SignIn
Kerala Kaumudi Online
Saturday, 17 August 2024 10.00 AM IST

കുഴിനഖം ഒരു കുറ്റമാണോ ഡോക്ടർ

kuzhinagham

മലയാള നാടകാചാര്യനും തിരക്കഥാകൃത്തും സംവിധായകനുമായിരുന്ന തോപ്പിൽഭാസി , അശ്വമേധം എന്ന നാടകത്തിൽ എഴുതിയ ഒരു സംഭാഷണ ശകലമുണ്ട്. 'രോഗം ഒരു കുറ്റമാണോ, മനസിന് കുഷ്ഠരോഗം വരുമോ? കുഷ്ഠരോഗ ഭയത്താൽ രോഗികളായവരെ ആട്ടി അകറ്റിയിരുന്ന രാജ്യത്തെ ഒരു ഇരുണ്ടകാലഘട്ടത്തിൽ കുഷ്ഠരോഗ ബാധിതയായ സരോജ, ഡോ. തോമസിനോട് ചോദിക്കുന്ന ചോദ്യമാണ്. കെ.പി.എ.സി അവതരിപ്പിച്ച നാടകം ആയിരക്കണക്കിന് വേദികളിലാണ് ആസ്വാദകരുടെ കണ്ണ് നിറച്ചത്. പിന്നീട് ഈ നാടകം സിനിമയുമാക്കപ്പെട്ടു. കാലം മാറി, കുഷ്ഠം നിർമ്മാർജ്ജനം ചെയ്യപ്പെട്ടു. തന്റേതല്ലാത്ത അപരാധത്താൽ, ശരീരത്തിൽ എത്തപ്പെടുന്ന രോഗാണുക്കളുടെ പേരിൽ ശപിക്കപ്പെട്ടവരായി മുദ്രകുത്തിയ മനുഷ്യജീവികൾക്ക് വേണ്ടിയാണ് തോപ്പിൽ ഭാസി ഈ വരികൾ കോറിയിട്ടത്. അതിനാൽ മാനവീയമായ ഒരു പ്രസക്തി ഈ ചോദ്യത്തിന് എപ്പോഴുമുണ്ട്. കുഷ്ഠത്തിന്റെ സ്ഥാനത്ത് കുഴിനഖത്തിനുമുണ്ട് ഇതേ പ്രസക്തി.

ഏറ്റവും നല്ല ഉദ്യോഗസ്ഥനുള്ള റവന്യു വകുപ്പിന്റെ അവാർഡിന് അർഹനായ തിരുവനന്തപുരം ജില്ലാ കളക്ടർ ജെറോമിക് ജോർജുമായി ബന്ധപ്പെട്ട് ഉയർന്നിട്ടുള്ള ചില വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് അശ്വമേധത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം നടത്തിയത്. കളക്ടറുടെ കാലിലുണ്ടായ കുഴിനഖം പരിശോധിച്ച് ചികിത്സ നടത്താൻ ഒരു സർക്കാർ ഡോക്ടറെ നിയോഗിക്കണമെന്ന് കളക്ടർ ജില്ലാ മെഡിക്കൽ ഓഫീസറോട് ആവശ്യപ്പെടുന്നു, വേണ്ട നടപടി എടുക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർ ജനറൽ ആശുപത്രി സൂപ്രണ്ടിന് നിർദ്ദേശം നൽകുന്നു, സർജറി വിഭാഗത്തിലെ ഒരു അസിസ്റ്റന്റ് സർജനെ നിയോഗിക്കുന്നു. സർജൻ കളക്ടറുടെ ഔദ്യോഗിക വസതിയിലെത്തി, ഒരു മണിക്കൂറോളം കാത്തുകെട്ടി ഇരിക്കുന്നു. വിരലൊന്ന് കിട്ടിയിട്ടല്ലേ കുഴിനഖം പരിശോധിക്കാനാവൂ. പിന്നീട് പരിശോധന കഴിഞ്ഞു മടങ്ങുന്നു. ഇത് ഡോക്ടർ അവരുടെ സംഘടനാ ഭാരവാഹികളെ അറിയിച്ചതോടെയാണ് സംഭവം വിവാദമായത്. ഏറെത്തിരക്കുള്ള ജനറൽ ആശുപത്രിയിൽ , സ്വകാര്യ ആശുപത്രികളുടെ സ്വപ്നസമാനമായ സൗകര്യങ്ങളുടെ പളപളപ്പിൽ രോഗത്തെപ്പോലും ആഘോഷമാക്കുന്നവർക്കിടയിൽ ഇതിനൊന്നും ഗത്യന്തരമില്ലാത്ത സാധുക്കൾമാത്രം കാത്തിരിക്കുന്ന സാഹചര്യത്തിൽ ഒരു ഡോക്ടറെ ജില്ലാ കളക്ടറുടെ ചികിത്സയ്ക്കായി നിയോഗിച്ചതിലും അതിന് വേണ്ടി ചെലവഴിക്കേണ്ടി വന്ന സമയത്തിലും ഉള്ള വേദനയാണ് സർജൻ സഹജീവികളുമായി പങ്കുവച്ചത്.

കുഴിനഖം വിവാദങ്ങളിലേക്ക്

പ്രാണവായുവിൽ പോലും കക്ഷിരാഷ്ട്രീയത്തിന്റെ മസാലപ്പൊടി ചേർക്കാൻ മടിക്കാത്ത ഈ കാലഘട്ടമായതിനാൽ സംഭവം ഡോക്ടർമാരുടെ സംഘടന ഏറ്റെടുക്കുന്നു. ഡോക്ടർ പദവിയിൽ നിന്ന് സിവിൽ സർവീസിലെത്തി, ചീഫ് സെക്രട്ടറി പദവിയിലെത്തിയ ഡോ.വേണുവിന് പരാതി കൈമാറുന്നു. ഇത് സ്വാഭാവികമായും ചാനലുകാരുടെ അന്തിച്ചർച്ചയ്ക്ക് വരുന്നു. മൈക്കു കണ്ടാൽ സ്വയം മറക്കുന്ന ചർച്ചതൊഴിലാളികൾ സംഭവത്തിന് പൊടിപ്പും തൊങ്ങലും വച്ച് കൊഴുപ്പേകുന്നു. ഭരണപക്ഷ സർവീസ് സംഘടനയുടെ നേതാവ് തന്നെ സ്വന്തം വകുപ്പിലുൾപ്പെടുന്ന ജില്ലാ കളക്ടറെ പ്രതിക്കൂട്ടിൽ നിർത്തിയതോടെ വിവാദത്തിന് വിവിധ തലങ്ങൾ സംജാതമാവുന്നു. ചാനലിന് മുന്നിൽ സായംകാലത്ത് കോട്ടുവായുടെ അകമ്പടിയിൽ പാതിമയക്കത്തിലിരിക്കുന്ന പാവപ്പെട്ടവരുടെ തലയ്ക്കുള്ളിലെ വകതിരിവിന്റെ കേന്ദ്രത്തിലേക്കാണ് ഈ ചർച്ചാ പുംഗവന്മാർ തങ്ങളുടെ വികലവും വികസ്വരപരമെന്ന് ധരിക്കുന്നതും വിനാശകരവുമായ പലവിധ ചിന്താധരണികൾ എയ്തു വിടുന്നത്. വായും പൊളിച്ചിരിക്കുന്ന ഈ പാവങ്ങൾക്കുമുണ്ടല്ലോ ചില സംശയങ്ങൾ.

നിയമം കളക്ടർക്കൊപ്പം

യഥാർത്ഥത്തിൽ ജില്ലാ കളക്ടർക്ക് അസുഖമുണ്ടായാൽ ഗവൺമെന്റ് സ്വീകരിക്കേണ്ട നടപടികൾ എന്തെല്ലാം. 1951-ലെ അഖിലേന്ത്യാ സർവീസ് ആക്ട് 3 (1) വകുപ്പുപ്രകാരം പുറപ്പെടുവിച്ച ആൾ ഇന്ത്യ സർവീസ് മെഡിക്കൽ അറ്റൻഡന്റ് ചട്ടം 1954 -ൽ ഇതു സംബന്ധിച്ച് വിശദമായി പ്രതിപാദിക്കുന്നുണ്ട്. അഖിലേന്ത്യാ സിവിൽ സർവീസ് അംഗങ്ങൾക്കും കുടുംബാഗങ്ങൾക്കും സർക്കാർ സർവീസിലുള്ള ഡോക്ടർമാർ ചികിത്സ നൽകാൻ ബാദ്ധ്യസ്ഥമാണ്. രോഗത്തിന്റെ സ്വഭാവമനുസിരിച്ച് അദ്ദേഹത്തിന്റെ ഗൃഹത്തിലെത്തി ചികിത്സ നൽകണമെന്നും നിഷ്കർഷിക്കുന്നുണ്ട്. പാർലമെന്റ് പാസാക്കിയ നിയമമാണ്. രോഗസംബന്ധമായ വിശദീകരണത്തിൽ കുഴിനഖം ഒഴിവാക്കിയിട്ടില്ല. കളക്ടറുടെ ഏതെങ്കിലും ശരീരഭാഗവും രോഗബാധയിൽ നിന്ന് ഒഴിവാക്കിയിട്ടില്ല. മാത്രമല്ല, കുഴിനഖം ജില്ലാ കളക്ടറുടെ ശരീരത്തിന്റെ ഭാഗമായതിനാൽ സർക്കാർ ഡോക്ടർ അത് പരിശോധിക്കാനും ചികിത്സ നിർദ്ദേശിക്കാനും ബാദ്ധ്യസ്ഥനുമാണ്.കുഴിനഖം ഒരു കുറ്റമാണോ എന്ന് ചോദിക്കാനുള്ള സ്വാതന്ത്ര്യം കളക്ടർക്കുണ്ട് താനും. ചർച്ചയും കഴിഞ്ഞ് ചായയും കുടിച്ച് പിരിയുന്ന ചാനൽ ചർച്ചക്കാൻ ഇക്കാര്യം മനസിലാക്കണം. ഉദരപീഡയുടെ അസ്ക്യത കാരണം ഒരു കളക്ടർ ഞെരിപിരികൊള്ളുമ്പോൾ സർക്കാർ ഡോക്ടറെ സേവനത്തിന് വിളിച്ചാൽ തൂങ്ങിമരിച്ചയാളുടെ ഇൻക്വസ്റ്റിന് പോകണമെന്ന് ഡോക്ടർ വാശിപിടിച്ചാലോ. തൂങ്ങിമരിച്ചയാൾ ഏതായാലും അവിടെ തന്നെ നിൽക്കുമല്ലോ, അതുപോലെയാണോ കൃത്യാന്തരബാഹുല്യമുള്ള കളക്ടറുടെ കാര്യം.

നിയമങ്ങളും വ്യവസ്ഥകളുമുണ്ടാക്കി വച്ചിട്ടുള്ളത് അനുസരിക്കാൻ വേണ്ടികൂടിയാണ്. അല്ലാതെ പ്രതിഷേധിക്കാൻ വേണ്ടി മാത്രമല്ല. സ്വന്തം വാഹനവും അതിന് സർക്കാർ ഡ്രൈവറും കൂട്ടത്തിൽ സുരക്ഷയ്ക്ക് ഉണ്ടായില്ലാത്ത തോക്കുള്ള പൊലീസും എല്ലാമുള്ള കളക്ടറുടെ തൃക്കാലുകളുടെ വിരലിൽ ഒരു കുഴിനഖമുണ്ടായാൽ നേരേ അടുത്തുള്ള സർക്കാർ ചികിത്സാലയത്തിൽ പോയാൽപോരെ, എത്ര തിരക്കുണ്ടായാലും കുഴിനഖത്തിന്റെ അടിവേരുമാന്തി ഡോക്ടർമാർ പരിശോധിക്കില്ലെ, എല്ലാം ക്ഷമിക്കുന്നത് ജീവിതചര്യയാക്കിയിട്ടുള്ള നമ്മുടെ പൊതുജനങ്ങൾ വേണമെങ്കിൽ കളക്ടറുടെ കുഴിനഖത്തിന് കാവൽ നിൽക്കില്ലേ,പിന്നെന്തിന് ഈ വിളിച്ചുവരുത്തൽ.

ഡോക്ടർമാരും ധാ‌ർമ്മിതതയും

ഡോക്ടർമാർ സമൂഹത്തിന് ചെയ്യുന്ന സേവനത്തിന്റെ മഹത്വം വിസ്മരിച്ച് സമൂഹത്തിന് ഒരിക്കലും മുന്നോട്ടു പോകാനാവില്ല. പ്രത്യേകിച്ച് പകർച്ച വ്യാധികൾ കേരളത്തെ വേട്ടയാടി കാലത്ത് ഡോക്ടർമാരും മറ്റ് ആതുര സേവനരംഗത്തെ ജീവനക്കാരും കാട്ടിയ ആത്മാർത്ഥത നമ്മുടെ കൺമുന്നിലുണ്ട്. എന്നാൽ ഇടയ്ക്ക് ചില കല്ലുകടികളില്ലേ എന്ന് ചോദിച്ചാൽ ഡോക്ടർമാരുടെ സംഘടകളുടെ ഭാരവാഹികൾ പോലും നിഷേധിക്കില്ല. രോഗം എന്തായാലും , രോഗി ആരായാലും കഴിയുന്നത്ര വേഗത്തിൽ ചികിത്സ നൽകുക ധാർമ്മികതയുടെ ഭാഗമാണ്. യഥാർത്ഥത്തിൽ സംസ്ഥാനത്തെ എല്ലാ ഡോക്ടർമാരും ഈ ധാർമ്മികത കാട്ടുന്നുണ്ടോ. കഴിഞ്ഞ അഞ്ചുവർഷത്തിനുള്ളിൽ ഡോക്ടർമാരുടെ പിഴവ് മൂലം എത്ര ജീവനുകൾ നഷ്ടമായിട്ടുണ്ട്. സ്വന്തം ഡ്യൂട്ടി പോലും കൃത്യമായി നിർവഹിക്കാതെ സ്വകാര്യ പ്രാക്ടീസിന് മുൻതൂക്കം നൽകുന്ന എത്രയോ പേർ. അഞ്ചു മണിക്കൂർ വരെ മൂത്രശങ്ക അകറ്റാൻ പോലും സമയം കളയാതെ സ്വകാര്യ പ്രാക്ടിസ് നടത്തുന്നവരുണ്ട്. എത്ര സർക്കാർ ആശുപത്രികളിലാണ് രോഗികൾക്ക് സന്തോഷം പകരുന്ന വിധത്തിലുള്ള സേവനങ്ങൾ കിട്ടുന്നത്. ഇങ്ങനെ തങ്ങളുടെ ഭാഗത്തുള്ള വീഴ്ചകൾ മറച്ചുവച്ച് ജില്ലാ കളക്ടറെ ഒന്നു പരിശോധിക്കാൻ പോയതിന്റെ പേരിൽ ധാർമ്മികത വിളമ്പുന്ന ഡോക്ടർമാരെയും അവർക്ക് നേതൃത്വം കൊടുക്കുന്ന സംഘടനകളെയും അങ്ങനങ്ങ് മുഖവിലയ്ക്ക് എടുക്കാനാവില്ല. സ്ഥലം മാറ്റത്തിന് പോലും ഡോക്ടർമാർ ചില സംഘടിത നീക്കങ്ങൾ നടത്തിയിട്ടുള്ളത് നേരത്തെ പുറത്തു വന്നിട്ടുള്ളതാണ്. പിന്നെ, സിവിൽ സർവീസിൽ ഉൾപ്പെട്ടിട്ടുള്ള മോശമല്ലാത്തൊരു ശതമാനം മെഡിക്കൽ ബിരുദധാരികളാണെന്നതും മറക്കരുത്. അതിനാൽ അനാവശ്യമായ ഈഗോ പ്രശ്നങ്ങൾ ഒഴിവാക്കുകയല്ലേ ഭേദം.

ബുദ്ധിമുട്ടിൽ നിന്ന് കഠിനാദ്ധ്വാനം കൊണ്ട് ഉയർന്ന് വരുന്നവരുണ്ട്. അത്രവലിയ പ്രയാസങ്ങളില്ലാതെ ഉന്നത സ്ഥാനങ്ങളിലെത്തുന്നവരുമുണ്ട്. ഇതെല്ലാം യാഥാർത്ഥ്യങ്ങളാണെങ്കിലും പദവികളുടെയും ബഹുമതികളുടെയും ഓരോ പടവ് കയറുമ്പോഴും എളിയമനസിനുടമകളാവുകയാണ് ഉത്തമം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: COLLECTOR
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.