വരുമാനപരിധിയൊന്നുമില്ലാതെ എഴുപതു വയസിനും അതിനു മുകളിലും പ്രായമുള്ളവർക്ക് ആരോഗ്യപരിരക്ഷ നൽകുന്ന കേന്ദ്ര സർക്കാരിന്റെ കഴിഞ്ഞ ആഴ്ചയിലെ പദ്ധതി പ്രഖ്യാപനം ജീവിത സായാഹ്നത്തിൽ എത്തിയവർക്ക് ഏറെ ആശ്വാസം പകരുന്നതാണ്. ഇവർക്കായി കുടുംബമൊന്നിന് ആശുപത്രിവാസ ചെലവുകൾക്കായി വർഷംപ്രതി അഞ്ചുലക്ഷം രൂപ വരെ നൽകും. യഥാർത്ഥത്തിൽ, 2018 മുതൽ നടപ്പാക്കിവരുന്ന 'ആയുഷ്മാൻ ഭാരത് പ്രധാൻമന്ത്രി ജൻ യോജന" എന്ന പദ്ധതിയുടെ വിപുലീകരണമാണ് ഇത്. നിലനിന്നു വരുന്ന പദ്ധതിയിൽ വരുമാനപരിധിയുണ്ടായിരുന്നു. താഴെത്തട്ടിലുള്ള 40 ശതമാനം വരുന്ന ജനവിഭാഗങ്ങൾക്കായി പരിരക്ഷയൊരുക്കിയ ആ പദ്ധതി ലോകത്തെ ഏറ്റവും വലിയ സർക്കാർ ധനസഹായ സംരംഭമായി മാറിയിരുന്നു.
എഴുപത് വയസെത്തിയവർക്കും, അതിനു മുകളിൽ പ്രായമുള്ളവർക്കും വരുമാന പരിധി നോക്കാതെ ആരോഗ്യ കവചം തീർക്കുന്ന പുതിയ പദ്ധതി നന്മകളാൽ സമൃദ്ധമാണ്. ഏറ്രവും പ്രധാനമായി, ആശുപത്രികളെ അഭയം പ്രാപിക്കേണ്ടിവരുന്നതിന് ഏറ്റവുമധികം സാദ്ധ്യതയുള്ള വിഭാഗമാണ് ഇക്കൂട്ടർ. എന്നാൽ ഇവർക്ക് സ്വകാര്യ ആരോഗ്യ ഇൻഷ്വറൻസ് ലഭിക്കുകയെന്നത് ഒട്ടും എളുപ്പമല്ല. ആരോഗ്യരക്ഷയ്ക്കായി ചിലവാക്കേണ്ടിവരുന്ന സംഖ്യയുടെ കാര്യത്തിൽ സ്വന്തം കീശയിൽ നിന്നു മുടക്കേണ്ട അനുപാതം ഏറ്റവും ഉയർന്നു നൽക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ലോക ശരാശരിയുടെ രണ്ടര മടങ്ങു കണ്ട് വലുതാണ് സ്വന്തമായി മുടക്കേണ്ടിവരുന്ന തുകയുടെ വിഹിതം!
ഈ സാഹചര്യത്തിൽ എഴുപതിലും അതിനു മുകളിലുമെത്തിയവർക്ക് തുണയാകുന്നതാണ് പുതിയ പ്രഖ്യാപനം. ഇതുകൊണ്ട് പ്രയോജനമുണ്ടാകുമെന്ന് കണക്കാക്കിയിട്ടുള്ളത് രാജ്യത്തെ നാലര കോടി കുടുംബങ്ങളിലെ ആറുകോടി ജനങ്ങൾക്കാണ്. ഇവരിൽ 58 ശതമാനം വനിതകളും, അവരിൽത്തന്നെ 54 ശതമാനം പേർ വിധവകളുമാകുന്നു. ഇന്ത്യയിൽ വയോജനങ്ങളുടെ അനുപാതം ഏറ്റവും ഉയർന്നു നിൽക്കുന്ന പ്രദേശമാണ് കേരളമെന്നതിനാൽ, സംസ്ഥാനത്തുള്ളവർക്ക് ഏറെ ഗുണം ചെയ്യാവുന്ന പരിരക്ഷയാണിത്. 2024-ലെ വോട്ടർ പട്ടിക പ്രകാരം കേരളത്തിൽ എഴുപതും അതിനു മുകളിലും പ്രായമുള്ളവരുടെ എണ്ണം 26 ലക്ഷത്തിനടുത്താണ്. ഇവരിൽ 55 ശതമാനത്തിനു മുകളിൽ സ്ത്രീകളുമാണ്.
പുതിയ സ്‌കീമിൽ അംഗമാകാനുള്ള നടപടിക്രമങ്ങളും താരതമ്യേന ലളിതമാണ്. പ്രധാൻമന്ത്രി യോജന എന്ന പോർട്ടലിലോ, ആയുഷ്മാൻ ആപ്പ് വഴിയോ രജിസ്റ്റർ ചെയ്യാം. ഇപ്പോൾത്തന്നെ സ്വകാര്യ ആരോഗ്യ ഇൻഷ്വറൻസ്, ഇ.എസ്.ഐ എന്നിങ്ങനെയുള്ള പരിരക്ഷകൾ ലഭിക്കുന്നവരും പുതിയ സ്‌കീമിന് അർഹരാണ്. കേന്ദ്ര സർക്കാരിന്റെ മറ്റ് ആരോഗ്യ പദ്ധതികളിൽ ഉൾപ്പെട്ടിട്ടുള്ള എഴുപതുകാർക്കും അതിനു മുകളിലുള്ളവർക്കും അവയിൽത്തന്നെ തുടരുകയോ, പുതിയ സ്‌കീം തിരഞ്ഞെടുക്കുകയോ ചെയ്യാം.
എന്നാൽ പുത്തൻ പദ്ധതിയുടെ ചില പരിമിതികളും ചൂണ്ടിക്കാട്ടേണ്ടതുണ്ട്. ഒന്നാമത്തേത്, ആശുപത്രികളിലെ കിടത്തി ചികിത്സകൾക്കു മാത്രമാണ് ഈ പദ്ധതിയിലൂടെ പരിരക്ഷ ലഭിക്കുന്നത്. ഔട്ട് പേഷ്യന്റ് എന്ന നിലയിൽ ചികിത്സയ്ക്കും ടെസ്റ്റിനും മരുന്നിനും ചെലവാകുന്ന തുകയ്ക്ക് ഈ സ്‌കീമിൽ റീഇംബേഴ്സ‌്മെന്റ് ലഭിക്കുകയില്ല. തീരാവ്യാധികൾ കൂടുതലായി അലട്ടുന്ന, ഏറെ പ്രായമായവർക്ക് അവരുടെ ആരോഗ്യച്ചെലവിന്റെ വലിയൊരു ഭാഗമായിത്തീരുന്ന ഇത്തരം തുകകൾ തിരിച്ചുകിട്ടാത്തത് ബുദ്ധിമുട്ടുണ്ടാക്കും. കിടത്തി ചികിത്സയുടെ കാര്യത്തിൽത്തന്നെ മറ്റു പ്രായക്കാരിൽ നിന്ന് വ്യത്യസ്തമായി ഈ വിഭാഗക്കാരെ ബാധിക്കുന്ന ചില പ്രത്യേക രോഗങ്ങൾക്കുള്ള പരിരക്ഷയും പുതിയ സ്‌കീമിന്റെ പരിധിയിൽ ഉൾപ്പെടുത്തേണ്ടതുണ്ട്.
ഇപ്പോൾ നിലവിലുള്ള ആരോഗ്യരക്ഷാ പദ്ധതിയായ ആയുഷ്മാൻ ഭാരതിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട ചില ആക്ഷേപങ്ങൾ ഇപ്പോഴത്തെ സ്‌കീമിൽ ഒഴിവാക്കുന്നത് ശ്രദ്ധിക്കേണ്ടതാണ്. നിലവിലെ പദ്ധതിയുടെ പകുതിയിലേറെയും നിർവഹിക്കപ്പെടുന്നത് സ്വകാര്യ ആശുപത്രികളിലാണ്. പദ്ധതിക്കു കീഴിൽ ഓരോ തരം ചികിത്സയ്ക്കായി നിശ്ചയിച്ചിട്ടുള്ള നിരക്കുകൾ വളരെ കുറവാണെന്നതാണ് അവരുടെ ഒരു പരാതി. നിർവഹിക്കപ്പെട്ട ചികിത്സകൾക്ക് പണം ലഭിക്കുന്നതിൽ ആറു മുതൽ എട്ടുമാസം വരെ കാലതാമസം ഉണ്ടാകുന്നു എന്നതാണ് മറ്റൊരു ആക്ഷേപം. ഇത്തരം പരാതികളുടെ പരിഹാരവുമായി ബന്ധപ്പെട്ട് നിതി ആയോഗിന്റെ ഒരു വിദഗ്ദ്ധ സമിതി ഇതിനകം സ്വകാര്യ ആശുപത്രി മാനേജ്‌മെന്റ് സംഘടനയുമായി ചർച്ച നടത്തിയിട്ടുണ്ട്.
പ്രശ്നപരിഹാരങ്ങൾക്കായി സംഘടന മുന്നോട്ടുവച്ചത് രണ്ട് നിർദ്ദേശങ്ങളായിരുന്നു. ഒന്ന്, ബില്ലുകൾ മാറിയെടുക്കുവാൻ ഒരു മാസത്തിൽ കൂടുതൽ സമയം എടുക്കുന്നുവെങ്കിൽ ഒരു ശതമാനം പിഴപ്പലിശ ഈടാക്കണമെന്നതാണ്. രണ്ട്, 'സഹകരിച്ചുള്ളപണമടയ്ക്കൽ" സമ്പ്രദായം ഏർപ്പെടുത്തുക എന്നതാണ്. ഓരോ ചികിത്സയ്ക്കും സർക്കാർ നിശ്ചയിച്ചിട്ടുള്ള നിരക്ക് ആശുപത്രി നിജപ്പെടുത്തിയിട്ടുള്ള നിരക്കിനു താഴെയാണെങ്കിൽ രണ്ടു കാര്യങ്ങൾ നിർവഹിക്കപ്പെടുന്നു. ആദ്യത്തേത്, ആശുപത്രികളുടെ നിരക്കുകൾ അവരുടെ വെബ്‌സൈറ്റിൽ പ്രസിദ്ധപ്പെടുത്തുന്നു. രണ്ടാമത്തേത്, സുതാര്യമായ ഈ നിരക്കിൽ ചികിത്സയ്ക്ക് തയ്യാറാവുന്നവർ സർക്കാർ നൽകുന്ന തുകയും ആശുപത്രിയുടെ തുകയും തമ്മിലുള്ള അന്തരം അടയ്ക്കണം. എന്തായാലും നിതി ആയോഗിൽ നിന്ന് പ്രശ്നപരിഹാര മാർഗങ്ങൾ ഉണ്ടാകുമെന്നു കരുതാം .
ഇതിനോടൊപ്പം ഇത്തരം പ്രശ്നങ്ങൾക്കുള്ള ശാശ്വത പരിഹാരം എന്നത്, പൊതുമേഖലയിലെ ആരോഗ്യ സ്ഥാപനങ്ങൾ ശക്തിപ്പെടുത്തുക എന്നതാണ്. കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ആരോഗ്യ രംഗത്തിനായി ഇപ്പോൾ നീക്കിവയ്ക്കുന്ന തുക ജി.ഡി.പിയുടെ 1.9 ശതമാനം മാത്രമാണ്. ഈ അനുപാതം 2017-ൽ ദേശീയ ആരോഗ്യ നയം നിഷ്‌കർഷിച്ച 2.3 ശതമാനം എന്ന അളവുകോലിനും താഴെയാണെന്നത് ഒട്ടും അഭിലഷണീയമായ അവസ്ഥയല്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |