ഓണത്തിനായി മാലോകരെല്ലാം ഒരുങ്ങിക്കഴിഞ്ഞു. കാലമെത്ര കഴിഞ്ഞാലും ഓണത്തോടനുബന്ധിച്ചുള്ള പതിവു ആഘോഷങ്ങൾക്കും ചിട്ടവട്ടങ്ങളും ഇന്നും മാറ്റമില്ലാതെ തുടരുകയാണ്. കാർഷിക സംസ്കാരത്തിലും പാരമ്പര്യത്തനിമ വിളിച്ചോതുന്നതുമായ ഓണമാണ് പാലക്കാട് ജില്ലയിലേത്. ഓണസദ്യകഴിഞ്ഞാൽ പിന്നെ പല്ലശ്ശനക്കാർക്ക് നൂറ്റാണ്ടുകളുടെ പാരമ്പര്യത്തിന്റെ തുടർച്ചയായ ഓണത്തല്ലിനൊരുങ്ങാനുള്ള സമയമാണ്. പൈതൃകപ്പെരുമയുടെ ആയോധന കലാരൂപമാണ് ഓണത്തല്ല്. മദ്ധ്യകേരളത്തിൽ കണ്ടുവരുന്നതും നൂറ്റാണ്ടുകളുടെ പഴക്കമുള്ളതുമായ ഈ അനുഷ്ഠാനം ഓണക്കാല വിനോദങ്ങളിലെ തന്നെ ഏറ്റവും പഴക്കമുള്ള ഒന്നാണ്. 'കയ്യാങ്കളി' എന്ന പേരിലും ചിലയിടങ്ങളിൽ അറിയപ്പെടുന്നുണ്ട്. പാലക്കാട് ജില്ലയിലെ പല്ലശ്ശന, കാവശ്ശേരി, തൃശ്ശൂർ ജില്ലയിലെ കുന്ദംകുളം, ചാവക്കാട്, ചെറുതുരുത്തി തുടങ്ങിയ സ്ഥലങ്ങൾ ഓണത്തല്ലിന് കീർത്തികേട്ട പ്രദേശങ്ങളാണ്. ഇപ്പോൾ പലയിടത്തും ഈ അനുഷ്ഠാനത്തിന് നിറം മങ്ങിയെങ്കിലും പല്ലശ്ശന പോലുള്ള അപൂർവം ഇടങ്ങളിൽ ഇന്നും ഈ ഓണ വിനോദം തനിമ ചോരാതെ തുടരുന്നു.
പല്ലശ്ശനയുടെ തട്ടകത്തിൽ വീരസ്മരണകളുണർത്തി നടക്കുന്ന ഓണത്തല്ലിനും അവിട്ടത്തല്ലിനും ഈ തിരുവേണനാളിൽ അരങ്ങുണരും. മൂന്നിടങ്ങളിൽ ആറുചേരികളിലായാണ് പല്ലശ്ശനയിലെ വിവിധ ദേശക്കാർ ആചാര വിധിപ്രകാരം ഓണത്തല്ല് നടത്തുക. പല്ലശ്ശനയുടെ പ്രിയപ്പെട്ട രാജാവിനെ ചതിച്ചുകൊന്ന അയൽ രാജാവിനെതിരേ ദേശവാസികൾ ഒരുമയോടെ പടനയിച്ച് യുദ്ധം ചെയ്തുവെന്നാണ് വിശ്വാസം. യുദ്ധവീര്യവും രാജഭക്തിയും വിളിച്ചോതി ദേശവാസികൾ നടത്തിയ ആ പോർവിളിയുടെ ഓർമ പുതുക്കലാണ് വർഷാവർഷമുള്ള ഓണത്തല്ലും അവിട്ടത്തല്ലും.
തിരുവോണം നാളിൽ വൈകീട്ട് നാലിന് തല്ലുമന്ദത്തു നടക്കുന്ന ഓണത്തല്ലിൽ ഒരുകുടി, ഏഴുകുടി സമുദായങ്ങളിലെ യോദ്ധാക്കളാണ് കച്ചകെട്ടി ഇറങ്ങുന്നത്. ഞായറാഴ്ച ഉച്ചയ്ക്കുശേഷം പഴയകാവ് മൈതാനിയിൽ മന്ദാടിയാർ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ഓണത്തല്ലിൽ കിഴക്കുമുറി, പടിഞ്ഞാറേമുറി ദേശക്കാരാണ് തല്ലിന് ഇറങ്ങുക. തിങ്കളാഴ്ച വൈകീട്ട് വേട്ടക്കരുമൻ ക്ഷേത്രാങ്കണത്തിൽ നടക്കുന്ന അവിട്ടത്തല്ലിന് കിഴക്കുമുറി, പടിഞ്ഞാറെമുറി നായർ ദേശക്കാരും അണിനിരക്കും. തിരുവോണം നാളിൽ വേട്ടക്കരുമൻ ക്ഷേത്രാങ്കണത്തിൽ പത്തുവയസിന് താഴെയുള്ള കുട്ടികളുടെ നേർച്ചത്തല്ലും ഉണ്ടാകാറുണ്ട്.
ഒരുക്കങ്ങൾ തകൃതി
തല്ലിൽ പങ്കെടുക്കുന്ന ഇരു ചേരികളിലെയും യോദ്ധാക്കൾ കുളികഴിഞ്ഞ് മാംസാഹാരം കൂട്ടിയുള്ള കൊലച്ചോറുണ്ട് ആചാരപ്രകാരം വീടുകളിൽ നിന്നും ഇറങ്ങും. ദേശദൈവങ്ങളെ വണങ്ങിയ ശേഷം വിധിപ്രകാരം കച്ചകെട്ടി, ഭസ്മം ധരിച്ചെത്തും. യോദ്ധാക്കൾ ആട്ടക്കളത്തിൽ ഇറങ്ങുന്നതോടെ ചേരിതിരിഞ്ഞുള്ള നിരയോട്ടം തുടങ്ങുന്നു. യുദ്ധാരവത്തെ അനുസ്മരിപ്പിക്കുന്ന 'ധൂയ്' വിളികളോടെ ഇരുചേരിക്കാരുടെയും നിരയോട്ടം കഴിഞ്ഞാൽപ്പിന്നെ തല്ലിന്റെ പൊടിപൂരമായി.
തല്ലിന്റെ ഐതിഹ്യം
കോഴിക്കോട് സാമൂതിരിയുടെ സാമന്തന്മാരായിരുന്ന പല്ലശ്ശന കുറൂർ നമ്പിടിയെ യുദ്ധത്തിൽ അയൽ നാടുവാഴിയായ കുതിരവട്ടത്തു നായർ ചതിച്ചു കൊന്നതറിഞ്ഞു പ്രതികാരം ചെയ്യാൻ പല്ലശ്ശന ദേശവാസികൾ തീരുമാനിക്കുന്നു. ഈ നാടുകൾ തമ്മിലുള്ള പക ദീർഘകാലം നീണ്ടു നിൽക്കുകയും ഒടുവിൽ പ്രശ്ന പരിഹാരത്തിനു സാമൂതിരി രാജാവ് ഇടപെടലിലൂടെ ഒത്തുതീർപ്പാവുകയും ചെയ്തു.
ഇതിൻ പ്രകാരം നാട്ടുരാജാവിനെ നഷ്ടപ്പെട്ട പല്ലശ്ശന ദേശവാസികൾക്കു രാജാവിന്റെ സ്ഥാനത്തു പ്രതിഷ്ഠിക്കാൻ വേട്ടയ്‌ക്കൊരുമകന്റെ വിഗ്രഹം സാമൂതിരി നൽകി എന്നാണു വിശ്വാസം. രാജാവിനെ നഷ്ടപ്പെട്ട ദേശവാസികൾ ശത്രുവിനെ പോർ വിളിച്ചതിന്റെ സ്മരണ നിലനിറുത്തുന്നതിനാണ് ഇന്നും ഓണത്തല്ലു നടത്തുന്നത്.
തിരവോണത്തല്ലും അവിട്ടത്തല്ലും
രണോത്സവത്തിന്റെ ഛായയുള്ള ഓണത്തല്ലിന്റെ ഒരുക്കം എല്ലാം യുദ്ധത്തിന്റെ മുറപ്രകാരമാണ്. കുളിച്ച് ഭസ്മം അണിഞ്ഞു പോരാളികൾ ഭക്ഷണം കഴിച്ചു നാലുംകൂട്ടി മുറുക്കി വീട്ടിൽ നിന്ന് യാത്ര പറഞ്ഞിറങ്ങും. പിന്നെ ആർപ്പുവിളികളുമായി തല്ലു കേന്ദ്രത്തിലേക്ക്. തിരവോണത്തിനു വിവിധ സമുദായക്കാർ തല്ലുമന്ദിലും അവിട്ടത്തിനു നായർ സമുദായക്കാർ വേട്ടയ്‌ക്കൊരുമൻ ക്ഷേത്ര പരിസരത്തും തല്ലു നടത്തും. തിരവോണ നാളിൽ ഏഴുകുടി സമുദായക്കാർ കളരിയിൽ നിന്നും ഒരുകുടി സമുദായം തല്ലുമന്ദം ഭഗവതി ക്ഷേത്രത്തിൽ നിന്നും വരി നിരന്നു കച്ചകെട്ടിയാണു തല്ലിന് എഴുന്നള്ളുക. ദേശ പ്രധാനികൾ പൊന്തിയുമായി മുന്നിലും മറ്റുള്ളവർ പിന്നിലുമായി അണിനിരന്നു വരും.
തല്ലുമന്ദത്തു നിരന്ന ശേഷം സമപ്രായക്കാർ വിളിച്ചു ചോദിച്ചാണു തല്ലു നടത്തുക. പഴയകാവ് ക്ഷേത്രവുമായി ബന്ധപ്പെട്ട് ഓണത്തല്ല് മീൻകുളത്തി ഭഗവതി ക്ഷേത്രത്തിലാണു നടക്കുക. അവിട്ടത്തല്ലിൽ ഭസ്മക്കുറിയണിഞ്ഞു പോർവിളിയും ആർപ്പുവിളിയും നടത്തി കിഴക്കു, പടിഞ്ഞാറു മുറിക്കാർ വേട്ടയ്‌ക്കൊരുമൻ ക്ഷേത്രത്തിലെത്തും.
ക്ഷേത്രത്തിൽ നിന്നും പുണ്യാഹ വെള്ളം തളിക്കുന്നതോടെ വിധി പ്രകാരം മൂന്നു തവണ നിരയോട്ടം നടക്കും.
ഇരു ചേരികളിൽ നിന്നും സമാന ശരീരപ്രകൃതിയും ആരോഗ്യസ്ഥിതിയും ഉള്ള ഒരാൾ വീതം മുന്നോട്ടുവന്ന് തല്ലിനുള്ള ജോഡികളാകുന്നു. ഇവരിൽ ഒരാൾ കൈകൾ രണ്ടും ഉയർത്തി ഒരു കാൽ മുന്നോട്ടുവെച്ച് കൂട്ടിപിടുത്തക്കാരുടെ കൈകളുമായി കൈകൾ കോർത്തുപിടിച്ച് പുറം തിരിഞ്ഞുനിൽക്കുന്നു. ഈ സമയം ജോഡിയിലുള്ള മറു ചേരിയിലെ ആൾ കൈ പരത്തിപിടിച്ച് പരമാവധി ശക്തിയിൽ പുറം തിരിഞ്ഞുനിൽക്കുന്ന ആളുടെ പുറത്ത് ആഞ്ഞൊരടി അടിക്കുന്നു. പിന്നീട് തല്ലുകൊണ്ടയാൾ ഇതേ രീതിയിൽ തല്ലിയ ആളുടെ പുറത്തും തിരിച്ചടിക്കുന്നു. ഈ വിധം നിരവധി ജോഡികൾ പരസ്പരം തല്ലിപ്പിരിയും. തല്ലിനുശേഷം യോദ്ധാക്കളുടെ മെയ്യഭ്യാസ പ്രകടനം, വള്ളിച്ചാട്ടം, കുളംചാട്ടം, ശയന പ്രദക്ഷിണം എന്നിവയോടെ സമാപിക്കും. തുടർന്നു അടുത്ത ഓണത്തല്ലിനു കാണാമെന്ന് ഉപചാരം ചൊല്ലി ദേശവാസികൾ പിരിയും.
തല്ലുമന്ദത്തേക്ക് എത്താൻ
പാലക്കാട്ടുനിന്നു പുതുനഗരം, കരിപ്പോട് വഴിയോ, കൊടുവായൂർ വഴിയോ 24 കിലോമീറ്റർ സഞ്ചരിച്ചാൽ പല്ലശ്ശനയിലെത്താം. പാലക്കാട്ടു നിന്നു പല്ലശ്ശനയിലേക്ക് ബസ് സർവീസുകളും ലഭ്യമാണ്. വടക്കഞ്ചേരി, ആലത്തൂർ, നെന്മാറ ഭാഗങ്ങളിൽ നിന്നു വരുന്നവർ പല്ലാവൂർ ജംഗ്ഷനിൽനിന്നു കിഴക്കോട്ട് അഞ്ചു കിലോമീറ്ററോളം സഞ്ചരിച്ചാൽ തല്ല് നടക്കുന്ന സ്ഥലങ്ങളിൽ എത്താം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |