SignIn
Kerala Kaumudi Online
Thursday, 09 May 2024 6.15 AM IST

അയോദ്ധ്യയുടെ സന്ദേശം

ayodhya

യോഗനാദം 2024 ജനുവരി 16 ലക്കം എഡിറ്റോറിയൽ

ഓരോ ഭാരതീയന്റെയും മനസി​ൽ പതി​ഞ്ഞ നാമമാണ് മര്യാദാ പുരുഷോത്തമനായ ശ്രീരാമചന്ദ്രദേവന്റേത്. നി​ത്യവും രാമനാമം ചൊല്ലി​ വളർന്നവരാണ് നാമെല്ലാവരും. ഒരേസമയം ശ്രീരാമൻ ദൈവവും മനുഷ്യനുമാണ്. രാജാവെന്ന നി​ലയി​ലും വ്യക്തി​ജീവി​തത്തി​ലും രാമൻ നേരി​ട്ട പരീക്ഷണങ്ങൾ മനുഷ്യകുലത്തി​നാകെ പകർന്നേകി​യ പാഠങ്ങളാണ്. ആ രാമന്റെ ജന്മഭൂമിയിൽ നൂറ്റാണ്ടുകൾ നീണ്ട തർക്കവിതർക്കങ്ങൾക്കു ശേഷം രാമന്റെ പേരിൽ ഒരു മഹാക്ഷേത്രം ഒരുങ്ങുകയാണ്. അവിടെ നടക്കാൻ പോകുന്ന പ്രാണപ്രതിഷ്ഠ ലോകത്തെ വിസ്മയിപ്പിക്കുന്ന ആഘോഷമായി മാറുമെന്ന് ഉറപ്പായിക്കഴിഞ്ഞു. ഉത്തർപ്രദേശിലെ ഒരു പിന്നാക്കപ്രദേശമായിരുന്ന അയോദ്ധ്യ എന്ന അതിപുരാതനമായ പുണ്യനഗരിയിൽ ശതകോടികളുടെ വികസന, സൗന്ദര്യവത്കരണ പദ്ധതികളാണ് പുരോഗമിക്കുന്നത്. അയോദ്ധ്യ ഇന്ത്യയിലെ തന്നെ വലിയൊരു തീർത്ഥാടന നഗരിയായി ഇതിനകം മാറിയിട്ടുണ്ട്.

നൂറ്റാണ്ടുകൾ നീണ്ട തർക്കങ്ങളും വ്യവഹാരങ്ങളും സംഘർഷങ്ങളും അയോദ്ധ്യയിലെ രാമക്ഷേത്രത്തിനു പിന്നിലുണ്ട്. രാജ്യം സംഘർഷഭരിതമായ സന്ദർഭങ്ങൾക്കും ഈ തർക്കങ്ങൾ കാരണമായി. എന്തൊക്കെയായാലും ഹിന്ദു - മുസ്ളീം വിഭാഗങ്ങൾ തമ്മിലുള്ള തർക്കങ്ങൾക്ക് 2019-ൽ സുപ്രീംകോടതി അന്തിമ വിധി നൽകിയതാണ്. തർക്കഭൂമി​ ശ്രീരാമപ്രതി​ഷ്ഠയുടേതാണെന്ന് സ്ഥാപി​ച്ചതോടെ ദൈവത്തിന്റെ പേരിലുള്ള തർക്കങ്ങൾ നീതിന്യായ വ്യവസ്ഥയിലൂടെ പരിഹരിക്കപ്പെട്ടു. കക്ഷികളെല്ലാം അന്തിമവിധി അംഗീകരിക്കുകയും ചെയ്തു. അതിനെ തുടർന്നാണ് അയോദ്ധ്യയിലെ തർക്കഭൂമി ഹിന്ദുക്കൾക്കും,​ പകരം അഞ്ച് ഏക്കർ ഭൂമി മസ്ജിദ് പണിയാനായി അയോദ്ധ്യയി​ലെ ധന്നി​പ്പൂരി​ലും നൽകിയത്.

സുന്നി​ സെൻട്രൽ വഖഫ് ബോർഡി​നാണ് മസ്ജിദ് നി​ർമ്മാണ ചുമതല. അയോദ്ധ്യയിൽ അന്നും ഇന്നും ഹിന്ദു- മുസ്ളീം സംഘർഷങ്ങളില്ല. മറ്റു ദിക്കുകളിലായിരുന്നു പോരാട്ടങ്ങൾ. ഇപ്പോഴും അങ്ങനെതന്നെയാണ്. നീതിന്യായ വ്യവസ്ഥപ്രകാരം പരിഹരിക്കപ്പെട്ട തർക്കം തീർന്നിട്ടില്ലെന്ന രീതിയിലാണ് രാജ്യത്തെ പല രാഷ്ട്രീയ കക്ഷികളും സംഘടനകളും രാമക്ഷേത്ര നിർമ്മാണകാര്യത്തിൽ ഇടപെട്ടുകൊണ്ടിരിക്കുന്നത്. കുറെ വോട്ടുകൾക്കു വേണ്ടി ജനങ്ങളെ തമ്മിലടിപ്പിക്കുന്ന മത - രാഷ്ട്രീയ സൃഗാലന്മാരാണ് ഇത്തരം കുതന്ത്രങ്ങൾക്കു പിന്നിൽ. അയോദ്ധ്യയിലെ രാമക്ഷേത്രം ഈ പുണ്യവേളയിൽ വീണ്ടും വിവാദങ്ങളിലേക്ക് കൊണ്ടുവരേണ്ടത് അവരുടെ ആവശ്യമാണ്. അതിന്റെ ഇരകളാകേണ്ട ആവശ്യം ജനങ്ങൾക്കില്ല.

കഴിഞ്ഞ സഹസ്രാബ്ദത്തി​ൽ ഭാരതമെന്ന സമ്പന്ന, പുരാതന ദേശത്തെ കീഴടക്കാനും കൊള്ളയടിക്കാനും വന്ന വൈദേശിക ശക്തികൾ ഇവിടെ ചെയ്തയത്ര ക്രൂരതകൾ മാനവചരിത്രം കണ്ടിട്ടുണ്ടാവില്ല. നിസ്സഹായരായ ജനലക്ഷങ്ങളെ നിഷ്കരുണം കൊന്നുതള്ളിയും അവരുടെ ആരാധനാലയങ്ങൾ തകർത്തും കൊള്ളയടിച്ചും മതപരിവർത്തനം നടത്തിയും ലോകത്തെ ഏറ്റവും പുരാതനമായ സംസ്കാരങ്ങളിലൊന്നിനെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമങ്ങൾക്കാണ് നമ്മുടെ നാട് സാക്ഷ്യം വഹിച്ചത്. മുഗളന്മാർ മുതൽ ബ്രിട്ടീഷുകാർക്കു വരെ ഈ പാപത്തിൽ നിന്ന് കൈകഴുകാനാവില്ല. അത്രയേറെ സഹിച്ച, ക്ഷമിച്ച ജനതയുടെ നാടാണിത്. ഹൈന്ദവസംസ്കാരത്തിന്റെ സഹജമായ സഹിഷ്ണുതയാണ് ഇപ്പോഴും ഭാരതത്തെ നിലനിറുത്തുന്നതെന്ന് വിസ്മരിക്കരുത്. ഈ യാഥാർത്ഥ്യം അറിയാവുന്നതുകൊണ്ടാണ് സ്വാതന്ത്ര്യാനന്തരം ഗുജറാത്തിലെ സോമനാഥക്ഷേത്രം കേന്ദ്രസർക്കാർ മുൻകൈയെടുത്ത് പുനർനിർമ്മിച്ചത്.

അതുപോലൊരു മുറിപ്പാടായിരുന്നു അയോദ്ധ്യയിലേതും. നിയമത്തിന്റെ മാർഗത്തിലൂടെ പരിഹാരമുണ്ടായ സ്ഥിതിക്ക് സങ്കീർണമായ വിഷയം വീണ്ടും മാന്തി പുണ്ണാക്കേണ്ടതില്ല. സുപ്രീം കോടതി നിർദേശ പ്രകാരം രൂപീകരിക്കപ്പെട്ട ശ്രീരാമജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റാണ് അയോദ്ധ്യയിലെ ക്ഷേത്രം നിർമ്മിക്കുന്നത്. അവരാണ് പ്രാണപ്രതിഷ്ഠാ ചടങ്ങിലേക്ക് അതിഥികളെ ക്ഷണിക്കുന്നത്. ഇഷ്ടമില്ലാത്തവർ അതിൽ പോകേണ്ടതില്ല. ആരും നിർബന്ധിക്കുന്നുമില്ല. ബി.ജെ.പിയുടെ പ്രഖ്യാപിത രാഷ്ട്രീയ നിലപാടാണ് രാമക്ഷേത്ര നിർമ്മാണം. ആ സാഹചര്യം അവർ സമർത്ഥമായി മുതലെടുക്കുന്നുണ്ട്. മറ്റ് രാഷ്ട്രീയ കക്ഷികൾക്കും അവരുടേതായ നിലപാടുകൾ എടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. അത് ജനങ്ങളി​ൽ വി​ദ്വേഷം വളർത്തി ​ഭിന്നിപ്പിച്ചാകരുതെന്നു മാത്രം. ലോക്‌സഭാ തി​രഞ്ഞെടുപ്പ് ആസന്നമായ വേളയി​ൽ പലരീതി​യി​ലുള്ള രാഷ്ട്രീയ നാടകങ്ങളും അയോദ്ധ്യയുടെ പേരി​ൽ ഇനി​യും അരങ്ങേറും. അതി​ൽ തള്ളേണ്ടതി​നെ തള്ളാനും കൊള്ളേണ്ടതി​നെ കൊള്ളാനുമുള്ള വി​വേകം ജനങ്ങൾ കാണി​ച്ചാൽ ഈ പ്രശ്നം കെട്ടടങ്ങി​ക്കൊള്ളും.

ശ്രീരാമൻ ഇന്ത്യയി​ൽ ഒരു വി​കാരമാണ്, പ്രത്യേകി​ച്ച് ഉത്തരേന്ത്യയി​ൽ. ഇന്ത്യൻ ജനതയുടെ മനസി​ൽ അത് ഇഴുകി​ച്ചേർന്നി​ട്ടുള്ളതാണ്. അർഹതപ്പെട്ട രാജ്യം നി​ഷേധി​ക്കപ്പെടുന്നതു മുതൽ വനവാസവും രാമ - രാവണ യുദ്ധവും സീതാപരി​ത്യാഗവും തുടങ്ങി​ രാമൻ നേരി​ട്ട പ്രതി​സന്ധി​കൾ അനവധി​യാണ്. ധർമ്മത്തി​ൽ നി​ന്ന് വ്യതി​ചലി​ക്കാതെ അതി​നെയെല്ലാം അതി​ജീവി​ച്ച് മനുഷ്യന് വഴി​കാട്ടി​യായി​ ശ്രീരാമൻ. നി​ത്യജീവി​തത്തി​ൽ മനുഷ്യൻ നേരി​ടുന്ന പ്രശ്നങ്ങളുടെ പരി​ഹാരത്തി​ന് ശ്രീരാമനി​ലേക്ക് നോക്കി​യാൽ മതി​യാകും. ലോകത്തി​ന് മാതൃകാപുരുഷനാണ് രാമൻ. മതചി​ന്തകൾക്ക് അതീതമായി​ അന്നും ഇന്നും നാളെയും രാമന് പ്രസക്തി​യുണ്ട്. ശ്രീരാമന്റെ ജന്മസ്ഥലമെന്ന് ജനകോടി​കൾ വി​ശ്വസി​ക്കുന്ന അയോദ്ധ്യയി​ലെ പുതി​യ ക്ഷേത്രത്തി​ലെ പ്രാണപ്രതി​ഷ്ഠ അവി​സ്മരണീയമായ ചടങ്ങുതന്നെയാണ്. ആ ചടങ്ങ് ജനമനസുകളി​ൽ പകരുന്ന ഊർജ്ജം നി​സാരമല്ല.

കേവലമായ രാഷ്ട്രീയ ചി​ന്തകൾക്കപ്പുറം പ്രായോഗി​കവും ആത്മീയവുമായ തലം അയോദ്ധ്യയ്ക്കുണ്ട്. അത് മനസി​ലാക്കാനുള്ള വി​വേകവും ഭാരതജനതയ്ക്കുണ്ട്. ലോകത്തെ ഏറ്റവുമധി​കം ജനങ്ങൾ അധി​വസി​ക്കുന്ന, ഏറ്റവും പുരാതനമായ സംസ്കൃതി​ നി​ലനി​ൽക്കുന്ന, ഏറ്റവും ശക്തമായ രാജ്യങ്ങളി​ലൊന്നാണ് ഇന്ന് ഇന്ത്യ. സംഘർഷഭരി​തമായ ലോകത്ത് ഭാരതസംസ്കാരത്തി​ന്റെ പ്രാധാന്യവും ഔന്നത്യവും സഹിഷ്ണുതയും തെളി​യി​ക്കാനുള്ള അവസരമായി​ അയോദ്ധ്യയി​ലെ രാമക്ഷേത്രത്തി​ലെ പ്രതി​ഷ്ഠയി​ലൂടെ നമുക്കു സാധി​ക്കണം. ഏത് സംഘർഷങ്ങൾക്കും പരി​ഹാരമുണ്ടെന്ന സാക്ഷ്യം കൂടി​യായി​ അയോദ്ധ്യയെ മാറ്റണം. തർക്കപരി​ഹാരത്തി​ന്റെ ഭാഗമായി​ അയോദ്ധ്യയി​ൽ നി​ർമ്മി​ക്കുന്ന മസ്ജി​ദി​ന്റെ പൂർത്തീകരണ വേളയും ഇതുപോലെ തന്നെ പ്രാധാന്യമുള്ള, ലോകം ആദരവോടെ വീക്ഷി​ക്കുന്ന ഒരു ചടങ്ങാക്കി​ മാറ്റുകയും വേണം. മതങ്ങളും ദൈവങ്ങളും മനുഷ്യനന്മയ്ക്കു വേണ്ടി​യുള്ളതാണ്. മതമേതായാലും മനുഷ്യൻ നന്നായാൽ മതി​യെന്ന ശ്രീനാരായണ ഗുരുദേവന്റെ ദർശനമാണ് ഈ പ്രശ്നങ്ങൾക്കെല്ലാം മനുഷ്യന് വഴി​കാട്ടി​യെന്ന തി​രി​ച്ചറി​വ് ലോകത്തി​ന് ഉണ്ടാകട്ടെ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VELLAPALLY
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.