പുത്തൻ പ്രതീക്ഷയുടെ ചിറകിലാണ് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം. 2020 ആഗസ്റ്റ് എട്ടിനുണ്ടായ വിമാന ദുരന്തത്തിന് പിന്നാലെ നിലച്ച വലിയ വിമാനങ്ങളുടെ സർവീസ് പുനഃരാരംഭിക്കാൻ ഇനി അധികനാൾ കാത്തിരിക്കേണ്ടി വരില്ല. മലബാറിലെ ആദ്യ വിമാനത്താവളത്തിലേക്ക് കൂടുതൽ അന്താരാഷ്ട്ര വിമാനങ്ങളും കാർഗോ വിമാനങ്ങളും ഇനി വൈകാതെ പറന്നിറങ്ങും. കരിപ്പൂർ വിമാനാപകടം മലബാറിൽ ഏറ്റവും കൂടുതൽ പ്രവാസികൾ ആശ്രയിക്കുന്ന വിമാനത്താവളത്തിന്റെ ചിറകുകളെ തളർത്തിയിരുന്നു. ദുരന്തം അന്വേഷിച്ച വിദഗ്ദ്ധ സമിതി റൺവേ എൻഡ് സേഫ്റ്റി ഏരിയയുടെ(റെസ) നീളം 90ൽ നിന്ന് 240 മീറ്ററായി വർദ്ധിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ചു. ഇതിനായി ഭൂമിയേറ്റെടുത്ത് നൽകിയില്ലെങ്കിൽ റൺവേയുടെ നീളം വെട്ടിക്കുറയ്ക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയവും നിലപാടെടുത്തു. ഇതോടെ റെസ ഏരിയ ദീർഘിപ്പിക്കാതെ വലിയ വിമാനങ്ങൾക്ക് ഇറങ്ങാൻ കഴിയില്ലെന്നും ആഭ്യന്തര വിമാനത്താവളമായി ചുരുങ്ങേണ്ടി വരുമെന്നുമുള്ള ആശങ്ക പടർന്നു. ഇതിനുപിന്നാലെയാണ് ഭൂമിയേറ്റെടുക്കൽ നടപടികളുമായി സംസ്ഥാന സർക്കാർ മുന്നോട്ടുപോയത്. റെസയുടെ നിർമ്മാണ പ്രവൃത്തികൾ വേഗത്തിലായതും കരിപ്പൂരിന്റെ പ്രതീക്ഷകൾക്ക് കരുത്തേകുന്നുണ്ട്.
അതിവേഗം
നിർമ്മാണം
വിമാനത്താവള വികസനത്തിനായി പള്ളിക്കൽ, നെടിയിരുപ്പ് വില്ലേജുകളിലായി 12.48 ഏക്കർ ഭൂമിയാണ് സർക്കാർ വിമാനത്താവള അതോറിറ്റിക്ക് ഏറ്റെടുത്തു നൽകിയത്. 76 കുടുംബങ്ങൾക്കായി 72.85 കോടി നഷ്ടപരിഹാരമായും നൽകി. 76 ഭൂവുടമസ്ഥരിൽ 28 പേർക്ക് ഭൂമിയും 11 പേർക്ക് മറ്റു നിർമ്മിതികളും 32 കുടുംബങ്ങൾക്ക് വീട് ഉൾപ്പെടെയുള്ള വസ്തുക്കളും അഞ്ചുപേർക്ക് മറ്റ് കെട്ടിടങ്ങളും ഭൂമി ഏറ്റെടുക്കലിൽ നഷ്ടപ്പെടുന്നുണ്ട്.
2026 മാർച്ചിൽ നിർമ്മാണം പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്ന റെസ മണ്ണിട്ട് ഉയർത്തുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. കരിപ്പൂരിനെ അന്താരാഷ്ട്ര വിമാനത്താവളമായി നിലനിറുത്തുന്നതിനും വലിയ വിമാനങ്ങൾ സർവീസ് നടത്തുന്നതിനും റെസ വികസനം അനിവാര്യമാണ്. നിലവിലുള്ള റെസയോട് ചേർന്ന് ഏറ്റെടുത്ത ഭൂമിയിൽ മണ്ണിട്ട് ഉയർത്തി റൺവേയുടെ നീളം കൂട്ടുന്ന ജോലി യന്ത്ര സഹായത്തോടെയാണ് പുരോഗമിക്കുന്നത്. വിവിധ പാളികളായി 25 സെന്റിമീറ്റർ കനത്തിൽ മണ്ണ് നിരത്തി അവ 20 സെന്റീമീറ്ററിലേക്ക് അമർത്തി മണ്ണിന്റെ ബല പരിശോധന നടത്തി, വീണ്ടും അടുത്ത പാളി മണ്ണ് ഉറപ്പിച്ചാണ് നിർമ്മാണം.
റൺവേ
കൂടുതൽ സുരക്ഷിതം
തീർത്തും പരിസ്ഥിതി സൗഹൃദമായ രീതിയിലാണ് നിർമ്മാണം. ഉയർത്തുന്ന ഭാഗത്തെ വശങ്ങളിൽ മതിൽക്കെട്ടുകളില്ലാതെ ജിയോഗ്രിഡ് അവലംബിച്ചാണ് മണ്ണുപാളികൾ ഉറപ്പിക്കുന്നത്. 90 മീറ്ററുള്ള റെസ ഏരിയ 150 മീറ്റർ കൂടി ദീർഘിപ്പിച്ച് 240 മീറ്ററായി വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ടേബിൾ ടോപ്പ് റൺവേക്ക് ഇത് കൂടുതൽ സുരക്ഷ നൽകും. 35 ലക്ഷത്തിലധികം ക്യൂബിക്ക് മീറ്റർ മണ്ണാണ് നിർമാണത്തിനാവശ്യമുള്ളത്. റവന്യൂ, ജിയോളജി വകുപ്പുകളുടെ അനുമതി ലഭിച്ച പ്രദേശങ്ങളിൽ നിന്നാണ് മണ്ണെടുപ്പ്. പ്രവൃത്തി വേഗത്തിൽ പൂർത്തിയാക്കാൻ കൂടുതൽ ഇടങ്ങൾ കണ്ടെത്തി, പരിസ്ഥിതിയാഘാത പഠനങ്ങൾ നടത്തിയശേഷം എൻവിയോൺമെന്റ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭ്യമാക്കിയിട്ടുമുണ്ട്. മഴ മാറുന്നതോടുകൂടി ഇവിടെ നിന്ന് മണ്ണെടുക്കാൻ കഴിയും.
ഇതുവരെ റെസ നിർമാണത്തിന്റെ 20 ശതമാനത്തിലധികം പ്രവൃത്തികൾ പൂർത്തിയായിട്ടുണ്ട്. രാജസ്ഥാനിലെ ഗവാർ കൺസ്ട്രക്ഷൻ ലിമിറ്റഡ് കമ്പനിക്കാണ് നിർമാണച്ചുമതല. നിർമ്മാണ പ്രവൃത്തികൾ വിലയിരുത്താൻ അവസാനം ചേർന്ന യോഗത്തിൽ നിർമ്മാണ കാലാവധി അവസാനിക്കുന്ന 2026 മാർച്ച് മാസത്തിൽ 82 ശതമാനം പ്രവൃത്തികൾ പൂർത്തിയാക്കാൻ കഴിയുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. കേരളത്തിലെ കാലവർഷം കണക്കിലെടുത്ത് മൂന്നുമാസം കൂടി പ്രവൃത്തികൾ പൂർത്തിയാക്കാൻ അധികസമയം കമ്പനി ആവശ്യപ്പെട്ടിട്ടുണ്ട്.
റെസയുടെ വികസനം പൂർത്തിയാവുന്നതോടെ കരിപ്പൂരിലെ ടേബിൾ ടോപ്പ് റൺവേയെ കൂടുതൽ സുരക്ഷിതമാക്കും. നിലവിൽ 2,840 മീറ്ററാണ് നിലവിൽ റൺവേയുടെ നീളം. റെസയ്ക്കായി റൺവേയിൽ നിന്ന് 320 മീറ്റർ വെട്ടിക്കുറച്ചാൽ റൺവേയുടെ നീളം 2,540 മീറ്ററാകും. ഇതോടെ വലിയ വിമാനങ്ങൾക്ക് സർവീസ് നടത്താനാവില്ല. റെസ വികസനവും ടെർമിനൽ വിശാലമാക്കലും കഴിയുന്നതോടെ വലിയ വിമാനങ്ങൾ ഇറങ്ങുന്നതിനും മലബാറിന്റെ വികസനക്കുതിപ്പിന് ആക്കം കൂട്ടുന്നതിനും കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന് കഴിയും. ഹജ്ജ് പുറപ്പെടൽ കേന്ദ്രം നിലനിർത്തുന്നതിനും യാത്രാനിരക്ക് കുറയ്ക്കുന്നതിനും വികസനം സഹായകമാകും.
കയറ്റുമതിയിലും വർദ്ധന
ബോയിംഗ് 777, വലിയ ജെറ്റ് വിമാനങ്ങൾ എന്നിവ സർവീസ് നടത്തുന്നതോടെ വിപണിയിലും തൊഴിലവസരങ്ങളിലും കുതിപ്പുണ്ടാവും. ഹജ്ജ് പ്രത്യേക സർവീസുകൾ, വിദേശയാത്രയ്ക്കുള്ള പ്രത്യേക ചാർട്ടേഡ് വിമാനങ്ങൾ എന്നിവക്കെല്ലാം ഇതോടെ സാദ്ധ്യത തെളിയും. ദുബായ്, ദോഹ, ജിദ്ദ പോലുള്ള നഗരങ്ങളിലേക്ക് നേരിട്ട് വലിയ വിമാനങ്ങളിൽ യാത്ര ചെയ്യാനാകുന്നത് പ്രവാസികൾക്കും ആശ്വാസമാകും. ചരക്ക് നീക്കം (കാർഗോ മാനേജ്‌മെന്റ് ) കാര്യക്ഷമമാകുന്നതിനാൽ ഇപ്പോഴുള്ളതിന്റെ മൂന്നോ നാലോ ഇരട്ടി പഴം, പച്ചക്കറി, മത്സ്യം, പൂക്കൾ, കാർഷിക ഉത്പ്പന്നങ്ങൾ, കൈത്തറി, മറ്റ് പ്രദേശിക ഉത്പന്നങ്ങൾ എന്നിവ നേരിട്ട് ഗൾഫ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതി ചെയ്യാൻ അവസരമൊരുങ്ങും. ഇതിലൂടെ കർഷകർക്കും കയറ്റുമതിക്കാർക്കും കൂടുതൽ വരുമാനം നേടാൻ കഴിയും.
വലിയ വിമാനങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്കോടെ കരിപ്പൂരിൽ നിന്ന് ഗൾഫിലേക്കുള്ള ചരക്ക് കടത്ത് വലിയതോതിൽ കുറഞ്ഞിട്ടുണ്ട്. ദിവസവും 5,000 ടൺ ചരക്ക് കയറ്റി അയച്ചിരുന്ന കരിപ്പൂരിൽ ഇപ്പോൾ 1,000 ടണ്ണിന്റെ കുറവുണ്ടായിട്ടുണ്ട്. വലിയ വിമാനത്തിൽ 370 ടൺ വരെ ചരക്ക് കയറ്റാം. എന്നാൽ ഇടത്തരം വിമാനത്തിൽ പരമാവധി 78 ടൺ വരെ ചരക്ക് മാത്രമേ കയറ്റാൻ കഴിയൂ. കരിപ്പൂരിൽ നിന്ന് കയറ്റി അയയ്ക്കുന്നവയിൽ 90 ശതമാനവും പച്ചക്കറിയാണ്. ഗൾഫ് രാജ്യങ്ങളിലെ മലയാളികളെ ലക്ഷ്യമിട്ടാണ് കയറ്റുമതി. തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ള പച്ചക്കറികൾക്ക് പുറമെ പ്രാദേശികമായി സംഭരിച്ചും കയറ്റി അയയ്ക്കുന്നുണ്ട്. ഗൾഫിലെ വൻകിട സൂപ്പർമാർക്കറ്റുകളിലേക്കാണ് പച്ചക്കറികൾ ഏറെയും കൊണ്ടുപോവുന്നത്. വിമാനത്താവള വികസനം സമീപ പ്രദേശങ്ങളിലെ റോഡ് വികസനത്തിന് വഴിയൊരുക്കുന്നതോടൊപ്പം ഹോട്ടലുകൾ, ലോജിസ്റ്റിക് പാർക്കുകൾ, കസ്റ്റംസ് വെയർഹൗസുകൾ തുടങ്ങി അനുബന്ധ മേഖലകളിലും തൊഴിൽ അവസരങ്ങളൊരുക്കും. പ്രദേശത്തെ ചെറുകിട വ്യവസായങ്ങൾക്കും ടൂറിസം മേഖലക്കും വലിയ ഉണർവുണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |