ഇടതടവില്ലാതെ മഴപെയ്തു കൊണ്ടിരിക്കുമ്പോൾ മലയോര മേഖലകളിലെ ജനങ്ങളുടെ മനസിലെ ആധിയും വർദ്ധിക്കുകയാണ്. വയനാട്ടിലുണ്ടായ മഹാദുരന്തത്തിന്റെ നടുക്കത്തിൽ നിന്നു കേരളം ഇപ്പോഴും മുക്തമായിട്ടില്ല. ഇതിനോടൊപ്പം തന്നെ ചേർത്തു വയ്ക്കാവുന്നതാണ് കോഴിക്കോട് ജില്ലയിലെ വിലങ്ങാട്ടുണ്ടായ ദുരന്തവും. കഴിഞ്ഞ ദിവസമുണ്ടായ ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ ഇതുവരെയും കാണാത്തതോ അനുഭവിക്കാത്തതോ ആയ അവസ്ഥയിലൂടെയാണ് വിലങ്ങാട്ടുകാർ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ചെറുതും വലുതുമായ നിരവധി ഉരുൾപൊട്ടലുകളാണ് പ്രദേശത്തുണ്ടായത്. ദുരന്ത ഭീതിയില്ലാതെ ഉറങ്ങാൻ പോലും അവർക്ക് സാധിക്കുന്നില്ല. ഏതു നിമിഷം വേണമെങ്കിലും അടുത്ത ദുരന്തം തേടിയെത്തും എന്നുള്ള ഭീതിയിൽ തന്നെയാണ് അവർ ഇന്നും. തൊള്ളായിരത്തോളം പേരാണ് വിവിധയിടങ്ങളിലായി ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്. രക്ഷാപ്രവർത്തനത്തിനിറങ്ങിയ തങ്ങളുടെ പ്രിയ മാഷ് മാത്യുവിന്റെ വിയോഗം അവരെ കൂടുതൽ വേദനിപ്പിക്കുന്നതും കൂടിയായിരുന്നു.
ആളപായമില്ലെങ്കിലും
കനത്ത നഷ്ടം
വയനാട് മുണ്ടകെെയിലുണ്ടായ സമാനതകളില്ലാത്ത ദുരന്ത പശ്ചാത്തലത്തിൽ വിലങ്ങാടുണ്ടായ ദുരന്തത്തിന്റെ വ്യാപ്തി വേണ്ടരീതിയിൽ പുറത്തു വന്നിട്ടില്ല. കഴിഞ്ഞ 30 നാണ് വിലങ്ങാടിനെ പാടേ തകർത്ത് കളഞ്ഞ ഉരുൾപൊട്ടലുണ്ടായത്. മഞ്ഞച്ചീളി, അടിച്ചിപ്പാറ, മലയങ്ങാട്, പാനേം, വലിയ പാനോം, പന്നിയേരി, മുച്ചങ്കയം എന്നീ ഭാഗങ്ങളിലായാണ് വിവിധ ഉരുൾപൊട്ടലുണ്ടായത്. കാർഷിക വിളകൾ, കടകൾ, പാലം എന്നിവയെല്ലാം ഒലിച്ചുപോയതോടെ പ്രദേശം പൂർണ്ണമായും ഒറ്റപ്പെട്ടു. കോളനികളിലെ ജനങ്ങളെ പുറം ലോകത്തെത്തിക്കാനുള്ള പ്രധാനപ്പെട്ട പാലമായ മുച്ചങ്കയം പാലം തകർന്നതോടെ പന്നിയേരി, കുറ്റല്ലൂർ, പറക്കാട് കോളനികളും- പാലൂർ മാടാഞ്ചേരി വിലങ്ങാട് മേഖലയുമായുള്ള ബന്ധവും ഇല്ലാതായി. മാത്രമല്ല മഞ്ഞച്ചീളിപ്പാലം, വിലങ്ങാട് പാലം, കോളോത്ത് പാലം, മലയങ്ങാട് പാലം എന്നീ പ്രധാന പാലങ്ങളും തകർന്നു. കുത്തിയൊലിച്ചുണ്ടായ മലവെള്ളപാച്ചിലിൽ വിലങ്ങാട് പഞ്ചായത്തിന്റെ ഏതാണ്ട് നാലുകിലോമീറ്ററിലേറെ ദൂരത്ത് നാശംവിതച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് സെക്രട്ടറി വിനോദൻ പറഞ്ഞു.
വിലങ്ങാടിന്റെ വിരിമാറുപിളർന്നെത്തിയ ഉരുൾപൊട്ടലിൽ എല്ലാം നഷ്ടപ്പെട്ട് ക്യാമ്പുകളിൽ കഴിയുന്നവർ എങ്ങോട്ട് പോകണമെന്ന് അറിയാതെ ആശങ്കയിലാണ്. ഉരുൾ തകർത്ത സ്ഥലം പൂർണ്ണമായും വാസയോഗ്യമല്ലാതായി മാറി. മഴ നിൽക്കാത്തതിനാൽ വിലങ്ങാടിന്റെ പല സ്ഥലങ്ങളും ഇപ്പോൾ ഉരുൾപൊട്ടൽ ആശങ്കയിൽ തുടരുകയാണ്. ഈ പ്രദേശങ്ങളിലെ നിരവധി പേരാണ് വിവിധയിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളിലായി കഴിയുന്നത്. ദുരിതാശ്വാസ ക്യാമ്പുകൾ സജീവമായെങ്കിലും ഒരു ജീവായുസിന്റെ കഷ്ടപ്പാടിന്റെ ഫലമായി അവർ പടുത്തുയർത്തിയതൊന്നും ഇന്ന് അവരുടെ പക്കലില്ല എന്നത് വേദനാജനകമാണ്.
തകർന്നടിഞ്ഞ്
കാർഷിക മേഖല
വിലങ്ങാടുണ്ടായ ഉരുൾപൊട്ടലിൽ ആളപായമില്ലെങ്കിലും ദുരന്തത്തിന്റെ തീവ്രത വളരെ വലുതാണ്. കാലങ്ങളായി കർഷകർ കഠിനാദ്ധ്വാനത്തിലൂടെ പൊന്നു വിളയിച്ച ഭൂമിയടക്കം ഒരൊറ്റ രാത്രിയുടെ മറവിലാണ് ഇല്ലാതായത്. തെങ്ങ്, കവുങ്ങ്, റബർ, ജാതി, കശുമാവ്, തേക്ക്, ഈട്ടി, പ്ലാവ് തുടങ്ങിയ മരങ്ങളും, വാഴ, ചേന, തുടങ്ങിയ ഇടവിള കൃഷികളും പൂർണ്ണമായും നശിച്ചു. വിലങ്ങാടുണ്ടായ ഈ മുറിപ്പാടുകൾ മാഞ്ഞുപോകാൻ കാലങ്ങൾ കാത്തിരിക്കേണ്ടി വരും. 15 വീടുകൾ പൂർണ്ണമായും ഒലിച്ചുപോയി. 43 വീടുകൾ ഭാഗികമായും തകറുകയും, നൂറിലധികം വീടുകൾ ദുരിതത്തിന്റെ തീവ്രതയും ഏറ്റുവാങ്ങി. 200ൽ അധികം കർഷകരുടെ അൻപത് ഏക്കറോളം കൃഷിയാണ് നശിച്ചത്. മന്ത്രിമാർ, എം.എൽ.എമാർ, ജനപ്രതിനിധികൾ തുടങ്ങിയവർ സംഭവസ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തിയിട്ടുണ്ട്.
തികച്ചും അപ്രതീക്ഷിതമായ ദുരന്തത്തിൽ പ്രദേശവാസികൾ തന്നെ ഇടപെട്ട് നൽകിയ ജാഗ്രതാനിർദ്ദേശത്തിനടിസ്ഥാനത്തിൽ പലരും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിയതുകൊണ്ട് മാത്രമാണ് ദുരന്തത്തിന്റെ തീവ്രത കുറയ്ക്കാനായത്. കൂടുതൽ ജീവനുകൾ നഷ്ടപ്പെട്ടില്ലെങ്കിലും വിലങ്ങാടിനുണ്ടായത് വലിയ ദുരന്തമാണ്. തുടർച്ചയായി ഉരുൾപൊട്ടലുകൾ സംഭവിക്കുന്നുണ്ടെങ്കിലും ഇത്രയും സ്ഥലങ്ങളിൽ ഒരുമിച്ചുണ്ടാകുന്നത് ഇത് ആദ്യമായാണ്.
അതിജീവന പാതയിൽ
വിലങ്ങാട് മലയോരം അതിജീവനത്തിന്റെ പാത എത്തിപ്പിടിക്കാനുള്ളശ്രമത്തിലാണ്. ഉരുട്ടി പാലം മുതൽ പാനോം വരെയുള്ള പ്രദേശങ്ങളിലെ വൈദ്യുതിബന്ധം കെ.എസ്ഇബി പുനഃസ്ഥാപിച്ചു. ഇവിടങ്ങളിലെ നിരവധി പോസ്റ്റുകളും ട്രാൻഫോർമറുകളും തകർന്നിരുന്നു. നാശനഷ്ടമുണ്ടായ വിലങ്ങാട് ടൗണിലെ കടകൾ ഇപ്പോൾ തുറന്നിട്ടുണ്ട്.
നാശനഷ്ടം കണക്കാക്കാനായി റവന്യു, കൃഷി വകുപ്പുകളുടെ നേതൃത്വത്തിൽ പ്രത്യേക ക്യാമ്പ് നടത്തി വിവരങ്ങൾ ശേഖരിച്ചു വരികയാണ്. ഉരുൾപ്പൊട്ടലിൽ തകർന്ന പാലങ്ങൾ നാട്ടുകാരും സന്നദ്ധ പ്രവർത്തകരും ചേർന്ന് മരത്തടികൊണ്ട് താത്ക്കാലിക പാലം നിർമിച്ച് നടന്നുപോകാനുള്ള വഴി ഒരുക്കിയിട്ടുണ്ട്. മലവെള്ളപ്പാച്ചിലിൽ മണ്ണും ചെളിയും മാലിന്യങ്ങളും ഒഴുകിയെത്തി വാസയോഗ്യമല്ലാതായ വീടുകൾ സന്നദ്ധ പ്രവർത്തകരുടെ നേതൃത്വത്തിൽ ശുചീകരിച്ച് വാസയോഗ്യമാക്കിക്കൊണ്ടിരിക്കുകയാണ്. ക്യാമ്പിലുള്ളവർ ഓരോന്നായി പോകുന്നുണ്ടെങ്കിലും വീടുകൾ പൂർണ്ണമായും തകർന്നവർ എന്ത് ചെയ്യണെന്ന ആശങ്കയിൽ തുടരുകയാണ്. ദുരിതാശ്വാസ ക്യാമ്പുകളിൽ അലോപ്പതി, ആയുർവേദ മെഡിക്കൽ സംഘം പരിശോധനയും മരുന്നും വിതരണം ചെയ്യുന്നുണ്ട്. ആശുപത്രിയിലേക്ക് രോഗികളെ കൊണ്ടുപോകാൻ ആംബുലൻസുകളും സജ്ജമാണ്.
അതോടൊപ്പം ജില്ലാ കളക്ടർ ഓരോ വകുപ്പുമായും ബന്ധപ്പെട്ട നാശനഷ്ടങ്ങളുടെ വിശദ റിപ്പോർട്ട് സമാഹരിക്കുന്നുണ്ട്. റിപ്പോർട്ട് ലഭിച്ചാലുടൻ സ്ഥലം എംപി, എംഎൽഎ, ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, മറ്റ് തദ്ദേശസ്ഥാപന പ്രതിനിധികൾ എന്നിവരുമായി യോഗം ചേർന്ന് ആളുകളുടെ പുനരധിവാസ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും.വിലങ്ങാടിന് ചേർത്തുപിടിക്കുമെന്നു മുഖ്യമന്ത്രിയും പറഞ്ഞിട്ടുണ്ട്. പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് സംഭവസ്ഥത്തെത്തി കാര്യങ്ങൾ വിലയിരുത്തി. പുനരധിവാസത്തിനായി ക്യാമ്പിലുള്ളവരുടെ അഭിപ്രായംകൂടി പരിഗണിച്ചേ തീരുമാനമെടുക്കുവെന്നും മന്ത്രി റിയാസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |