SignIn
Kerala Kaumudi Online
Friday, 26 April 2024 6.32 PM IST

80:20 ന്റെ കാണാപ്പുറങ്ങൾ

kerala-highcourt

ആദ്യമേ പറയട്ടെ; ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പുകളെ സംബന്ധിച്ചിടത്തോളം 80 :20 എന്ന അനുപാതം നിയമവിരുദ്ധമാണെന്ന് കണ്ടെത്തി റദ്ദാക്കിയ ഹൈക്കോടതി വിധിയെക്കുറിച്ചല്ല, അതിലേക്ക് നയിച്ച രാഷ്ട്രീയ, സാമൂഹ്യ, സാമുദായിക സാഹചര്യങ്ങളെക്കുറിച്ചാണ് ഇൗ ലേഖനം.

കേരളത്തിലെ മതന്യൂനപക്ഷങ്ങൾ എക്കാലവും യു.ഡി.എഫിന്റെ വോട്ടുബാങ്കായിരുന്നു. മലബാറിൽ മുസ്ളിങ്ങൾ ലീഗിന് വോട്ടു ചെയ്യും; മറ്റിടങ്ങളിൽ കോൺഗ്രസിനും. ഇടുക്കി, കോട്ടയം ജില്ലകളിൽ ഒരുവിഭാഗം ക്രിസ്ത്യാനികൾ കേരള കോൺഗ്രസിനെ പിന്തുണയ്ക്കും. മറ്റെല്ലായിടത്തും അവരുടെ വോട്ട് കോൺഗ്രസ് പാർട്ടിക്കാണ് ചെയ്തുകൊണ്ടിരുന്നത്. 2019 ലെ പാർലമെന്റ് തിരഞ്ഞെടുപ്പു വരെ ഇതായിരുന്നു സംസ്ഥാനത്തെ അവസ്ഥ. എന്നാൽ അതിനുശേഷം കേരളത്തിലെ ക്രൈസ്തവ മതമേലദ്ധ്യക്ഷന്മാർ മാറി ചിന്തിക്കാൻ തുടങ്ങി. ദേശീയവും സാർവദേശീയവും പ്രാദേശികവുമായ പല കാരണങ്ങളും ഇൗ മാറ്റത്തിന് വഴിതെളിച്ചു.

ദേശീയതലത്തിൽ കോൺഗ്രസ് അത്രവേഗമൊന്നും അധികാരത്തിൽ തിരിച്ചുവരാൻ പോകുന്നില്ലെന്ന യാഥാർത്ഥ്യം മതമേലദ്ധ്യക്ഷന്മാർ തിരിച്ചറിഞ്ഞു. ബി.ജെ.പി സർക്കാരിനെ പ്രകോപിപ്പിക്കുന്നത് ഒട്ടും ആരോഗ്യകരമല്ലെന്ന ബോദ്ധ്യവും അവർക്കുണ്ടായി. അതുകൊണ്ടു തന്നെ പൗരത്വനിയമ ഭേദഗതിയുമായി ബന്ധപ്പെട്ടു നടന്ന കോലാഹലങ്ങളിലൊന്നും അവരെ കണ്ടില്ല.

2019 ലെ ഇൗസ്റ്റർ ദിവസം കൊളംബോയിലെ ക്രിസ്തീയ ദേവാലയങ്ങളിൽ നടന്ന ബോംബ് സ്ഫോടനങ്ങളും നൈജീരിയയിൽ ബോക്കോഹറം നടത്തുന്ന തീവ്രവാദ പ്രവർത്തനവും ഫ്രാൻസിൽ ഒരദ്ധ്യാപകന്റെ തലവെട്ടിയതും വിയന്നയിലെ ഭീകരാക്രമണവും പാകിസ്ഥാനിൽ ക്രൈസ്തവർ അനുഭവിക്കുന്ന പീഡനവുമൊക്കെ ഇവിടെയും ക്രിസ്ത്യൻ ഗ്രൂപ്പുകളിൽ വലിയ ചർച്ചാവിഷയമായി. ഇസ്താംബൂളിലെ ചരിത്രപ്രസിദ്ധമായ ഹാഗിയ സോഫിയ വീണ്ടും ഒരു മുസ്ളിം ആരാധനാകേന്ദ്രമാക്കി മാറ്റിയ നടപടി കേരളത്തിലെ ക്രൈസ്തവർക്കിടയിലും വലിയ വികാര വേലിയേറ്റം സൃഷ്ടിച്ചു. മേജർ ആർച്ച് ബിഷപ്പും പരിശുദ്ധ കാതോലിക്ക ബാവയും ഏകസ്വരത്തിൽ അതിനെ അപലപിച്ചു. അതേസമയം ഇൗ നടപടിയെ ന്യായീകരിച്ചുകൊണ്ട് പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ ചന്ദ്രിക ദിനപത്രത്തിൽ ലേഖനമെഴുതിയതും ക്രൈസ്തവ മതമേലദ്ധ്യക്ഷന്മാരെ പ്രകോപിപ്പിച്ചു.

2019 ലെ തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പാണ് കെ.എം. മാണി അന്തരിച്ചത്. അതിനുശേഷം അദ്ദേഹത്തിന്റെ പാർട്ടി രണ്ടായി പിളർന്നു. കെ.എം.മാണിയുടെ വിയോഗം സൃഷ്ടിച്ച ശൂന്യത നികത്താൻ ജോസ്. കെ. മാണിക്കോ പി.ജെ. ജോസഫിനോ പി.സി. ജോർജ്ജിനോ കഴിയില്ലെന്ന് കത്തോലിക്ക മെത്രാന്മാർ തിരിച്ചറിഞ്ഞു. പിളർപ്പോടെ കേരള കോൺഗ്രസ് കൂടുതൽ ദുർബലമായെന്നും അവർ മനസിലാക്കി. കേരള കോൺഗ്രസിലെ പിളർപ്പൊഴിവാക്കാൻ കോൺഗ്രസോ മുസ്ളിം ലീഗോ ശ്രമിച്ചില്ലെന്ന കാര്യവും അവരെ വേദനിപ്പിച്ചു. പാല ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി പരാജയപ്പെട്ടതും അതിനുശേഷം ജോസ്.കെ. മാണി നയിക്കുന്ന വിഭാഗത്തെ യു.ഡി.എഫിൽ നിന്ന് പുറത്താക്കിയതും മെത്രാൻമാരെ ഇരുത്തി ചിന്തിപ്പിച്ചു. ഇനിയങ്ങോട്ട് എൽ.ഡി.എഫുമായി സഹകരിക്കുന്നതാണ് ഭേദം എന്ന ചിന്ത അവിടെയും പ്രബലമായി.

ഏതാണ്ട് അതേ ഘട്ടത്തിലാണ് മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് പത്തു ശതമാനം സംവരണം ഏർപ്പെടുത്തിക്കൊണ്ടുള്ള കേരള ഗവൺമെന്റിന്റെ തീരുമാനം പുറത്തു വരുന്നത്. അതോടെ കത്തോലിക്ക മെത്രാന്മാർ ഇടതു സർക്കാരിന്റെ സ്തുതിഗായകരായി മാറി. ഭരണഘടന ഭേദഗതി ചെയ്ത് സംവരണം സാദ്ധ്യമാക്കിയ കേന്ദ്രത്തിലെ ബി.ജെ.പി സർക്കാരിനെയും താമസംവിനാ ഇതു സംസ്ഥാനത്ത് നടപ്പാക്കിയ ഇടതു മുന്നണി സർക്കാരിനെയും പ്രകീർത്തിച്ചുകൊണ്ട് ചങ്ങനാശേരി ആർച്ച് ബിഷപ്പ് ദീപിക പത്രത്തിന്റെ എഡിറ്റോറിയൽ പേജിൽ വലിയ ലേഖനം എഴുതി. അതിൽ മുന്നാക്ക സംവരണത്തെ വിമർശിക്കുന്ന മുസ്ളിം ലീഗിനെയും നിലപാടില്ലാതെ നട്ടം തിരിയുന്ന കോൺഗ്രസ് നേതൃത്വത്തെയും കണക്കിനു വിമർശിച്ചു. മുസ്ളിം ലീഗിന്റെ 'കൈകേയി സിൻഡ്രോമിനെ' പരിഹസിക്കുന്ന മറ്റൊരു ലേഖനം ദീപികയുടെ എഡിറ്റോറിയൽ പേജിൽ തന്നെ പ്രത്യക്ഷപ്പെട്ടു. മുസ്ളിങ്ങൾക്കുള്ള സംവരണത്തെ യാതൊരു തരത്തിലും ബാധിക്കുകയില്ല എങ്കിൽപോലും പാവപ്പെട്ട ക്രിസ്ത്യാനികൾക്കും ദരിദ്ര നായന്മാർക്കും വെറും പത്തുശതമാനം മാറ്റിവെക്കുന്നതിനെ ലീഗ് എതിർക്കുന്നത് ഭരതനെ യുവരാജാവാക്കിയാൽ മാത്രം പോര ശ്രീരാമൻ 14 കൊല്ലം കാട്ടിൽ പോവുകയും വേണമെന്ന കൈകേയിയുടെ മനോഭാവത്തോടാണ് ലേഖകൻ താരതമ്യം ചെയ്തത്.

കത്തോലിക്ക മെത്രാന്മാരുടെ അറിവോടും ആശീർവാദത്തോടും കൂടിയാണ് ജോസ്.കെ. മാണി നയിക്കുന്ന കേരള കോൺഗ്രസ് വിഭാഗം എൽ.ഡി.എഫിൽ ചേക്കേറിയത്. അവിടെ അവർക്ക് മാന്യമായ പരിഗണന ലഭിക്കുമെന്ന ഉറപ്പ് മാർക്സിസ്റ്റ് നേതൃത്വത്തിൽ നിന്ന് മെത്രാന്മാർക്ക് ലഭിച്ചുവെന്ന് വേണം മനസിലാക്കാൻ. ഇതേ സമയം തന്നെ ന്യൂനപക്ഷ സ്കോളർഷിപ്പുകളിലെ 80 : 20 അനുപാതം, ജസ്നയുടെ തിരോധാനം, ലൗ ജിഹാദ്, ഹലാൽ ഭക്ഷണം, മുസ്ളിം പള്ളികളിലെ ഉച്ചഭാഷിണി ഉപയോഗിച്ചുള്ള വാങ്ക് വിളി ഇങ്ങനെ വൈകാരികമായ നിരവധി വിഷയങ്ങൾ ക്രിസ്ത്യൻ ഗ്രൂപ്പുകളിൽ സജീവ ചർച്ചാ വിഷയമായി. ഇതിനു ചില വൈദികന്മാർ തന്നെ നേതൃത്വം നൽകി. അങ്ങനെ ക്രൈസ്തവർക്കിടയിൽ മുസ്ളിം വിരുദ്ധ വികാരം ശക്തിപ്രാപിച്ചു.

പാർലമെന്റ് അംഗത്വം ഉപേക്ഷിച്ച് കുഞ്ഞാലിക്കുട്ടി കേരള രാഷ്ട്രീയത്തിലേക്ക് തിരിച്ചു വരാൻ തീരുമാനിച്ചത് ക്രൈസ്തവരുടെ ആശങ്കകൾക്ക് ആക്കം കൂട്ടി. മുഖ്യമന്ത്രിയാകാനാണ് അദ്ദേഹം തിരിച്ചു വരുന്നതെന്നും ഇനിയങ്ങോട്ട് യു.ഡി.എഫിൽ ലീഗിന്റെ അപ്രമാദിത്വമായിരിക്കുമെന്നും കോൺഗ്രസും കേരള കോൺഗ്രസും അവർക്ക് കപ്പം കൊടുത്തു കഴിയേണ്ടി വരുമെന്നും പ്രചരണമുണ്ടായി. കേരള കോൺഗ്രസിന്റെ പൂഞ്ഞാർ സീറ്റ് ലീഗ് ചോദിക്കുമെന്നൊരു വാർത്തയും ദീപിക പത്രത്തിൽ പ്രത്യക്ഷപ്പെട്ടു. മതരാഷ്ട്രവാദികളുടെ വെൽഫെയർ പാർട്ടിയുമായി മുസ്ളിം ലീഗുണ്ടാക്കിയ ധാരണയെയും ദീപിക നിശിതമായി വിമശിച്ചു. അങ്ങനെ ക്രിസ്ത്യാനികളുടെ മുസ്ളിം വിരോധം വളരെപ്പെട്ടെന്ന് ലീഗ് വിരോധവും യു.ഡി.എഫ് വിരോധവുമായി പരിണമിച്ചു.

ക്രൈസ്തവരുടെ നിലപാടു മാറ്റം 2020 ലെ പഞ്ചായത്ത് - മുനിസിപ്പൽ തിരഞ്ഞെടുപ്പുകളിലും പ്രതിഫലിച്ചു. തൃശൂർ മുതൽ പത്തനംതിട്ടവരെയുള്ള പ്രദേശങ്ങളിൽ യു.ഡി.എഫിന് അപ്രതീക്ഷിതമായ തിരിച്ചടിയുണ്ടായി. ഇതു പരിഹരിക്കാൻ വേണ്ടി ലീഗ് നേതാക്കൾ മെത്രാൻ അരമനകളിൽ ചെല്ലുകയും സന്ധി സംഭാഷണം നടത്തുകയും ചെയ്തു. പക്ഷേ, സഭാനേതൃത്വം നിലപാടു മാറ്റാൻ കൂട്ടാക്കിയില്ല. ഒരു അവസാനശ്രമമെന്ന നിലയിൽ ഉമ്മൻചാണ്ടിയെ യു.ഡി.എഫ് നേതൃത്വത്തിൽ പുനരവതരിപ്പിക്കുകയും അദ്ദേഹമായിരിക്കും മുഖ്യമന്ത്രി സ്ഥാനാർത്ഥിയെന്ന് വ്യക്തമായ സൂചന നൽകുകയും ചെയ്തു. പക്ഷേ, അതും ഫലവത്തായില്ലെന്ന് നിയമസഭാ തിരഞ്ഞെടുപ്പു ഫലം വ്യക്തമാക്കി. ക്രിസ്ത്യൻ സഭകൾക്ക് പ്രാമുഖ്യമുള്ള മദ്ധ്യ കേരളത്തിൽ എൽ.ഡി.എഫിനു തന്നെ കനത്ത ഭൂരിപക്ഷം ലഭിച്ചു.

നിയമസഭാ തിരഞ്ഞെടുപ്പിനു മുമ്പു തന്നെ മന്ത്രി ജലീലിനെ ക്രൈസ്തവ സഭാനേതൃത്വം ഒറ്റതിരിച്ചു ആക്രമിച്ചിരുന്നു. ന്യൂനപക്ഷ ക്ഷേമവകുപ്പ് ഫലത്തിൽ മുസ്ളിം ക്ഷേമവകുപ്പായി പരിണമിച്ചെന്ന് അവർ പരാതിപ്പെട്ടു. വോട്ടെടുപ്പിനും തിരഞ്ഞെടുപ്പു ഫലപ്രഖ്യാപനത്തിനുമിടയിൽ അദ്ദേഹത്തെ അയോഗ്യനാക്കിക്കൊണ്ടുള്ള ലോകായുക്തയുടെ ഉത്തരവു പുറത്തു വരികയും ചെയ്തു. വിശ്വാസം പറയ്ക്ക് അടിയിൽ വെക്കാനുള്ളതല്ലെന്ന് പരസ്യമായി പ്രഖ്യാപിച്ച ഒരു ന്യായാധിപനാണ് ജലീലിന്റെ വിധി തീരുമാനിച്ചതെന്നകാര്യവും പ്രസ്താവ്യമാണ്.

തിരഞ്ഞെടുപ്പു കഴിഞ്ഞപ്പോൾ മെത്രാന്മാർ അടുത്ത ഡിമാന്റ് മുന്നോട്ടുവച്ചു. ന്യൂനപക്ഷ ക്ഷേമവകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കണമെന്ന് അവർ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി അതംഗീകരിക്കുകയും വകുപ്പ് ഏറ്റെടുക്കുകയും ചെയ്തു. ഇതിന്റെ തുടർച്ചയെന്ന രീതിയിലാണ് ഇപ്പോൾ 80:20 എന്ന അനുപാതം റദ്ദാക്കിക്കൊണ്ടുള്ള ഹൈക്കോടതിയുടെ സുപ്രധാന വിധി ഉണ്ടായിട്ടുള്ളത്. വിധി ഉടനെ നടപ്പാക്കണമെന്ന് ക്രിസ്ത്യൻ സഭകളും ഇരു കേരള കോൺഗ്രസുകളും ആവശ്യപ്പെട്ടു. സുപ്രീം കോടതിയിൽ അപ്പീൽ കൊടുക്കണമെന്ന് വിവിധ മുസ്ളിം സംഘടനകളും ആവശ്യപ്പെടുന്നു. പ്രശ്ന പരിഹാരത്തിന് മുഖ്യമന്ത്രി സർവകക്ഷിയോഗം വിളിച്ചു. 80 : 20 അനുപാതത്തിന്റെ കാര്യത്തിൽ രമ്യമായ പരിഹാരം ഉണ്ടായാലും ഇല്ലെങ്കിലും രണ്ടു പ്രബല ന്യൂനപക്ഷ സമുദായങ്ങൾക്കിടയിൽ നിലനിൽക്കുന്ന പരസ്പര അവിശ്വാസവും സ്പർദ്ധയും സംസ്ഥാനത്തെ എങ്ങോട്ട് നയിക്കുമെന്നതാണ് നാം കാത്തിരുന്നു കാണേണ്ട പ്രധാന സംഗതി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CHATHURANGAM
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.