
റിയൽ എസ്റ്റേറ്റ്, കൺസ്ട്രക്‌ഷൻ ബിസിനസ് ഞാണിന്മേൽ കളിയാണ്. സേവന ദാതാവിനും ഉപഭോക്താവിനും ഒരേ പോലെ റിസ്‌ക്. കോൺഫിഡന്റ് ഗ്രൂപ്പ് സാരഥി സി. ജെ. റോയ് ജീവനൊടുക്കിയതിന് പിന്നാലെ പുറത്തുവരുന്ന വിവരങ്ങളും ആശ്വാസ്യകരമല്ല. സുതാര്യത
ഉറപ്പാക്കിയില്ലെങ്കിൽ ഈ വ്യവസായത്തിന്റെ വിശ്വാസ്യത അപ്പാടെ നിലംപതിയ്ക്കും.
കൊച്ചി മരടിലെ എണ്ണം പറഞ്ഞ ഫ്ലാറ്റുകൾ നിയന്ത്രിത സ്ഫോടനത്തിലൂടെ തച്ചുതകർത്ത രംഗം ഇന്നും മലയാളികളുടെ കൺമുമ്പിലുണ്ട്. തീരദേശ നിയമലംഘനം സുപ്രീംകോടതി കണ്ടെത്തിയതിനെ തുടർന്നാണിത്. വിശ്വാസ്യത തോന്നിക്കുന്ന രേഖകളും ആധാരവുമായി ഈ ഫ്ലാറ്റുകളിൽ ചേക്കേറിയ സെലിബ്രിറ്റികളടക്കമാണ് ഒറ്റ നിമിഷം കൊണ്ട് പെരുവഴിയിലായത്. രേഖകൾ ഉള്ളവർക്ക് കോടതി ഇടപെടലിലൂടെ നഷ്ടപരിഹാരം കിട്ടിയത് മാത്രമാണ് ആശ്വാസം. റിയൽ എസ്റ്റേറ്റ്, കൺസ്ട്രക്‌ഷൻ ബിസിനസിലെ ചതിക്കുഴികൾ സംബന്ധിച്ച പരാതികൾ തുടർക്കഥയാണ്. ഓരോ പ്രോജക്ടും ലോഞ്ച് ചെയ്യുന്നത് കണ്ണഞ്ചിപ്പിക്കുന്ന ഡിസൈനും മോഹന വാഗ്ദാനങ്ങളുമായിട്ടാകും. എന്നാൽ കുറ്റമറ്റ നിലയിൽ പണിപൂർത്തിയാക്കി കൈമാറിക്കിട്ടിയാൽ ഭാഗ്യമെന്നേ പറയാനാകൂ. അഡ്വാൻസ് തുക നൽകിക്കഴിഞ്ഞാൽ ഉപഭോക്താക്കളുടെ കഴുത്ത് ബിൽഡറുടേയും ബാങ്കറുടേയും കക്ഷത്തിലാകും.
പല രൂപത്തിലാണ് പ്രതിസന്ധികൾ ഉടലെടുക്കുക. സി.ജെ. റോയിയുടെ കാര്യത്തിലെന്നപോലെ ചിലത് അപ്രതീക്ഷിതമാകും. ചില പ്രോജക്ടുകൾ തുടക്കത്തിലേ പ്രശ്നത്തിലായിരിക്കും. ഇത് മറച്ചുവച്ച് മുഴുവൻ തുകയും കൈപ്പറ്റി മുങ്ങിയവരും നിരവധി. ക്രിമിനൽ കേസിൽപ്പെട്ട് ജയിലിൽ പോയവരും ഈ രംഗത്തെ വൈരവും പാരവയ്പും കൊണ്ട് തകർന്നുപോയ ബിസിനസുകാരുമുണ്ട്. പറഞ്ഞ സമയവും അതിനപ്പുറവും കഴിഞ്ഞിട്ടും ഫ്ലാറ്റുകളുടെ പണി തീരാതെ നടന്നു തേഞ്ഞ ഒട്ടേറെ കസ്റ്റമേഴ്സുമുണ്ട്.
റെറ വന്നിട്ടും
ഏറ്റവുമധികം അനിശ്ചിതത്വവും വഞ്ചനയും നടമാടുന്ന മേഖലയാണ് റിയൽ എസ്റ്റേറ്റ് എന്ന് ബോദ്ധ്യപ്പെട്ടാണ് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നഷ്ടപരിഹാര നിയമങ്ങൾ കർശനമാക്കിയത്. സംസ്ഥാനത്ത് റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി(റെറ)യും നിലവിൽ വന്നു. എന്നാൽ പരാതികൾക്ക് യാതൊരു കുറവുമില്ല. റെറ വെബ്സൈറ്റിൽ പ്രമുഖ ബിൽഡർമാർ അടക്കമുള്ളവർക്കെതിരായ പരാതികൾ നൂറുകണക്കിനുണ്ട്. ഇതിൽ ചിലതെല്ലാം ഒത്തുതീർപ്പാവുകയും ചിലതിൽ നഷ്ടപരിഹാര വിധികൾ ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. കൈമാറാത്ത അപ്പാർട്ടുമെന്റുകൾ റെറ പ്രതിനിധികളെത്തി പിടിച്ചെടുത്ത സംഭവങ്ങളുമുണ്ട്. എന്നാൽ വീടെന്ന സ്വപ്നം തകർന്നവർക്ക് ഇതൊന്നും ഒരു പരിഹാരമാകുന്നില്ല. മാത്രമല്ല, പാപ്പരായെന്ന് കാണിച്ച് മുങ്ങിയ ബിൽഡറാണെങ്കിൽ, അവരിൽ നിന്ന് തുക ഈടാക്കി കിട്ടുന്നതെങ്ങനെ? ജപ്തിക്കും കണ്ടുകെട്ടലിനും സമയമെടുക്കും. കോടതികൾ കയറിയിറങ്ങി വീണ്ടും പോക്കറ്റ് ചോരുക മാത്രമാണ് ഫലം.
പണി തീർന്ന് താമസം തുടങ്ങിയതിന് പിന്നാലെ അടർന്നുവീഴുന്ന ഫ്ലാറ്റുകളുമുണ്ട്. വിമുക്തഭടന്മാർ താമസിച്ചിരുന്ന കൊച്ചി വൈറ്റിലയിലെ ചന്ദേർകുഞ്ജ് അപ്പാർട്ട്മെന്റ് ഉദാഹരണം. ബലക്ഷയത്തിലായ ഈ കെട്ടിട സമുച്ചയം പൊളിച്ചുമാറ്റാനാണ് തീരുമാനം. ബലക്ഷയത്തിന് ഒരു കാരണം നിർമ്മാണഘട്ടത്തിലെ ജാഗ്രതക്കുറവാണെന്ന് വ്യക്തമായിരുന്നു. നിർമ്മാണത്തിനായി കോൺക്രീറ്റ് കുഴച്ചത് കായലിലെ ഉപ്പുവെള്ളം ഉപയോഗിച്ചാണ്. ഉപ്പിന്റെ അംശം കടന്നുകൂടിയത്, കെട്ടിടം ദ്രവിക്കാൻ കാരണമാവുകയായിരുന്നു. പരാതികളെ തുടർന്ന് കോടതികളും സർക്കാരും ഇടപെട്ട വിഷയമാണിത്. പകരം പുതിയ ഫ്ലാറ്റുകൾ നിർമ്മിച്ചുനൽകാനാണ് ധാരണയായിട്ടുള്ളത്. ഇതിന് കുറഞ്ഞത് 5 വർഷം കാത്തിരിക്കണം. വയോധികരടക്കമുള്ള നൂറുകണക്കിന് അന്തേവാസികളെ വാടക നൽകി മാറ്റിപ്പാർപ്പിച്ചിരിക്കുകയാണ്.
നഷ്ടമായ കോൺഫിഡൻസ്
കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി.ജെ. റോയ് ജീവനൊടുക്കിയതിന് പിന്നിൽ പല കാരണങ്ങളുമുണ്ട്. കൊച്ചിയിൽ കഴിഞ്ഞ വർഷം അദ്ദേഹം നടത്തിയ ഫ്ലാറ്റ് ഇടപാടുകളും ഇതിനൊരു കാരണമാണെന്നാണ് സൂചന. കൊച്ചിയിലെ 156 ഫ്ലാറ്റുകൾ വളരെ വില കുറച്ചുകാണിച്ച് വിറ്റെന്ന സംശയമാണ് ആദായ നികുതി റെയ്ഡിന് വഴി തെളിച്ചത്. വിലകുറച്ച് കാണിക്കൽ, പണമായി നേരിട്ട് വാങ്ങൽ, നികുതി വെട്ടിപ്പ് തുടങ്ങിയ കാര്യങ്ങൾ അന്വേഷണ പരിധിയിലുണ്ടായിരുന്നു. ബാങ്ക് വായ്പകളൊന്നുമില്ലാതെ കോൺഫിഡന്റ് ഗ്രൂപ്പ് ദുബായിൽ വമ്പൻ നിക്ഷേപങ്ങൾ നടത്തിയതും ആദായ നികുതി വകുപ്പ് നിരീക്ഷിച്ചിരുന്നു.
കള്ളപ്പണ ഇടപാട് സംശയിച്ച് ഇ.ഡി നടത്തിയ അന്വേഷണവും റോയിയെ പ്രതിസന്ധിയിലാക്കി. കോൺഫിഡന്റ് ഗ്രൂപ്പിൽ മാത്രമല്ല, പ്രമുഖരായ പല ബിൽഡർമാരുടെ കമ്പനികളിലും ഈയിടെ കേന്ദ്ര ഏജൻസികളുടെ റെയ്ഡ് നടന്നിരുന്നു. എന്നാൽ പദ്ധതികൾ ഒന്നും മുടങ്ങില്ലെന്നാണ് കോൺഫിഡന്റ് ഗ്രൂപ്പിന്റെ എം.ഡി ടി.എ. ജോസഫ് ഉറപ്പുകൊടുക്കുന്നത്. തങ്ങളുടെ പക്കൽ ആരുടേയും കള്ളപ്പണമില്ലെന്നും ഇ.ഡിയോ സി.ബി.ഐയോ പിന്നാലെയില്ലെന്നുമാണ് അദ്ദേഹം പറയുന്നത്. എങ്കിലും പൊതുവേ വിലയിരുത്തുമ്പോൾ ബിൽഡർമാരുടെ സേവനം അത്ര തൃപ്തികരമല്ലെന്ന് സാമാന്യ ജനത്തിന് പോലും അറിയാം. ഉപഭോക്താക്കൾക്ക് നൽകുന്ന വാക്കു പാലിക്കുന്നില്ലെന്നു മാത്രമല്ല, വഞ്ചനയുടെ കഥകളും നിരവധിയാണ്. ചതി പറ്റിയെന്ന് പലരും തിരിച്ചറിയുന്നത് സർക്കാർ അധികൃതരിൽ നിന്ന് നോട്ടീസ് കിട്ടുമ്പോഴാകും. അല്ലെങ്കിൽ ഫ്ലാറ്റ് വിൽക്കാൻ ശ്രമിക്കുമ്പോഴാകും.
അതുകൊണ്ടു തന്നെയാണ് പ്രധാന നഗരങ്ങളിൽ പതിനായിരക്കണക്കിന് അപ്പാർട്ട്മെന്റുകൾ പണി തീരാതെയും വാങ്ങാൻ ആളില്ലാതേയും കിടക്കുന്നത്. സാഹചര്യങ്ങൾ മാറുകയാണെന്ന് ഈ രംഗത്ത് ബിസിനസ് നടത്തുന്നവർ തിരിച്ചറിയണം. കേരളത്തിൽ സ്ഥിരമായി ഒരു പാർപ്പിടം വേണമെന്ന് ചിന്തിക്കുന്നവരുടെ എണ്ണം കുറയുകയാണ്. വിദേശത്തേക്ക് ചേക്കേറുന്നവരാണ് പുതുതലമുറയിൽ ഏറെയും. മറ്റൊരു വിഭാഗം, കൂടുമാറുന്നതിനൊപ്പം വാടകയ്ക്ക് താവളം തേടുന്നവരാണ്. അതിനാൽ ഉള്ള ഉപഭോക്താക്കളെ വച്ച് ബിസിനസ് സുഗമമായി നടക്കണമെങ്കിൽ പ്രധാനം സത്യസന്ധത തന്നെയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |