SignIn
Kerala Kaumudi Online
Thursday, 19 September 2024 9.47 PM IST

സഹതാപവും സമുദായവും തൃക്കാക്കരയിൽ

Increase Font Size Decrease Font Size Print Page

photo

2011 ൽ നിലവിൽവന്ന മണ്ഡലമാണ് തൃക്കാക്കര. മുമ്പ് എറണാകുളത്തിന്റെയും തൃപ്പൂണിത്തുറയുടെയും ഭാഗമായിരുന്ന പ്രദേശങ്ങൾ കൂട്ടിച്ചേർത്ത് സൃഷ്ടിച്ച മണ്ഡലം. പൊതുവേ യു.ഡി.എഫിന് മേൽക്കോയ്മയുള്ള പ്രദേശം. 2011 ൽ ബെന്നി ബെഹനാൻ വലിയ ഭൂരിപക്ഷത്തോടെ വിജയിച്ചു. 2016 ലും 2021 ലും പി.ടി. തോമസ് വിജയം ആവർത്തിച്ചു. തോമസിന്റെ അകാലനിര്യാണത്തെ തുടർന്ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പാണിത്. അദ്ദേഹത്തിന്റെ സഹധർമ്മിണിയാണ് ഐക്യമുന്നണി സ്ഥാനാർത്ഥി. 2011 ൽ പ്രാദേശിക നേതാവ് എം.ഇ. ഹസൈനാർ ആയിരുന്നു സി.പി.എം സ്ഥാനാർത്ഥി. ആ പരീക്ഷണം വിജയിക്കാഞ്ഞതിനാൽ 2016 ൽ ഡോ. സെബാസ്റ്റ്യൻ പോളിനെ പാർട്ടിചിഹ്നത്തിൽ രംഗത്തിറക്കി. അതും ഏശാതെ പോയി. 2021 ൽ ഡോ. ജെ. ജേക്കബ് എന്ന അസ്ഥിരോഗ വിദഗ്ദ്ധനെ ഫുട്ബോൾ ചിഹ്നത്തിൽ മത്സരിപ്പിച്ചു. അതും ഫലവത്തായില്ല. കഴിഞ്ഞതവണ ബി.ജെ.പിയുടെയും ട്വന്റി 20 യുടെയും സ്ഥാനാർത്ഥികൾ അതിശക്തമായി രംഗത്തുണ്ടായിരുന്നു. രണ്ടുകൂട്ടരും സാമാന്യേന വോട്ടും പിടിച്ചു. എങ്കിലും പി.ടി. തോമസ് ഭേദപ്പെട്ട ഭൂരിപക്ഷത്തോടെയാണ് ജയിച്ചത്. ഇതൊക്കെയാണെങ്കിലും കോൺഗ്രസ് നേതാക്കൾ പറയുന്നതുപോലെ യു.ഡി.എഫിന്റെ പൊന്നാപുരം കോട്ടയൊന്നുമല്ല തൃക്കാക്കര. സി.പി.എം ശക്തനായ സ്ഥാനാർത്ഥിയെ മത്സരിപ്പിച്ചാൽ കടുത്ത മത്സരമുണ്ടാക്കാനും ഒരുപക്ഷേ വിജയിക്കാനും കഴിഞ്ഞേക്കാം.

കുലുക്കിയാൽ കുലുങ്ങുന്ന കോട്ടയാണ് തൃക്കാക്കരയെന്ന കാര്യം പ്രതിപക്ഷനേതാവ് വി.ഡി. സതീശന് നന്നായറിയാം. അദ്ദേഹത്തിന്റെ ജന്മനാടായ നെട്ടൂരിനും കർമ്മമണ്ഡലമായ പറവൂരിനും ഒത്ത നടുക്കാണ് തൃക്കാക്കര. കോൺഗ്രസ് പാർട്ടിയിൽ സ്ഥാനമോഹികൾക്ക് യാതൊരു ക്ഷാമവുമില്ല. മുൻ കേന്ദ്രമന്ത്രി കെ.വി. തോമസ്, മുൻ സംസ്ഥാനമന്ത്രി ഡൊമിനിക് പ്രസന്റേഷൻ, ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, കെ.പി.സി.സി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗ്ഗീസ് എന്നിങ്ങനെ നിരവധിപേർ തൃക്കാക്കരയിൽനിന്ന് നിയമസഭാംഗമാകാൻ കൊതിച്ചവരാണ്. വി.ഡി. സതീശനോ കെ. സുധാകരനോ രമേശ് ചെന്നിത്തലയോ ഉമ്മൻചാണ്ടിയോ ഒരുകാരണവശാലും അനുകൂലിക്കില്ലെന്ന് ഉറച്ച ബോദ്ധ്യമുള്ളതുകൊണ്ടാണ് തോമസ് മാഷ് കണ്ണൂർക്ക് പോയി സി.പി.എം പാർട്ടി കോൺഗ്രസിൽ പ്രസംഗിച്ചത്. അതോടെ അദ്ദേഹത്തിന്റെ സാദ്ധ്യത പൂർണമായും അവസാനിച്ചു. മറ്റെല്ലാവരും പ്രതീക്ഷയോടെ കാത്തിരിപ്പ് തുടർന്നു. ജി. കാർത്തികേയൻ അന്തരിച്ചപ്പോൾ അദ്ദേഹത്തിന്റെ കുടുംബത്തിൽ നിന്നൊരാളെ സ്ഥാനാർത്ഥിയാക്കണമെന്ന് ശഠിച്ചവരാണ് ഉമ്മൻചാണ്ടിയും ചെന്നിത്തലയും. ആദർശ രാഷ്ട്രീയത്തിന്റെ ആൾരൂപമായിരുന്ന വി.എം സുധീരൻ പോലും ആ നിർദ്ദേശത്തോടു യോജിച്ചു. അന്നും ചില കെ.എസ്.യു- യൂത്ത് കോൺഗ്രസ് നേതാക്കൾ വിപരീത അഭിപ്രായം പ്രകടിപ്പിക്കാതിരുന്നില്ല. പക്ഷേ മുതിർന്ന നേതാക്കൾ അതു ഗൗനിച്ചില്ല. സുലേഖ ടീച്ചർ സമ്മതിക്കാതെ വന്നപ്പോൾ മകൻ ശബരീനാഥനെ സ്ഥാനാർത്ഥിയാക്കി. സി.പി.എം എം. വിജയകുമാറിനെയും ബി.ജെ.പി ഒ. രാജഗോപാലിനെയും രംഗത്തിറക്കിയെങ്കിലും കടുത്ത മത്സരത്തിൽ ശബരീനാഥൻ വിജയിച്ചു. അരുവിക്കര യു.ഡി.എഫ് നിലനിറുത്തി. തൃക്കാക്കരയിലും അരുവിക്കര ആവർത്തിക്കാനാണ് സതീശൻ - സുധാകരൻ ടീമിന്റെ പദ്ധതി. പി.ടി തോമസിന്റെ സ്മരണകൾ സജീവമായി നിലനിൽക്കുന്ന മണ്ഡലത്തിൽ അദ്ദേഹത്തിന്റെ സഹധർമ്മിണിയെ സ്ഥാനാർത്ഥിയാക്കിയാൽ വലിയ ദേഹാദ്ധ്വാനം കൂടാതെ മണ്ഡലം നിലനിറുത്താൻ കഴിയുമെന്ന് അവർ പ്രതീക്ഷിക്കുന്നു.

ഉമ തോമസായിരിക്കും സ്ഥാനാർത്ഥിയെന്ന് മാസങ്ങൾക്കു മുമ്പുതന്നെ സൂചനയുണ്ടായിരുന്നു. സ്ഥാനമോഹികൾ തീർത്തും അസ്വസ്ഥരായി. തൃക്കാക്കരയിൽ സഹതാപമല്ല സമുദായമാണ് പ്രധാനമെന്ന് ഡൊമിനിക് പ്രസന്റേഷൻ ആത്മഗതം ചെയ്തു. വികസനമാണ് മുഖ്യമെന്ന് തോമസ് മാഷും പറയാതിരുന്നില്ല. കൂടിയാലോചനകളില്ലാതെയാണ് സ്ഥാനാർത്ഥി നിർണയമെന്ന് ദീപ്തിമേരി വർഗ്ഗീസ് മാത്രമല്ല, ഷാനിമോൾ ഉസ്‌മാനും തുറന്നടിച്ചു. പക്ഷേ സുധാകരനാകട്ടെ, സതീശനാകട്ടെ അതൊന്നും ചെവിക്കൊണ്ടില്ല. അവർ ഉമ്മൻചാണ്ടിയെയും രമേശ് ചെന്നിത്തലയെയും എം.എം. ഹസനെയും എറണാകുളത്ത് വിളിച്ചുവരുത്തി. പഞ്ചപാണ്ഡവന്മാർ ഒന്നിച്ചുനിന്ന് ഉമാ തോമസാണ് സ്ഥാനാർത്ഥിയെന്നു പ്രഖ്യാപിച്ചു. മിനിട്ടുകൾക്കകം എ.ഐ.സി.സി അതംഗീകരിച്ചു. അങ്ങനെ ചരിത്രത്തിലാദ്യമായി എൽ.ഡി.എഫിനെക്കാൾ മുമ്പ് യു.ഡി.എഫിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനമുണ്ടായി. ഉപതിരഞ്ഞെടുപ്പുകളിൽ മിക്കവാറും ഇടതുപക്ഷത്തിനാണ് മേൽക്കൈ കിട്ടാറ്. എൽ.ഡി.എഫ് ഭരിക്കുമ്പോൾ ഒരു സി.പി.എം സ്ഥാനാർത്ഥിയെ തോൽപിക്കുകയെന്നതു അങ്ങേയറ്റം ദുഷ്കരമാണ്. 1998 ൽ എറണാകുളത്തു നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി സെബാസ്റ്റ്യൻ പോളാണ് വിജയിച്ചത്. യു.ഡി.എഫിന്റെ മറ്റൊരു കോട്ടയെന്നു പറയാവുന്ന തിരുവമ്പാടിയിൽ 2007 ൽ ഉപതിരഞ്ഞെടുപ്പു നടന്നപ്പോൾ സി.പി.എം സ്ഥാനാർത്ഥി ജോർജ്ജ്. എം. തോമസാണ് ജയിച്ചത് ; ഭൂരിപക്ഷം തീരെ നിസാരമായിരുന്നെങ്കിൽപ്പോലും. 2019 ലെ പാല, കോന്നി, വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പുകളിൽപോലും ഇതാവർത്തിച്ചു. മെച്ചപ്പെട്ട പ്രചാരണ സംവിധാനം മാർക്സിസ്റ്റ് പാർട്ടിക്കുള്ളതുകൊണ്ടാണ് മേൽപ്പറഞ്ഞ എല്ലാ ഉപതിരഞ്ഞെടുപ്പുകളിലും എൽ.ഡി.എഫ് വിജയിച്ചത്. അരൂരിൽ ഷാനിമോൾ ഉസ്മാൻ ജയിച്ചതു മാത്രമാണ് ഈ സാമാന്യ നിയമത്തിന് ഒരേയൊരു അപവാദം. അന്ന് പ്രവർത്തനം ഏകോപിപ്പിക്കാനും പ്രവർത്തകരെ ആവേശഭരിതരാക്കാനും ചുമതലക്കാരനായി പി.ടി. തോമസുണ്ടായിരുന്നു. തൃക്കാക്കരയിൽ ഡൊമിനിക് പ്രസന്റേഷനോ ദീപ്തി മേരി വർഗ്ഗീസോ മുഹമ്മദ് ഷിയാസോ മത്സരിച്ചാൽ ജയിക്കുമെന്ന കാര്യത്തിൽ യാതൊരു ഉറപ്പുമില്ല. ഇവരാരും വ്യക്തിപരമായി വോട്ടു സമാഹരിക്കാൻ പ്രാപ്തിയുള്ളവരുമല്ല. സാമുദായികഘടകങ്ങൾ പോലും അവർക്കനുകൂലമായി തിരിയണമെന്നില്ല. ഇന്നത്തെ സാഹചര്യത്തിൽ ഏതെങ്കിലുമൊരു സ്ഥാനാർത്ഥിയെ മത്സരിപ്പിച്ച് റിസ്‌കെടുക്കാൻ കെ.പി.സി.സി പ്രസിഡന്റോ പ്രതിപക്ഷനേതാവോ തയ്യാറല്ല. തൃക്കാക്കര ജയിക്കണം ; ജയിച്ചേ തീരൂ. കോൺഗ്രസിന് ഇപ്പോഴും മേൽക്കൈയുള്ള ഒരേയൊരു ജില്ലയാണ് എറണാകുളം. വിശേഷിച്ചും പി.ടി. തോമസിന്റെ മണ്ഡലമായിരുന്നു തൃക്കാക്കര. ആ സീറ്റ് എൽ.ഡി.എഫ് പിടിച്ചെടുത്താൽ പിന്നെ കോൺഗ്രസിന് നിലനിൽപ്പില്ല. സതീശന്റെയും സുധാകരന്റെയും കാര്യം പരുങ്ങലിലാവും. ഇപ്പോൾത്തന്നെ മുറുമുറുക്കുന്ന ഗ്രൂപ്പ് മാനേജർമാർ അതോടെ പ്രചാരണം ഉൗർജ്ജിതമാക്കും. ഹൈക്കമാൻഡിലേക്ക് സന്ദേശങ്ങൾ പ്രവഹിക്കും. നേതൃമാറ്റത്തിനു വേണ്ടി മുറവിളി ഉയരും. ഉമാ തോമസിനെ സ്ഥാനാർത്ഥിയാക്കിയത് അവരോടുള്ള താത്പര്യം കൊണ്ടോ പി.ടി. തോമസിനോടുള്ള ആദരവുകൊണ്ടോ അല്ല. ഇന്നത്തെ നിലയ്ക്ക് ഏറ്റവും ജയസാദ്ധ്യതയുള്ള സ്ഥാനാർത്ഥി അവരാണെന്ന തിരിച്ചറിവുകൊണ്ടു മാത്രം.

ഉമാ തോമസിനെ പ്രഖ്യാപിക്കുമ്പോഴും നേതാക്കൾ വലിയ ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോഴും തൃക്കാക്കരയിൽ യു.ഡി.എഫ് വിജയം സുനിശ്ചിതമെന്നു പറഞ്ഞുകൂടാ. അവിടെ ബി.ജെ.പിയും ആം ആദ്‌മി - ട്വന്റി 20 സഖ്യവും പിടിക്കുന്ന വോട്ടുകൾ നിർണായകമായേക്കാം. അതിലുപരി സി.പി.എം സ്ഥാനാർത്ഥി ആരാകുമെന്ന ആകാംക്ഷയും നിലനിന്നു. ശക്തനായൊരു സ്ഥാനാർത്ഥിയെ രംഗത്തിറക്കുകയും പ്രചണ്ഡമായി പ്രചാരണം നടത്തുകയും ചെയ്താൽ എൽ.ഡി.എഫിന് പിടിക്കാവുന്ന മണ്ഡലമാണ് തൃക്കാക്കര. എം. സ്വരാജിന്റെയും മേയർ എം. അനിൽ കുമാറിന്റെയും പേരുകളാണ് ആദ്യം കേട്ടത്. പിന്നീട് അഡ്വ. കെ.എസ്. അരുൺകുമാറിന്റെ പേരിന് മുൻതൂക്കം കിട്ടി. ഡി.വൈ.എഫ്.ഐ മുൻ ജില്ലാ സെക്രട്ടറിയാണ് അരുൺ കുമാർ. നിലവിൽ പാർട്ടി ജില്ലാക്കമ്മിറ്റിയംഗം. അതിലുപരി ജില്ലാ സെക്രട്ടറി സി.എൻ. മോഹനന്റെ വലംകൈയായി അറിയപ്പെടുന്നയാൾ. ചാനൽ ചർച്ചകളിലെ സജീവ സാന്നിദ്ധ്യം. മണ്ഡലത്തെ ഇളക്കിമറിക്കാൻ പോന്ന വ്യക്തിത്വം. അരുൺകുമാറാണ് സ്ഥാനാർത്ഥിയെങ്കിൽ യു.ഡി.എഫിന്റെ കാര്യം പരുങ്ങലിലാകുമായിരുന്നു. അദ്ദേഹത്തിന്റെ പേര് ജില്ലാക്കമ്മിറ്റി അംഗീകരിച്ചെന്ന് ടെലിവിഷൻ ചാനലുകൾ റിപ്പോർട്ട് ചെയ്തു. ആവേശഭരിതരായ പ്രവർത്തകർ ചുവരെഴുതുകയും എം.എൽ.എമാരുൾപ്പെടെ സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ പ്രചാരണം ആരംഭിക്കുകയും ചെയ്തു. അപ്പോഴേക്കും മുതിർന്ന നേതാക്കൾ ചാടിവീണു. സ്ഥാനാർത്ഥിയെ തീരുമാനിച്ചിട്ടില്ല. ആലോചന തുടരുന്നേയുള്ളൂവെന്ന് വിശദീകരിച്ചു. വിഷണ്ണരായ പ്രവർത്തകർ ചുവരെഴുത്ത് മായിക്കാൻ നിർബന്ധിതരായി.

അധികം വൈകാതെ പാർട്ടി പരമയോഗ്യനായ ഒരു സ്ഥാനാർത്ഥിയെ കണ്ടെത്തി - ഡോ. ജോ ജോസഫ്. ബാലസംഘത്തിലോ എസ്.എഫ്.ഐയിലോ ഡി.വൈ.എഫ്.ഐയിലോ പ്രവർത്തിച്ചു പരിചയമുള്ളയാളല്ല. മതിലെഴുതാനോ പോസ്റ്ററൊട്ടിക്കാനോ പോയിട്ടില്ല. പാർട്ടിയുടെ ബുദ്ധിജീവി വിഭാഗത്തിൽ ഉണ്ടായിരുന്നുവെന്ന് പറയുന്നു. എറണാകുളം ലിസി ആശുപത്രിയിലെ കാർഡിയോളജിസ്റ്റാണ്. അതിലുപരി ക്രൈസ്തവനാണ്. പൂഞ്ഞാറിലെ അതിപുരാതന സുറിയാനി കത്തോലിക്ക കുടുംബാംഗമാണ്. ക്രൈസ്തവരെക്കാൾ ഹിന്ദുക്കളുള്ള, സുറിയാനി കത്തോലിക്കരെക്കാൾ ലത്തീൻകാരും യാക്കോബായക്കാരും മുസ്ളിങ്ങളുമുള്ള മണ്ഡലമാണ് തൃക്കാക്കര. കേരള കത്തോലിക്ക സഭയുടെ ആസ്ഥാനമായ പാസ്റ്ററൽ ഓറിയന്റേഷൻ സെന്ററും അത്യുന്നത കർദ്ദിനാളിന്റെ ആവാസകേന്ദ്രമായ സെന്റ് തോമസ് മൗണ്ടും ഈ മണ്ഡലത്തിലാണ് സ്ഥിതിചെയ്യുന്നത്. അവിടെ സ്ഥാനാർത്ഥിയാകാൻ സമരപാരമ്പര്യത്തെക്കാൾ സമുദായ പാരമ്പര്യമാണ് ആവശ്യം. പി.ടി. തോമസിന്റെ മതനിരപേക്ഷ നിലപാടുകളോടു ഒരിക്കലും യോജിക്കാൻ കഴിയാതിരുന്ന, മരണശേഷവും അദ്ദേഹത്തിന്റെ കുടുംബത്തോടു വൈരാഗ്യം വച്ചുപുലർത്തുന്ന ചില വൈദികരെ സന്തോഷിപ്പിക്കാനും ഒരു കത്തോലിക്ക സ്ഥാനാർത്ഥി കൂടിയേ തീരൂ. കർദ്ദിനാളിന്റെ കൈയൊപ്പുള്ള സ്ഥാനാർത്ഥിയാണ് ഡോക്ടറെന്നും പറയപ്പെടുന്നു. ദോഷം പറയരുത്, സ്റ്റെതസ്കോപ്പോ വെന്തിങ്ങയോ അല്ല ഡോക്ടറുടെ അടയാളം ചുറ്റിക അരിവാൾ നക്ഷത്രം തന്നെയാണ്.

അങ്ങനെ സഹതാപം പ്രതീക്ഷിച്ച് യു.ഡി.എഫും സമുദായം മുൻനിറുത്തി എൽ.ഡി.എഫും വോട്ടർമാരെ സമീപിക്കുകയാണ്. ജനാധിപത്യത്തിന്റെ ഭാവിയെക്കുറിച്ച് യാതൊരു ആശങ്കയ്ക്കും വകയില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: THRIKKAKARA BYELECTION 2022
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.