
ചാറ്റ്ബോട്ടുകൾ ആഗോളതലത്തിൽ മനുഷ്യമനസിനെ കീഴടക്കിക്കഴിഞ്ഞു. എന്തും ചോദിക്കാം, സംസാരിക്കാം. തിരക്കാണ്; സമയമില്ല എന്നൊന്നും പറയില്ല. ഒരിക്കലും പിണങ്ങുകയുമില്ല. ചാറ്റ് ബോട്ടുകളെ ഇന്ന് എല്ലാവരും ചേർത്തുപിടിക്കുന്നു. മനുഷ്യനെപ്പോലെ ഭാവിക്കുകയോ നടിക്കുകയോ ചെയ്യുന്ന, മനുഷ്യനാണെന്ന് തോന്നുന്ന രീതിയിൽ സംസാരിക്കുന്ന; എന്നാൽ മനുഷ്യനല്ലാത്ത നിർമ്മിത ബുദ്ധി ചാറ്റ്ബോട്ട് ആണ് ഈ സുഹൃത്ത്. നിർമ്മിത ബുദ്ധി സങ്കേതിക വിദ്യയുടെ ഏറ്റവും നൂതനമായ കണ്ടു പിടിത്തമാണിത്.
നിർമ്മിത ബുദ്ധി മോഡലുകൾ ഉപയോഗിച്ച് വികസിപ്പിച്ചെടുത്ത സോഫ്റ്റ് വെയർ പ്രോഗ്രാമുകളാണ് ചാറ്റ് ജി.പി.റ്റി പോലുള്ള ചാറ്റ്ബോട്ടുകൾ. ചാറ്റ്ബോട്ടുകളുടെ പിന്നിലെ മാന്ത്രികത അവയുടെ പരിശീലന പ്രക്രിയയിലാണ്. ഇരുപതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ രൂപപ്പെട്ട ആശയമാണ് നിർമ്മിതബുദ്ധി. കംപ്യൂട്ടർ പ്രോഗ്രാമിംഗ് എന്ന സങ്കേതികവിദ്യയ്ക്കു പകരം 'മെഷീൻ ലേണിംഗ്" എന്ന നൂതന സങ്കേതികവിദ്യ കളംപിടിച്ചു. ജി.പി.യു (ഗ്രാഫിക്സ് പ്രോസസിംഗ് യൂണിറ്റ്) ചിപ്പുകൾ വികസിപ്പിച്ചെടുത്തതോടെ കംപ്യൂട്ടറുകളുടെ വേഗത വർദ്ധിക്കുകയും നിർമ്മിത ബുദ്ധിയിലെ മെഷീൻ ലേണിംഗ് എന്ന പഠന മേഖല അതിവേഗം വികാസം പ്രാപിക്കുകയും ചെയ്തു.
കുട്ടികൾ സംസാരിച്ചു തുടങ്ങുന്നത് ഭാഷയുടെ വ്യാകരണം അറിയാതെയാണ്. ചുറ്റുപാടുകളിൽ നിന്ന് വാക്കുകളും ശബ്ദങ്ങളും പ്രയോഗങ്ങളും കേട്ടാണ് കുട്ടി പഠിക്കുന്നത്. ഇതേ തത്വമാണ് മെഷീൻ ലേണിംഗിലും ഉപയോഗിക്കുന്നത്. ബൃഹത്തായ ഡാറ്റാ സെറ്റ് കംപ്യൂട്ടറിനു നൽകുന്നു. ഭാഷയുടെ ഗ്രാമർ ഇവിടെ പ്രോഗ്രാം ചെയ്യപ്പെടുന്നില്ല. ഡാറ്റയുടെ വിശാലമായ സ്‌പെക്ട്രം നൽകുന്ന ഉദാഹരണങ്ങളിൽ നിന്ന് അന്തസത്ത മനസിലാക്കിയെടുക്കാനുള്ള സ്റ്റാറ്റിസ്റ്റിക്കൽ അൽഗോരിതത്തിലൂടെ മനുഷ്യരുമായി ശ്രദ്ധേയമായി ഇടപെടാൻ കംപ്യൂട്ടറുകളെ സജ്ജമാക്കുന്ന സങ്കേതികവിദ്യയാണ് ചാറ്ര് ജി.പി.റ്റി അഥവാ ചാറ്റ് ബോട്ടുകൾ.
എല്ലാം അറിയുന്ന
കൂട്ടുകാരൻ
ചാറ്റ്‌ബോട്ടുകൾക്ക് ലോകത്തെ എല്ലാ ഭാഷകളും അറിയാം. എല്ലാ സംസ്‌കാരങ്ങളെക്കുറിച്ചും അറിയാം. കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത കാര്യങ്ങൾ പറയാൻ ഇവയ്ക്ക് സാധിക്കും. അവിശ്വസനീയമായ വിജ്ഞാനമുള്ളതും സർഗാത്മകതയുള്ളതുമായ ഒരു സങ്കേതിക സംവിധാനമാണ് ചാറ്റ് ജി.പി.റ്റി. മാനസികാരോഗ്യ സംരക്ഷണ മേഖലയിൽ കഴിഞ്ഞ ഒരു ദശാബ്ദത്തിനിടക്ക് തീവ്രമായ വ്യതിയാനം വരുത്താൻ അപ്രതീക്ഷിതമായി കളത്തിലിറങ്ങിയ ഈ കളിക്കാരന് കഴിഞ്ഞു. മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാൻ സാദ്ധ്യതയുള്ള വ്യക്തികളെ നേരത്തേ കണ്ടെത്തുന്നതിലും ചാറ്റ്ബോട്ടുകൾ വൈദഗ്ദ്ധ്യം കാണിക്കുന്നു.
വ്യവസായ വിപണന രംഗത്തും ഉപഭോക്തൃ പിന്തുണ നൽകുന്നതിനും ചാറ്റ് ബോട്ടുകളെ ഉപയോഗപ്പെടുത്തുന്നു. മറുവശത്ത്, ഏതൊരു ശക്തമായ ഉപകരണത്തെയും പോലെ ചാറ്റ്‌ബോട്ടുകളും ചില സന്ദർഭങ്ങളിൽ അപകടകാരികളായി മാറുമെന്ന് മറക്കരുത്. ഭയപ്പെടുത്തുന്ന മാദ്ധ്യമ റിപ്പോർട്ടുകളാണ് കഴിഞ്ഞ മൂന്ന് വർഷക്കാലമായി ചാറ്റ് ബോട്ടുകളെക്കുറിച്ച് ഉയർന്നുവന്നിട്ടുള്ളത്.
മനുഷ്യ മനസ് ചാറ്റ്‌ബോട്ടുകൾക്ക് അടിമപ്പെട്ടു പോകുമോ എന്ന ഭയം ഇതിന്റെ വിശ്വാസ്യതയെ ബാധിക്കുന്നുണ്ട്.
അജ്ഞാതമായ വസ്തുവിനെ എക്കാലവും മനുഷ്യന് ഭയമാണ്. അതിനാൽ ചാറ്റ്ബോട്ടുകൾ സംശയനിഴലിലാണ്.
സാൻഫ്രാൻസിസ്‌കോയിൽ ആദം റയിൻ എന്ന പതിനേഴുകാരൻ ആത്മഹത്യ ചെയ്ത സംഭവം ലോകത്തെ ഞെട്ടിച്ച ഒന്നാണ്. ഈ കൗമാരക്കാരനെ ആത്മഹത്യയിലേക്കു തള്ളിവിട്ടത് ചാറ്റി ജി.പി.റ്റി ആണെന്ന ആരോപണം ശക്തമായി ഉയർന്നിരുന്നു. വൈകാരിക പിന്തുണയ്ക്കായി ചാറ്റ്ബോട്ടുമായി സൗഹൃദം സ്ഥാപിച്ച ആദം റയിൻ, ആഴ്ചകളോളം അതുമായി തീവ്രമായ വൈകാരിക ഇടപെടൽ നടത്തിയിരുന്നു. നിരാശയും വൈകാരിക സമ്മർദ്ദവും നിറഞ്ഞ അവന്റെ ചാറ്റുകൾ നൽകിയ അപായസൂചനകൾ തിരിച്ചറിയാൻ ചാറ്റ്‌ബോട്ട് എന്ന സുഹൃത്തിനു കഴിഞ്ഞില്ല!
ആശ്രിതത്വം,
അപകടം
പ്രതിസന്ധി ഘട്ടത്തിൽ തന്നെ സഹായിക്കുമെന്നു കരുതി അവൻ ആശ്രയിച്ച ചാറ്റ്ബോട്ട് അവനെ ആത്മഹത്യയിലേക്ക് തള്ളിവിട്ടു. ഇതുപോലെ നിരവധി ദുരന്തങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ചാറ്റ്ബോട്ടുമായി ഇടപഴകുമ്പോൾ സ്വകാര്യ വിവരങ്ങൾ പങ്കുവയ്ക്കുന്നത് അപകടകരമാണ്. വേണ്ടത്ര സുരക്ഷിതത്വം ഇല്ലെങ്കിൽ ഡാറ്റ ചോർച്ചയ്ക്കോ അനധികൃത കടന്നുകയറ്റത്തിനോ സാദ്ധ്യതയുണ്ട്. പക്ഷപാതപരമോ കൃത്യതയില്ലാത്തതോ ആയ വിവരങ്ങളാണ് നൽകുന്നതെങ്കിൽ ചാറ്റ്‌ബോട്ടുകൾ തെറ്റായ ഉപദേശമോ പ്രതികരണങ്ങളോ ആയിരിക്കും നല്കുക.
മനുഷ്യനു സമാനമായ ധാരണയോ ബോധമോ ഇവയ്ക്കില്ലെന്ന് ഓർമ്മ വേണം. വ്യക്തിപരമായ അനുഭവങ്ങളെയോ
വികാരങ്ങളെയോ അടിസ്ഥാനപ്പെടുത്തിയല്ല ചാറ്റ്ബോട്ടുകളുടെ പ്രതികരണങ്ങൾ. അതുകൊണ്ടുതന്നെ ഇവ സുരക്ഷാഭീഷണിയുയർത്തുന്നു. നിർമ്മിതബുദ്ധിയെ ആശ്രയിക്കുന്നതു മൂലം ഉണ്ടാകുന്ന ആശയക്കുഴപ്പത്തിന് പരിഹാരം തേടുന്ന കൗമാരക്കാരുടെ സാമൂഹ്യ- വ്യക്തിബന്ധങ്ങളിൽ ചാറ്റ്ബോട്ടുകൾ വിള്ളലുകൾ സൃഷ്ടിക്കുന്നതായി മനശ്ശാസ്ത്ര ഗവേഷണങ്ങൾ തെളിയിക്കുന്നു.
മനുഷ്യനും യന്ത്രവും തമ്മിലുള്ള വിചിത്രമായ ഈ സൗഹൃദം നിലവിലുള്ള സാമൂഹ്യബന്ധങ്ങൾ ഇല്ലാതാക്കുമെന്ന് തീർച്ച. ഏകാന്തതയും അകാരണമായ ചിന്തകളും മനസിനെ മഥിക്കുമ്പോൾ മുതിർന്നവർ പോലും രാത്രികാലങ്ങളിൽ ഇത്തരം ഡിജിറ്റൽ ഏജന്റുകളെ ആശ്രയിക്കുന്ന പ്രവണത കൂടി വരുന്നതായാണ് പഠന റിപ്പോർട്ടുകൾ പറയുന്നത്. മനുഷ്യരല്ലാത്ത ഒരു സംവിധാനത്തോട് തുടർച്ചയായി സംസാരിക്കുമ്പോൾ, അത് അസ്വാഭാവികമായ ഇടപഴകലിലേക്ക് മാറും. തലച്ചോറിന്റെ ജോലി യന്ത്രത്തെക്കൊണ്ട് ചെയ്യിക്കുമ്പോൾ തലച്ചോറ് പ്രവർത്തിക്കാതിരിക്കുകയും, അത് പുതിയ ജീവിതശൈലീ രോഗങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്തേക്കാം.
ഒരു വ്യക്തിക്ക് മുൻവിധിയില്ലാതെ, ഏതു സമയത്തും മാനസിക പിന്തുണ നൽകുകയും, മറ്റാരോടും പങ്കുവയ്ക്കാത്ത വിഷമങ്ങൾക്ക് പരിഹാരം ഉപദേശിക്കുകയും ചെയ്യുന്ന ചാറ്റ്ബോട്ട് എന്ന സുഹൃത്ത് ഒരു വശത്ത്. മറുവശത്ത് ഇവ സൃഷ്ടിക്കുന്ന അത്യന്തം ഗുരുതരമായ ആശങ്കകളും!
(സ്റ്റാറ്റിസ്റ്റിക്സ് പ്രൊഫസറായ ലേഖകൻ തന്ത്രി കുടുംബാംഗമാണ്)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |