SignIn
Kerala Kaumudi Online
Friday, 26 April 2024 9.39 AM IST

ലഖിംപൂരും വോട്ടുബാങ്കും

photo

ഉത്തർപ്രദേശിലെ ലഖിംപൂർഖേരിയിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ മകൻ കർഷക സമരക്കാർക്കു നേരെ വാഹനം ഓടിച്ചുകയറ്റി നാലുപേരെ കൊല്ലുകയും കർഷകരുടെ പ്രത്യാക്രമണത്തിൽ നാല് ബി.ജെ.പി പ്രവർത്തകർ കൊല്ലപ്പെടുകയും ചെയ്ത സംഭവം പ്രാദേശിക രാഷ്ട്രീയത്തിൽ മാത്രമല്ല ദേശീയ രാഷ്ട്രീയത്തിലും വലിയ കോളിളക്കം ഉണ്ടാക്കിയിരിക്കുന്നു.

സാധാരണഗതിയിൽ പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യുകയും രാഷ്‌ട്രീയ സമ്മർദ്ദം ശക്തമാകുന്ന മുറയ്ക്ക് സഹമന്ത്രിയെ കേന്ദ്രമന്ത്രിസഭയിൽ നിന്ന് മാറ്റിനിറുത്തുകയുമാണ് ചെയ്യേണ്ടിയിരുന്നത്. എന്നാൽ അതുണ്ടായില്ല. സുപ്രീം കോടതിയിൽ നിന്ന് നിശിത വിമർശനം ഉണ്ടായശേഷമാണ് മന്ത്രികുമാരനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇപ്പോഴും അന്വേഷണം ശരിയായ ദിശയിലല്ല പോകുന്നത്. കർഷകസമരം തന്നെ വലിയൊരു പ്രഹേളികയായി കേന്ദ്ര സർക്കാരിനു മുന്നിൽ നില്‌ക്കുന്ന സാഹചര്യത്തിലും ആഭ്യന്തര സഹമന്ത്രിയെ മാറ്റിനിറുത്താൻ പ്രധാനമന്ത്രി കൂട്ടാക്കിയിട്ടില്ല. ഉത്തർപ്രദേശിൽ ഇനി തിരഞ്ഞെടുപ്പിന് മൂന്നുമാസമേ ബാക്കിയുള്ളൂ. സംസ്ഥാന സർക്കാരിന്റെ മാത്രമല്ല കേന്ദ്ര സർക്കാരിന്റെ പ്രതിഛായയെയും ലഖിംപൂർഖേരി സംഭവം ബാധിച്ചിട്ടുണ്ട്.

ദേശീയ രാഷ്ട്രീയത്തിന്റെയും പ്രാദേശിക രാഷ്ട്രീയത്തിന്റെയും നാഡീസ്പന്ദനം നന്നായി അറിയുന്നവരാണ് നരേന്ദ്രമോദിയും അമിത് ഷായും. മുമ്പ് 'മീ ടൂ' അപവാദത്തിന് ഇരയായ എം.ജെ. അക്ബറിനെ മന്ത്രിസഭയിൽ നിന്ന് മാറ്റി നിറുത്തിയ കീഴ്‌വഴക്കവുമുണ്ട്. എന്നിട്ടും എന്തുകൊണ്ട് അജയ്‌കുമാർ മിശ്രയെന്ന സഹമന്ത്രിയെ സംരക്ഷിക്കുന്നുവെന്നതാണ് സംശയം. അതിന്റെ ഉത്തരം കണ്ടെത്തണമെങ്കിൽ ഉത്തർപ്രദേശിലെ ജാതി രാഷ്ട്രീയത്തെക്കുറിച്ച് അറിഞ്ഞിരിക്കണം.

സ്വാതന്ത്ര്യം ലഭിച്ച് വർഷം 75 പിന്നിടുമ്പോഴും ഇന്ത്യാ മഹാരാജ്യത്ത് മതവും ജാതിയും വംശവുമൊക്കെയാണ് രാഷ്ട്രീയത്തിന്റെ ഗതിവിഗതികൾ നിർണയിക്കുന്നത്. പ്രബുദ്ധ കേരളത്തിൽപോലും അതാണ് അവസ്ഥ. യു.പി, ബീഹാർ മുതലായ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ കാര്യം പറയാനുമില്ല. സവർണരാഷ്ട്രീയം വളരെക്കാലം കൊടികുത്തിവാണ സംസ്ഥാനമാണ് ഉത്തർപ്രദേശ്. കോൺഗ്രസിന് മേൽക്കോയ്മയുണ്ടായിരുന്ന കാലത്ത് സംസ്ഥാന രാഷ്ട്രീയം പൂർണമായും സവർണരുടെ കൈപ്പിടിയിലായിരുന്നു. ഗോവിന്ദ വല്ലഭ പന്ത്, സമ്പൂർണാനന്ദ്, ചന്ദ്രഭാനു ഗുപ്ത, സുചേത കൃപലാനി അങ്ങനെ നീണ്ടുപോയി മുഖ്യമന്ത്രിമാരുടെ നിര. ബ്രാഹ്മണരും പട്ടികജാതിക്കാരും മുസ്ളിങ്ങളുമായിരുന്നു കോൺഗ്രസിന്റെ പ്രധാന വോട്ടുബാങ്ക്. അവരിൽത്തന്നെ ബ്രാഹ്മണർക്കായിരുന്നു പ്രാമുഖ്യം. ഉത്തർപ്രദേശിലെ ജനസംഖ്യയിൽ 21 ശതമാനം വരും പട്ടിക സമുദായക്കാർ. 40 ശതമാനം ഹിന്ദു പിന്നാക്ക സമുദായക്കാരും 19 ശതമാനം മുസ്ളിങ്ങളുമാണ്. 23 ശതമാനമേയുള്ളൂ സവർണ സമുദായക്കാർ. അവരിൽ 12 ശതമാനം ബ്രാഹ്മണരും എട്ടുശതമാനം ഠാക്കൂർമാർ എന്നു വിളിക്കപ്പെടുന്ന രജപുത്രരുമാണ്. 1969 ലെ പിളർപ്പിനുശേഷം ഇന്ദിരാപക്ഷത്ത് ബ്രാഹ്മണ നേതാക്കളായിരുന്നു സർവശക്തർ. കമലാപതി ത്രിപാഠി, എച്ച്.എൻ. ബഹുഗുണ, എൻ.ഡി. തിവാരി എന്നിവരും പ്രധാനമന്ത്രി ഇന്ദിരാഗാന്ധി തന്നെയും ഇൗ വിഭാഗത്തിൽ നിന്നായിരുന്നു. മറുവശത്ത് പിന്നാക്ക സമുദായക്കാർ പണ്ടുമുതലേ സോഷ്യലിസ്റ്റ് പാർട്ടികളോടു അനുഭാവം പുലർത്തുന്നവരാണ്. ജനസംഖ്യയുടെ15 ശതമാനം വരുന്ന യാദവരാണ് ഇവരിൽ ഏറ്റവും പ്രബല സമുദായം. പശ്ചിമ യു.പിയിലെ ജാട്ടുകളുടെ നേതാവായ ചൗധരി ചരൺസിംഗുകൂടി അവരോടു കൈകോർത്തപ്പോൾ കോൺഗ്രസിനെ വെല്ലുവിളിക്കാവുന്ന സംഖ്യാബലം പിന്നാക്ക സമുദായക്കാർക്ക് കൈവന്നു.

അടിയന്തരാവസ്ഥയ്ക്ക് മുമ്പ് ഉത്തർപ്രദേശിൽ ഭാരതീയ ജനസംഘം വലിയ രാഷ്ട്രീയ ശക്തിയൊന്നും ആയിരുന്നില്ല. നഗരങ്ങളിൽ കച്ചവടംചെയ്തു ജീവിക്കുന്ന വൈശ്യർ (ബനിയ) ആയിരുന്നു അവരുടെ പ്രധാന വോട്ടുബാങ്ക്.

1977 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും പിന്നാലെ നടന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിലും കോൺഗ്രസിന്റെ പരമ്പരാഗത വോട്ടുബാങ്കുകളിൽ വിള്ളൽ വീണു. മുസ്ളിങ്ങൾ ഏറെക്കുറേ പൂർണമായും പാർട്ടിയെ കൈവിട്ടു. പട്ടിക ജാതിക്കാരിലും ചേരിതിരിവ് പ്രത്യക്ഷമായി. സവർണഹിന്ദു വോട്ടുകൾ നല്ലൊരുഭാഗം ജനസംഘം കൊണ്ടുപോയി. സോഷ്യലിസ്റ്റ് പാർട്ടിയുടെ പരമ്പരാഗത പിന്നാക്ക വോട്ടുകളും ചരൺസിംഗിന്റെ വരുതിയിൽ നിൽക്കുന്ന ജാട്ടുകളും കൂടിച്ചേർന്നപ്പോൾ കോൺഗ്രസിന് അടിപതറി. റായ് ബറേലിയിൽ ഇന്ദിരാഗാന്ധിയും അമേഠിയിൽ സഞ്ജയ് ഗാന്ധിയും വരെ തോൽക്കുന്ന സാഹചര്യമുണ്ടായി. സംസ്ഥാനത്തെ 85 ലോക്‌സഭാ സീറ്റുകളിൽ ഒന്നുപോലും പാർട്ടിക്ക് വിജയിക്കാൻ കഴിഞ്ഞില്ല.1977 ൽ ജനതാപാർട്ടിയിലെ രാം നരേഷ് യാദവ് ഉത്തർപ്രദേശ് മുഖ്യമന്ത്രിയായി. പിന്നാക്ക സമുദായത്തിൽ നിന്ന് ആദ്യമായി ആ സ്ഥാനത്ത് എത്തിയ ആളായിരുന്നു അദ്ദേഹം. 1980 ആകുമ്പോഴക്കും ബ്രാഹ്മണരും മുസ്ളിങ്ങളും പട്ടികജാതിക്കാരും ഇന്ദിരാഗാന്ധിയാണ് ഭേദം എന്നു തിരിച്ചറിഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിലും പിന്നാലെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലും കോൺഗ്രസ് വൻ വിജയം നേടി. സഞ്ജയ് ഗാന്ധിക്കായിരുന്നു ടിക്കറ്റ് വിതരണത്തിന്റെ പ്രധാന ചുമതല. അദ്ദേഹം മുതിർന്ന നേതാക്കളെ അവഗണിച്ച് സ്വന്തം സിൽബന്ധികൾക്കാണ് സീറ്റു കൊടുത്തത്. ബ്രാഹ്മണരെക്കാൾ പ്രാതിനിധ്യം രജപുത്രർക്ക് ലഭിച്ചു. കമലാപതി ത്രിപാഠി രഹസ്യമായും എച്ച്.എൻ. ബഹുഗുണ പരസ്യമായും പ്രതിഷേധിച്ചു. പക്ഷേ ഫലമൊന്നുമുണ്ടായില്ല. നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഭൂരിപക്ഷം കിട്ടിയപ്പോൾ ബ്രാഹ്മണ നേതാക്കൾ തഴയപ്പെട്ടു. രജപുത്രനായ വിശ്വനാഥ് പ്രതാപ്‌സിംഗ് ഉത്തർപ്രദേശ് മുഖ്യമന്ത്രിയായി. രണ്ടുവർഷത്തിനു ശേഷം സിംഗ് രാജിവെച്ചപ്പോൾ ബ്രാഹ്മണർക്ക് മുഖ്യമന്ത്രിപദം തിരിച്ചുകിട്ടി. ആദ്യം ശ്രീപതി മിശ്ര, പിന്നീട് നാരായൺ ദത്ത് തിവാരി.

1986 -88 കാലത്ത് ബാബറി മസ്ജിദ് - രാമജന്മഭൂമി പ്രശ്നം വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളെ കലാപ കലുഷിതമാക്കി. മുസ്ളിങ്ങൾ ഒന്നടങ്കം കോൺഗ്രസ് പാർട്ടിയെ കൈവിട്ടു. സവർണ സമുദായക്കാർ ബി.ജെ.പിയുടെ കൊടിക്കീഴിൽ അണിനിരന്നു. ഹിന്ദു പിന്നാക്ക സമുദായക്കാർ ജനതാദളായി പരിണമിച്ച പഴയ സോഷ്യലിസ്റ്റ് ഗ്രൂപ്പുകൾക്കൊപ്പം ഉറച്ചുനിന്നു. അങ്ങനെ 1989 ലെ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ കോൺഗ്രസ് കടപുഴകി. പിന്നീടൊരിക്കലും പാർട്ടിക്ക് ഭരണം തിരിച്ചു പിടിക്കാൻ കഴിഞ്ഞില്ല. ജനതാദളും ബി.ജെ.പിയും ചേർന്ന് കൂട്ടുമന്ത്രിസഭ രൂപീകരിച്ചു. മുലായംസിംഗ് യാദവ് മുഖ്യമന്ത്രിയായി. അതിനുശേഷം രാമജന്മഭൂമി പ്രശ്നം കൂടുതൽ സങ്കീർണമായി. സോമനാഥിൽ നിന്ന് അയോദ്ധ്യയിലേക്ക് എൽ.കെ. അദ്വാനി നടത്തിയ രഥയാത്ര ആദ്യം കേന്ദ്രത്തിലെ വി.പി. സിംഗ് മന്ത്രിസഭയെ വീഴ്‌ത്തി, തൊട്ടുപിന്നാലെ മുലായംസിംഗിന്റെ സംസ്ഥാന മന്ത്രിസഭയെയും താഴെയിറക്കി. 1991 മേയ് മാസം നടന്ന തിരഞ്ഞടുപ്പിൽ ഉത്തർപ്രദേശിൽ രാമതരംഗം ആഞ്ഞടിച്ചു. ബി.ജെ.പി ഒറ്റക്ക് ഭൂരിപക്ഷം നേടി. കൽരാജ് മിശ്ര, കേസരിനാഥ് ത്രിപാഠി എന്നിങ്ങനെ ബ്രാഹ്മണരും രാജ്നാഥ് സിംഗ് എന്ന രജപുത്രനും രാംപ്രകാശ് ഗുപ്ത എന്ന മുതിർന്ന ബനിയ നേതാവുമുണ്ടായിട്ടും പിന്നാക്ക സമുദായക്കാരനായ കല്യാൺ സിംഗിനാണ് മുഖ്യമന്ത്രിയാകാൻ അവസരം ലഭിച്ചത്. കാരണം മണ്ഡൽ കമ്മിഷൻ റിപ്പോർട്ട് ഉയർത്തിവിട്ട സാമുദായിക ധ്രുവീകരണത്തെ മറികടക്കാൻ ബി.ജെ.പിക്ക് അന്ന് കല്യാൺ സിംഗിനെപ്പോലെ ഒരാളെ ആവശ്യമുണ്ടായിരുന്നു. അദ്ദേഹം മുഖ്യമന്ത്രിയായതിൽ സവർണ നേതാക്കൾ, പ്രത്യേകിച്ച് ബ്രാഹ്മണർ തീർത്തും അതൃപ്തരായിരുന്നു. എങ്കിലും കല്യാൺ സിംഗിനെ അംഗീകരിക്കുകയല്ലാതെ അവർക്ക് മറ്റു വഴികളൊന്നുമുണ്ടായിരുന്നില്ല.

1992 ഡിസംബർ ആറിന് ബാബറി മസ്ജിദ് തകർത്തതിനെത്തുടർന്ന് കല്യാൺ സിംഗ് രാജിവച്ചു. തൊട്ടുപിന്നാലെ കേന്ദ്ര സർക്കാർ നിയമസഭ പിരിച്ചുവിടുകയും ചെയ്തു. 1993 ഡിസംബറിൽ വീണ്ടും തിരഞ്ഞെടുപ്പു നടന്നു. മുലായംസിംഗിന്റെ നേതൃത്വത്തിൽ പിന്നാക്ക സമുദായക്കാരും കാൻഷിറാമിന്റെ കീഴിൽ പട്ടികജാതിക്കാരും ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിട്ടു. ബി.ജെ.പിക്ക് അ‌ടിപതറി. എസ്.പി - ബി.എസ്.പി സഖ്യം ഉത്തർപ്രദേശിൽ ഭരണം പിടിച്ചെടുത്തു. 1993 ഡിസംബർ മുതൽ 1999 നവംബർ വരെയുള്ള കാലഘട്ടത്തിൽ മുലായംസിംഗും മായാവതിയും കല്യാൺസിംഗും മാറിമാറി മുഖ്യമന്ത്രിമാരായി. എല്ലാ മന്ത്രിസഭകളും അല്പായുസായിരുന്നു. 1999 ലെ പാർലമെന്റ് തിരഞ്ഞെടുപ്പിനുശേഷം കല്യാൺ സിംഗ് ബി.ജെ.പിയുടെ കേന്ദ്ര നേതൃത്വത്തിന് അനഭിമതനായി തീർന്നു. നവംബർ 12 ന് അദ്ദേഹത്തെ മാറ്റി മുതിർന്ന നേതാവ് രാം പ്രകാശ് ഗുപ്ത മുഖ്യമന്ത്രിയായി. ഒരു വർഷത്തിനുശേഷം അദ്ദേഹത്തെയും മാറ്റി. രാജ്നാഥ് സിംഗ് മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുത്തു. ആ ഭരണം കഷ്ടിച്ച് ഒന്നരവർഷം നീണ്ടുനിന്നു. 2002 മുതൽ 2017 വരെയുള്ള 15 വർഷം മുലായംസിംഗ് യാദവും മായാവതിയും അഖിലേഷ് യാദവുമാണ് ഉത്തർപ്രദേശ് ഭരിച്ചത്. ആ ഘട്ടത്തിലൊക്കെ ഉത്തർപ്രദേശിലെ സവർണ സമുദായക്കാർ പ്രായേണ ബി.ജെ.പിയെ പിന്തുണച്ചു. പക്ഷേ വലിയ ചലനമൊന്നും സൃഷ്ടിക്കാൻ കഴിഞ്ഞില്ല. 2007 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശ് രാഷ്ട്രീയം അതുവരെ കാണാത്ത പുതിയൊരു പരീക്ഷണം അരങ്ങേറി. ബ്രാഹ്മണ സമുദായത്തിലെ ഒരു വിഭാഗം മായാവതിയുടെ നേതൃത്വം അംഗീകരിക്കുകയും ബഹുജൻ സമാജ് എന്ന സ്ഥാനത്ത് സർവജന സമാജ് എന്ന മുദ്രാവാക്യമുയർത്തി ബി.എസ്.പി കേവല ഭൂരിപക്ഷം നേടുകയും ചെയ്തു. പക്ഷേ ആ കൂട്ടുകെട്ട് അധികം നാൾ നീണ്ടുനിന്നില്ല. ബ്രാഹ്മണരാദി മുന്നാക്ക സമുദായക്കാർ വീണ്ടും ബി.ജെ.പിയുടെ കൊടിക്കീഴിൽത്തന്നെ അണിനിരന്നു.

2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പാകുമ്പോഴേക്കും യു.പി രാഷ്ട്രീയം പാടേ മാറി. നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ പിന്നാക്ക, മുന്നാക്ക ഹിന്ദു സമുദായങ്ങൾ കൈകോർത്തു. ബി.എസ്.പിയുടെ ദളിത് രാഷ്ട്രീയവും സമാജ്‌വാദി പാർട്ടിയുടെ യാദവ - മുസ്ളിം ഐക്യവും പാടേ അപ്രസക്തമായി. യു.പി.യിലെ ബഹുഭൂരിപക്ഷം സീറ്റുകളും ബി.ജെ.പി കൈക്കലാക്കി. അമിത്ഷായെന്ന പുതിയ ചാണക്യൻ രംഗപ്രവേശം ചെയ്തു. സംസ്ഥാന കോൺഗ്രസ് പ്രസിഡന്റ് റീത്ത ബഹുഗുണ ജോഷിയും മുൻ ഉത്തരഖണ്ഡ് മുഖ്യമന്ത്രി വിജയ് ബഹുഗുണയും വരെ ബി.ജെ.പിയിലേക്ക് കൂറുമാറി. അമിത് ഷായുടെ സോഷ്യൽ എൻജിനീയറിംഗ് 2017 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് തിളക്കമാർന്ന വിജയം നേടിക്കൊടുത്തു. ബി.ജെ.പി വീണ്ടും അധികാരത്തിൽ എത്തിയപ്പോൾ ബ്രാഹ്മണ സമുദായം മുഖ്യമന്ത്രിസ്ഥാനം പ്രതീക്ഷിച്ചു. എന്നാൽ രജപുത്രനായ യോഗീ ആദിത്യനാഥിനാണ് അവസരം ലഭിച്ചത്. അദ്ദേഹത്തോടൊപ്പം കേശവ് പ്രസാദ് മൗര്യയെന്ന പിന്നാക്ക സമുദായക്കാരനും ഡോ. ദിനേശ് ശർമ്മ എന്ന ബ്രാഹ്മണനും ഉപമുഖ്യമന്ത്രിസ്ഥാനം പങ്കിട്ടു. തിരഞ്ഞെടുപ്പിനുശേഷവും ബ്രാഹ്മണ സമുദായത്തെ പരമാവധി പ്രീണിപ്പിക്കാനുള്ള ശ്രമങ്ങളാണ് ബി.ജെ.പി നടത്തിക്കൊണ്ടിരിക്കുന്നത്. പ്രത്യേകിച്ച് പ്രിയങ്ക ഗാന്ധി ഉത്തർപ്രദേശ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സാഹചര്യത്തിൽ. അതുകൊണ്ടാണ് പഴയ കോൺഗ്രസ് നേതാവ് ജിതേന്ദ്ര പ്രസാദയുടെ മകനും സമീപ ദിവസംവരെ രാഹുൽ ഗാന്ധിയുടെ വലംകൈയുമായിരുന്ന ജിതിൻ പ്രസാദയെ മറുകണ്ടംചാടിച്ച് മന്ത്രിയാക്കിയത്.

വിവാദ പുരുഷനായ അജയ് കുമാർ മിശ്ര ബ്രാഹ്മണനാണെന്നു മാത്രമല്ല, സമുദായത്തിൽ നല്ല സ്വാധീനമുള്ള വ്യക്തിയുമാണ്. തിരഞ്ഞെടുപ്പ് അടുത്ത സമയത്ത് അദ്ദേഹത്തെ കേന്ദ്രമന്ത്രിസഭയിൽ നിന്നൊഴിവാക്കുന്നത് വോട്ടുബാങ്കിനെ ബാധിക്കുമെന്ന് അമിത് ഷായ്‌ക്ക് അറിയാം, നരേന്ദ്രമോദിക്കുമറിയാം. സുപ്രീം കോടതിയിൽ കേസ് കൊടുത്താലും രാഷ്ട്രപതിക്ക് നിവേദനം നൽകിയാലും അദ്ദേഹത്തെ ഒഴിവാക്കാൻ സാധിക്കില്ല. കൊല്ലപ്പെട്ട കർഷകർ എല്ലാവരും സിഖുകാരാണ്. സംസ്ഥാന ജനസംഖ്യയുടെ 0.32 ശതമാനം മാത്രമേയുള്ളൂ സിഖുകാർ. ഉത്തർപ്രദേശിൽ അവർക്ക് പ്രത്യേക വോട്ടു ബാങ്കില്ല. അതുപോലെയല്ല ബ്രാഹ്മണർ. പ്രബലസമുദായത്തെ വേദനിപ്പിച്ചുകൊണ്ട് യു.പി.യിൽ ഒരു പാർട്ടിക്കും മുന്നോട്ടു പോകാൻ കഴിയില്ല. ഇതാണ് ലഖിംപൂർഖേരിയുടെ യഥാർത്ഥ ഉള്ളുകളി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CHATHURANGAM, LAKHIMPUR
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.