ദൈവത്തിന്റെ സ്വന്തം നാട് എന്ന കേരളത്തിന്റെ വിളപ്പേരിന് കളങ്കം വരുത്തുന്നതാണ് വർദ്ധിച്ചു വരുന്ന സ്ത്രീകൾക്കു നേരെയുള്ള അതിക്രമങ്ങൾ. നിയമങ്ങൾ ശക്തമാകുമ്പോഴും ഓരോ വർഷവും കേസുകളുടെ എണ്ണം കൂടുന്നതല്ലാതെ കുറയുന്നില്ല എന്നതാണ് സത്യം. കൊവിഡിനു ശേഷമുള്ള വർഷങ്ങളിൽ പോക്സോ ഉൾപ്പെടെയുള്ള കേസുകളിൽ വൻവർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. സ്ത്രീകൾ സുരക്ഷിതമായിരിക്കേണ്ട കരങ്ങളിൽ നിന്നു തന്നെയാണ് പലപ്പോഴും അവൾക്ക് മുറിവേൽക്കുന്നതെന്നതും ഞെട്ടിപ്പിക്കുന്ന വസ്തുതയാണ്. ഇത്തരം സംഭവങ്ങളിൽ പ്രതിയാകുന്നവർക്ക് പലപ്പോഴും അർഹിക്കുന്ന ശിക്ഷ ലഭിക്കാറില്ലെന്നതും ശരിയാണ്. സ്ത്രീകൾക്ക് നേരെ വർദ്ധിച്ചുകൊണ്ടിരിക്കുന്ന അതിക്രമങ്ങളാണ് കേരളത്തിന്റെ സത്പേരിനെ മായ്ച്ചുകളഞ്ഞത്. സംസ്ഥാനത്തിന്റെ എല്ലാ മികവുകൾക്കും മങ്ങലേൽപ്പിക്കുന്നതാണ് ഇത്തരം സംഭവങ്ങൾ.
കുറയാതെ
കേസുകളുടെ എണ്ണം
പൊലീസ് ക്രൈം രജിസ്റ്റർ കണക്കുകൾ പ്രകാരം 2021ൽ സ്ത്രീകൾക്കെതിരായി 16,199 കേസുകളാണ് റിപ്പോർട്ട് ചെയ്തതെന്ന് കാണാം. 2022, 2023 വർഷങ്ങളിൽ കേസുകളുടെ എണ്ണം യഥാക്രമം 18,943, 18,980 എന്നിങ്ങനെയാണ്. ഈ വർഷം ഓഗസ്റ്റുവരെ റിപ്പോർട്ടു ചെയ്തത് 12,436 കേസുകളാണ്. ഇതിൽത്തന്നെ ബലാത്സംഗക്കേസുകളുടെ കണക്കുകൾ പരിശോധിച്ചാൽ 2021ൽ 2,339 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. 2022, 2023 വർഷങ്ങളിൽ കേസുകളുടെ എണ്ണം യഥാക്രമം 2,518, 2,562 എന്നിങ്ങനെയാണ്. ഈ വർഷം ആഗസ്റ്റ് വരെ 1,813 കേസുകളും റിപ്പോർട്ട് ചെയ്തു. സ്ത്രീധന പീഡനത്തെ തുടർന്ന് മാത്രം 2021ൽ ഒൻപത് പേരും 2022ൽ 11 പേരും മരിച്ചു. 2023 ൽ എട്ടും 2024 മൂന്നു പേരുമാണ് മരിച്ചത്. സ്ത്രീകൾക്കെതിരെ നടക്കുന്ന ഗാർഹിക പീഡന പരാതികളിലും വലിയ വർദ്ധനവാണ് കാണുന്നത്. ഇതുമായി ബന്ധപ്പെട്ട് 2021ൽ 4,997 കേസുകൾ റിപ്പോർട്ട് ചെയ്തു. 2022ൽ കേസുകളുടെ എണ്ണം 4,998 ആയിരുന്നു. 2023ൽ 4,710 കേസുകളും ഈ വർഷം 3,025 കേസുകളും റിപ്പോർട്ട് ചെയ്തു.
സ്ത്രീകളെ ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ട് 2021, 2022, 2023, 2024 വർഷങ്ങളിൽ കേസുകളുടെ എണ്ണം യഥാക്രമം 4,059, 4,940, 4,816, 2,927 എന്നിങ്ങനെയാണ്. സ്ത്രീകളെ ശല്യം ചെയ്തതിന് 2021ൽ രജിസ്റ്റർ ചെയ്തത് 504 കേസുകളാണ്. 2022ൽ 572 കേസുകളും രജിസ്റ്റർ ചെയ്തു. 2023, 2024 വർഷങ്ങളിൽ കേസുകളുടെ എണ്ണം 679, 427 എന്നിങ്ങനെയാണ്.
ഒരു മിനിറ്റിൽ
ഒരു സ്ത്രീ
ലോകത്ത് ഒരു മിനിറ്റിൽ ഒരു സ്ത്രീ ആക്രമിക്കപ്പെടുന്നുണ്ട്. യു.എൻ റിപ്പോർട്ട് പ്രകാരം 736 ദശലക്ഷം സ്ത്രീകൾ ശാരീരിക-മാനസിക പീഡനങ്ങൾക്ക് ഇരയാകുന്നു. ലോകാരോഗ്യ സംഘടന പറയുന്നതനുസരിച്ച് 15 വയസ് മുതൽ 49 വയസ് വരെയുള്ള സ്ത്രീകളിൽ 30 ശതമാനം സ്ത്രീകളും മാനസിക-ശാരീരിക പീഡനം നേരിടുന്നുണ്ട്. ഇന്ത്യയിൽ ഒരു ലക്ഷം സ്ത്രീകളിൽ 58 സ്ത്രീകൾ അതിക്രമങ്ങൾക്ക് ഇരയാവുന്നു. ലിംഗ-സമത്വ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം 156 ൽ 140-ാം സ്ഥാനത്താണ്. സ്ത്രീകൾക്ക് ഏത് അർദ്ധരാത്രിയിലും വഴിനടക്കാൻ കഴിയുന്ന ഇന്ത്യയാണ് തന്റെ സ്വപ്‌നമെന്ന് മഹാത്മാഗാന്ധി പറഞ്ഞത് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുൻപായിരുന്നു. ആ വലിയ സ്വപ്‌നം ഇന്നും സ്വപ്‌നമായിത്തന്നെ തുടരുകയാണ്.
കൂടുന്ന ഗാർഹിക
പീഡന കേസുകൾ
ലോകാരോഗ്യ സംഘടനയുടെ 2018ലെ കണക്കനുസരിച്ച് മൂന്നിൽ ഒരു സ്ത്രീ പങ്കാളിയിൽ നിന്നുള്ള ശാരീരിക മാനസിക പീഡനങ്ങൾ ഏറ്റുവാങ്ങുന്നുണ്ട്. സ്ത്രീ കൊലപാതകത്തിൽ മൂന്നിലൊന്നിന് കാരണം പങ്കാളിയുടെ പീഡനമാണെന്നും കണക്കുകൾ വ്യക്തമാക്കിയിരുന്നു. സ്ത്രീ കൊലപാതകത്തിൽ മൂന്നിലൊന്നിന് കാരണം പങ്കാളിയുടെ പീഡനമാണെന്നും കണക്കുകൾ വ്യക്തമാക്കിയിരുന്നു. പൊതുസമൂഹത്തിൽ തെറ്റാണെന്ന് പറയുമ്പോഴും രഹസ്യമായി നിലനിൽക്കുന്ന സ്ത്രീധന സമ്പ്രദായവും തുടച്ചു നീക്കപ്പെടേണ്ടതാണ്. ഉയർന്ന ജോലിയും ശമ്പളവുമുണ്ടെങ്കിലും ഭർതൃ വീട്ടിലെ പീഡനത്തെ തുടർന്ന് ജീവൻ ത്യജിക്കേണ്ടി വരുന്നത് നിരവധി സ്ത്രീകൾക്കാണ്. ഇക്കാര്യത്തിൽ സിക്കിം, നാഗാലാന്റ്, മണിപ്പൂർ, മിസോറാം, ഗോവ എന്നീ സംസ്ഥാനങ്ങളെ മാതൃകയാക്കാം. പോയവർഷം സ്ത്രീധന പീഡനവുമായി ബന്ധപ്പെട്ട ഒരു കേസുപോലും ഇവിടെ റിപ്പോർട്ട് ചെയ്തിട്ടില്ല. വീടിനുള്ളിലും തൊഴിലിടങ്ങളിലും പൊതുസ്ഥലങ്ങളിൽ സ്ത്രീകൾ അതിക്രമത്തിനിരയാവുന്നത് നാം സ്ഥിരമായി വായിക്കുന്ന വാർത്തകളാണ്. പ്രായഭേദമന്യേയാണ് സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ നടക്കുന്നത്. കൊച്ചുകുട്ടികൾ മുതൽ വയോജനങ്ങൾ വരെ ആക്രമിക്കപ്പെടുന്നുണ്ട്. ഗാർഹികാതിക്രമ നിയമവും തൊഴിലിടങ്ങളിലെ ലൈംഗികപീഡന വിരുദ്ധ നിയമവും നിലവിലുണ്ടെങ്കിലും അതെല്ലാം എത്രമാത്രം ഫലപ്രദമാകുന്നുവെന്ന പരിശോധന അനിവാര്യമാണ്. ഒരു സ്ത്രീയ്ക്ക് ഒറ്റയ്ക്ക് യാത്രചെയ്യാൻ പോലുമുള്ള സ്വാതന്ത്ര്യം കേരളത്തിലുണ്ടോ എന്നത് ചർച്ച ചെയ്യപ്പെടേണ്ടതാണ്.
വേണം
ഫലപ്രദ നടപടി
ഒരു കൃത്യം നടക്കുമ്പോൾ മാത്രം നീതിബോധം ഉണരുന്ന അധികൃതർ കൃത്യം നടക്കാതിരിക്കാനുള്ള വഴികളാണ് തേടേണ്ടത്. രാത്രിയിൽ പേടിച്ച് ജോലി ചെയ്യുന്ന, പേടിച്ച് യാത്ര ചെയ്യുന്ന, ഭക്ഷണം കഴിക്കാൻ ഹോട്ടലുകളിൽ പേടിയോടെ കയറുന്ന സ്ത്രീകൾ കേരളത്തിന്റെ സൽപേരിന് മേലുള്ള ക്രൂരമായ പോറലുകളാണ്. സ്ത്രീയ്ക്ക് ഒറ്റയ്ക്ക് യാത്രചെയ്യാൻ പോലുമുള്ള സ്വാതന്ത്ര്യം കേരളത്തിലുണ്ടോ എന്നത് ചർച്ച ചെയ്യപ്പെടേണ്ടതാണ്.
ജാതി-മത-വർഗ ഭേദമന്യേ സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കിടയിലും നിലനിൽക്കുന്ന മാറ്റപ്പെടേണ്ട വ്യവസ്ഥയാണ് സ്ത്രീധനം. നിലവിലെ നിയമ സംവിധാനങ്ങൾക്ക് ഈ വിപത്തിനെ തടയാൻ സാധിക്കുന്നില്ല. സ്ത്രീധന സമ്പ്രദായം നമ്മുടെ പെൺമക്കളെ കേവലം വില്പനച്ചരക്കാക്കുകയാണെന്ന് മാതാപിതാക്കൾ മനസിലാക്കണം.
സ്ത്രീകളുടെ പേടിയകറ്റി നല്ല വീഥിയൊരുക്കുകയാണ് സമൂഹം ചെയ്യേണ്ടത്. ഒരുപാട് പേടികൾ കൂടിച്ചേർന്ന നമ്മുടെ സ്ത്രീ ലോകത്തെ മാറ്റിയെഴുതാൻ ശ്രമിക്കാം നമുക്ക് ഒറ്റക്കെട്ടായി...
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |