SignIn
Kerala Kaumudi Online
Friday, 29 March 2024 5.55 AM IST

ന്യൂനപക്ഷ ക്ഷേമം; വകുപ്പും വേവലാതിയും

abdurahiman

കേരള മുഖ്യമന്ത്രി നേരിട്ടു കൈകാര്യം ചെയ്തിരുന്ന ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രി വി. അബ്ദുറഹിമാനെ ഏല്പിച്ചു. വാർത്താബാഹുല്യത്തിനിടയിൽ അധികമാരും അതു ശ്രദ്ധിച്ചില്ല ; ചർച്ചാവിഷയവുമായില്ല. സംസ്ഥാനത്തെ ക്രൈസ്‌തവമത മേലദ്ധ്യക്ഷന്മാർ അതറിഞ്ഞെന്നു മാത്രമല്ല തീരുമാനം അവരെ വ്യാകുലപ്പെടുത്തുകയും ചെയ്തു. 2021 മേയ് മാസം ഒടുവിൽ രണ്ടാം പിണറായി സർക്കാർ അധികാരം ഏൽക്കുമ്പോൾ ന്യൂനപക്ഷ ക്ഷേമവകുപ്പ് അബ്ദുറഹിമാനെ ഏല്‌പിക്കാനാണ് മുഖ്യമന്ത്രി ഉദ്ദേശിച്ചിരുന്നത്. പക്ഷേ ക്രൈസ്തവ മതനേതൃത്വം അതിനെതിരെ പ്രതികരിച്ചു. ഒന്നുകിൽ മന്ത്രിസഭയിലെ ഏതെങ്കിലും ക്രിസ്‌ത്യൻ അംഗത്തെ ഏല്പിക്കണം ; അല്ലെങ്കിൽ മുഖ്യമന്ത്രി നേരിട്ട് വകുപ്പു ഭരിക്കണമെന്ന് അവർ ശഠിച്ചു. മതേതര പ്രതിഛായ ഉള്ളയാളാണ് മന്ത്രി അബ്ദുറഹിമാൻ. അദ്ദേഹം മതമൗലികവാദിയോ മതതീവ്രവാദിയോ അല്ല. 2013 വരെ കോൺഗ്രസുകാരനായിരുന്നു. ദീർഘകാലം തിരൂർ മുനിസിപ്പൽ കൗൺസിലറുമായിരുന്നു. നഗരമദ്ധ്യത്തിൽ ഭാഷാപിതാവിന്റെ പ്രതിമ വയ്ക്കണമെന്ന ആശയത്തെ അനുകൂലിച്ച പാരമ്പര്യംവരെ അദ്ദേഹത്തിനുണ്ട്. പിന്നീടാണ് അബ്ദുറഹിമാൻ മാർക്‌സിസ്റ്റ് സഹയാത്രികനായി മാറിയതും രണ്ടുതവണ താനൂർ മണ്ഡലത്തിൽനിന്ന് നിയമസഭയിലേക്ക് വിജയിച്ചതും. മുഖ്യമന്ത്രി നേരിട്ട് ഭരിക്കുന്നതിനേക്കാൾ ഒന്നുകൊണ്ടും മോശമാകുമായിരുന്നില്ല അബ്ദുറഹിമാനെ വകുപ്പ് ഏല്‌പിച്ചിരുന്നെങ്കിൽ. പക്ഷേ മന്ത്രിയുടെ മുസ്ളിം നാമധേയം ക്രൈസ്തവ നേതൃത്വത്തെ ആശങ്കയിലാഴ്‌ത്തി. പുത്തരിയിൽ കല്ലുകടി വേണ്ടെന്നു കരുതിയാവും മുഖ്യമന്ത്രി ന്യൂനപക്ഷക്ഷേമവകുപ്പു കൂടി ഏറ്റെടുക്കാൻ തീരുമാനിച്ചു. പിന്നാലെ ന്യൂനപക്ഷ ധനകാര്യ കോർപ്പറേഷനും കേരള കോൺഗ്രസ് ജോസ് മാണി വിഭാഗം ചോദിച്ചുവാങ്ങി. സ്റ്റീഫൻ ജോർജ് ചെയർമാനായി. അങ്ങനെ കാര്യങ്ങൾ മുന്നോട്ടു പോകവെയാണ് ഇപ്പോൾ മുഖ്യമന്ത്രിക്ക് മനംമാറ്റമുണ്ടായതും അബ്ദുറഹിമാനെ തന്നെ വകുപ്പ് ഏല്‌പിച്ചതും.

രാജഭരണ കാലത്തുതന്നെ തിരുവിതാംകൂറിലും കൊച്ചിയിലും സാമൂഹ്യ- രാഷ്ട്രീയ രംഗങ്ങളിൽ പ്രബല ശക്തികളാണ് ക്രൈസ്തവർ ; വിശിഷ്യാ സിറിയൻ കത്തോലിക്കർ. നിവർത്തന പ്രക്ഷോഭത്തിലും തുടർന്ന് ഉത്തരവാദഭരണ പ്രക്ഷോഭത്തിലും അവർ കരുത്തു തെളിയിച്ചു. 1959 ൽ ഇ.എം.എസ് മന്ത്രിസഭയ്‌ക്കെതിരെ വിമോചന സമരം നടത്തി വിജയിപ്പിച്ചു പ്രാബല്യം ഉറപ്പിച്ചു. 1964 ൽ ആർ. ശങ്കർ മന്ത്രിസഭയെ അട്ടിമറിച്ചതിനും കേരള കോൺഗ്രസ് രൂപീകരിച്ചതിനും പിന്നിൽ ഇതേ ശക്തികൾ തന്നെയാണ് ഉണ്ടായിരുന്നത്. 1972 ൽ കോളേജ് വിദ്യാഭ്യാസ സമരം നടത്തിയും അവർ ശക്തി തെളിയിച്ചു. കോൺഗ്രസിന്റെയും കേരള കോൺഗ്രസിന്റെയും നയരൂപീകരണത്തിൽ ക്രൈസ്തവസഭാ നേതൃത്വത്തിന് നിർണായകപങ്കാണ് ഉണ്ടായിരുന്നത്. എക്കാലവും യു.ഡി.എഫിന്റെ ഉറച്ച വോട്ടുബാങ്കായിരുന്നു ക്രിസ്ത്യാനികൾ. ക്രൈസ്തവ സഭകളുടെ കൈവെപ്പ് ഉള്ളവർക്കല്ലാതെ മദ്ധ്യ തിരുവിതാംകൂറിലെ ഒരു മണ്ഡലത്തിലും വിജയിക്കാൻ കഴിയുമായിരുന്നില്ല. മലബാറിലെ കുടിയേറ്റ മേഖലകളിലും അതായിരുന്നു അവസ്ഥ.

2019 ലെ പാർലമെന്റ് തിരഞ്ഞെടുപ്പിനുശേഷം ക്രൈസ്തവമത നേതൃത്വം പൊതുവിലും കത്തോലിക്കസഭ പ്രത്യേകിച്ചും ഐക്യ ജനാധിപത്യ മുന്നണിയിൽ നിന്ന് അകലുന്നതാണ് കണ്ടത്. ചില വൈദികരുടെ അറിവോടും ഒത്താശയോടും കൂടി ക്രൈസ്തവർക്കിടയിൽ മുസ്ളിം വിരോധം വളർത്തിയെടുത്തു. മുന്നാക്ക സമുദായത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചതും കേരള സർക്കാർ ഉടനടി നടപ്പാക്കിയതുമായ സംവരണത്തെ സഭ അനുകൂലിച്ചെന്നു മാത്രമല്ല അതിനു വിലങ്ങു തടിയായി നിന്ന മുസ്ളിം സംഘടനകളെയും ലീഗിനെയും കണക്കിന് വിമർശിക്കുകയും ചെയ്തു. മുസ്ളിം ലീഗിന്റെ കൈകേയി സിൻഡ്രോമിനെ അപലപിച്ച് ദീപിക എഡിറ്റോറിൽ പേജിൽ ലേഖനം പ്രസിദ്ധീകരിച്ചു. പി.കെ. കുഞ്ഞാലിക്കുട്ടി കേരള രാഷ്ട്രീയത്തിൽ തിരിച്ചെത്തിയിട്ടുള്ളത് മുഖ്യമന്ത്രിയാകാൻ വേണ്ടിയാണെന്ന് അവർ പ്രചരിപ്പിച്ചു. കേരള കോൺഗ്രസിന്റെ കുത്തക സീറ്റായ പൂഞ്ഞാർ മുസ്ളിം ലീഗ് ആവശ്യപ്പെടുമെന്നൊരു കിംവദന്തിയും പരത്തി. ജസ്‌നയുടെ തിരോധാനം, ലവ് ജിഹാദ്, ഹലാൽ ഭക്ഷണം, അഞ്ചു നേരത്തെ ബാങ്കുവിളി ഇതൊക്കെ വളരെപ്പെട്ടെന്ന് ചർച്ചയായി. കൊളംബോയിലെ ക്രിസ്ത്യൻ പള്ളികളിൽ നടന്ന സ്ഫോടനവും ഇസ്താംബൂളിലെ ഹഗിയ സോഫിയ വീണ്ടും മുസ്ളിം ആരാധനാലയമാക്കിയതുമൊക്കെ കേരളത്തിലെ ക്രൈസ്തവർക്കിടയിൽ വലിയ ചർച്ചയായി. വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ തുടങ്ങിവച്ചതും ഉമ്മൻചാണ്ടി സർക്കാർ നടപ്പിലാക്കിയതുമായ സ്കോളർഷിപ്പുകളുടെ 80:20 അനുപാതം വലിയ അനീതിയാണെന്ന് വൈദിക നേതൃത്വത്തിന് വെളിപാടുണ്ടായി. മതമേലദ്ധ്യക്ഷന്മാരുടെ മൗനാനുവാദത്തോടെ കേരള കോൺഗ്രസിലെ ജോസ് മാണി വിഭാഗം യു.ഡി.എഫ് വിട്ട് ഇടതുമുന്നണിയിൽ ചേക്കേറി. മുസ്ളിം ലീഗ് കോൺഗ്രസിനെയും യു.ഡി.എഫിനെയും വിഴുങ്ങാൻ പോകുന്നുവെന്ന പ്രചാരണം തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പുകളിൽ വലിയ പ്രത്യാഘാതമുണ്ടാക്കി. തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലൊക്കെ എൽ.ഡി.എഫ് മുന്നേറി. നിയമസഭാ തിരഞ്ഞെടുപ്പിലും അതേവികാരം അതേരീതിയിൽ പ്രതിഫലിച്ചു. മാർക്സിസ്റ്റ് നേതൃത്വം വൈദികരെ കണ്ടറിഞ്ഞു പ്രീണിപ്പിച്ചു. മന്ത്രിസഭയിൽ നാല് പ്രബലവിഭാഗങ്ങൾക്ക് പ്രതിനിധികളുണ്ടായി - റോഷി അഗസ്റ്റിൻ (സിറിയൻ കത്തോലിക്ക), വീണ ജോർജ് (സിറിയൻ ഓർത്തഡോക്സ്) , ആന്റണി രാജു (ലത്തീൻ കത്തോലിക്ക), സജി ചെറിയാൻ (സി.എസ്.ഐ). അതിനും പുറമേയാണ് ന്യൂനപക്ഷ ക്ഷേമവകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതും ന്യൂനപക്ഷ ധനകാര്യ കോർപ്പറേഷൻ കേരള കോൺഗ്രസ് മാണിഗ്രൂപ്പിന് പതിച്ചു കൊടുത്തതും.

സമീപകാലത്തായി കേരള സർക്കാർ വിവിധ മുസ്ളിം ഗ്രൂപ്പുകളെ പ്രീണിപ്പിക്കുന്നു എന്നൊരാക്ഷേപം സഭാനേതൃത്വത്തിനുണ്ട്. കുറവിലങ്ങാട് പള്ളിയിൽ പാലാ മെത്രാൻ നടത്തിയ പ്രസംഗത്തോട് മുഖ്യമന്ത്രിയടക്കമുള്ളവർ പ്രതികരിച്ച രീതിയും കോടഞ്ചേരിയിൽ ഒരു ക്രിസ്ത്യൻ പെൺകുട്ടി മുസ്ളിം യുവാവിനൊപ്പം ഒളിച്ചോടിയ വിഷയത്തിൽ മാർക്സിസ്റ്റ് നേതാക്കൾ കൈക്കൊണ്ട സമീപനവും മുൻ എം.എൽ.എ ജോർജ്.എം. തോമസിന് തന്റെ മുൻനിലപാട് തിരുത്തേണ്ടി വന്നതുമൊക്കെ സഭാനേതൃത്വത്തെ ക്ഷുഭിതരാക്കി. കോടതിയലക്ഷ്യക്കേസിൽ ഹൈക്കോടതി ഉത്തരവുണ്ടായിട്ടും പോപ്പുലർഫ്രണ്ട് പ്രവർത്തകരുടെ വസ്തുവകകൾ ജപ്തിചെയ്യുന്ന കാര്യത്തിൽ സർക്കാർ പ്രകടിപ്പിക്കുന്ന ഉദാസീനതയെ നിശിതമായി വിമർശിച്ചുകൊണ്ട് കഴിഞ്ഞ ദിവസം ദീപിക മുഖപ്രസംഗമെഴുതിയിരുന്നു. അങ്ങനെ സി.പി.എം - സഭാ ബന്ധം അല്പമൊന്ന് ഉലഞ്ഞുനിൽക്കുന്ന സമയത്താണ് മുഖ്യമന്ത്രി ന്യൂനപക്ഷ ക്ഷേമവകുപ്പ് അബ്ദുറഹിമാനെ ഏല്‌പിക്കാൻ തീരുമാനിച്ചത്. സഭാനേതൃത്വം തികച്ചും പ്രകോപിതമായെന്നുവേണം മനസിലാക്കാൻ. ഫെബ്രുവരി ഒന്നാം തീയതി ദീപികയുടെ എഡിറ്റോറിയൽ പേജിൽ ഫാ. ജയിംസ് കൊക്കാവയലിൽ എഴുതിയ 'വോട്ടുബാങ്കിനിരയാകുന്ന ന്യൂനപക്ഷ ക്ഷേമം' എന്ന ലേഖനം സഭാനേതൃത്വത്തിന്റെ വേവലാതി തികച്ചും വ്യക്തമാക്കുന്നുണ്ട്. 2011 ൽ ന്യൂനപക്ഷ ക്ഷേമവകുപ്പ് ആരംഭിച്ച കാലം മുതൽ യു.ഡി.എഫ്, എൽ.ഡി.എഫ് മന്ത്രിസഭകളിൽ മുസ്ളിം സമുദായ രാഷ്ട്രീയം മുഖമുദ്ര‌യാക്കിയ മന്ത്രിമാർ മാത്രമാണ് വകുപ്പ് കൈകാര്യം ചെയ്തിട്ടുള്ളതെന്നും അക്കാലത്ത് ക്രൈസ്തവ ന്യൂനപക്ഷം നിരവധി വിവേചനങ്ങൾ നേരിടേണ്ടി വന്നെന്നും ലേഖകൻ ആരോപിക്കുന്നു. "സ്കോളർഷിപ്പുകളിലും വിവിധ ക്ഷേമപദ്ധതികളിലും 80:20 അനുപാതം, ഏകപക്ഷീയമായ ഫണ്ടു വിതരണം, ന്യൂനപക്ഷക്ഷേമ വകുപ്പിലും ഡയറക്ടറേറ്റിലും റൂൾസ് രൂപീകരണം നടത്തി പി.എസ്.സി വഴിയുള്ള നിയമനങ്ങൾ നടത്താതെ പ്രധാനമായും ഒരുവിഭാഗക്കാർക്കു മാത്രമായി ഡെപ്യൂട്ടേഷനിലും കരാർ വ്യവസ്ഥയിലുമുള്ള നിയമനങ്ങൾ, കോച്ചിംഗ് സെന്ററുകളും മറ്റു പരിശീലന കേന്ദ്രങ്ങളും ഒരു വിഭാഗക്കാർക്കു മാത്രമായി അനുവദിക്കൽ, മദ്രസകളിലും അവിടുത്തെ അദ്ധ്യാപകർക്കുമുള്ള പ്രത്യേക ആനുകൂല്യങ്ങൾ ഇങ്ങനെ നിരവധി വിവേചനങ്ങളാണ് ന്യൂനപക്ഷവകുപ്പിൽ നടന്നുകൊണ്ടിരുന്നത്. കാര്യങ്ങൾ ഇങ്ങനെയായിരിക്കെയാണ് കൂനിന്മേൽ കുരുപോലെ മുൻ സിമി പ്രവർത്തകനായ കെ.ടി. ജലീലിന്റെ ആഗമനം. ഒന്നാം പിണറായി സർക്കാരിൽ ന്യൂനപക്ഷ ക്ഷേമവകുപ്പ് കൈകാര്യം ചെയ്ത അദ്ദേഹത്തിന്റെ കീഴിൽ ഈ അനീതികൾ ശതഗുണീഭവിച്ചെന്ന് വേണമെങ്കിൽ പറയാം. ന്യൂനപക്ഷ ആനുകൂല്യങ്ങളും സ്കോളർഷിപ്പുകളും മുസ്ളിം വിഭാഗത്തെ മാത്രമായി അറിയിക്കാൻ അദ്ദേഹം മഹൽ സോഫ്ട് സംവിധാനം കൊണ്ടുവന്നു. സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ ആക്ട് 2017 ൽ ഭേദഗതി ചെയ്ത് വേണമെങ്കിൽ ഒരു വിഭാഗത്തിൽ നിന്നുള്ളവർ മാത്രം അംഗങ്ങളായി ന്യൂനപക്ഷ കമ്മിഷൻ രൂപീകരിക്കാവുന്ന സ്ഥിതിയിൽ കൊണ്ടെത്തിച്ചു. മദ്രസകൾക്കും അദ്ധ്യാപകർക്കുമുള്ള ആനുകൂല്യങ്ങൾ പലമടങ്ങു വർദ്ധിപ്പിക്കുകയും ഇതര ന്യൂനപക്ഷങ്ങൾ അപേക്ഷിക്കാൻ സാദ്ധ്യതയില്ലാത്ത കൂടുതൽ പദ്ധതികൾ ആരംഭിക്കുകയും ചെയ്തു. ഇത്തരം നയവൈകല്യങ്ങൾക്കെതിരെ പരാതി നല്‌കിയെങ്കിലും വകുപ്പുമന്ത്രി അതെല്ലാം നിസാരവത്കരിക്കുന്ന സമീപനമാണ് സ്വീകരിച്ചത്. ഇങ്ങനെ നിരവധിയായ അവഹേളനങ്ങളും അനീതികളും കണ്ട് മനംമടുത്താണ് ക്രൈസ്തവസമൂഹം, മുഖ്യമന്ത്രി ന്യൂനപക്ഷക്ഷേമ വകുപ്പ് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടത്."

ന്യൂനപക്ഷ ക്ഷേമവകുപ്പ് വി. അബ്ദുറഹിമാന് കൈമാറിയത് പച്ചയായ സമുദായ പ്രീണനമാണെന്ന് ലേഖകൻ കുറ്റപ്പെടുത്തുന്നു. സർക്കാർ തുടക്കത്തിൽ സ്വീകരിച്ചിരുന്ന മതേതര നിലപാടിൽനിന്ന് വോട്ടുബാങ്ക് രാഷ്ട്രീയം ലക്ഷ്യംവച്ചു പിന്മാറിയതായും ഹൈക്കോടതി വിധി പ്രകാരം ഏതാനും പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ സ്വത്തുവകകൾ ജപ്തിചെയ്ത നടപടി മുസ്ളിം സമുദായത്തിലുണ്ടാക്കിയ അസ്വാരസ്യത്തിന് പകരം ഒരു സാന്ത്വന നടപടിയാണ് ഈ വകുപ്പുമാറ്റമെന്ന് സംശയിക്കുന്നതായും ലേഖനം തുടരുന്നു. "ഓണം വന്നാലും ഉണ്ണി പിറന്നാലും കോരനു കുമ്പിളിൽ കഞ്ഞി എന്നു പറയുന്നതുപോലെയാണ് ഇവിടുത്തെ ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ അവസ്ഥ. ഭരണഘടനാപരമായ ന്യൂനപക്ഷ തത്വങ്ങൾ അട്ടിമറിക്കുന്നതിലും ക്രൈസ്തവർക്ക് നീതി നിഷേധിക്കുന്നതിലും മുന്നണികൾക്ക് ഒരേ താത്പര്യമാണ്. ന്യൂനപക്ഷക്ഷേമം ജനസംഖ്യയിൽ കുറവുള്ളവരുടെ സംരക്ഷണത്തിനു വേണ്ടിയാണ്. ജനസംഖ്യയിൽ കുറഞ്ഞ വിഭാഗങ്ങൾക്കാണ് ഏറ്റവും അധികം സംരക്ഷണം ലഭിക്കേണ്ടത്. അവർക്കു വേണ്ടിയാണ് കൂടുതൽ പദ്ധതികൾ നടപ്പിലാക്കപ്പെടേണ്ടത്. എന്നാൽ ഈ ന്യൂനപക്ഷതത്വം വോട്ടുബാങ്കിനു വേണ്ടി ബലികഴിക്കപ്പെടുകയാണ്. ന്യൂനപക്ഷക്ഷേമം വോട്ടുബാങ്ക് രാഷ്ട്രീയത്തിന് ഇരയാകാതിരിക്കണമെങ്കിൽ രാഷ്ട്രത്തിലെ വിജ്ഞാപിത ന്യൂനപക്ഷങ്ങൾക്കിടയിൽ ന്യൂനാൽ ന്യൂനപക്ഷം എന്നൊരു ഉപവിഭാഗം കൂടി രൂപീകരിച്ച് പ്രത്യേക നിയമപരിരക്ഷ കൊണ്ടുവരിക മാത്രമാണ് പോംവഴി."

ന്യൂനാൽ ന്യൂനപക്ഷക്ഷേമ കോർപ്പറേഷനോ ക്രൈസ്തവ സമുദായ ക്ഷേമ കോർപ്പറേഷനോ രൂപീകരിക്കുക അസാദ്ധ്യമാണെന്ന് ഫാ. കൊക്കാവയലിന് അറിയാത്തതല്ല. ന്യൂനപക്ഷക്ഷേമ വകുപ്പ്, മന്ത്രി അബ്ദുറഹിമാനെ ഏൽപിച്ചതിൽ ക്രൈസ്തവസഭാ നേതൃത്വത്തിനുള്ള കടുത്ത പ്രതിഷേധമാണ് ലേഖനത്തിലുടനീളം പ്രതിഫലിച്ചിട്ടുള്ളത്. വേണ്ടിവന്നാൽ എൽ.ഡി.എഫ് അനുകൂല നിലപാട് പുന:പരിശോധിക്കും എന്നൊരു ഭീഷണികൂടി ഇതിൽ പ്രതിഫലിക്കുന്നുണ്ട്. ഒന്നും കാണാതെ കുളത്തിൽ ചാടുന്നവരല്ല കേരളത്തിലെ ക്രൈസ്തവ മതമേലദ്ധ്യക്ഷന്മാർ ; വിശേഷിച്ച് കത്തോലിക്ക മെത്രാന്മാർ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MINORITY WELFARE
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.