പി. ശരണ്യ
ഉപഭോക്താക്കളുടെ ഏത് സംശയങ്ങൾക്കും ഇനി ക്ലേയ്സ് മറുപടി നൽകും..... സംസ്ഥാനത്തെ പൊതുമേഖലയിൽ ആദ്യമായി നിർമ്മിത ബുദ്ധിയുടെ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) സാദ്ധ്യത ഉപയോഗപ്പെടുത്തിക്കൊണ്ട് കേരള ക്ലേ ആൻഡ് സെറാമിക് പ്രൊഡക്ട് ലിമിറ്റഡിന്റെ (കെ.സി.സി.പി.എൽ) ചുവടുവയ്പ്പ്. വൈവിദ്ധ്യവത്ക്കരണത്തിലൂടെ അതിജീവനത്തിന്റെ പാത വെട്ടിതെളിച്ച കെ.സി.സി.പി.എല്ലിന്റെ വിജയക്കുതിപ്പിലെ ഒരു നാഴികക്കല്ല് കൂടിയാണ് അതിനൂതന സാദ്ധ്യകൾ ഉപയോഗപ്പെടുത്തിയുള്ള ഇത്തരം കുതിച്ചുച്ചാട്ടം. ഇതിലൂടെ വിപുലമായ വിപണി കണ്ടെത്തി ഉത്പ്പാദനവും വിപണനവും മെച്ചപ്പെടുത്തുകയാണ് അധികൃതരുടെ ലക്ഷ്യം.
കമ്പനിയുടെ വെബ്സൈറ്റുമായി സംയോജിപ്പിച്ചാണ് ചാറ്റ് ബോട്ടിന്റെ സാദ്ധ്യത ഉപയോഗിക്കുന്നത്. ടെക്നോപാർക്കിൽ പ്രവർത്തിക്കുന്ന കേരള സ്റ്റാർട്ട് അപ് മിഷൻ അംഗീകൃത സ്ഥാപനമായ ഗൗഡേ ബിസിനസ് ആന്റ് ഇൻഫ്രാസ്ട്രക്ചർ സൊലൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്റ്റാർട്ട് അപ്പ് സംരംഭം വികസിപ്പിച്ചെടുത്തതും ക്ലേയ്സ് എന്ന് കെ.സി.സി .പി.എൽ നാമകരണം ചെയ്തത ചാറ്റ്ബോട്ടാണ് എ.ഐ വെർച്ച്വൽ അസിസ്റ്റന്റായി കമ്പനി ഉപയോഗിക്കാൻ ഉദ്ദേശിക്കുന്നത്. എൻ.എൽ.പി ( നാച്ച്വറൽ ലാൻഗ്വേജ് പ്രൊസസ്സിംഗ് ) എന്ന എ.ഐ യുടെ അതിനൂതന സാങ്കേതിക വിദ്യയാണ് ഇതിന് പ്രയോജനപ്പെടുത്തിയിരിക്കുന്നത്. ഈ ചാറ്റ്ബോട്ട് കമ്പനിയുടെ വൈബ്സൈറ്റുമായി സംയോജിപ്പിക്കുന്നതോടെ 24 മണിക്കൂറും പ്രവർത്തിക്കുന്ന ചാറ്റ്ബോട്ട് സജ്ജമാകും. കമ്പനിയുടെ ഏത് ഉത്പ്പന്നങ്ങളെപ്പറ്റിയും ഏത് ഭാഷയിൽ അന്വേഷിച്ചാലും ഉത്പ്പന്ന സംബന്ധമായ വിവരങ്ങൾ അതാത് ഭാഷയിൽ ലഭ്യമാക്കുന്നതാണ് എ.ഐ.ചാറ്റ്ബോട്ട് സംവിധാനം. ഇതിലൂടെ ഉപഭോക്താക്കളുടെ സംശയങ്ങൾക്ക് ഉടൻ ക്ലെയ്സ് മറുപടി പറയും.
പൊതുമേഖലാ സ്ഥാപനമായ കെ.സി.സി.പി ലിമിറ്റഡിന്റെ വിപണന സാദ്ധ്യതകൾ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി നിർമ്മിച്ചെടുത്ത എ.ഐ.ചാറ്റ്ബോട്ടിന്റെ ഉദ്ഘാടനം വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് നിർവഹിച്ചു. കേരളത്തിലെ പൊതുമേഖലയിൽ ആദ്യമായാണ് വ്യവസായ വകുപ്പിന്റെ കീഴിൽ എ.ഐ. ചാറ്റ് പോട്ട് നിലവിൽ വരുന്നതെന്ന് മന്ത്രി പറഞ്ഞു. എറണാകുളത്ത് വ്യവസായ വകുപ്പിന്റെ അർദ്ധ വാർഷിക അവലോകന യോഗത്തിൽ വെച്ചാണ് ഉദ്ഘാടനം നടന്നത്.
മലബാറിന്റെ
അഭിമാനം
മലബാറിന്റെ വ്യവസായ സ്വപ്നങ്ങൾക്ക് കരുത്ത് പകരുന്ന സ്ഥാപനമായ കെ.പി.സി.സി.എൽ ഒരു കാലത്ത് അടച്ചുപൂട്ടൽ ഉൾപ്പെടെയുള്ള കടുത്ത പ്രതിസന്ധികളിലൂടെയാണ് കടന്നു പോയത്. എന്നാൽ പിന്നീട് വന്ന ഭരണ സമിതിയുടെ നേതൃത്വത്തിൽ മികച്ച പ്രവർത്തനങ്ങൾ നടത്തി മുന്നേറിയ സ്ഥാപനം ഇന്ന് മലബാറിന് ഏറെ അഭിമാനമാണ്. ലാറ്ററൈറ്റ് എക്സട്രാക്ഷന്റെ വിപുലീകരണം, സാനിറ്റൈസർ, ഹാന്റ് വാഷ്, ഫ്ലോർ ക്ലീനർ, ഡി- മിനറലൈസ്ഡ് വാർട്ടർ ഉൾപ്പെടെയുള്ള വിവിധ പേർസണൽ പ്രൊട്ടക്ടീവ് ഉത്പ്പന്നങ്ങളുടെ യൂണിറ്റിന്റെ വിപുലീകരണം, പഴയങ്ങാടിയിലെ കമ്പനിയുടെ ഖനനം ചെയ്ത മേഖലയിൽ ജൈവ വൈവിദ്ധ്യം പുനസ്ഥാപിക്കാൻ അനുയോജ്യമായ പ്ലാന്റ്സ് നട്ടുവളർത്തൽ എന്നീ വിവിധ പദ്ധതികളുമായി കമ്പനി മുന്നോട്ട് പോവുകയാണ്. പഴയങ്ങാടിയിൽ ജൈവ വൈവിദ്ധ്യങ്ങളുടെ കലവറയായി ഖനനം ചെയ്ത മേഖലയെ മാറ്റാനുളള പദ്ധതി ആസൂത്രണങ്ങളും നടന്നു വരികയാണ്. കെ.സി.സി.പിഎല്ലിന്റെ നാലാമത്തെ പെട്രോൾ പമ്പിന്റെ നിർമ്മാണപ്രവൃത്തി കരിന്തളത്ത് നടന്നു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ഓണത്തിനാണ് കമ്പനിയുടെ ഓൺലൈൻ വിപണിയുടെ ഉദ്ഘാടനം കഴിഞ്ഞത്. കെ-ഷോപ്പി ഇ കൊമോഴ്സ് പോർട്ടലിലൂടെ വാങ്ങുന്ന ഉത്പ്പന്നങ്ങൾ തപാൽവകുപ്പ് വഴിയാണ് ഉപഭോക്താവിന് വീട്ടിൽ ലഭിക്കുക. കമ്പനിയുടെ നാളികേര അധിഷ്ഠിത ഉത്പ്പന്നങ്ങളായ തേങ്ങാപ്പാൽ, വെർജിൻ കോക്കനട്ട് ഓയിൽ ,ഡെസിക്കേറ്റഡ് കോക്കനട്ട് പൗഡർ , കൂടാതെ ആന്റിസെപ്റ്റ്ക് ആന്റ് ഡിസിൻഫെക്ടന്റ്സ് കയർപിത്ത് കംപോസ്റ്റ് മുതലായവ പോർട്ടലിൽ ലഭ്യമാണ്. ഇതിനോടകം മികച്ച പ്രതികരമാണ് ഓൺലൈൻ വിപണിയിലൂടെ ലഭിച്ച് കൊണ്ടിരിക്കുന്നത്.
ചരിത്രത്തിലൂടെ
മലബാറിലെ വ്യവസായ പ്രമുഖനായ സാമുവൽ ആറോൺ 1942 ൽ ആണ് ക്ലേയിസ് ആൻഡ് സിറാമിക്സ് കമ്പനി തുടങ്ങിയത്. 1974 വരെ ആറോണിന്റെ അധീനതയിൽ ആയിരുന്നു. നഷ്ടത്തിലായ കമ്പനി 1974 കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ലിമിറ്റഡ് ഏറ്റെടുത്തു.1984 ലാണ് കേരള ക്ലേയ്സ് ആൻഡ് സിറാമിക്സ് പ്രോഡക്റ്റ് ലിമിറ്റഡ് ആരംഭിക്കുന്നത്. പാപ്പിനിശ്ശേരിയിൽ ഹെഡ് ഓഫീസും ,കണ്ണപുരം , പഴയങ്ങാടി നീലേശ്വരം യൂണിറ്റുകളുമാണ് തുടക്കത്തിൽ ഉണ്ടായിരുന്നത്. 1995 ആണ് സിഡ്കോവിന്റെ കീഴിൽ ഉണ്ടായിരുന്ന മാങ്ങാട്ടുപറമ്പ് സിറാമിക്സ് ഇതിൻെറ ഭാഗമാകുന്നത്. 2004ൽ കാസർകോട് ജില്ലയിലെ കരിന്തളത്ത് ലാറ്ററൈറ്റ് ഖനന യൂണിറ്റും ആരംഭിച്ചു. 1984 മുതൽ 87 വരെ നഷ്ടത്തിൽ ആയിരുന്നു സ്ഥാപനം 1988 മുതൽ 2015 വരെ ലാഭത്തിലായിരുന്നു. 2018 ൽ വൈദ്യവത്ക്കരണ പദ്ധതികൾ തുടങ്ങിയതോടെ കമ്പനിയുടെ പേര് കെ.സി.സി.പി.എൽ എന്ന് പുനർനാമകരണം ചെയ്തു. കണ്ണൂർ കാസർകോട് ജില്ലകളിലായി 195 ഏക്കർ സ്ഥലം കമ്പനിക്കുണ്ട്. ഭരണത്തിനെതിരെ പഴയങ്ങാടിയിലും കരിങ്കലത്തു നടന്ന പ്രതിഷേധങ്ങളെ തുടർന്ന് സ്ഥാപനം പ്രതിസന്ധിയിലായി. അസംസ്കൃത വസ്തു കിട്ടാതായതോടെ മങ്ങാട്ടുപറമ്പ് സിറാമിക്സ് പൂട്ടി. പഴയങ്ങാടിയിലും കരിന്തളത്തും ഇതേ അവസ്ഥയായി. തൊഴിലും കൂലിയും മുടങ്ങി. പിന്നീട് ടി.കെ. ഗോവിന്ദന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയാണ് സർക്കാർ സഹായത്തോടെ അതിജീവനത്തിനുള്ള ഒന്നാം പദ്ധതികൾ ആവിഷ്കരിച്ചത്.
കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളിൽ ആദ്യമായാണ് ഇത്തരമൊരു സംവിധാനം നിലവിൽ വരുന്നത്. ഇരുപത്തി നാലു മണിക്കൂറും ലഭ്യമാകുന്നതോടെ ഏതു സമയത്തും അന്വേഷണങ്ങൾക്കുള്ള മറുപടി ലഭിക്കുന്നതിനാൽ ഉത്പ്പന്ന -വിപണന സാദ്ധ്യത വർദ്ധിപ്പിക്കും.
ആനക്കൈ ബാലകൃഷ്ണൻ ,മാനേജിംഗ് ഡയറക്ടർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |