ജാതി സെൻസസ് എടുക്കുമെന്ന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരിക്കുകയാണ്. പഹൽഗാമിലെ ഭീകരാക്രമണത്തിനെതിരെ കേന്ദ്രസർക്കാർ സ്വീകരിക്കുന്ന നടപടികൾ വിശദീകരിക്കുന്നത് കേൾക്കാനെത്തിയ മാദ്ധ്യമപ്രവർത്തകർക്കു മുന്നിൽ ദശവത്സര ജനറൽ സെൻസസിനൊപ്പം ജാതി വിവരങ്ങൾ കൂടി ശേഖരിക്കുമെന്ന പ്രഖ്യാപനമാണ് കേൾക്കാനിടയായത്. അസമയത്തുള്ള അപ്രതീക്ഷിത പ്രഖ്യാപനം കേട്ട് എല്ലാവരും ആശ്ചര്യപ്പെട്ടു. ഒരു കാരണവശാലും ജനറൽ സെൻസസിൽ ജാതി വിവരങ്ങൾ ശേഖരിക്കില്ലെന്നും അത് ഹിന്ദു സമുദായത്തിൽ ഭിന്നിപ്പും വിദ്വേഷവും വർദ്ധിപ്പിക്കാൻ ഇടയാക്കുമെന്നുമുള്ള ആർ.എസ്.എസിന്റെ നിലപാടാണ് സർക്കാർ ഇതുവരെ സ്വീകരിച്ചിരുന്നത്.
ബീഹാറിൽ നടത്തിയ സെൻസസുമായി ബന്ധപ്പെട്ട സുപ്രീംകോടതിയിലെ കേസിൽ കേന്ദ്രസർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ജനറൽ സെൻസസിനൊപ്പം ജാതി വിവരങ്ങൾ ശേഖരിക്കില്ലെന്നും, സംസ്ഥാനങ്ങൾക്ക് അവരുടെ ആവശ്യങ്ങൾക്ക് സംസ്ഥാനതലത്തിൽ സെൻസസ് നടത്താൻ തടസമില്ലെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നതാണ്. പൊടുന്നനെയുള്ള നിലപാട് മാറ്റം സംശയങ്ങൾക്ക് ഇടനൽകുന്നതാണ്. അടുത്തുവരുന്ന ബീഹാർ തിരഞ്ഞെടുപ്പിൽ നിതീഷ് കുമാറിനെ ഒപ്പം നിറുത്തുക; പിന്നാക്ക സമുദായ വോട്ടുകൾ തട്ടിയെടുക്കുക എന്നതു മാത്രമാണ് ഈ പ്രഖ്യാപനത്തിനു പിന്നിലെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
2021- ൽ നടക്കേണ്ടിയിരുന്ന ജനറൽ സെൻസസ് കൊവിഡിന്റെ പേരിൽ നീട്ടിവയ്ക്കുകയുണ്ടായി. എന്നാൽ അത് എന്നു നടത്തുമെന്ന് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ജനറൽ സെൻസസ് എന്നു നടത്തുമെന്ന പ്രഖ്യാപനമായിരുന്നു ആദ്യം വേണ്ടിയിരുന്നത്. അതോടൊപ്പം, ഏതു തരത്തിലാണ് വിവരങ്ങൾ ശേഖരിക്കുകയെന്നും വ്യക്തമാക്കേണ്ടതുണ്ട്. എല്ലാ സമുദായങ്ങളുടെയും കൃത്യമായ വിവരങ്ങൾ പൂർണമായും ശേഖരിക്കണം. ഇന്ത്യയിലെ മുഴുവൻ ജനങ്ങളുടെയും ജാതി- സമുദായ വിവരങ്ങളും, സാമൂഹ്യ- സാമ്പത്തിക- രാഷ്ട്രീയ- വിദ്യാഭ്യാസ അവസ്ഥകളും, അധികാരസ്ഥാനങ്ങളുടെയും ഉദ്യോഗസ്ഥ പദവികളുടെയും വിഭവങ്ങളുടെയും വിവരശേഖരണം ഉണ്ടാവണം. ഏതെല്ലാം സമുദായങ്ങളാണ് അധികാരങ്ങളും പദവികളും ഭൂമിയും ഇതര വിഭവങ്ങളും കൈവശപ്പെടുത്തിയിരിക്കുന്നതെന്ന് സത്യസന്ധമായ വിവരങ്ങൾ ലഭ്യമാകുമ്പോൾ മാത്രമേ സംവരണ തോത് നിശ്ചയിക്കലും ഫണ്ട് വകയിരുത്തലും ക്ഷേമ വികസന പ്രവർത്തനങ്ങളും ആസൂത്രണം ചെയ്യാൻ കഴിയൂ.
രാഷ്ട്രീയ നേതൃത്വങ്ങൾ നിശബ്ദരാണെങ്കിലും ജാതി- സമുദായ സെൻസസ് വേണമെന്ന ആവശ്യം രാജ്യത്തെ അടിസ്ഥാന ജനവിഭാഗങ്ങളിൽ നിന്ന് ശക്തമായി ഉയർന്നു തുടങ്ങിയിരിക്കുന്നു. കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി ഈ ആവശ്യം ഉന്നയിക്കുന്നത് 'ഭാരത് ജോഡോ"യാത്രയിലൂടെ സാധാരണ ജനവികാരം തിരിച്ചറിഞ്ഞാണ്. കോൺഗ്രസിലെ തന്നെ മുതിർന്ന നേതാക്കളാരും ഇതിനെ പിന്തുണയ്ക്കുന്നില്ലെന്നു മാത്രമല്ല, കർണാടകത്തിൽ ഡി.കെ. ശിവകുമാർ അടക്കം ഇതിനെതിരായ നിലപാടും സ്വീകരിക്കുന്നുണ്ട്.
ജനവികാരവും ശക്തമായ സമ്മർദ്ദങ്ങളും തിരിച്ചറിഞ്ഞ സി.പി.എമ്മിന്റെ പാർട്ടി കോൺഗ്രസ് ജാതി- സമുദായ സെൻസസ് വേണമെന്ന് പ്രമേയം പാസാക്കി. കേന്ദ്രസർക്കാർ സെൻസസ് നടത്തണമെന്നാണ് അവരുടെ ആവശ്യം. എന്നാൽ, ജാതി- സമുദായ സെൻസസ് നടപ്പാക്കില്ലെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ നേരത്തേ അറിയിച്ചിട്ടുള്ളതായതിനാൽ, പാർട്ടിയുടെ നേതൃത്വത്തിൽ ഭരണമുള്ള കേരളത്തിൽ സർക്കാർ അതിനു തയ്യാറാകേണ്ടതുണ്ട്. സംസ്ഥാനത്ത് സോഷ്യോ എക്കണോമിക് എഡ്യുക്കേഷണൽ കാസ്റ്റ് സെൻസസ് നടത്തി തുടർനടപടികൾ സ്വീകരിക്കുവാൻ തയ്യാറാവണം. അതുവരെ, ജാതി- സമുദായ സെൻസസ് എന്ന ആവശ്യവുമായി മുന്നിട്ടിറങ്ങിയ സാധാരണ ജനങ്ങളും സംഘടനകളും അല്പം പോലും പിന്നാക്കം പോകാതെ പോരാട്ടം തുടരണം.
ഏതെങ്കിലും പ്രശ്നങ്ങളുടെ പേരിൽ ഭരണാധികാരികൾക്ക് സമ്മർദ്ദം നേരിടേണ്ടി വരുമ്പോഴും ജനവികാരം ശക്തമായി ഉയർന്നു വരുമ്പോഴും അതിനു തടയിടാൻ 'കമ്മിഷനു"കളെ നിയമിക്കുന്ന ഒരു കൗശലമുണ്ട്. കമ്മിഷൻ നിയമനവും തെളിവു ശേഖരണവും നടക്കും. ജനങ്ങൾ ശാന്തരാകും. കമ്മിഷൻ റിപ്പോർട്ടുകൾ അലമാരയിൽ അടയിരിക്കുകയും ചെയ്യും. അത്തരമൊരു കൗശലം മാത്രമായി കേന്ദ്രസർക്കാർ പ്രഖ്യാപനത്തെയും പാർട്ടി കോൺഗ്രസ് പ്രമേയത്തെയും കണ്ടാൽ മതി.
(പിന്നാക്ക വിഭാഗ വികസന വകുപ്പ് മുൻ ഡയറക്ടറാണ് ലേഖകൻ. ഫോൺ: 94472 75809)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |