കടുത്ത സാമ്പത്തിക മാന്ദ്യം മൂലം ചെറുകിട വ്യാപാര, വ്യവസായ മേഖല വലിയ പ്രതിസന്ധിയെ നേരിടുകയാണ്. സ്വയം തൊഴിൽ കണ്ടെത്തുകയും ലക്ഷക്കണക്കിനു പേർക്ക് പ്രത്യക്ഷമായും പരോക്ഷമായും തൊഴിൽ നൽകുകയും ചെയ്യുന്ന സുപ്രധാന മേഖലയാണ് കേന്ദ്ര സർക്കാരിന്റെ തെറ്റായ നിലപാടു മൂലം തകർച്ച നേരിടുന്നത്. 'ഒരു രാജ്യം, ഒരു കമ്പോളം, ഒറ്റ നികുതി" എന്ന പ്രഖ്യാപനത്തോടെയാണ് 2018 ജൂലായ് ഒന്നു മുതൽ രാജ്യത്ത് ഗുഡ്‌സ് സർവീസ് ടാക്സ് നടപ്പാക്കിയത്. രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ ബാധിക്കുന്നതും, ചെറുകിട വ്യാപാര മേഖലയിൽ ദൂരവ്യാപക പ്രത്യാഘാതങ്ങൾ ക്ഷണിച്ചുവരുത്തുന്നതുമാകും പുതിയ പരിഷ്കാരങ്ങളെന്ന് അന്നുതന്നെ ആക്ഷേപമുയർന്നു.
രാജ്യത്തെയും വിദേശത്തെയും വൻകിട കോർപ്പറേറ്റ് കുത്തകകൾക്കും ധന മൂലധന ശക്തികൾക്കും കൂടുതൽ അവസരം നൽകുന്നതും സമ്പദ്ഘടനയുടെ കുതിപ്പിനെ പരിമിതപ്പെടുത്തുന്നതുമായിരുന്നു. തുർച്ചയായുണ്ടായ പരിഷ്കരണ നടപടികൾ. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ മാത്രം രാജ്യത്ത് രണ്ടു ലക്ഷത്തിലേറെ വ്യാപാര സ്ഥാപനങ്ങളാണ് അടച്ചുപൂട്ടിയത്. കുത്തകകളുടെ ഔട്ട്‌ലെറ്റുകൾ യാതൊരു നിയന്ത്രണവുമില്ലാതെ വിപുലപ്പെടുത്തുകയും, ഓൺലൈൻ വ്യപാരം വിപണിയെ കീഴടക്കുകയും ചെയ്യുമ്പോൾ ചില്ലറ വ്യാപാര മേഖലയാണ് തകർന്നടിയുന്നത്. നോട്ട് നിരോധനത്തിൽ നിന്നും കൊവിഡ് മഹാമാരി ഏല്പിച്ച ദുരിതത്തിൽ നിന്നും വ്യാപാര മേഖല കരകയറി വരുന്ന സന്ദർഭത്തിലാണ് സാമ്പത്തിക മാന്ദ്യത്തിന്റെ ദുരന്തം കൂടി ഏൽക്കേണ്ടിവരുന്നത്.
വിലക്കയറ്റം നിയന്ത്രിച്ച് വിപണി ഇടപെടൽ ഫലപ്രദമായി നടത്തേണ്ട സർക്കാർ പൂഴ്‌ത്തിവയ്പുകാരെയും കരിഞ്ചന്തക്കാരെയും വൻകിടക്കാരെയും സഹായിക്കുന്ന നിലപാടുകളാണ് സ്വീകരിക്കുന്നത്. വ്യാപാരികളും വ്യവസായികളും നൽകേണ്ട എല്ലാ ഫീസുകളും കുത്തനെ വർദ്ധിപ്പിക്കുന്നു. അടുത്ത ദിവസങ്ങളിലാണ് തൊഴിൽ കരം ഇരട്ടിയായി വർദ്ധിപ്പിച്ചത്. വ്യാപാര മേഖലയുടെ പ്രധാന പ്രത്യേകത, ഭൂരിപക്ഷം സംരംഭകരും വാടകക്കാരാണെന്നതാണ്. ജി.എസ്.ടി കൗൺസിലിന്റെ പുതിയ തീരുമാനപ്രകാരം വാടകയ്ക്ക് കെട്ടിടങ്ങളോ ഭൂമിയോ എടുത്തിട്ടുള്ളവർ നൽകുന്ന വാടകയ്ക്കു മേൽ 18 ശതമാനം നികുതി കൂടി ചുമത്തിയിരിക്കുന്നു. ഇതു മൂലം, വാടകക്കാരായ വ്യാപാരികൾക്ക് അധിക ബാദ്ധ്യതയാണ് വന്നുചേരുന്നത്.
ജി.എസ്.ടിയുടെ ആരംഭഘട്ടത്തിൽത്തന്നെ ഇത്തരം വ്യവസ്ഥ ആലോചിച്ചിരുന്നുവെങ്കിലും വ്യാപക എതിർപ്പിനെ തുടർന്ന് മാറ്റിവയ്ക്കുകയായിരുന്നു. 20 ലക്ഷം രൂപയിൽ കൂടുതൽ വാടക ലഭിക്കുന്ന കെട്ടിട ഉടമകൾ രജിസ്ട്രേഷൻ എടുക്കേണ്ടതാണ്. കെട്ടിട ഉടമയും വ്യാപാരിയും രജിസ്ട്രേഷൻ എടുത്തവരായാൽ ചെറിയ ബാദ്ധ്യത മാത്രമാണ് വരുക. എന്നാൽ ഇരുകൂട്ടരും രജിസ്ട്രേഷൻ എടുക്കാത്തവരാണെങ്കിലും, ഇവരിൽ ആരെങ്കിലുമൊരാൾ രജിസ്ട്രേഷൻ പരിധിക്കു പുറത്താണെങ്കിലും വാടകക്കാരനുമേൽ 18 ശതമാനം അധിക ബാദ്ധ്യത വരുന്നതാണ് പുതിയ തീരുമാനം. കോമ്പോസിഷൻ സ്കീമിൽ രജിസ്ട്രേഷൻ ചെയ്ത് കച്ചവടം നടത്തിവരുന്ന വ്യാപാരികൾ ക്കും 18 ശതമാനം ജി.എസ്.ടി അടയ്ക്കണ്ടിവരും. ഹോട്ടലുകൾ, ജുവലറികൾ തുടങ്ങിയവ നടത്തുന്ന കോമ്പോസിഷൻ വ്യാപാരികൾക്കാണ് ഏറ്റവും വലിയ ബാദ്ധ്യത വന്നുചേരുന്നത്.
വർഷങ്ങളായി വാടക കെട്ടിടങ്ങളിൽ വ്യാപാരം നടത്തുന്ന കച്ചവടക്കാർ വാടകക്കരാറോ എഗ്രിമെന്റോ പുതുക്കേണ്ടിവരുമ്പോൾ അത് ജി.എസ്.ടി പോർട്ടലിൽ അപ്‌ലോഡ് ചെയ്യേണ്ടതാണ്. കുടുംബാംഗങ്ങൾ സൗജന്യമായി കെട്ടിടം നൽകിയാലും വാടകക്കാരൻ നികുതി നൽകേണ്ടതായി വരും. ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്ക് ഇടവരുത്തുന്ന ജി.എസ്.ടി കൗൺസിൽ തീരുമാനം വാടകക്കാർക്കു മേൽ അധിക ബാദ്ധ്യത വരുത്തുമെന്നു മാത്രമല്ല, കെട്ടിട ഉടമയും കരാറുകാരനും തമ്മിൽ നിരന്തര തർക്കങ്ങൾ ഉടലെടുക്കാനും ഇടവരും. വ്യാപാര - വ്യവസായ മേഖലയിലെ പ്രതിസന്ധികൾ കൂടുതൽ രൂക്ഷമാകുന്ന ഇത്തരം നിലപാടുകളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തേണ്ടത് അനിവാര്യമായിരിക്കുന്നു. പരിമിതപ്പെട്ടു വരുന്ന ചില്ലറ വ്യാപാര ശൃംഖലയെ സംരക്ഷിക്കേണ്ടത് ജനാധിപത്യ സംവിധാനത്തിൽ എല്ലാവരുടെയും ഉത്തരവാദിത്വമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |