണ്ട്. പ്രസിഡന്റ് തിരഞ്ഞെടുപ്പു സൃഷ്ടിച്ച വികാരവും തരൂരിന്റെ സ്ഥാനാർത്ഥിത്വം പ്രസരിപ്പിച്ച ഉൗർജ്ജവും നേതൃത്വത്തിന് ഇനി കണ്ടില്ലെന്ന് നടിക്കാനാവില്ല. അതു പ്രവർത്തകസമിതി തിരഞ്ഞെടുപ്പിലേക്കും വ്യാപിക്കാവുന്നതാണ്.

എ.ഐ.സി.സിയുടെ പ്ളീനറി സമ്മേളനവും പ്രവർത്തക സമിതി തിരഞ്ഞെടുപ്പുമാണ് ഖാർഗെയുടെ മുന്നിലുള്ള അടുത്ത തലവേദന. തരൂരിന്റെ മാതൃക പിന്തുടർന്ന് വിമത നേതാക്കൾ മത്സരത്തിനൊരുങ്ങാൻ സകല സാദ്ധ്യതയുമുണ്ട്. ഉദയ്‌പൂരിൽ നടന്ന ചിന്തൻ ശിബിരത്തിൽ ഉരുത്തിരിഞ്ഞുവന്ന ആശയങ്ങൾ പ്രാവർത്തികമാക്കേണ്ടുന്ന ചുമതലയും പുതിയ പ്രസിഡന്റിനുണ്ട്. നേതൃത്വത്തിന്റെ എല്ലാ ശ്രേണികളിലും പുതുമുഖങ്ങൾ കടന്നുവരണം, സ്ത്രീകൾക്കും ദളിതർക്കും ന്യൂനപക്ഷസമുദായ അംഗങ്ങൾക്കും പാർശ്വവത്കരിക്കപ്പെട്ട മറ്റു വിഭാഗങ്ങൾക്കും ന്യായമായ പ്രാതിനിധ്യം നൽകുകയും വേണം. അതിലുപരി കോൺഗ്രസിന്റെ സംഘടനാ സംവിധാനം ഉടച്ചുവാർക്കണം. കൂടുതൽ പ്രവർത്തകരെ ആകർഷിക്കാൻ സാധിക്കണം.

ഹിമാചൽ പ്രദേശിലും ഗുജറാത്തിലും ഉടൻ നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പുകളാണ് ഖാർഗെയുടെ മുന്നിലുള്ള മറ്റൊരു വെല്ലുവിളി. ഒന്നിടവിട്ട തിരഞ്ഞെടുപ്പുകളിൽ ബി.ജെ.പിയും കോൺഗ്രസും മാറിമാറി ജയിക്കുന്ന സംസ്ഥാനമാണ് ഹിമാചൽ. നിലവിൽ ബി.ജെ.പിയുടെ ഭരണമാണ്. അതുകൊണ്ടു തന്നെ ഇത്തവണ കോൺഗ്രസിന് ജയിച്ചേ മതിയാകൂ. ഈ വർഷമാദ്യം യു.പി.യിലും ഉത്തരാഖണ്ഡിലും ഗോവയിലും എന്നപോലെ ഹിമാചലിലും ബി.ജെ.പി തുടർഭരണത്തിനു ശ്രമിക്കുമെന്ന് ഉറപ്പാണ്. അതിനെ പരാജയപ്പെടുത്തുകയും അവിടെ വ്യക്തമായ ഭൂരിപക്ഷത്തോടെ കോൺഗ്രസിനെ അധികാരത്തിൽ കൊണ്ടുവരാൻ കഴിയുകയും വേണം. 1989 മുതൽ പാർട്ടി പ്രതിപക്ഷത്തിരിക്കുന്ന സംസ്ഥാനമാണ് ഗുജറാത്ത്. നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും ജന്മനാടുമാണ്. അവിടെ അധികാരം നിലനിറുത്താൻ ബി.ജെ.പി സകല സന്നാഹങ്ങളും ഒരുക്കും ; ആവനാഴിയിലെ അവസാനത്തെ അസ്ത്രം വരെ പ്രയോഗിക്കും. 2017 ൽ ഗുജറാത്ത് പിടിക്കാൻ കോൺഗ്രസ് അതിശക്തമായി ശ്രമിച്ചതാണ്. ചെറിയ വ്യത്യാസത്തിൽ പരാജയപ്പെട്ടു. ഇപ്പോഴത്തെ സ്ഥിതി അത്രതന്നെ മെച്ചമല്ല. അഞ്ചുകൊല്ലം മുമ്പ് കൊട്ടും കുരവയുമായി കോൺഗ്രസിലേക്കു വന്ന ചില സമുദായ നേതാക്കൾ ഇതിനകം പാർട്ടി വിട്ടുപോയിരിക്കുന്നു. കൂടാതെ ആം ആദ്‌മി പാർട്ടിയും രംഗത്തുണ്ട്. അതുകൊണ്ടു തന്നെ പ്രതിപക്ഷ വോട്ടുകൾ ഭിന്നിച്ചു പോകാനുള്ള സാദ്ധ്യതയും നില നിൽക്കുന്നു. അടുത്ത മേയ് മാസത്തിൽ കർണാടകത്തിലും നിയമസഭാ തിരഞ്ഞെടുപ്പു നടക്കും. കോൺഗ്രസിന് ശക്തമായ അടിത്തറയുള്ള സംസ്ഥാനമാണ് ; മല്ലികാർജ്ജുൻ ഖാർഗെയുടെ മാതൃസംസ്ഥാനവുമാണ്. സിദ്ധരാമയ്യ, ഡി.കെ. ശിവകുമാർ എന്നിങ്ങനെ ഗംഭീരന്മാരായ നേതാക്കളുമുണ്ട്. കോൺഗ്രസും ബി.ജെ.പിയും മാത്രമല്ല ദേവഗൗഡയുടെ ജനതാദൾ (എസ്) ഉം രംഗത്തുണ്ടാകും. ത്രികോണ മത്സരത്തിന്റെ ആനുകൂല്യം ആർക്കു ലഭിക്കും എന്നതും വിഷയമാണ്. കഴിഞ്ഞ തവണ കോൺഗ്രസിനെ തോൽപ്പിക്കാൻ പലയിടത്തും ജനതാദൾ ( എസ്) പ്രവർത്തകർ ബി.ജെ.പിക്ക് വോട്ടുമറിച്ചു. ഇത്തവണയും അതാവർത്തിക്കുമോ എന്നറിയില്ല. 2023 നവംബറിൽ രാജസ്ഥാൻ, മദ്ധ്യപ്രദേശ്, ഛത്തിസ്‌ഗഢ് എന്നീ സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പാണ്. കോൺഗ്രസും ബി.ജെ.പിയും നേർക്കു നേർ ഏറ്റുമുട്ടുന്ന സംസ്ഥാനങ്ങളാണ് ഇവ മൂന്നും. കഴിഞ്ഞ തവണ മൂന്നിടത്തും കോൺഗ്രസാണ് ഭൂരിപക്ഷം നേടിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പിനു ശേഷം ജോതിരാതിദ്യ സിന്ധ്യയുടെ നേതൃത്വത്തിൽ ഏതാനും കോൺഗ്രസ് എം.എൽ.എമാർ ബി.ജെ.പിയിലേക്ക് കൂറുമാറി. അങ്ങനെ മദ്ധ്യപ്രദേശ് പാർട്ടിക്ക് നഷ്ടമായി. സച്ചിൻ പൈലറ്റിന്റെ നേതൃത്വത്തിൽ അതുപോലൊരു ശ്രമം രാജസ്ഥാനിലും നടന്നതാണ്. പക്ഷേ അശോക് ഗെലോട്ട് അതു പരാജയപ്പെടുത്തി. ഹിമാചൽ പോലെ അഞ്ചുകൊല്ലത്തിൽ ഭരണം മാറുന്ന സംസ്ഥാനമാണ് രാജസ്ഥാൻ. ഗെലോട്ട് - പൈലറ്റ് തർക്കം നിലനിൽക്കുന്നതിനാൽ ഭരണം നിലനിറുത്തുന്നതു കോൺഗ്രസിന് എളുപ്പമല്ല. രാജസ്ഥാനും ഛത്തിസ്‌ഗഢും നിലനിറുത്തുകയും മദ്ധ്യപ്രദേശ് തിരിച്ചു പിടിക്കുകയും ചെയ്താൽ പാർട്ടിക്ക് ആത്മവിശ്വാസത്തോടെ പാർലമെന്റ് തിരഞ്ഞെടുപ്പിനെ നേരിടാം.

നിർണായകമായ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഇനി പതിനെട്ടുമാസമേ അവശേഷിക്കുന്നുള്ളൂ. അതിനകം പാർട്ടി നേതൃത്വം അഴിച്ചുപണിയണം, സംഘടനാ സംവിധാനം ശക്തിപ്പെടുത്തണം. പട്ടികജാതി പട്ടികവർഗക്കാരും ന്യൂനപക്ഷങ്ങളുമടക്കം പാർട്ടിയുടെ പരമ്പരാഗത വോട്ടുബാങ്കുകൾ തിരിച്ചുപിടിക്കണം. ഹിന്ദുത്വ വികാരം ആളിക്കത്തിച്ച് ബി.ജെ.പി സൃഷ്ടിക്കുന്ന വേലിയേറ്റത്തെ തടഞ്ഞു നിറുത്തണം. പണവും ആൾസ്വാധീനവും സംഘടനാ ബലവും മറുഭാഗത്താണ് കൂടുതൽ. നരേന്ദ്ര മോദിയെപ്പോലെ തലയെടുപ്പുള്ള ഒരു നേതാവും അവർക്കുണ്ട്. ഇന്നത്തെ നിലയ്ക്ക് ബി.ജെ.പിയെ ഒറ്റക്കു നേരിടാനുള്ള കെൽപ്പോ കരുത്തോ കോൺഗ്രസിനില്ല. ഡി.എം.കെ, മുസ്ളിംലീഗ്, രാഷ്ട്രീയ ജനതാദൾ, ജനതാദൾ (യു), എൻ.സി.പി എന്നിങ്ങനെയുള്ള സഖ്യകക്ഷികളെ സ്വപക്ഷത്ത് ഉറപ്പിച്ചു നിറുത്തണം. തൃണമൂൽ കോൺഗ്രസും തെലുങ്കാന രാഷ്ട്രസമിതിയും വൈ.എസ്.ആർ കോൺഗ്രസും പോലുള്ള പ്രാദേശിക കക്ഷികളെയും സ്വന്തം പാളയത്തിലേക്ക് കൂട്ടിക്കൊണ്ടു വരണം. ഇടതുപക്ഷ പാർട്ടികളുടെ പിന്തുണ തിരഞ്ഞെടുപ്പിനു ശേഷമെങ്കിലും നേടിയെടുക്കണം. ഇതൊക്കെയാണ് കോൺഗ്രസിന്റെ പുതിയ നേതൃത്വത്തെ കാത്തിരിക്കുന്ന വെല്ലുവിളികൾ.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: CHATHURANGAMA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.