2001 ഫെബ്രുവരി 27ന് ഗുജറാത്തിലെ ഗോധ്രയിൽ സബർമതി എക്സ്പ്രസിന്റെ രണ്ടു ബോഗികൾ അക്രമാസക്തരായ ആൾക്കൂട്ടം തീവച്ചു. സ്ത്രീകളും കുട്ടികളുമടക്കം 58 പേർ വെന്തുമരിച്ചു. നിരവധി പേർക്ക് പൊള്ളലേറ്റു. അയോദ്ധ്യയിൽനിന്ന് മടങ്ങുന്ന കർസേവകരും ആ ബോഗികളിലുണ്ടായിരുന്നു. വർഗീയ സംഘർഷങ്ങൾക്ക് കുപ്രസിദ്ധി നേടിയ പട്ടണമാണ് ഗോധ്ര. തീവച്ചവർ മുസ്ളിങ്ങളായിരുന്നു; വെന്തുമരിച്ചവർ ഹിന്ദുക്കളും. സ്വാഭാവികമായും അത് രാജ്യത്ത് വലിയ പ്രകമ്പനം സൃഷ്ടിച്ചു. ഫെബ്രുവരി 28 ന് വിശ്വഹിന്ദു പരിഷത്ത് ഗുജറാത്ത് ബന്ദ് ആഹ്വാനം ചെയ്തു. ചില പ്രാദേശിക പത്രങ്ങൾ എരിതീയിൽ എണ്ണ പകർന്നു. അങ്ങനെ സംസ്ഥാനത്തിന്റെ നാനാഭാഗത്തും അക്രമം പൊട്ടിപ്പുറപ്പെട്ടു. പൊലീസ് തികഞ്ഞ നിസംഗത പാലിച്ചു. അക്രമികൾ അഴിഞ്ഞാടി. ബി.ജെ.പിയുടെ പ്രാദേശിക നേതാക്കളും എം.എൽ.എമാരും ചില മന്ത്രിമാർ തന്നെയും അക്രമത്തിന് നേതൃത്വം നൽകി.
രണ്ടുദിവസം ഗുജറാത്ത് സംസ്ഥാനം നിന്നുകത്തി. ലഹളയിൽ 790 മുസ്ളിങ്ങളും 254 ഹിന്ദുക്കളും കൊല്ലപ്പെട്ടെന്നാണ് സർക്കാരിന്റെ കണക്ക്. അനൗദ്യോഗിക കണക്കുകൾ പ്രകാരം മരണസംഖ്യ രണ്ടായിരത്തോളമാണ്. കോടിക്കണക്കിന് രൂപയുടെ സ്വത്തുവകകൾ നശിപ്പിക്കപ്പെട്ടു. നിരവധി ആരാധനാലയങ്ങൾ തകർക്കപ്പെട്ടു. മുസ്ളിം പള്ളികളും ദർഗകളുമായിരുന്നു അവയിലധികവും. ടെലിവിഷൻ കാമറകൾ പകർത്തിയ ആദ്യ കലാപമായിരുന്നു ഗുജറാത്തിലേത്. അതുകൊണ്ടുതന്നെ ലോകമെമ്പാടും ഈ അക്രമപരമ്പര നേരിട്ടുകണ്ടു. രാജ്യത്തിനുതന്നെ അപമാനമെന്ന് അന്നത്തെ പ്രധാനമന്ത്രി വാജ്പേയി വിലപിച്ചു. കലാപം തടയുന്നതിൽ വീഴ്ച വരുത്തിയ മുഖ്യമന്ത്രി നരേന്ദ്രമോദിയുടെ ദിവസങ്ങൾ എണ്ണപ്പെട്ടെന്ന് മാദ്ധ്യമങ്ങൾ പ്രവചിച്ചു. ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് മോദി രാജിക്കത്ത് നൽകിയെങ്കിലും പാർട്ടിയുടെ ദേശീയ എക്സിക്യുട്ടീവ് അതു തള്ളിക്കളഞ്ഞു. അതിനുശേഷം വർദ്ധിതവീര്യനായ നരേന്ദ്രമോദി കലാപത്തെ ന്യായീകരിച്ചെന്നു മാത്രമല്ല അതിന്റെ രാഷ്ട്രീയ ഉത്തരവാദിത്വം ഏറ്റെടുക്കുകകൂടി ചെയ്തു. വൈകാതെ ഗുജറാത്ത് നിയമസഭ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചു. സംസ്ഥാനത്തെ പ്രക്ഷുബ്ധാവസ്ഥ പരിഗണിച്ച് തിരഞ്ഞെടുപ്പു തീയതി പ്രഖ്യാപിക്കാൻ ഇലക്ഷൻ കമ്മിഷൻ കൂട്ടാക്കിയില്ല. അതോടെ മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ ജെ.എം. ലിങ്ദോയ്ക്കു നേരെയായി മോദിയുടെ വാക്ശരങ്ങൾ.
2002 ഡിസംബറിൽ നടന്ന തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ സാമുദായിക ധ്രുവീകരണം കൃത്യമായി പ്രതിഫലിച്ചു. 182 ൽ 127 സീറ്റും ജയിച്ച് ബി.ജെ.പിയും മോദിയും അധികാരത്തിൽ തിരിച്ചെത്തി. നരേന്ദ്രമോദി ഹിന്ദു ഹൃദയസമ്രാട്ടും വികസന നായകനുമായി വിശേഷിപ്പിക്കപ്പെട്ടു. അതേസമയം ഗുജറാത്ത് കലാപത്തിന്റെ കറ ഒരിക്കലും അദ്ദേഹത്തിന് കഴുകിക്കളയാൻ കഴിഞ്ഞില്ല. അമേരിക്കയും ബ്രിട്ടനുമടക്കമുള്ള വിദേശരാജ്യങ്ങൾ അദ്ദേഹത്തിന് വിലക്ക് കല്പിച്ചു. 2007 ലും 2012 ലും ബി.ജെ.പി ഗുജറാത്തിൽ വൻ വിജയം കൈവരിച്ചു. 2004 മുതൽ 2014 വരെ രാജ്യത്തു നിലനിന്ന യു.പി.എ സർക്കാരിനും നരേന്ദ്രമോദിയെ തളയ്ക്കാൻ കഴിഞ്ഞില്ല. പ്രത്യേക അന്വേഷണ സംഘം അദ്ദേഹത്തെ കുറ്റവിമുക്തനാക്കി ; സുപ്രീംകോടതി ആ റിപ്പോർട്ട് അംഗീകരിച്ചു. 2013 സെപ്തംബറിൽ ബി.ജെ.പി മോദിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിർദ്ദേശിച്ചു. 2014 ഏപ്രിൽ മേയ് മാസങ്ങളിൽ നടന്ന തിരഞ്ഞെടുപ്പിൽ ബി.ജെ.പി കേവല ഭൂരിപക്ഷത്തിലധികം സീറ്റുകൾ നേടി അധികാരം ഉറപ്പിച്ചു. നരേന്ദ്ര ദാമോദർദാസ് മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. 2019 ലും അദ്ദേഹം വിജയം ആവർത്തിച്ചു.
ഇതാണ് കുപ്രസിദ്ധമായ ഗുജറാത്ത് ലഹളയുടെ ഏകദേശ ചരിത്രം. ഇതറിയാത്തവരാരും ഇന്ന് ഇന്ത്യ മഹാരാജ്യത്തില്ല ; വിദേശ രാജ്യങ്ങളിലും ഉണ്ടെന്ന് തോന്നുന്നില്ല. മുമ്പു വിലക്കു കല്പിച്ച രാഷ്ട്രങ്ങളിലൊക്കെ നരേന്ദ്രമോദിക്ക് പില്കാലത്ത് വലിയ സ്വീകരണം ലഭിച്ചു. രാഷ്ട്രത്തലവന്മാർ വിമാനത്താവളത്തിൽ വന്ന് അദ്ദേഹത്തെ സ്വീകരിക്കുന്നതും നമ്മൾ കണ്ടു. ഗുജറാത്ത് കലാപത്തെക്കുറിച്ച് ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷൻ തയ്യാറാക്കിയ ഡോക്യുമെന്റിയുടെ ആദ്യഭാഗത്തും ഇതിൽ കൂടുതൽ ഒന്നുമില്ല. മുസ്ളിങ്ങൾക്കു നേരെ ആക്രമണം നടക്കുമ്പോൾ പൊലീസ് നിസംഗത പാലിച്ചതും സർക്കാർ അക്രമത്തിന് സഹായം നൽകിയതും പിന്നീട് അതിനെ ന്യായീകരിച്ചതുമൊക്കെ ബി.ബി.സിയും എണ്ണിപ്പറയുന്നു. ഇരകളുടെ കദനകഥ, അക്കാലത്തെ ബ്രിട്ടീഷ് രേഖകളുടെ പിൻബലത്തോടെ അവതരിപ്പിക്കുന്നു. 2014 മുതൽക്കുള്ള മോദിയുടെ ഭരണത്തിൻകീഴിൽ ന്യൂനപക്ഷങ്ങൾ വിശിഷ്യാ മുസ്ളിങ്ങൾ അനുഭവിക്കുന്ന വിവേചനവും പീഡനങ്ങളുമാണ് രണ്ടാം ഭാഗത്ത് വിവരിക്കുന്നത്. പൗരത്വ നിയമഭേദഗതി, കാശ്മീരിന്റെ പ്രത്യേകപദവി, ഡൽഹി കലാപം, മാട്ടിറച്ചി നിരോധനം, ആൾക്കൂട്ട കൊലപാതകങ്ങൾ എന്നിവയൊക്കെ പരാമർശിക്കപ്പെടുന്നു. ചുരുക്കിപ്പറഞ്ഞാൽ നരേന്ദ്രമോദിക്കെതിരെയുള്ള ഒരു കുറ്റപത്രമാണ് ബി.ബി.സിയുടെ ഡോക്യുമെന്ററി.
2002 ൽ നടന്ന കലാപത്തെക്കുറിച്ച് 21 വർഷത്തിനുശേഷം ഇങ്ങനൊരു ഡോക്യുമെന്റിയെടുക്കാൻ ബി.ബി.സിയെ പ്രേരിപ്പിച്ച ചേതോവികാരം അജ്ഞാതമാണ്. അതു കേവലം ചരിത്ര കൗതുകത്തിനപ്പുറം മറ്റു പലതുമായിരിക്കാം. ബ്രിട്ടനും അമേരിക്കയുമടക്കമുള്ള രാജ്യങ്ങൾ ഈ ഡോക്യുമെന്റിയുടെ അടിസ്ഥാനത്തിൽ നരേന്ദ്രമോദിക്ക് സന്ദർശന വിലക്ക് ഏർപ്പെടുത്തുമെന്നോ ഇന്ത്യക്കെതിരെ ഉപരോധം പ്രഖ്യാപിക്കുമെന്നോ ആരും കരുതുന്നുണ്ടാവില്ല. പാശ്ചാത്യ രാജ്യങ്ങളെന്നല്ല പശ്ചിമേഷ്യൻ രാജ്യങ്ങൾ പോലും അങ്ങനെ ചെയ്യില്ല. 2024 ലെ പൊതുതിരഞ്ഞെടുപ്പിന് മുമ്പ് മോദിയുടെ പ്രതിഛായ തകർക്കാനും ബി.ജെ.പിയുടെ വിജയസാദ്ധ്യത ഇല്ലാതാക്കാനും വേണ്ടി നിർമ്മിച്ചതാകാനും തരമില്ല. കാരണം ഇന്ത്യാരാജ്യത്ത് വോട്ടവകാശമുള്ള ഒരാൾക്കും ഗുജറാത്ത് കലാപത്തിൽ മോദി വഹിച്ച ചരിത്രപരമായ പങ്കിനെക്കുറിച്ച് യാതൊരു സംശയവുമുണ്ടാകാൻ ഇടയില്ല. ഇന്ത്യയെയും പ്രധാനമന്ത്രിയെയും താറടിച്ചു കാണിക്കാനുള്ള ബ്രിട്ടീഷുകാരുടെ കുത്സിതശ്രമത്തിന്റെ ഭാഗമാണിതെന്ന് ബി.ജെ.പി ആരോപിക്കുന്നു.
ഇന്ത്യ ബ്രിട്ടനെ പിന്തള്ളി ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി വളർന്നതും ജി 20 യുടെ നേതൃപദവിയിൽ എത്തിയതും ബ്രിട്ടീഷുകാരെ ചൊടിപ്പിച്ചു എന്നാണ് അവർ കരുതുന്നത്. ഇന്ത്യൻ വംശജനും ഹിന്ദുമത വിശ്വാസിയുമായ ഋഷി സുനക്ക് ബ്രിട്ടീഷ് പ്രധാനമന്ത്രിയായതിനോട് ശരാശരി വെള്ളക്കാർക്കുള്ള ഈർഷ്യയും ഇതിൽ പ്രതിഫലിച്ചതായി നമ്മുടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആരോപിക്കുന്നു.
ബി.ബി.സി കേവലം സത്യാന്വേഷണത്തിന്റെ ഭാഗമായി തയ്യാറാക്കിയതാണെങ്കിലും അല്ലെങ്കിലും ഡോക്യുമെന്ററി വമ്പൻ ഹിറ്റായി. സർക്കാരിന്റെ നിർദ്ദേശമനുസരിച്ച് യൂട്യൂബ് അതിന്റെ ലിങ്ക് നീക്കം ചെയ്തു. പ്രദർശനം നിരോധിക്കുകയും ചെയ്തു. നിരോധനം ലംഘിച്ച് പ്രതിപക്ഷ കക്ഷികൾ നാടുനീളെ അതു പ്രദർശിപ്പിക്കുകയും ചെയ്യുന്നു. ബി.ജെ.പി രാജ്യ താത്പര്യത്തെച്ചൊല്ലി വിലപിക്കുമ്പോൾ പ്രതിപക്ഷ പാർട്ടികൾ അഭിപ്രായ സ്വാതന്ത്ര്യത്തിനു വേണ്ടി മുറവിളി കൂട്ടുന്നു.
ഈ വർഷം കർണാടക, മദ്ധ്യപ്രദേശ്, രാജസ്ഥാൻ, തെലുങ്കാനയടക്കം പല സംസ്ഥാനങ്ങളിലും നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. അടുത്ത വർഷം പാർലമെന്റ് തിരഞ്ഞെടുപ്പും നടക്കും. അതിനു മുമ്പ് ഗുജറാത്ത് കലാപത്തിന്റെ ചാരം മൂടിയ ഓർമ്മകൾ ഊതിക്കത്തിക്കുന്നവരുടെ ഉദ്ദേശ്യം മറ്റു പലതുമാണ്. വിവാദം നമുക്ക് പുത്തരിയല്ല. കലാപത്തെച്ചൊല്ലി കലാപം ഉണ്ടാകാതിരിക്കട്ടെ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |