ശീതീകരിച്ച ക്രിട്ടിക്കൽ കെയർ യൂണിറ്റിൽ കടുത്ത തണുപ്പിനും ബീപ് ശബ്ദങ്ങൾക്കും കലപില വർത്തമാനങ്ങൾക്കും നടുവിൽ വെന്റിലേറ്ററിന്റെ മടിത്തട്ടിൽ ഒരു ദീർഘകാല മയക്കത്തിലായിരുന്നു ഡോ. ഗുണശേഖരൻ. ഒരുദിവസം, ഒരജ്ഞാത നിമിഷത്തിൽ, എസിയുടെ തണുപ്പില്ലാത്ത, ബീപ്പുകളുടെ ശബ്ദങ്ങളില്ലാത്ത, കലപില വർത്തമാനങ്ങളില്ലാത്ത ഒരിടത്ത് അരയാലിന്റെ കുളിർമ്മയുള്ള കാറ്റേറ്റ്, ഏതോ അഭൗമസംഗീതധാരയുടെ നിർഝരികൾപോലെ തോന്നിക്കുന്ന കിളിനാദങ്ങൾ കേട്ട്, ഡോ. ഗുണശേഖരൻ മയക്കത്തിൽ നിന്നുണർന്നു.
മാറിയ അന്തരീക്ഷത്തെ സൂക്ഷ്മമായി നിരീക്ഷിച്ച് കുറച്ചുനേരം കണ്ണുതുറന്നു കിടന്ന ഡോക്ടർ പെട്ടെന്ന് ചുറ്റുപാടും നോക്കി. ങേ! വെന്റിലേറ്ററില്ല, ചിന്നംപിന്നം കിടക്കുന്ന ട്യൂബുകളില്ല, യന്ത്രങ്ങളില്ല, ഡോക്ടർമാരില്ല, നഴ്സുമാരില്ല...
സ്വച്ഛന്ദമാം ഒരു പൂന്തോട്ടത്തിൽ, പൂക്കൾ വിതറിയ തറയിൽ, മറ്റാരുമില്ലാതെ താൻ ഏകനായി കിടക്കുകയായിരുന്നുവെന്ന് ഡോ. ഗുണ തിരിച്ചറിഞ്ഞു. അതുവഴി നടന്നുപോയ ഒരാൾ പെട്ടെന്നു നിന്ന് ഗുണയെ നോക്കി ചിരിച്ചു: 'വാം വെൽക്കം ടു ഹെവൻ...!" സ്വർഗത്തിലേയ്ക്ക് ഹാർദ്ദമായ സ്വാഗതം.
ങേ! ഞാൻ മരിച്ചോ? എന്ന്? എപ്പോൾ? എന്റെ സഞ്ചയനം? പതിനാറടിയന്തിരം? ഡോ. ഗുണ വിയർത്തില്ല. സ്വർഗത്തിൽ വിയർക്കാൻ സ്‌കോപ്പില്ല! ഗുണ എഴുന്നേറ്റു. തറയിൽ പഞ്ഞിപോലെ മൃദുലമായ പൂക്കൾ വിരിച്ചിരിക്കുന്നു. ചെരുപ്പില്ല. അതിന്റെ ആവശ്യമില്ല. എല്ലാം മൃദുലം. നടന്നു തുടങ്ങി. ആലോചിക്കാൻ ഒരുപാടുണ്ട്. ഭാര്യ. കുട്ടികൾ. അടുത്തവീട്ടിലെ സ്‌നേഹിതന്മാർ. ആശുപത്രിയിലെ സഹപ്രവർത്തകർ. അളിയന്മാർ. അമ്മാവൻമാർ... എന്നാൽ, അവരുടെ മുഖങ്ങൾ അത്ര തെളിഞ്ഞു കാണുന്നില്ല!
സമയം ധാരാളമുണ്ടല്ലോ. പുതിയ സ്ഥലമൊക്കെ ഒന്നു ചുറ്റിയടിച്ചു വരാം. മറ്റൊരാൾ നേരേ വന്നു. വളരെ സൗമ്യൻ. ചെറുതായി ഒന്നു പുഞ്ചിരിച്ചെന്നു വരുത്തി. ഒന്നും മിണ്ടിയില്ല. സ്വർഗത്തിലും മസിലോ? ഗുണശേഖരൻ തനിക്കുവന്ന മാറ്റങ്ങളെക്കുറിച്ച് ഒന്നൊന്നായി ആലോചിച്ചു. തനിക്ക് വിശക്കുന്നില്ല. പൊതുവെ നല്ല സുഖം തോന്നുന്നു. മനസു നിറയെ സന്തോഷം.നല്ല ഊർജ്ജം. പോസിറ്റീവ് ചിന്തകൾ മാത്രം. പാദങ്ങൾ കാണുന്നില്ല. പക്ഷേ നടക്കുന്നുണ്ട്.
അനന്തമായി നീണ്ടുകിടക്കുന്ന രാജപാത... എല്ലായിടത്തും പഞ്ഞിപ്പൂക്കൾ വിരിച്ചിരിക്കുന്നു. വെയിലില്ല. പേരിന് ഒരിളം വെയിൽ. നല്ല സൗരഭ്യമുള്ള കാറ്റ്! ആകാശമില്ല. സ്വർഗം അതുക്കും മേലെ എന്നല്ലേ!
ഒരുകാര്യം ഗുണ ശ്രദ്ധിച്ചു. ആരുടെയും മുഖത്ത് അത്ര തെളിച്ചമില്ല. ഒരു വിരസതയാണോ എന്നുപോലും സംശയം. ഇവിടെയുണ്ടെന്ന് പാണന്മാർ പാടിനടന്ന സംഗതികളെക്കുറിച്ച് പെട്ടെന്നോർത്തു. മാലാഖമാർ, സുന്ദരികൾ, മദ്യം, നൃത്തം, സംഗീതം, കായ്കനികൾ... വന്നതല്ലേയുള്ളൂ, കാണുമായിരിക്കും.
ജീവിച്ചിരിക്കുമ്പോൾ ഡോ. ഗുണ ഒരു ജനകീയ ഡോക്ടർ ആയിരുന്നു. തന്റെ രോഗികളെക്കുറിച്ചൊക്കെ വലിയ ആകാംക്ഷയായിരുന്നു. രോഗികളോട് പ്രതിബദ്ധതയുള്ള ഡോക്ടർ. രോഗം കണ്ടുപിടിക്കാൻ തിരിച്ചും മറിച്ചും തലങ്ങും വിലങ്ങും ചോദ്യങ്ങൾ ചോദിക്കുന്ന സംശയാലു. ആ കൗതുകം ഓർത്തുകൊണ്ട് ഗുണ തീരുമാനിച്ചു: കാണുന്നവരോടൊക്കെ ഇവിടത്തെ കാര്യങ്ങൾ ചോദിച്ചു ചോദിച്ച് മനസിലാക്കാം. ചോദിച്ചു. പക്ഷേ ഉത്തരം കിട്ടിയില്ല!
പലരും ഒന്നു സൂക്ഷിച്ചുനോക്കി, ഒരു ചിരി വരുത്തി നടന്നുനീങ്ങി. കുറെദൂരം നടന്നപ്പോൾ ഗുണ ഒരുകാര്യം ശ്രദ്ധിച്ചു. അന്തരീക്ഷമൊക്കെ കൊള്ളാമെങ്കിലും വിരസമായ ഒരു ശാന്തത, ആലസ്യം, മൂകത...! ഇതു സ്വർഗം തന്നെയാണോ? കുറച്ചുദൂരം പിന്നിട്ടപ്പോൾ അങ്ങകലെ ഒരു ബഹളം കേട്ട് ഗുണ നോക്കി. പ്രകാശപൂരിതമായ ഒരിടം. അവിടെനിന്നും വാദ്യഘോഷങ്ങളുടെയും ഗാനങ്ങളുടെയും മാറ്റൊലികൾ. വഴിനീളെ അലങ്കാര ദീപങ്ങൾ . വെള്ളം ചീറ്റിയടിക്കുന്ന ഫൗണ്ടനുകൾ... എല്ലാംകൊണ്ടും ഒരു അടിപൊളി സ്ഥലം.
അവിടെയാണ് സ്വർഗത്തിന്റെ കവാടം. അവിടെ ചെന്നാൽ സംഗതി ഉഷാർ... ഡോ. ഗുണ ഉറപ്പിച്ചു. അടുത്തുകണ്ട ഒരു മനുഷ്യരൂപത്തോട് സന്തോഷത്തോടെ ആ സ്ഥലം ചൂണ്ടി അങ്ങോട്ടേയ്ക്കുള്ള വഴി ചോദിച്ചു. അയാൾ ഗുണയെ ഒന്ന് ആപാദചൂഡം അദ്ഭുതത്തോടെ നോക്കി. എന്നിട്ടു പറഞ്ഞു: 'യേയ് മിസ്റ്റർ, ആ സ്ഥലം ഏതാണെന്ന് ഇതുവരെ അറിയില്ലേ?"
'ഞാനിപ്പോൾ സ്വർഗത്തിൽ എത്തിയതേയുള്ളു." ഗുണ ന്യായം പറഞ്ഞു. അയാൾ ഉറക്കെ ചിരിച്ചുകൊണ്ട് പറഞ്ഞു: 'ഭൂമിയിൽ നന്നായി ജീവിച്ച ആളായിരിക്കും, അല്ലേ? ഞാനും അങ്ങനെ തന്നെ. മാതൃകാദ്ധ്യാപകനായിരുന്നു. അതുകൊണ്ടാണല്ലോ നമ്മൾ സ്വർഗത്തിൽ എത്തിയത്. പക്ഷേ, എന്തുചെയ്യാം സുഹൃത്തേ... ഇവിടെ ഇങ്ങനെയൊക്കെ ആയതിന്റെ കാരണവും അതുതന്നെ."
ഞാൻ വിസ്മയിച്ചു. അയാൾ തുടർന്നു: 'നിങ്ങൾ ചൂണ്ടിക്കാണിച്ച ആ സ്ഥലമാണ് നരകം. അവിടെ എത്തുന്നവരൊക്കെ നല്ല കാശുള്ളവരും ഭൂമിയിൽ അടിച്ചുപൊളിച്ചു ജീവിച്ചവരുമാണ്. നരകത്തിലെത്തിയപ്പോൾത്തന്നെ അവരെല്ലാം ചേർന്ന് നരകത്തിൽ നല്ല വികസനമൊക്കെ കൊണ്ടുവന്നു. എല്ലാ സുഖസൗകര്യങ്ങളും ഒരുക്കി. സന്തോഷിക്കാനും അർമ്മാദിക്കാനും ബോറടി മാറ്റാനുമുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കി. കള്ളക്കടത്തും കുതികാൽവെട്ടും ഉഡായിപ്പുമൊക്കെയായി നടന്നവർ നരകത്തിന്റെ വികസന കാര്യത്തിൽ ഒറ്റക്കെട്ടായിരുന്നു. ഇവിടെ സ്വർഗത്തിൽ വരുന്നവരൊക്കെ ഭൂമിയിൽ നേരായ മാർഗത്തിൽ എളിമയോടെ ജീവിച്ച മണ്ണുണ്ണികളാണ്. അതുകൊണ്ടെന്താ! ഒരു വികസനവുമില്ല, പരിഷ്‌കാരവുമില്ല. നല്ല കാറ്റുംകൊണ്ട് വെറുതെ ബോറടിച്ച് ജീവിച്ചുപോകാം; അത്രതന്നെ!"
ഭൂമിയിലായാലും സ്വർഗത്തിലായാലും നരകത്തിലായാലും വികസനത്തിന് ഇത്ര പ്രാധാന്യമുണ്ടെന്ന് ഗുണൻ തീരെ ഗണിച്ചിരുന്നില്ല!
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |