SignIn
Kerala Kaumudi Online
Friday, 27 December 2024 6.51 AM IST

നോക്കുവിൻ സഖാക്കളേ... നമ്മൾ വന്ന വീഥിയിൽ...

Increase Font Size Decrease Font Size Print Page
cpm

സർക്കാരിനെയും ജനങ്ങളെയും ഔദ്യോഗിക ജീവിതകാലത്തുടനീളം നിസ്വാർത്ഥമായി സേവിച്ച ഒരു ഉദ്യോഗസ്ഥന്റെ കുടുംബത്തെ ആശ്വസിപ്പിക്കാൻ കേരളത്തിന്റെ മുഖ്യമന്ത്രി എന്തുകൊണ്ട് പത്തനംതിട്ട വരെ പോയില്ല. സാന്ത്വനവാക്കുകൾ പറഞ്ഞില്ല. എന്നും ചോദിക്കുന്നവരുണ്ട്.

പണ്ടൊക്കെ, എന്നു പറഞ്ഞാൽ 1990കൾ മുമ്പുവരെ ജനം എന്തു ചിന്തിക്കുന്നുവോ ഏറെക്കുറെ സമാനമായ രീതിയിലായിരുന്നു സി.പി.എമ്മിന്റെ നിലപാടും പ്രതികരണങ്ങളും. എന്നാൽ വി.എസ്. അച്യുതാനന്ദനും പിണറായി വിജയനും തമ്മിലുള്ള വിഭാഗീയത വർദ്ധിച്ചതോടെ പാർട്ടി രണ്ടു തട്ടിലായി. ഗ്രൂപ്പിസം ശക്തി പ്രാപിച്ചതോടെ പരമാവധി പാർട്ടിക്കാരെ ഒപ്പം നിറുത്താനുള്ള വ്യഗ്രതയായി. ആ കൂട്ടത്തിൽ റിയൽ എസ്റ്റേറ്റ് ബ്രോക്കർമാരും, മണൽ മാഫിയക്കാരുമൊക്കെ പാർട്ടിയുടെ ഭാഗമായി. ഭാഗമാക്കി എന്നു പറയുന്നതായിരിക്കും ശരി. ലോക്കൽ കമ്മിറ്റി, ഏരിയാ കമ്മിറ്റികൾ ഒക്കെ സ്ഥലത്തെ പ്രധാന ദിവ്യൻമാരുടെ പക്ഷത്തായി. എല്ലാവരുമല്ലെന്ന് ഓർക്കണം. പ്രബലവിഭാഗം.

പണ്ടൊക്കെ പാർട്ടി ഫണ്ട് പിരിക്കുമ്പോൾ ഓരോ വീടുകളിലും കയറുമായിരുന്നു. ഓരോ ചില്ലിത്തുട്ടും പാർട്ടിക്ക് വലുതായിരുന്നു. ജനകീയാടിത്തറയുള്ള പാർട്ടി എന്നു വെറുതെ പറഞ്ഞതായിരുന്നില്ല. ഇന്ന് പിരിവ് വളരെ എളുപ്പമുള്ള കാര്യമാണ്. ഓരോ കമ്മിറ്റിക്കും നൽകിയിട്ടുള്ള കോട്ട പിരിക്കാൻ എളുപ്പം സാധിക്കും. സ്ഥലത്തെ ഒന്നോ രണ്ടോ മുതലാളിമാരെ കണ്ടാൽ കോട്ട തികയും. പാവപ്പെട്ടവരെ കാണാൻ എന്തിനു നടന്നു മെനക്കെടണം. മാത്രമല്ല ഓരോ വീടുകളിൽ ചെല്ലുമ്പോഴും പാർട്ടിയേയും ഭരണത്തെയും സംബന്ധിച്ച വിലയിരുത്തലുകളുടെ പഴി കേൾക്കുന്നത് ഒഴിവാകുകയും ചെയ്യും. പാർട്ടി ജനങ്ങളിൽ നിന്ന് അകലുകയായിരുന്നു. ബേസ് വോട്ടുകൾ ചോർന്നു എന്ന് ഇപ്പോൾ പാർട്ടി വിലയിരുത്തുന്നതിന്റെ കാരണം അന്വേഷിച്ചു കണ്ടുപിടിക്കേണ്ട കാര്യമില്ല. കേന്ദ്ര കമ്മിറ്റി പ്രമേയത്തിൽ ചൂണ്ടിക്കാട്ടിയതുപോലെ നേതാക്കളുടെ ധാർഷ്ട്യം ഉൾപ്പെടെ പാർട്ടിക്കു സംഭവിച്ച വീഴ്ചകൾ നോക്കിയാൽ മതി.

തെറ്റുകൾ വളരെ വൈകി തിരുത്തുന്നതാണ് ഇന്നത്തെ പാർട്ടി ശൈലി. ജനം അപ്പോഴേക്കും സഹികെട്ട് മടുത്തു നിരാശരായി കഴിഞ്ഞിരിക്കും. തെറ്റു തിരുത്തി പാർട്ടിയെ നവീകരിക്കും എന്ന് എത്രയോ പ്രമേയങ്ങൾ പാസ്സാക്കിയിരിക്കുന്നു. എന്നിട്ട് എന്തായി?

നവീൻബാബു എന്ന എ.ഡി.എമ്മിന്റെ ദൗർഭാഗ്യകരമായ മരണം സംഭവിച്ചിട്ട് ഒരാഴ്ച കഴി‌ഞ്ഞു. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തു നിന്ന് പി.പി. ദിവ്യയെ നീക്കി എന്നതല്ലാതെ അവരെ ഒന്നു ചോദ്യം ചെയ്യാൻ പോലും ഇത് എഴുതുന്ന ചൊവ്വാഴ്ച വൈകുന്നേരം വരെയും പൊലീസ് തയ്യാറായിട്ടില്ല. ദിവ്യയ്ക്കൊപ്പമല്ല എന്ന് എൽ.ഡി.എഫ് യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞതായി വാർത്തകൾ വന്നു. ഇത് വിശ്വസിക്കാമെങ്കിൽ എന്തുകൊണ്ട് ദിവ്യയെ പൊലീസ് ചോദ്യം ചെയ്യുന്നില്ല. ആത്മാഹത്യാ പ്രേരണാക്കുറ്റം ചുമത്തിയിട്ടും അറസ്റ്റ് ചെയ്യുന്നില്ല എന്ന് പൊതുജനം സംശയിക്കുന്നുണ്ട്. ആഭ്യന്തര വകുപ്പ് കൈയ്യാളുന്നതും മുഖ്യമന്ത്രിയാണല്ലോ. അതോ മുഖ്യമന്ത്രിയുടെ ഓഫീസിലിരുന്നു പൊലീസിനെ നിയന്ത്രിക്കുന്നവരുടെ സംരക്ഷണയിലാണോ ദിവ്യ .

ഇതാണ് ആദ്യം പറഞ്ഞത് പൊതു സമൂഹത്തിന്റെ മന:സാക്ഷി പ്രതീക്ഷിക്കുന്നത് എന്തോ? അതിനെതിരായിട്ടായിരിക്കും നിലപാട്. പൊതു മന:സാക്ഷിക്കൊപ്പം പോകാൻ പറ്റില്ലെന്ന നിലപാടാണ് ഭരണ നേതൃത്വത്തിന് ഉള്ളതെന്നു തോന്നുന്നു. ഉപതിരഞ്ഞെടുപ്പ് ഇല്ലായിരുന്നെങ്കിൽ ദിവ്യയ്ക്ക് സ്ഥാനചലനം ഉണ്ടാകുമായിരുന്നോ എന്ന് ചോദിക്കുന്നവരുമുണ്ട്. സർക്കാരിനെയും ജനങ്ങളെയും ഔദ്യോഗിക ജീവിതകാലത്തുടനീളം നിസ്വാർത്ഥമായി സേവിച്ച ഒരു ഉദ്യോഗസ്ഥന്റെ കുടുംബത്തെ ആശ്വസിപ്പിക്കാൻ കേരളത്തിന്റെ മുഖ്യമന്ത്രി എന്തുകൊണ്ട് പത്തനംതിട്ട വരെ പോയില്ല. സാന്ത്വനവാക്കുകൾ പറഞ്ഞില്ല. എന്നും ചോദിക്കുന്നവരുണ്ട്.

കണ്ണൂരിലെ പിണറായിക്കടുത്ത് പാറപ്രത്ത് രൂപീകരിച്ച പാർട്ടിയാണിത്. എ.കെ. ഗോപാലനും, കെ.പി.ആർ. ഗോപാലനും, സി.എച്ച്.കണാരനും, പാട്യം ഗോപാലനും എം.വി.രാഘവനും മുതൽ പിണറായി വിജയൻ വരെ കരുത്തരായ നേതാക്കളെ സംഭാവന ചെയ്ത നാട് ഇന്ന് പാർട്ടിയുടെ പതനത്തിനു വഴിതെളിക്കുന്ന സംഭവങ്ങളാൽ ചർച്ച ചെയ്യപ്പെടുന്നു. കണ്ണൂരിൽ നിന്നുയരുന്ന പ്രശ്നങ്ങൾ ഓരോന്നും പാർട്ടിക്ക് തലവേദനയായി തുടങ്ങിയിട്ട് നാളുകളായി. ഭരണവും പാർട്ടിയുമെല്ലാം കണ്ണൂരിൽ കേന്ദ്രീകരിക്കുന്നു. അവിടുത്തെ നേതാക്കൾ പലരും ഓരോ പരമാധികാര റിപ്പബ്ളിക്കുകളായി നിലകൊള്ളുന്നു. അവരെച്ചുറ്റിപ്പറ്റിയുള്ള വിഭാഗീയതയാണ് സി.പി.എം ഇപ്പോൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. പാർട്ടിക്കും ഭരണത്തിനും ഉള്ളിലെ പ്രശ്നങ്ങൾ പാർട്ടിക്കകത്തു നിന്നുതന്നെ പുറത്തുവരുന്ന സ്ഥിതി. പഴയ വിഭാഗീയത മാറി പുതിയ വിഭാഗീയത വന്നുവെന്നു മാത്രം. ഇപ്പോൾ നടന്നുവരുന്ന സമ്മേളനങ്ങളിൽ ചിലത് കൈയ്യാങ്കളിയിലേക്ക്

നീങ്ങുന്നുവെന്ന വാർത്ത വരുന്നു. അതും ഓരോ ജില്ലാതല വിഭാഗീയതയുടെ ലക്ഷണങ്ങളാണ്. അതികായൻമാർ അണിനിരന്നിരുന്ന പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് ഇപ്പോൾ യുവ തലമുറ കൈയ്യടക്കി. അതിനെ തെറ്റു പറയാൻ കഴിയില്ല. പുതു രക്തം ഇല്ലാതെ പാർട്ടിക്കു മുന്നോട്ടു പോകാനാകില്ല. പക്ഷെ അവരിൽ ജനകീയർ, മാസ് ലീഡർ എന്നു പറയാവുന്നവർ എത്രയെന്ന ചോദ്യം ബാക്കിയാകുന്നു. തലക്കനത്തിന്റെയും ധാർഷ്ട്യത്തിന്റെയും ഇരുമ്പുചട്ട അണിഞ്ഞവരാണ് അവരിൽ ചിലരെന്നു പറയുന്നത് പാർട്ടിക്കാർ തന്നെയാണ്.

സ്പാനിഷ് ആഭ്യന്തര യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ പാബ്ളോ നെരൂദ എഴുതിയ I Explain Some Thing എന്ന കവിതയിൽ Come and see the blood in the street എന്നു പറയുന്നുണ്ട്.' വരൂ ഈ തെരുവിലെ രക്തം കാണൂ...' എന്ന വരികൾ നെഞ്ചേറ്റിയവരെ അതിപ്പോൾ തിരിഞ്ഞു കുത്തുന്നില്ലേയെന്ന് അവർതന്നെ ചിന്തിക്കണം. അനീതി കാണുമ്പോൾ തെരുവിൽ അതിനെ ചോദ്യം ചെയ്തവരുടെ മൗനം തന്നെയാണ് ഉദ്ദേശിച്ചത്.

ഒരുകാര്യം ഉറപ്പാണ്. നവീൻബാബുവിന്റെ മരണം കേരളത്തിന്റെ ഉള്ളുലച്ച സംഭവമാണ്. അതിൽ നീതി നടപ്പിലാക്കാതെ സംരക്ഷണമാണ് ഒരുക്കുന്നതെങ്കിൽ നഷ്ടപ്പെടുന്നത് പാർട്ടിക്കുള്ള ജനങ്ങളുടെ സംരക്ഷണം ആയിരിക്കും. ഈ പാർട്ടിക്ക് എന്തുപറ്റി എന്നു ചോദിക്കുന്നവരുണ്ട്. ആയിരക്കണക്കിനു സഖാക്കൾ ജീവരക്തം കൊണ്ട് ചുവപ്പിച്ച വീഥിയിലൂടെ കടന്നുവന്ന പാർട്ടി ഇന്ന് അതിന്റെ കേരള ചരിത്രത്തിലെ വലിയ പ്രതിസന്ധിയുടെ വക്കിലാണ്.

പി.വി.അൻവറിൽ നിന്നും പാഠം പഠിക്കാതെ എന്തുകൊണ്ട് സരിനെ പാലക്കാട് നിറുത്തി.പാർട്ടിക്കായി ജീവിതം സമർപ്പിച്ചവരെല്ലാം തിരഞ്ഞെടുപ്പ് വരുമ്പോൾ കളത്തിനു പുറത്താകുന്നു.ഇതെന്ത് മറിമായം.എന്നും ചോദിക്കുന്നവരുണ്ട്.

ഈ പാർട്ടിയെക്കുറിച്ച് ഒരു ചുക്കും അറിയില്ല എന്നു പറയുന്നത് ഇതിനാലാണോ?

TAGS: OPINION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.