SignIn
Kerala Kaumudi Online
Friday, 26 April 2024 3.14 PM IST

കടലെടുക്കുമോ തുറമുഖ സ്വപ്നങ്ങൾ?

azheekkal-port

കടലോളം വികസന സ്വപ്നങ്ങളുമായി അഴീക്കൽ തുറമുഖം കാത്തിരിക്കാൻ തുടങ്ങിയിട്ട് അരനൂറ്റാണ്ടിലേറെയായി. തുറമുഖത്തിന്റെ സ്വപ്‌നങ്ങളൊക്കെയും കടലെടുക്കുമ്പോഴും തുറമുഖ വികസനത്തിന്റെ ഭാഗമായി അഴീക്കലിൽ കപ്പൽ ഇന്നു വരും നാളെ വരും എന്ന പ്രഖ്യാപനങ്ങൾ കേൾക്കുമ്പോഴും പ്രതീക്ഷ വിടാതെ ഈ തുറമുഖപട്ടണം കാത്തിരിപ്പിലാണ്.

അഴീക്കൽ തുറമുഖം എന്നത് പുതിയ പേരാണ്. ബ്രിട്ടീഷുകാരുടെ കാലത്ത് തെക്കെ ഇന്ത്യയിലെ ഏറ്റവും വലിയ തുറമുഖമായിരുന്ന വളപട്ടണമാണ് പിന്നീട് അഴീക്കലായത്. ലോകത്തിലെ ഏറ്റവും വലിയ വാണിജ്യ കേന്ദ്രങ്ങളിൽ ഒന്ന്. പർവതനിരയായ ഏഴിമലയെ ചുംബിച്ചു നില്‍ക്കുന്ന ആഴക്കടൽ. ഇതെല്ലാം ചേർന്ന പ്രാചീന തുറമുഖ കേന്ദ്രത്തിന് പൊതുവിൽ പേര് നൗറ എന്നായിരുന്നു. സ്വാതന്ത്യത്തിന് ശേഷമാണ് വളപട്ടണത്തിന്റെ പ്രൗഢിക്ക് കോട്ടം തട്ടിയത്. 1970കളിലാണ് അഴീക്കൽ വികസന സമിതി രൂപം കൊണ്ടത്. അന്ന് മുതൽ മാറിമാറി വരുന്ന സർക്കാരുകൾക്ക് മുന്നിൽ പരാതികളുടെ കെട്ടഴിച്ചു. ചെയ്യും ചെയ്യും എന്നല്ലാതെ ഒന്നും നടന്നില്ല. ഉദ്യോഗസ്ഥരാണ് തുറമുഖ വികസനത്തിന് തടസം നിൽക്കുന്നതെന്നാണ് പൊതുവെയുള്ള പരാതി. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് തുറമുഖ വകുപ്പ് മന്ത്രിയുടെ എതിർപ്പ് മറികടന്ന് കേന്ദ്രത്തിൽ വിഷയം എത്തിച്ചു. എന്നാൽ സങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി അവരും തടസം നിന്നു. ഇതെല്ലാം ശ്രദ്ധയിൽപ്പെടുത്തി കേന്ദ്രമന്ത്രിയെ വീണ്ടും സമീപിച്ചതോടെ പുതിയൊരു കമ്മിറ്റി അഴീക്കൽ സന്ദർശിച്ചു. വളരെ അനുകൂലവും സുന്ദരവുമായ തുറമുഖമാണിതെന്ന് കമ്മിറ്റി റിപ്പോർട്ട് നൽകി. എന്നാൽ ആ റിപ്പോർട്ടും വെളിച്ചം കണ്ടില്ല. 'കള്ളൻ കപ്പലിൽ തന്നെ' ആയതു കൊണ്ടാണ് റിപ്പോർട്ട് വെളിച്ചം കാണാതിരുന്നത്. പിണറായി വിജയൻ സർക്കാരിന്റെ ബഡ്ജറ്റിലും പണം നീക്കിവച്ചിരുന്നെങ്കിലും പ്രവൃത്തി ഒന്നും നടന്നില്ല. വ്യക്തമായ കാഴ്ചപ്പാട് ഇല്ലാത്തതാണ് പ്രധാന പ്രശ്നമെന്ന് ദിശ ചെയർമാൻ സി. ജയചന്ദ്രൻ പറയുന്നു. ഒരു തുറമുഖം അത് നിൽക്കുന്ന നഗരത്തിലേക്ക് വലിയ വികസനങ്ങൾ കൊണ്ടെത്തിക്കുമെന്നതിൽ തർക്കമില്ല. എന്നാൽ അഴീക്കൽ വിഷയത്തിൽ ഒരു പരാതി ഉന്നയിക്കാൻ പോലും പ്രതിപക്ഷത്തിന് കഴിഞ്ഞില്ലെന്ന് അദ്ദേഹം പറയുന്നു. ഈ സർക്കാരിന്റെ ആദ്യ ബഡ്ജറ്റിൽ 500 കോടി രൂപയാണ് വകയിരുത്തിയത്. അവസാന ബഡ്ജറ്റിൽ അത് നീക്കിവയ്‌ക്കുകയും ചെയ്തു.

കണ്ണൂരുകാരനായ തുറമുഖമന്ത്രി എം.വി. രാഘവനാണ് അഴീക്കൽ തുറമുഖത്തിന്റെ ശില്‌പി. ഏറ്റവും ഒടുവിലായി കണ്ണൂർ സ്വദേശിയായ രാമചന്ദ്രൻ കടന്നപ്പള്ളി തുറമുഖ മന്ത്രിയായപ്പോഴും അഴീക്കലിനു വേണ്ടി ശക്തമായ സമ്മർദ്ദങ്ങളും ഇടപെടലും നടത്തുകയുണ്ടായി. പക്ഷെ എന്നിട്ടും വികസനത്തിന്റെ കരപറ്റാതെ അനിശ്ചിതത്വത്തിന്റെ ആഴക്കടലിൽ തന്നെ തട്ടിയും മുട്ടിയും കഴി‌ഞ്ഞു.

തുറമുഖത്തിന്റെ സമഗ്ര വികസനത്തിനായി നിരവധി പദ്ധതികൾ പ്രഖ്യാപിച്ചെങ്കിലും ഒന്നും കരയ്ക്കടുത്തില്ല. പ്രഖ്യാപിക്കുന്ന പദ്ധതികളാകട്ടെ കടലിൽ കല്ലിട്ട പോലെയും. ചരക്കു കപ്പലുകൾ യഥേഷ്ടം വരികയും വ്യവസായ രംഗത്തു പുത്തനുണർവ് സൃഷ്ടിക്കാൻ കഴിയുകയും ചെയ്യുമെന്ന സ്വപ്നമാണ് തുറമുഖ വികസനം പാതിവഴിയിലായതോടെ കടലെടുത്തത്. വികസന പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നു അധികൃതർ പറയുന്നുണ്ടെങ്കിലും 2013ന് ശേഷം ഇവിടെ എത്ര കപ്പൽ വന്നുവെന്നോ എത്ര ചരക്കുകൾ കയറ്റി, ഇറക്കിയെന്നോ പറയാൻ അധികൃതർക്ക് ആവുന്നില്ല. 30 കണ്ടെയ്‌നർ കയറ്റാൻ കഴിയുന്ന ഗ്ലോറിഫൈ ബാർജ് സ്ഥാപിക്കണമെന്ന നിർദേശം ഇനിയും ഇവിടെ നടപ്പിലായിട്ടില്ല. കണ്ണൂരിൽ വിമാനത്താവളം യാഥാർത്ഥ്യമായതോടെ അഴീക്കൽ തുറമുഖത്തിന് പ്രാധാന്യമേറെയാണ്.

അഴീക്കൽ തുറമുഖമെന്ന ആവശ്യത്തിന് 40 വർഷം പ്രായമുണ്ട്. 500 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ സമയബന്ധിതമായി നടത്തണമെന്നും സ്പെഷ്യൽ ഓഫീസറെ നിയമിക്കണമെന്നും ആവശ്യം ഉയർന്നിരുന്നു. റവന്യൂ വകുപ്പിന്റെ കൈയിലുള്ള 200 ഏക്കർ ഭൂമി തുറമുഖ വകുപ്പിന് കൈമാറണമെന്നും ലക്ഷദ്വീപ് അധികാരികളുടെ താത്പര്യ പ്രകാരമുള്ള ഗതാഗത സംവിധാനം ഉണ്ടാകണമെന്നും ആവശ്യം ഉയർന്നിട്ടും വർഷങ്ങളായി.

രണ്ടാംപിണറായി സർക്കാർ അഴീക്കലിന്റെ വികസനത്തിനു പ്രതിജ്ഞാബദ്ധമാണെന്ന് ആവർത്തിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം തുറമുഖ മന്ത്രി അഹമ്മദ് ദേവർ കോവിൽ അഴീക്കൽ സന്ദർശിച്ചു. ഈ മാസം അവസാനത്തോടെ അഴീക്കൽ തുറമുഖത്ത് ചരക്കു കപ്പൽ എത്തുമെന്ന് തുറമുഖ വകുപ്പുമന്ത്രി അഹമ്മദ് ദേവർകോവിൽ അറിയിച്ചു. അടുത്ത ആഴ്ച കൊച്ചിയിലെത്തുന്ന കപ്പലാണ് അവിടെ നിന്ന് ബേപ്പൂർ വഴി അഴീക്കലിലെത്തുക. അഴീക്കലിലേക്ക് ചരക്ക് സർവീസ് നടത്തുന്നതിന് താത്‌പര്യമറിയിച്ച് അഞ്ച് കമ്പനികൾ മുന്നോട്ടു വന്നിട്ടുണ്ടെന്നും അവരുമായി ചർച്ചകൾ നടത്തിവരികയാണെന്നും അദ്ദേഹം പറഞ്ഞു.
ആദ്യം ചരക്കുകപ്പലും തുടർന്ന് യാത്രാ കപ്പലും അഴീക്കലിൽ എത്തിക്കാനാണ് സർക്കാർ പദ്ധതിയിട്ടിരിക്കുന്നത്. മികച്ച അന്താരാഷ്ട്ര തുറമുഖമായി അഴീക്കലിനെ മാറ്റിയെടുക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഇതിനായി കഴിഞ്ഞ സർക്കാർ 3600 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. കൊവിഡ് പ്രതിസന്ധി കാരണം അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ അല്‍പം മന്ദഗതിയിലാണെങ്കിലും അവ കൂടുതൽ സജീവമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തുമെന്നും മന്ത്രി പറഞ്ഞു. തുറമുഖത്തിന്റെ വികസനത്തിനാവശ്യമായ കൂടുതൽ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കും. ഒരു മാസത്തിനകം അഴീക്കലിൽ കസ്റ്റംസ് ഓഫീസ് സ്ഥാപിക്കും. എമിഗ്രേഷൻ ഓഫീസ് തുടങ്ങുന്നതിനാവശ്യമായ നടപടികൾ വേഗത്തിലാക്കാനും മന്ത്രി നിർദ്ദേശം നല്‍കിയിരുന്നു.

നിലവിൽ ഡ്രഡ്ജിംഗ് ചെയ്ത മണൽ കടലിലേക്ക് തന്നെ തള്ളുന്നതിനാൽ അവ വീണ്ടും ബാർജിൽ തിരികെയെത്തുന്ന പ്രശ്നമുണ്ട്. അത് പരിഹരിക്കാൻ നീക്കം ചെയ്യുന്ന മണൽ കരയിലേക്ക് മാറ്റാനും അനുയോജ്യമായ സ്ഥലത്ത് സൂക്ഷിക്കുന്നതിനുമുള്ള സാദ്ധ്യതകൾ ആരായണമെന്നും മന്ത്രി പറഞ്ഞു. കടലിൽ നിന്നെടുക്കുന്ന മണൽ സംസ്‌‌കരിക്കുന്നതിനുള്ള സംവിധാനം ഒരുക്കുന്ന കാര്യം പഞ്ചായത്തുമായി സംസാരിച്ചിട്ടുണ്ട്. അക്കാര്യത്തിൽ വേഗത്തിൽ തന്നെ തീരുമാനമെടുക്കും. ഡ്രഡ്ജിംഗ് യന്ത്രത്തിന്റെ തകരാറുകൾ പരിഹരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചുകഴിഞ്ഞു. ഇതൊക്കെ വിശ്വസിക്കാനല്ലേ കഴിയൂ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KANNUR DIARY, AZHEEKKAL PORT
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.