SignIn
Kerala Kaumudi Online
Saturday, 27 April 2024 1.02 AM IST

നിരോധനത്തിനപ്പുറം പോപ്പുലർ ഫ്രണ്ട്

popular-front-

ഒടുവിൽ പുലിവന്നു. പുലി വരുന്നേ എന്നു കേൾക്കാൻ തുടങ്ങിയിട്ട് കാലം കുറേയായി. 2014 മേയിൽ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ കേന്ദ്രത്തിൽ അധികാരമേറ്റതു മുതൽ കേൾക്കുന്നതാണ് പോപ്പുലർ ഫ്രണ്ടിനെ വൈകാതെ നിരോധിക്കും, തീവ്രവാദത്തിന്റെ വേരറുക്കും എന്നൊക്കെ. ഒന്നാം മോദി സർക്കാരിന്റെ കാലത്ത് ഒന്നും നടന്നില്ല. രണ്ടാം മോദി സർക്കാരിൽ അമിത് ഷാ ആഭ്യന്തരമന്ത്രിയായി വന്നപ്പോൾ പുലിയെക്കുറിച്ചുള്ള ഭയവും ആശങ്കയും കൂടുതൽ ശക്തമായി. പക്ഷേ രണ്ടാമത്തെ സർക്കാർ പകുതിവഴി പിന്നിട്ടിട്ടും പോപ്പുലർ ഫ്രണ്ടിന്റെ രോമംപോലും പറിക്കുന്ന ലക്ഷണമുണ്ടായില്ല. അതുകൊണ്ടാണ് കഴിഞ്ഞ മേയ് 21ന് ആലപ്പുഴയിൽ നടന്ന റാലിയിൽ 'അരിയും മലരും വാങ്ങിച്ചു വീട്ടിൽ കാത്തുവച്ചോടാ, വരുന്നുണ്ടെടാ വരുന്നുണ്ടെടാ നിന്റെയൊക്കെ കാലന്മാർ' എന്നു മുദ്രാവാക്യം വിളിക്കാൻ അവർക്ക് ധൈര്യം വന്നത്. അതേത്തുടർന്ന് ഏതാനും പ്രവർത്തകരെയും ചുരുക്കം ചിലർ നേതാക്കളെയും പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും ഒരുമാസത്തിനകം ഹൈക്കോടതി അവർക്ക് ജാമ്യം അനുവദിച്ചു. അതോടെ പോപ്പുലർ ഫ്രണ്ടുകാരുടെ ആവേശം വർദ്ധിച്ചു. സെപ്തംബർ 17 ന് അവർ കോഴിക്കോട്ട് അതിഗംഭീര വോളന്റിയർ മാർച്ചും റാലിയും പൊതുസമ്മേളനവും നടത്തി. സ്ത്രീകൾ ഉൾപ്പെടെ ലക്ഷക്കണക്കിനാളുകൾ പങ്കെടുത്തു. കടപ്പുറം ജനമഹാസമുദ്രമായി. ഹിന്ദുത്വ ഭീകരതയ്‌ക്കെതിരെ മരണം വരെ പോരാടാൻ നേതാക്കൾ ആഹ്വാനം ചെയ്തു. ഇനിയും മടിച്ചുനിൽക്കാൻ കഴിയില്ലെന്ന് കേന്ദ്രം ഭരിക്കുന്നവർക്കും മനസിലായി. അവർ നേരത്തെ മുന്നൊരുക്കം തുടങ്ങിയിരുന്നു. പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടും പരിസരവും നിരീക്ഷിച്ചു. അങ്ങോട്ടുള്ള ഉൗടുവഴികളും മനസിലാക്കിവച്ചു. സെപ്തംബർ 21 നു വൈകുന്നേരം വ്യോമസേനാ വിമാനത്തിൽ ദേശീയ അന്വേഷണ ഏജൻസിയുടെ ഒരുസംഘം കോഴിക്കോട്ട് വന്നിറങ്ങി. എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരും അവർക്കൊപ്പം ചേർന്നു. അന്വേഷണസംഘം മുൻകൂട്ടി നിശ്ചയിച്ച പ്രകാരം പിറ്റേന്ന് പുലർച്ചെ മൂന്നുമണിക്ക് നേതാക്കളുടെ വീട്ടുവാതിലിൽ മുട്ടിവിളിച്ചു. കൈയോടെ അറസ്റ്റ് ചെയ്ത് ഡൽഹിക്കു കൊണ്ടുപോയി. റെയ്‌ഡിന്റെയും അറസ്റ്റിന്റെയും വാർത്ത കേരള പൊലീസിനെ അറിയിച്ചിരുന്നില്ല. നേരം പുലർന്നശേഷമാണ് സംഭവം അണികളുടെ ശ്രദ്ധയിൽപ്പെട്ടത്. പതിവുപോലെ മുദ്രാവാക്യം വിളിയുമായി പ്രവർത്തകർ ഓടിയെത്തുമ്പോഴേക്കും കിളികൾ കൂടുവിട്ടു പോയിരുന്നു. എൻ.ഐ.എ ഉദ്യോഗസ്ഥർക്ക് അകമ്പടിയായി തോക്കേന്തിയ സി.ആർ.പി.എഫ് ജവാന്മാരുമുണ്ടായിരുന്നു. അതുകൊണ്ട് പ്രതിഷേധപ്രകടനം കേവലം മുദ്രാവാക്യം വിളിയിലൊതുങ്ങി. എൻ.ഐ.എ റെയ്‌ഡ് കേരളത്തിൽ മാത്രം ഒതുങ്ങിയില്ല. രാജ്യത്തെ 16 സംസ്ഥാനങ്ങളിൽ നിന്നായി 106 നേതാക്കളെ അറസ്റ്റ് ചെയ്തു. എല്ലാവർക്കുമെതിരെ യു.എ.പി.എ പ്രകാരം കുറ്റംചുമത്തി ജയിലിലടച്ചു. സെപ്തംബർ 23 ന് പോപ്പുലർഫ്രണ്ട് അഖിലകേരള അടിസ്ഥാനത്തിൽ ഹർത്താലാചരിച്ചു. പ്രവർത്തകർ നിരവധി കെ.എസ്.ആർ.ടി.സി ബസുകൾ എറിഞ്ഞുതകർത്തു. ആംബുലൻസുകളെപ്പോലും വെറുതേ വിട്ടില്ല. കേരള ജനത ഹർത്താൽ ഏറ്റെടുത്തു വമ്പിച്ച വിജയമാക്കിയെന്ന് നേതാക്കൾ അവകാശപ്പെട്ടു. എന്നാൽ ഹൈക്കോടതി ശക്തമായി ഇടപെട്ടു. നേതാക്കൾക്കെതിരെ കോടതിയലക്ഷ്യ നടപടികൾ ആരംഭിച്ചു. കേന്ദ്രത്തിന്റെ ഇടപെടൽ നേതാക്കളുടെ അറസ്റ്റിലോ റെയ്‌ഡിലോ ഒതുങ്ങിയില്ല. സെപ്തംബർ 28 ന് രാത്രി പോപ്പുലർ ഫ്രണ്ടിനെയും അനുബന്ധ സംഘടനകളെയും നിരോധിച്ചുകൊണ്ട് ഗസറ്റ് വിജ്ഞാപനം വന്നു. കാമ്പസ്‌ ഫ്രണ്ട്, വിമൻസ് ഫ്രണ്ട്, ജൂനിയർ ഫ്രണ്ട്, റിഹാബ് ഇന്ത്യ, എംപവർ ഇന്ത്യ, എൻ.സി.എച്ച്.ആർ.ഒ, ഇമാംസ് കൗൺസിൽ എന്നിവയൊക്കെ നിരോധിക്കപ്പെട്ടു.

മാർക്സിസ്റ്റ് - മുസ്ളിംലീഗ് സംഘട്ടനങ്ങൾ കലാപ കലുഷിതമാക്കിയ നാദാപുരത്ത് തീയ്യസമുദായക്കാരായ സി.പി.എം പ്രവർത്തകരെ അടിച്ചൊതുക്കാൻ വേണ്ടിയാണ് നാദാപുരം ഡിഫൻസ് ഫോഴ്‌സ് എന്ന സംഘടന 1985 -86 കാലത്ത് രൂപംകൊണ്ടത്. 1989 ൽ നാഷണൽ ഡിഫൻസ് ഫോഴ്സ് എന്ന് പേരുമാറ്റി. സംസ്ഥാനത്തിന്റെ നാനാഭാഗത്തേക്കും പ്രവർത്തനം വ്യാപിപ്പിച്ചു. രണ്ടായിരാമാണ്ടിൽ നാദാപുരം വീണ്ടും കലുഷിതമായി. അതോടെ എൻ.ഡി.എഫുകാരുടെ പ്രവർത്തനവും ഉൗർജ്ജിതമായി. നാദാപുരം സംഭവങ്ങളിൽ പ്രതിയായിരുന്ന ഈന്തുള്ളതിൽ ബിനുവിനെ പൈശാചികമായി കൊലപ്പെടുത്തിക്കൊണ്ട് എൻ.ഡി.എഫുകാർ പ്രാഗത്ഭ്യം തെളിയിച്ചു. എ.കെ. ആന്റണി മുഖ്യമന്ത്രിയായിരുന്ന 2001 -2006 കാലത്ത് എൻ.ഡി.എഫിന് സംസ്ഥാനത്ത് നല്ലപോലെ വേരോട്ടമുണ്ടായി. 2003 മേയിലെ രണ്ടാം മാറാട് കൂട്ടക്കൊലയിൽ അവർ വിശ്വരൂപം കാണിച്ചു. സംഘടനയുടെ നിരവധി പ്രവർത്തകർ അറസ്റ്റ് ചെയ്യപ്പെട്ടു. മൊത്തം 85 പ്രതികൾ ജീവപര്യന്തം കഠിനതടവിന് ശിക്ഷിക്കപ്പെട്ടു. പക്ഷേ അന്വേഷണം നേതാക്കളിലേക്കെത്തിയില്ല. വാളുകൾ പണിയിച്ചവരും പണം മുടക്കിയവരും രക്ഷപ്പെട്ടു. 2006 ൽ വി.എസ്. അച്യുതാനന്ദന്റെ നേതൃത്വത്തിൽ ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വന്നപ്പോഴും എൻ.ഡി.എഫിന്റെ പ്രവർത്തനത്തിന് തടസമേതും ഉണ്ടായില്ല. മുഖ്യമന്ത്രി വി.എസ് അവരോടു കടുത്ത വിപ്രതിപത്തി വച്ചുപുലർത്തി ; എന്നാൽ ആഭ്യന്തരമന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്‌ണൻ പരമാവധി സൗമനസ്യം പ്രകടിപ്പിച്ചു. അങ്ങനെ എൻ.ഡി.എഫിന്റെ വളർച്ച ത്വരിതഗതിയിലായി. 2006 ൽ സമാന ചിന്താഗതിക്കാരായ മറ്റു ചില സംഘടനകളുമായി യോജിച്ച് പോപ്പുലർഫ്രണ്ട് ഒഫ് ഇന്ത്യ രൂപീകരിക്കുകയും മറ്റു സംസ്ഥാനങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുകയും ചെയ്തു. 2009 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പോപ്പുലർ ഫ്രണ്ടുകാർ യു.ഡി.എഫിനെ പിന്തുണച്ചു; മലപ്പുറത്ത് ഇ. അഹമ്മദിന്റെയും പൊന്നാനിയിൽ ഇ.ടി. മുഹമ്മദ് ബഷീറിന്റെയും വിജയം ആഘോഷിച്ചു. 2010 ജൂലായ് നാലിന് മൂവാറ്റുപുഴയിൽ പ്രൊഫ. ടി.ജെ. ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിക്കൊണ്ട് അവർ നാടിനെ വീണ്ടും ഞെട്ടിച്ചു. പൊലീസ് കേസ് രജിസ്റ്റർചെയ്തു അന്വേഷണം തുടങ്ങുമ്പോഴേക്കും പ്രധാനപ്രതികൾ രാജ്യംവിട്ടു. പിന്നീട് ദേശീയ അന്വേഷണ ഏജൻസി കുറേപ്പേരെ അറസ്റ്റ് ചെയ്തു. മിക്കവരെയും വിചാരണക്കോടതി ശിക്ഷിച്ചു. അപ്പീൽ ഇപ്പോഴും ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്നു. മുസ്ളിംലീഗ് ഉൾപ്പെടെ ഇതരസമുദായ സംഘടനകൾ ഉടനടി യോഗംചേർന്ന് പോപ്പുലർ ഫ്രണ്ടിനെ തള്ളിപ്പറഞ്ഞു. അവരുമായി മേലിൽ ഒരു ബന്ധവുമില്ലെന്ന് പ്രഖ്യാപിച്ചു. അങ്ങനെ ജനവികാരം അല്പമൊന്ന് തണുപ്പിച്ചു. പ്രതിരോധത്തിലായ പോപ്പുലർ ഫ്രണ്ട് അക്രമപരമ്പര തത്കാലം നിറുത്തിവച്ചു. 2009 ജൂൺ 21 ന് സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഒഫ് ഇന്ത്യ (എസ്.ഡി.പി.ഐ) എന്നൊരു രാഷ്ട്രീയ പ്രസ്ഥാനവും അവർ തുടങ്ങിവച്ചു. രാജ്യത്തിന്റെ നാനാഭാഗത്തും പുതിയ പാർട്ടിക്ക് ശാഖകളുണ്ടായി. സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരുന്ന 2013 -18 കാലത്ത് കർണാടകയിൽ പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തനം വ്യാപകമായി. ബംഗളൂരു മുൻസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ ഒരാളെ വിജയിപ്പിക്കാൻ അവർക്ക് സാധിച്ചു. ആർക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിൽ ആ കൗൺസിലറുടെ പിന്തുണ കോൺഗ്രസിനും ജനതാദളിനും നിർണായകമായിരുന്നു. അങ്ങനെ സർക്കാരിനെ വരുതിയിൽ കൊണ്ടുവരാൻ അവർക്ക് സാധിച്ചു. അക്കാലത്ത് മംഗലാപുരം, ഉഡുപ്പി മേഖലയിലും കർണ്ണാടകത്തിന്റെ തീരപ്രദേശത്തും നിരവധി ആർ.എസ്.എസ്, ബി.ജെ.പി പ്രവർത്തകർ പോപ്പുലർ ഫ്രണ്ടുകാരാൽ കൊല്ലപ്പെട്ടു. സംസ്ഥാനത്ത് സാമുദായിക ധ്രുവീകരണം ഉണ്ടാവുകയും 2018 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി ഏറ്റവും വലിയ ഒറ്റകക്ഷിയാവുകയും ചെയ്തു. 2019 ൽ ബി.ജെ.പി കർണ്ണാടക ഭരണംപിടിച്ചശേഷവും പോപ്പുലർ ഫ്രണ്ടിന്റെ ശൗര്യത്തിന് കുറവില്ല. 2020 ആഗസ്റ്റിൽ അവർ ബംഗളൂരു നഗരത്തിൽ കലാപം അഴിച്ചുവിട്ടു. നിരവധിപേർ കൊല്ലപ്പെട്ടു. കോടിക്കണക്കിന് രൂപയുടെ വസ്തുവകകൾ അഗ്നിക്കിരയായി. സമീപകാലത്തുണ്ടായ ഹിജാബ് വിവാദത്തിനു പിന്നിലും പോപ്പുലർ ഫ്രണ്ടിന്റെ കൈകൾ തന്നെയായിരുന്നു. 2014 ൽ ബി.ജെ.പി അധികാരത്തിൽ വരികയും നരേന്ദ്രമോദി പ്രധാനമന്ത്രിയാവുകയും ചെയ്തതോടെ പോപ്പുലർഫ്രണ്ടിന്റെ ശുക്രദശ തെളിഞ്ഞു. രാജ്യവ്യാപകമായി മുസ്ളീങ്ങൾക്കെതിരെ നടക്കുന്ന അക്രമങ്ങളിൽ അവർ പ്രതിഷേധിക്കുകയും പ്രതിരോധത്തിന്റെ പ്രധാനവക്താക്കളായി മാറുകയും ചെയ്തു. അവരുടെ എല്ലാ അതിക്രമങ്ങൾക്കും അതോടെ രാഷ്ട്രീയ സാധൂകരണം ലഭിച്ചു. മുമ്പ് കേരളത്തിലും കർണ്ണാടകത്തിലും ഒതുങ്ങിനിന്ന വിധ്വംസക പ്രവർത്തനങ്ങൾ രാജ്യത്തിന്റെ നാനാഭാഗത്തേക്കും വ്യാപിപ്പിച്ചു. ഒരു സൂക്ഷ്മന്യൂനപക്ഷം മാത്രമാണ് നിയമം കൈയിലെടുക്കുന്നതെങ്കിലും സമുദായത്തിലെ നിശബ്ദ ഭൂരിപക്ഷത്തിന്റെ അനുഭാവം പോപ്പുലർ ഫ്രണ്ടിനും എസ്.ഡി.പി.ഐയ്ക്കും ലഭിച്ചു. പൗരത്വനിയമ ഭേദഗതിക്കെതിരെ രാജ്യവ്യാപകമായി നടന്ന പ്രക്ഷോഭത്തിൽ പോപ്പുലർ ഫ്രണ്ടുകാർ പ്രധാന പങ്കുവഹിച്ചു. ഷഹീൻബാഗ് സമരത്തിലും ജാമിയമില്ലിയ സർവകലാശാലാ വിദ്യാർത്ഥികളെ തെരുവിലിറക്കി സമരം ചെയ്യിക്കുന്നതിലും അവർ പ്രധാന പങ്കുവഹിച്ചു. മുൻകാലത്ത് സിമിയിൽ പ്രവർത്തിച്ചവരാണ് പോപ്പുലർ ഫ്രണ്ടിന്റെ നേതാക്കളിലധികവും. ജമാ അത്തെ ഇസ്ളാമി മുന്നോട്ടു വയ്ക്കുന്ന മതരാഷ്ട്രവാദം തന്നെയാണ് പോപ്പുലർ ഫ്രണ്ടും പിന്തുടരുന്നത്. ജമാ അത്തിന്റെ പ്രവർത്തനം ബൗദ്ധിക തലത്തിലാണെങ്കിൽ പോപ്പുലർ ഫ്രണ്ടിന്റേത് അക്രമാസക്തമാണ്. അതുകൊണ്ടുതന്നെ ജമാ അത്തെ ഇസ്ളാമിയുടെ സൈദ്ധാന്തിക പിന്തുണ എക്കാലത്തും പോപ്പുലർ ഫ്രണ്ടിനുണ്ടായിരുന്നു. ഇപ്പോഴുമുണ്ട്. പോപ്പുലർഫ്രണ്ടിനെ തള്ളിപ്പറയാൻ ഒരുകാലത്തും ജമാ അത്തെ ഇസ്ളാമിക്ക് സാദ്ധ്യമല്ല. അവരുടെ സൈദ്ധാന്തികന്മാരും പ്രസിദ്ധീകരണങ്ങളുമൊക്കെ ഒളിഞ്ഞും തെളിഞ്ഞും പോപ്പുലർ ഫ്രണ്ടിനും എസ്.ഡി.പി.ഐയ്ക്കും പിന്തുണ നൽകുന്നു.

പോപ്പുലർ ഫ്രണ്ടിന്റെ വിധ്വംസക പ്രവർത്തനങ്ങളെക്കുറിച്ചും വിദേശത്തുനിന്ന് ലഭിക്കുന്ന ധനസഹായത്തെക്കുറിച്ചും ആഗോളതലത്തിൽ പ്രവർത്തിക്കുന്ന ഇസ്ളാമിക തീവ്രവാദ സംഘടനകളുമായി അവർക്കുള്ള ബന്ധത്തെക്കുറിച്ചും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് വ്യക്തമായ ധാരണയുണ്ടായിരുന്നു. 2019 ൽ അമിത് ഷാ കേന്ദ്ര ആഭ്യന്തരമന്ത്രിയായതോടെ പോപ്പുലർ ഫ്രണ്ടിന്റെ ദിനങ്ങൾ എണ്ണപ്പെട്ടു. ഇവർ നടത്തുന്ന ഹവാല ഇടപാടിനെക്കുറിച്ചും പണം വെളുപ്പിക്കലിനെക്കുറിച്ചും എൻഫോഴ്‌സ്‌മെന്റ് വകുപ്പിനും കൃത്യമായി അറിവുണ്ടായിരുന്നു. ഇടക്കാലത്ത് പോപ്പുലർ ഫ്രണ്ട്, കാമ്പസ് ഫ്രണ്ട് നേതാക്കളുടെ വീട് റെയ്ഡ് ചെയ്യുകയും അവരെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ ജീവകാരുണ്യ പ്രവർത്തനത്തിന്റെ മറവിൽ നടത്തുന്ന പണമിടപാടുകളെക്കുറിച്ചും കേന്ദ്രസർക്കാരിന് അറിയാമായിരുന്നു. മുമ്പ് ജമാ അത്തെ ഇസ്ളാമിയെയും പിന്നീട് സിമിയെയും നിരോധിച്ചതുപോലെ കേവലം ഒരു ഉത്തരവുകൊണ്ട് പോപ്പുലർ ഫ്രണ്ടിനെ ഇല്ലായ്മ ചെയ്യാൻ കഴിയില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും ദേശീയസുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനും കൃത്യമായറിയാം. അതുകൊണ്ടാണ് പരമാവധി തെളിവുകൾ മുൻകൂറായി ശേഖരിക്കുകയും എല്ലാ പഴുതുകളുമടച്ച് നേതാക്കളെ ആദ്യം അറസ്റ്റ് ചെയ്യുകയും ചെയ്തത്. കൃത്യമായ ആസൂത്രണവും മുന്നൊരുക്കവും അതിലുണ്ടായിരുന്നു. എല്ലാ പഴുതും അടച്ചശേഷമാണ് പോപ്പുലർ ഫ്രണ്ടിനെയും അനുബന്ധ സംഘടനകളെയും നിരോധിച്ചത്. അറസ്റ്റ് ചെയ്യപ്പെട്ട നേതാക്കൾക്കെതിരെ യു.എ.പി.എ ചുമത്തിയതും കൃത്യമായ തെളിവുകളോടെയാണ്. അവരാരും സമീപകാലത്ത് സൂര്യപ്രകാശം കാണാനിടയില്ല. സെപ്തംബർ 23 ന് അക്രമാസക്തമായ ഹർത്താൽ നടത്തി പോപ്പുലർ ഫ്രണ്ടുകാർ അവരുടെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയും സ്വയം അടിച്ചുകയറ്റി. ഇന്ത്യയിലെ നേർബുദ്ധികളായ എല്ലാവർക്കും സംഘടനയുടെ തനിനിറം വ്യക്തമായി. ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയും കോടതിയലക്ഷ്യ നടപടികൾ ആരംഭിക്കുകയും ചെയ്തത് അതിന് ഉത്തമദൃഷ്ടാന്തമാണ്. നേതാക്കളുടെ ജാമ്യഹർജി പരിഗണിക്കുമ്പോൾ ന്യായാധിപന്മാർക്കും ഈ ഓർമ്മയുണ്ടാകും.

സെപ്തംബർ 23 ന് ഹർത്താൽ നടന്നപ്പോൾ കേരള പൊലീസ് പ്രകടിപ്പിച്ച നിസംഗത അത്ഭുതകരമായിരുന്നു. ഹൈക്കോടതി ശക്തമായി ഇടപെട്ടശേഷമാണ് ഏതാനും കേസെങ്കിലും രജിസ്റ്റർ ചെയ്യാൻ നമ്മുടെ നിയമപാലകർ തയ്യാറായത്. അന്യഥാ പരാക്രമശാലിയായ മുഖ്യമന്ത്രി പോപ്പുലർ ഫ്രണ്ടിന്റെ കാര്യത്തിൽ തികഞ്ഞ ഉദാസീനത പ്രകടിപ്പിക്കുന്നത് യാദൃശ്ചികമല്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ചില മണ്ഡലങ്ങളിലെങ്കിലും പോപ്പുലർ ഫ്രണ്ടിന്റെ പിന്തുണ മാർക്സിസ്റ്റ് സ്ഥാനാർത്ഥികൾക്ക് ലഭിച്ചിരുന്നു. അതിനു പ്രത്യുപകാരമായിട്ടാണ് ഇരട്ടക്കൊല നടന്ന് അധിക നാളാകും മുമ്പ് ആലപ്പുഴയിൽ റാലിയും പൊതുസമ്മേളനവും നടത്താൻ അവർക്ക് അനുവാദം നൽകിയത്. പ്രകോപനപരമായ മുദ്രാവാക്യം സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ നാട്ടിലെങ്ങും അലയടിച്ചിട്ടും കേസ് രജിസ്റ്റർ ചെയ്യാൻ ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ഹൈക്കോടതി നിർദ്ദേശംവരെ കാത്തിരുന്നതും വെറുതെയല്ല. ഏതാനും പ്രവർത്തകരെയും നേതാക്കളെയും അറസ്റ്റ് ചെയ്തശേഷം പോപ്പുലർ ഫ്രണ്ടുകാർ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തി. അതോടെ അറസ്റ്റുകൾ സ്വിച്ചിട്ടതു പോലെ നിലച്ചു. ദിവസങ്ങൾക്കകം നേതാക്കൾക്ക് ജാമ്യവും ലഭിച്ചു. ആലപ്പുഴ റാലിയുടെ ചൂടാറും മുമ്പ് അതിനേക്കാൾ ഗംഭീരമായ വോളന്റിയർ മാർച്ചിനും പ്രകടനത്തിനും പൊതുസമ്മേളനത്തിനും കോഴിക്കോട്ട് അനുമതി കിട്ടിയതും വെറുതേയല്ല. സി.പി.എമ്മിന്റെ പോഷക സംഘടനയാണോ പോപ്പുലർ ഫ്രണ്ടെന്ന് ആരെങ്കിലും സംശയിച്ചാലും കുറ്റംപറയാൻ കഴിയില്ല. പോപ്പുലർ ഫ്രണ്ട് നിരോധിച്ചശേഷവും കേരള പൊലീസ് നിസംഗത തുടരുകയാണ്. അനാവശ്യമായ തിടുക്കം വേണ്ടെന്നാണ് മുഖ്യമന്ത്രി നൽകിയിട്ടുള്ള ഉപദേശം. നാട്ടിൽ ബാക്കിയുള്ള പോപ്പുലർ ഫ്രണ്ടുകാർ എല്ലാവരും സുരക്ഷിതമായ ഒളിത്താവളങ്ങളിൽ എത്തിയശേഷമേ പൊലീസ് നടപടി ആരംഭിക്കൂ. നിരോധനംകൊണ്ടു ഫലമില്ല, ആശയത്തെ ആശയം കൊണ്ടു നേരിടണമെന്നാണ് ഗോവിന്ദൻ മാസ്റ്ററുടെ നിലപാട്. ആർ.എസ്.എസിനെ മൂന്നുതവണ നിരോധിച്ചിട്ടും ഫലമുണ്ടായില്ലെന്നാണ് സീതാറാം യെച്ചൂരി വിലപിക്കുന്നത്. പോപ്പുലർ ഫ്രണ്ടിനെതിരെയുള്ള റെയ്‌ഡും അറസ്റ്റും നിരോധനവും വഴി ഇന്ത്യയിൽ മുസ്ളിംഭീതി (ഇസ്ളാമോഫോബിയ) ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര സർക്കാർ ; പി.എഫ്.ഐ എന്ന ഉമ്മാക്കി കാണിച്ച് ഇന്ത്യയിലെ ഫാസിസത്തിന് ആളെക്കൂട്ടാൻ നടത്തുന്ന ശ്രമത്തെ തുറന്നു കാണിക്കണമെന്നാണ് എം.എ. ബേബിയുടെ സൈദ്ധാന്തിക വിശകലനം. ഈന്തുള്ളതിൽ ബിനുവിന്റെയും മഹാരാജാസ് കോളേജ് വിദ്യാർത്ഥിയായിരുന്ന അഭിമന്യുവിന്റെയും ആത്മാക്കൾ ബേബി സഖാവിനോടും പാർട്ടിയോടും ക്ഷമിക്കട്ടെ. ലാൽസലാം !

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CHATHUTANGAM
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.