SignIn
Kerala Kaumudi Online
Thursday, 18 July 2024 8.15 AM IST

ഭൂമി തരംമാറ്റത്തിലെ 'തരക്കേടുകൾ"

bhoomi

അഴിമതിക്ക് പണ്ടേ പേരുകേട്ട സർക്കാർ വകുപ്പുകളിൽ ഒന്നാംസ്ഥാനത്താണ് റവന്യൂ. കൈകാര്യം ചെയ്യുന്നത് ഭൂമിയുമായി ബന്ധപ്പെട്ട ക്രയവിക്രയങ്ങളുടെ കാര്യമായതുകൊണ്ടും,​ സംസ്ഥാനത്ത് ഭൂമിയുടെ വില ദിവസംചെല്ലുന്തോറും കുതിച്ചുകയറുന്നതുകൊണ്ടും സ്വാഭാവികമായും ആ വകുപ്പ് ക്രമക്കേടുകളുടെയും അഴിമതിയുടെയും കൂത്തരങ്ങായിത്തീരാൻ സാദ്ധ്യത ഏറെയാണുതാനും. നിലമായി രേഖകളിലുള്ള ഭൂമി കാലക്രമേണ പുരയിടമായി മാറുമ്പോൾ വിലയിലുണ്ടാകുന്ന വർദ്ധനവ് എത്രയോ ഇരട്ടിയായിരിക്കും! ഭൂമി തരംമാറ്റത്തിന് വ്യവസ്ഥയുണ്ടായപ്പോൾ ഇത്തരം തരംമാറ്റങ്ങളുമായി ബന്ധപ്പെട്ട് റവന്യൂ ഓഫീസുകളിൽ പല കള്ളത്തരങ്ങളും അരങ്ങേറിത്തുടങ്ങി. കടലാസ് അപേക്ഷകൾ വില്ലേജ് ഓഫീസുകളിൽ കുന്നുകൂടിത്തുടങ്ങിയപ്പോൾ സൗകര്യാർത്ഥം സർക്കാർ ഒരു പരിഷ്കാരം കൊണ്ടുവന്നു. ഭൂമി തരംമാറ്റത്തിനുള്ള അപേക്ഷകൾ സമ്പൂ‍ർണായി ഓൺലൈൻ ആക്കി. അതോടെ കള്ളത്തരത്തിനും അഴിമതിക്കും പഴുതുകൾ വേണ്ടത്രയായി എന്നതാണ് സംഭവിച്ച ഒരു ദോഷം.

ഇത്തരം ക്രമക്കേടുകൾ പെരുകിയപ്പോഴാണ് വിജിലൻസ് വകുപ്പ്,​ ഓപ്പറേഷൻ കൺവേർഷൻ എന്നു പേരിട്ട് റവന്യൂ ഓഫീസുകളിൽ വ്യാപകമായി റെയ്ഡ് നടത്തിയത്. ഭൂമി തരംമാറ്റത്തിനു പിന്നിൽ തഴയ്ക്കുന്ന വലിയൊരു അഴിമതിവ്യാപാരത്തിന്റെ ഭീകരമുഖമാണ് ഈ റെയ്ഡുകളിലൂടെ പുറത്തുവന്നതെന്നു പറയാം. ഭൂമി തരംമാറ്റിക്കൊടുക്കുന്ന മാഫിയയുടെ ഭാഗമായി സ്വകാര്യ ഏജൻസികളും,​ റവന്യൂ വകുപ്പിൽ നിന്നു വിരമിച്ച ചില ഉദ്യോഗസ്ഥരും മറ്റും പ്രവർത്തിക്കുന്ന വിവരവും ഇതിനിടെയാണ് വെളിച്ചത്തായത്. തരമാറ്റത്തിനു സമർപ്പിച്ചിരുന്ന എഴുന്നൂറ് അപേക്ഷകളിൽ ഒരൊറ്റ ഏജൻസിയുടെ മൊബൈൽ നമ്പർ കണ്ടെത്തിയതാണ് ഈ കണ്ടെത്തലുകളിൽ ഏറ്റവും ഞെട്ടലുളവാക്കുന്നത്.

നെൽവയൽ- തണ്ണീർത്തട സംരക്ഷണ നിയമപ്രകാരം വിജ്ഞാപനം ചെയ്ത ഭൂമി ഡാറ്റാ ബാങ്കിൽ നിന്ന് ഒഴിവാക്കി നല്കാമെന്നു പറഞ്ഞ് പരസ്യം നല്കിപ്പോലും ഇത്തരം തട്ടിപ്പ് വ്യാപകമായി നടക്കുന്നുണ്ട്. ഡാറ്റാ ബാങ്കിലുൾപ്പെട്ട ഭൂമിയുടെ ഉടമയെ കണ്ടെത്തി,​ ഇവർ തന്നെ ഡീൽ ഉറപ്പിക്കുമത്രേ! ഇങ്ങനെ,​ 10 സെന്റു മുതൽ 50 സെന്റു വരെ ഭൂമി തരംമാറ്റിക്കൊടുക്കുന്നതിന് മൂന്നുലക്ഷം വരെയുണ്ട് ഫീസ് എന്നാണ് ഇതു സംബന്ധിച്ച അന്വേഷണത്തിൽ വ്യക്തമാകുന്നത്. നെൽവയലുകളുടെ ജില്ലയായ പാലക്കാട്ടാണ് തരംമാറ്റത്തിന് ഏറ്റവും തിരക്ക്. സ്വകാര്യ ഏജൻസിയുടെ ഒരൊറ്റ മൊബൈൽ നമ്പർ രേഖപ്പെടുത്തിയിട്ടുള്ള എഴുന്നൂറോളം അപേക്ഷകളിൽ 166 എണ്ണം പാലക്കാട് ജില്ലയിൽ മാത്രമാണ്! ക്രമക്കേടുകളുടെയും അതിനു പിന്നിൽ നിറഞ്ഞാടുന്ന അഴിമതിയുടെയും വ്യാപ്തി വ്യക്തമാക്കുന്നതാണ് ഈ കണക്ക്.

ഇങ്ങനെ സംശയകരമായ സാഹചര്യത്തിൽ കണ്ടെത്തിയ മുഴുവൻ അപേക്ഷകളിലും വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണ് വിജിലൻസ് വകുപ്പ്. ഈ അന്വേഷണം പുരോഗമിക്കുമ്പോഴേ എത്ര ശതകോടികളുടെ അഴിമതിയാണ് ഭൂമി തരംമാറ്റത്തിലൂടെ നടക്കുന്നതെന്ന വിവരം പുറത്തറിയൂ. ഒരു തുണ്ട് ഭൂമിയെങ്കിലുമുള്ള ആർക്കും റവന്യൂ വകുപ്പിനെ ഒഴിവാക്കാനാകില്ല. കാര്യം നടന്നുകിട്ടാൻ കുറച്ച് കാശുമുടക്കിയാലും കുഴപ്പമില്ലെന്ന് കരുതുന്നവരാണ് നിർഭാഗ്യവശാൽ ഭൂഉടമകളിൽ വലിയൊരു വിഭാഗം. അതുതന്നെയാണ് അഴിമതിക്കാർക്ക് വാതിൽ തുറന്നുകൊടുക്കുന്നതും. റവന്യൂ വകുപ്പിലെ ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട പ്രവൃത്തികൾ പൂർണമായും സുതാര്യമാക്കേണ്ടതിന്റെയും,​ കർശനമായ പരിശോധനകൾക്കു വിധേയമാക്കേണ്ടതിന്റെയും ആവശ്യകതയിലേക്കാണ് ഓപ്പറേഷൻ കൺവേർഷൻ റെയ്ഡ് വിരൽചൂണ്ടുന്നത്. ഇപ്പോഴെങ്കിലും അത്തരം നടപടിയുണ്ടായില്ലെങ്കിൽ കേരളം മൊത്തമായും ഭൂമാഫിയയുടെ കച്ചവടവസ്തുവായിത്തീരുന്ന ദുരവസ്ഥയുണ്ടാകും. അതിന് അനുവദിക്കരുത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BHOOMI
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.