SignIn
Kerala Kaumudi Online
Saturday, 27 April 2024 4.07 AM IST

യു.പി.യിലെ ശ്രീകൃഷ്‌ണലീല

akhilesh-yadav

യു.പി.യിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ സമാജ്‌വാദി പാർട്ടി നേതാവും മുൻ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവിന്റെ സ്വപ്നത്തിൽ ഭഗവാൻ ശ്രീകൃഷ്‌ണൻ നിരന്തരമായി പ്രത്യക്ഷപ്പെടുന്നു. അഖിലേഷ് ആയിരിക്കും ഉത്തർപ്രദേശിന്റെ അടുത്ത മുഖ്യമന്ത്രിയെന്ന് ഭഗവാൻ അദ്ദേഹത്തോടു നിരന്തരം അരുളിച്ചെയ്യുന്നുവത്രേ. വൈകാതെ നല്ലൊരു മന:ശാസ്ത്രജ്ഞന്റെയോ മനോരോഗ ചികിത്സകന്റെയോ സഹായം തേടുകയാണ് ചെയ്യേണ്ടിയിരുന്നത്. പക്ഷേ അഖിലേഷ് ഇക്കാര്യം പത്രക്കാരെയും തദ്വാരാ ഉത്തർപ്രദേശിലെ പ്രബുദ്ധരായ വോട്ടർമാരെയും അറിയിക്കാനാണ് താത്പര്യപ്പെട്ടത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥും വിട്ടുകൊടുത്തില്ല. അധികാരത്തിൽ ഇരുന്നപ്പോൾ മഥുരയ്ക്കും വൃന്ദാവനത്തിനും വേണ്ടി ഒന്നും ചെയ്യാത്തവരാണ് ഇപ്പോൾ ശ്രീകൃഷ്‌‌ണനെയും പൊക്കിക്കൊണ്ടു വന്നിട്ടുള്ളതെന്ന് പരിഹസിച്ചു. അങ്ങനെ യു.പി. രാഷ്ട്രീയത്തിൽ ശ്രീരാമന്റെ സ്ഥാനം ശ്രീകൃഷ്‌ണൻ അപഹരിച്ചെന്ന് വേണമെങ്കിൽ പറയാം.

ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഗോവ, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിൽ ഫെബ്രുവരി അവസാനവും മാർച്ച് ആദ്യവുമായി തിരഞ്ഞെടുപ്പ് നടക്കും. ഇവയിൽ പഞ്ചാബും ഉത്തർപ്രദേശുമാണ് ഏറ്റവും പ്രധാനം. പഞ്ചാബിൽ ചതുഷ്കോണ മത്സരമാണ് നടക്കാൻ പോകുന്നത്. കർഷക സമരവും സിഖ് സമുദായ രാഷ്ട്രീയവും അവയ്ക്കു ബദലായി ആം ആദ്മി പാർട്ടി ഉയർത്തുന്ന ജനപക്ഷ രാഷ്ട്രീയവുമായിരിക്കും അവിടുത്തെ പ്രധാന ചർച്ചാ വിഷയങ്ങൾ. ദേശീയ രാഷ്ട്രീയത്തിൽ ഉത്തർപ്രദേശിനോളം പ്രാധാന്യം മറ്റൊരു സംസ്ഥാനത്തിനുമില്ല. രാജ്യത്ത് ഏറ്റവുമധികം ജനസംഖ്യയുള്ള സംസ്ഥാനം ; ലോക്‌സഭയിലേക്കും രാജ്യസഭയിലേക്കും ഏറ്റവും അധികം അംഗങ്ങളെ തിരഞ്ഞെടുത്തയയ്ക്കുന്ന സംസ്ഥാനവും. യു.പി പിടിച്ചാൽ ഇന്ത്യ പിടിക്കാം ; ഡൽഹിയിലേക്കുള്ള വഴി ലഖ്നൗവിലൂടെയാണ് എന്നൊക്കെയാണ് രാഷ്ട്രീയ പണ്ഡിതന്മാർ പണ്ടേ പറഞ്ഞു വച്ചിട്ടുള്ളത്. പ്രധാനമന്ത്രിമാരായിരുന്ന ജവഹർലാൽ നെഹ്റുവും ലാൽ ബഹാദൂർ ശാസ്ത്രിയും ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും വിശ്വനാഥ് പ്രതാപ് സിംഗും ഉത്തർപ്രദേശുകാരായിരുന്നു. അടൽ ബിഹാരി വാജ്പേയിയും നരേന്ദ്രമോദിയും പ്രധാനമന്ത്രിയായിരിക്കെ ഉത്തർപ്രദേശിൽ നിന്നുള്ള പാർലമെന്റ് മണ്ഡലങ്ങളെയാണ് പ്രതിനിധീകരിച്ചിരുന്നത്. പാർലമെന്റ് തിരഞ്ഞെടുപ്പിനുള്ള പകുതി വഴിയിലാണ് ഉത്തർപ്രദേശ് നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത്. ഈ തിരഞ്ഞെടുപ്പിലെ ജയപരാജയങ്ങൾ 2024 ൽ നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഫലങ്ങളെയും നിർണായകമാം വിധം സ്വാധീനിക്കും. അതുകൊണ്ടാണ് ഉത്തർപ്രദേശ് വിധാൻ സഭയിലേക്കുള്ള തിരഞ്ഞെടുപ്പിനെ സെമിഫൈനലായി വിശേഷിപ്പിക്കുന്നത്. 2012 ൽ യു.പി. പിടിക്കാൻ രാഹുൽഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് നടത്തിയ പരിശ്രമം വലിയ പരാജയത്തിലാണ് കലാശിച്ചത്. 2014 ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പരാജയം ആവർത്തിച്ചു. 2017 ൽ ബി.ജെ.പി ഉത്തർപ്രദേശ് കീഴടക്കി. 2019 ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ അവർ വിജയം ആവർത്തിച്ചു. 2022 ൽ കനത്ത ഭൂരിപക്ഷത്തോടെ ബി.ജെ.പിയും യോഗി ആദിത്യനാഥും അധികാരത്തിൽ തിരിച്ചെത്തുന്നപക്ഷം 2024 ൽ നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലും ബി.ജെ.പിക്ക് കാര്യങ്ങൾ വളരെ എളുപ്പമാകും.

ഭരണ അസ്ഥിരതയ്ക്ക് കുപ്രസിദ്ധി നേടിയ സംസ്ഥാനവുമാണ് ഉത്തർപ്രദേശ്. ഗോവിന്ദ് വല്ലഭ പന്ത്, സുചേത കൃപലാനി, ചന്ദ്രഭാനു ഗുപ്ത, ചൗധരി ചരൺസിംഗ്, കമലാപതി ത്രിപാഠി, എച്ച്.എൻ. ബഹുഗുണ, വി.പി. സിംഗ് , കല്യാൺസിംഗ്, മുലായം സിംഗ് യാദവ് മുതലായ വില്ലാളി വീരന്മാർക്കു പോലും അഞ്ചുകൊല്ലം മുഖ്യമന്ത്രി കസേരയിൽ ഉറച്ചിരിക്കാൻ കഴിഞ്ഞിട്ടില്ല. 2007 - 2012 കാലയളവിൽ മായാവതിയാണ് ആദ്യമായി അഞ്ചുവർഷം പൂർത്തീകരിച്ച യു.പി. മുഖ്യമന്ത്രി. 2012 - 2017 ൽ അഖിലേഷ് യാദവും 2017 - 2022 കാലത്ത് യോഗി ആദിത്യനാഥും ആ നേട്ടം ആവർത്തിച്ചു. മായാവതിക്കോ അഖിലേഷ് യാദവിനോ തുടർ വിജയം ഉറപ്പാക്കാൻ കഴിഞ്ഞില്ല. 2012 ൽ ബഹുജൻ സമാജ് പാർട്ടി രണ്ടാം സ്ഥാനത്തായി. 2017 ൽ സമാജ്‌വാദി പാർട്ടിക്കും അതേ ദുർവിധി ഉണ്ടായി. ഭരണവിരുദ്ധ വികാരമുണ്ടെങ്കിലും യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ ബി.ജെ.പി അധികാരത്തിൽ തിരിച്ചെത്തുമെന്നാണ് അഭിപ്രായ വോട്ടെടുപ്പുകൾ നല്‌കുന്ന സൂചന. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഉത്തർപ്രദേശിൽ ആരംഭിച്ച വികസന പദ്ധതികളും ക്രമസമാധാന രംഗത്തു കൈവരിച്ച പുരോഗതിയുമാണ് യോഗിയുടെ തുറുപ്പുചീട്ട്. എങ്കിലും രാമക്ഷേത്ര നിർമ്മാണവും വലിയതോതിൽ പ്രസരിപ്പിച്ച മതവിദ്വേഷവുമാണ് ബി.ജെ.പിക്ക് കൂടുതൽ ഗുണം ചെയ്യുക. ബി.ജെ.പി കേവലമൊരു ഹിന്ദു പാർട്ടിയോ ഹിന്ദുത്വ രാഷ്ട്രീയ കക്ഷിയോ മാത്രമല്ല; അതിലുപരി അതി തീവ്രമായി മുസ്ളിം വിദ്വേഷം വമിപ്പിക്കുന്ന കക്ഷി കൂടിയാണ്. ധർമ്മ സൻസദിൽ ഉയർന്നു കേട്ട വിദ്വേഷ പ്രസംഗങ്ങളും രാജ്യത്തെ പ്രമുഖ മുസ്ളിം വനിതകളെ ലേലത്തിനു വച്ച ബുള്ളി ബായ് ആപ്പുമൊന്നും വെറുതേ ഉണ്ടാകുന്നതല്ല. ഈ അന്ധമായ മുസ്ളിം വിരോധമാണ് ഉത്തരേന്ത്യയിൽ ബി.ജെ.പിക്ക് ഉൗർജ്ജം നല്കുന്ന പ്രധാനഘടകം. പതിനെട്ടു ശതമാനത്തിലധികം മുസ്ളീങ്ങളുണ്ട് ഉത്തർപ്രദേശിൽ. 2017 ലെ തിരഞ്ഞെടുപ്പിൽ ഭാരതീയ ജനതാ പാർട്ടി ഒരൊറ്റ മുസ്ളിമിനും പാർട്ടി ടിക്കറ്റ് നല്‌കിയില്ല. ഇത്തവണയും ബി.ജെ.പിക്ക് മുസ്ളിം സ്ഥാനാർത്ഥികൾ ഉണ്ടാകാൻ സാദ്ധ്യതയില്ല. പിന്നെ വിവിധ ഹിന്ദുജാതി, ഉപജാതികൾക്ക് നിശ്ചിത അനുപാതം തീരുമാനിച്ച് ഒാരോ മണ്ഡലത്തിലും ജയസാദ്ധ്യതയുള്ളവരെ കണ്ടെത്തി സ്ഥാനാർത്ഥികളാക്കി അവതരിപ്പിക്കുന്ന സോഷ്യൽ എൻജിനീയറിംഗും പയറ്റും. അവരുടെ സ്ഥാനാർത്ഥി നിർണയമൊക്കെ മാസങ്ങൾക്കു മുമ്പുതന്നെ പൂർത്തിയായിട്ടുണ്ട്. പട്ടിക പ്രസിദ്ധീകരിക്കേണ്ട ജോലിയേ ഇനി ബാക്കിയുള്ളൂ. ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം പണത്തിനും യാതൊരു ക്ഷാമവുമില്ല. രാജ്യത്തെ സകല വ്യവസായികളും ചാക്കുകണക്കിന് നോട്ടുമായി പാർട്ടിക്കൊപ്പമുണ്ട്. നരേന്ദ്രമോദിയും അമിത്ഷായും യോഗി ആദിത്യനാഥും പിന്നെ നിരവധി കേന്ദ്രമന്ത്രിമാരും ഉത്തർപ്രദേശിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തും. ഇതിനൊക്കെ പുറമേ ആർ.എസ്.എസിന്റെ സംഘടനാ സംവിധാനവും ഫലപ്രദമായി പ്രവർത്തിപ്പിക്കാൻ കഴിയും. പ്രതിപക്ഷത്താണെങ്കിൽ സമ്പൂർണ അനൈക്യമാണ്. യോഗിയോടു കിടപിടിക്കുന്ന മറ്റൊരു നേതാവുമില്ല മറുവശത്ത്. ഈ ഘടകങ്ങളൊക്കെ ബി.ജെ.പിക്ക് പ്രതീക്ഷ പകരുന്നവയാണ്.

സമാജ്‌വാദി പാർട്ടിക്ക് നേതൃത്വം നല്കുന്ന അഖിലേഷ് യാദവ് പിതാവിനെപ്പോലെ ശക്തനോ നയചാതുര്യമുള്ളയാളോ അല്ല. യുവസഹജമായ നിരവധി ചപലതകൾ ഉള്ളയാളുമാണ്. കുടുംബത്തിനകത്തുതന്നെ കലഹവും കലാപവുമാണ്. പാർട്ടിയിലും പടലപ്പിണക്കങ്ങൾ കുറവല്ല. അതിനും പുറമേ സംഘടനാപരമായ ദൗർബല്യവും സമാജ്‌വാദിയെ ക്ഷീണിപ്പിക്കുന്നു. എങ്കിലും യാദവ, മുസ്ളിം വോട്ടുകളുടെ ഏകീകരണം ഒരു പരിധിവരെയെങ്കിലും എസ്.പിക്ക് ഗുണം ചെയ്യും. തിരഞ്ഞെടുപ്പ് ജയിക്കാനല്ലെങ്കിൽ മുഖ്യപ്രതിപക്ഷമാകാനെങ്കിലും അവർക്ക് സാധിക്കും. ബഹുജൻ സമാജ് പാർട്ടിയുടെ കാര്യം ദയനീയമാണ്. മായാവതിയുടെ ഇന്ദ്രജാലം തീരെയും ഫലിക്കുന്നില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും പിന്നീടു നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലും ബി.എസ്.പി ക്ക് യാതൊരു ചലനവും സൃഷ്ടിക്കാൻ കഴിഞ്ഞില്ല. പാർലമെന്റ് തിരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിയുമായി സഖ്യം ഉണ്ടായിട്ടും വിശേഷമുണ്ടായില്ല. ഇപ്പോൾ ശക്തരായ സഖ്യകക്ഷികൾ ആരും തന്നെയില്ല. പട്ടികജാതി സമുദായക്കാരിൽ തന്നെ വലിയൊരു വിഭാഗം ബി.ജെ.പിക്ക് ഒപ്പം പോയിരിക്കുന്നു. അതുകൊണ്ട് ഇത്തവണയും പറയത്തക്ക നേട്ടമൊന്നും ഉണ്ടാക്കാൻ ബി.എസ്.പിക്ക് കഴിയണമെന്നില്ല. അതിലും കഷ്ടമാണ് കോൺഗ്രസിന്റെ കാര്യം. മുമ്പ് രാഹുൽ ഗാന്ധിയെന്നപോലെ ഇപ്പോൾ പ്രിയങ്കഗാന്ധി ഉത്തർപ്രദേശിലെമ്പാടും കാടിളക്കി പ്രചാരണം നടത്തുകയാണ്. എന്നാൽ പാർട്ടിയുടെ സംഘടനാ സംവിധാനം തീരെ ശിഥിലമായിരിക്കുന്നു. നെഹ്റു - ഗാന്ധി കുടുംബത്തിന്റെ തട്ടകമായ റായ്ബറേലി, അമേഠി പ്രദേശത്തു മാത്രമാണ് കോൺഗ്രസിന് കുറച്ചെങ്കിലും ശക്തിയുള്ളത്. നെഹ്റുവിന്റെയും ഇന്ദിരയുടെയും രാജീവിന്റെയുമൊക്കെ കാലം എന്നന്നേക്കുമായി കടന്നു പോയി. കോൺഗ്രസിന്റെ നഷ്ടപ്രതാപം വീണ്ടെടുക്കാൻ കായകല്പ ചികിത്സതന്നെ വേണ്ടിവരും.

എസ്.പിയുടെയും ബി.എസ്.പിയുടെയും മുസ്ളിം വോട്ടുബാങ്കിൽ വിള്ളലുണ്ടാക്കാൻ അസദുദ്ദീൻ ഒവൈസി രംഗത്തുണ്ട്. മുമ്പ് ബീഹാറിൽ എന്നപോലെ ഇത്തവണ യു.പിയിലും മുസ്ളിം സ്വാധീന മേഖലകളിൽ എം.ഐ.എം സ്ഥാനാർത്ഥികൾ ഉണ്ടാവും. ഒന്നോ രണ്ടോ സീറ്റുകൾ വിജയിക്കാനും കഴിഞ്ഞേക്കും. പക്ഷേ മുസ്ളിം വോട്ടുകളിലുണ്ടാകുന്ന ഭിന്നിപ്പ് ബി.ജെ.പി ഇതര കക്ഷികൾക്ക് വിനയാവുകയും യോഗി ആദിത്യനാഥിന്റെ തുടർഭരണം ഉറപ്പാക്കുകയും ചെയ്യും. ഒവൈസിയുടെ മജ്ലിസ് ഏ ഇത്തിഹാദുൽ മുസ്ളിമീൻ ബി.ജെ.പിയുടെ ബി ടീമാണെന്നും അവരുടെ പ്രലോഭനത്തിൽ കുടുങ്ങിപ്പോകരുതെന്നും അഖിലേഷ് യാദവ് വോട്ടർമാരെ നിരന്തരം ഒാർമ്മിപ്പിക്കുന്നുണ്ട്. പക്ഷേ അതൊക്കെ എത്രകണ്ട് ഫലവത്താകുമെന്ന് പറയാനാവില്ല. ജാതിരാഷ്ട്രീയത്തിന്റെ കൂത്തരങ്ങാണ് ഉത്തർപ്രദേശ്. അവിടെ പാർട്ടികളുടെ നയപരിപാടികളല്ല, ജാതീയ സമവാക്യങ്ങളാണ് പലപ്പോഴും വിധി നിർണയിക്കുന്നത്, പിന്നെ വൈകാരികമായ വിഷയങ്ങളും. പണ്ഡിറ്റ് നെഹ്റുവിന്റെ കാലം മുതൽക്കേ പട്ടികജാതിക്കാരും മുസ്ളിങ്ങളും ബ്രാഹ്മണരുമാണ് കോൺഗ്രസിന്റെ പ്രധാന വോട്ടുബാങ്ക്. ഹിന്ദുപിന്നാക്ക സമുദായങ്ങൾ ആദ്യം സോഷ്യലിസ്റ്റ് പാർട്ടിയുടെയും പില്‌ക്കാലത്ത് സമാജ്‌വാദി പാർട്ടിയുടെയും അടിത്തറയായി മാറി. പശ്ചിമ യു.പിയിലെ ജാട്ടുകൾ ചരൺസിംഗിന്റെ ലോക്‌ദളിനെയും ബനിയകൾ പണ്ടു മുതലേ ജനസംഘത്തെയുമാണ് പിന്തുണച്ചിരുന്നത്. ഇപ്പോൾ ആ സമവാക്യങ്ങളൊക്കെ മാറിമറിഞ്ഞിരിക്കുന്നു. പട്ടികജാതിക്കാരിൽ ഒരു വിഭാഗം മാത്രമാണ് മായാവതിയെ പിന്തുണയ്ക്കുന്നത്. യാദവർ ഏറെക്കുറേ ഒറ്റക്കെട്ടായി സമാജ്‌വാദി പാർട്ടിക്കൊപ്പമുണ്ട്. വേറെ നിവൃത്തിയില്ലാത്തതുകൊണ്ട് മുസ്ളിങ്ങളും അവരോടൊപ്പം നില്ക്കുന്നു. അതിശക്തമായ ഹിന്ദുവികാരം ആളിക്കത്തിച്ച് ബ്രാഹ്മണ, രജപുത്ര, വൈശ്യ വിഭാഗങ്ങൾക്കൊപ്പം യാദവരൊഴികെയുള്ള പിന്നാക്ക സമുദായക്കാരെയും പട്ടികജാതിക്കാരിൽ തന്നെ വലിയൊരു വിഭാഗത്തെയും കൂടെക്കൂട്ടാൻ ബി.ജെ.പിക്ക് കഴിയുന്നു. അതിന് ഉത്തേജനം പകരുന്ന പ്രധാനഘടകമാണ് അയോദ്ധ്യ കേസിലെ സുപ്രീം കോടതി വിധിയും രാമക്ഷേത്രത്തിന്റെ നിർമ്മിതിയും. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേവലം ഒരു രാഷ്ട്രീയ നേതാവിലുപരി കാവിയണിഞ്ഞ സന്യാസിയും ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പ്രതിരൂപവും കൂടിയാണ്. യോഗിയും മോദിയും കൂടി സൃഷ്ടിക്കാവുന്ന ഹിന്ദുത്വ വികാരത്തിൽ ഒരു പങ്കുപറ്റാൻ വേണ്ടിയാണ് പാവം അഖിലേഷ് യാദവ് ഭഗവാൻ ശ്രീകൃഷ്‌ണനെ കൂട്ടുപിടിച്ചത്. അഖിലേഷിനെപ്പോലെ ഭഗവാനും യാദവകുലത്തിൽ പിറന്നു എന്ന സാദൃശ്യം കൗതുകകരമാണ്. പക്ഷേ, അതിനപ്പുറം സമാജ്‌വാദി പാർട്ടിയുടെ ഇതപര്യന്തമുള്ള ചരിത്രം ശ്രീകൃഷ്‌ണനെ മുൻനിറുത്തി വോട്ടുപിടിക്കാൻ പര്യാപ്തമല്ല. മറുഭാഗത്താണെങ്കിൽ സാമുദായിക വികാരം ആളിക്കത്തിക്കുന്നതിൽ കഴിവും പ്രാഗത്ഭ്യവും തെളിയിച്ച കൂട്ടരാണുതാനും.

എസ്.പി, ബി.എസ്.പി, കോൺഗ്രസ് നേതാക്കളൊക്കെ വിവിധ ക്ഷേത്രങ്ങൾ സന്ദർശിച്ച് പൂജാദി കർമ്മങ്ങൾ ചെയ്യിക്കുന്ന തിരക്കിലാണിപ്പോൾ. ബി.ജെ.പിയുടെ തീവ്രഹിന്ദുത്വത്തെ മൃദുഹിന്ദുത്വം കൊണ്ട് നേരിടാൻ കഴിയുമെന്ന മൂഢവിശ്വാസത്തിലാണ് അവരിപ്പോഴും. അഖിലേഷ് യാദവിനെ ഭഗവാൻ ശ്രീകൃഷ്‌ണൻ തന്നെ രക്ഷിക്കട്ടെ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: UP ELECTION
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.