രാജ്യത്തെ ഏറ്റവും വലിയ ആദിവാസി പുനരധിവാസ മേഖലയായ ആറളം ഫാമിലെ 2000ത്തോളം കുടുംബങ്ങളിലെ 8000ത്തിലധികം ജനങ്ങൾ കാട്ടാന ശല്യത്താൽ ഭീതിയിലാണ്. ഫാമിലെ ആനമതിൽ നിർമ്മാണം വൈകുന്നതിനാൽ പുനരധിവാസ മേഖലയിലെ ജനങ്ങളുടെ നെഞ്ചിൽ തീ ആളുകയാണ്. കഴിഞ്ഞ 13 വർഷത്തിനിടെ ആറളം പഞ്ചായത്തിലെ ഒരു വാർഡിൽ 12 പേരാണ് വന്യമൃഗങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഈ വർഷം മാത്രം ഇവിടെ മരിച്ചത് മൂന്ന് പേരാണ്. ഫാമിലും പുനരധിവാസ മേഖലയിലുമായി 50ലേറെ കാട്ടാനകളാണ് ഭീതി പരത്തുന്നത്. 2018ൽ ആനമതിൽ നിർമ്മിക്കാൻ 53 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നു. നേരത്തേ 11 കോടി രൂപ പൊതുമരാമത്ത് വകുപ്പിന് കൈമാറുകയും ചെയ്തിരുന്നു. ആറളം ഫാമിൽ ചേർന്ന വിവിധ വകുപ്പുകളുടെ സംയുക്തയോഗത്തിലും ആനമതിൽ പണിയാൻ തീരുമാനിച്ചിരുന്നു. എന്നാൽ നിർമ്മാണം ആരംഭിക്കാൻ ഉദ്യോഗസ്ഥർ നടപടി വൈകിപ്പിക്കുകയായിരുന്നു. നിർമ്മാണം ആരംഭിച്ചെങ്കിലും ഇഴച്ചിലാണ്. പ്രധാന ജനവാസമേഖലകൾ ഉൾപ്പെടുന്ന ഭാഗങ്ങൾ ഉൾപ്പെടുത്തിയാണ് പുതിയ ആനമതിലിന്റെ നിർമ്മാണം.
മതിൽ നിർമ്മാണത്തിന് മുന്നോടിയായുള്ള മരംമുറിക്കൽ നടപടികൾ വേഗത്തിൽ പൂർത്തിയാക്കിയിരുന്നു. അതിൽ അഴിമതി ആരോപണവും ഉയർന്നിരുന്നു. വനംവകുപ്പും പൊതുമരാമത്ത് വകുപ്പും ആദിവാസി പുനരധിവാസ മിഷനും ചേർന്നാണ് ആനമതിൽ നിർമ്മാണ പദ്ധതി നടപ്പാക്കുന്നത്.
ഫാമിനുള്ളിൽ
ഫോറസ്റ്റ് ഭൂമി
ഫാമിനുള്ളിൽ എട്ട് പ്ലോട്ടുകളിലായി 45 ഏക്കറോളം ഫോറസ്റ്റ് ഭൂമിയുണ്ട്. ഇത് ഫാമിന് കൈമാറാനും പകരം റിസർവ് ഫോറസ്റ്റിനോട് ചേർന്ന തുല്യ വിസ്തീർണ്ണം ഫാമിന്റെ ഭൂമി ഫോറസ്റ്റിന് വിട്ടുനൽകാനുമുള്ള നീക്കമുണ്ട്. ഫോറസ്റ്റ് ഭൂമിയിൽ കാട്ടാനകൾ തമ്പടിക്കുന്നതിനാൽ സർക്കാർ ഉടമസ്ഥതിയിലുളള ആറളം ഫാമിന്റെ പ്രവർത്തനം സ്തംഭനാവസ്ഥയിലാണ്. ആനമതിൽ നിർമിക്കാൻ നേരത്തെ സർക്കാർ തീരുമാനിച്ചിരുന്നുവെങ്കിലും വനംവകുപ്പ് എതിർവാദം ഉന്നയിച്ചതിനാൽ അനിശ്ചിതാവസ്ഥയിലാവുകയായിരുന്നു.
മതിൽ നിർമാണം
ഇഴയുന്നു
പുനരധിവാസ മേഖലയുടെയും ആറളം കാർഷിക ഫാമിന്റെയും സംരക്ഷണത്തിനായി ആറളം വന്യജീവി സങ്കേതം അതിർത്തിയിൽ നിർമിക്കുന്ന ആനമതിലിന്റെ പ്രവൃത്തി ഇഴഞ്ഞ് നീങ്ങുമ്പോൾ ഡസൻ കണക്കിന് കാട്ടാനകൾ മേഖലയിൽ മേഞ്ഞു നടക്കുകയാണ്. വരുന്ന മാർച്ച് 31നകം ആറളത്തെ ആനമതിൽ പൂർത്തിയാക്കണമെന്ന് പട്ടിക വർഗ വികസന വകുപ്പ് പൊതുമരാമത്ത് വകുപ്പ് കെട്ടിട നിർമാണ വിഭാഗത്തിന് നിർദ്ദേശം നൽകിയെങ്കിലും നിർമാണത്തിന് വേഗതയില്ലെന്ന് മേഖലയിലെ പുനരധിവാസ കുടുംബങ്ങളും നാട്ടുകാരും പറയുന്നു. ഒന്നര ദശകമായി കാട്ടാനശല്യം മൂലം പൊറുതിമുട്ടിയ അവസ്ഥയിലാണ് നിരവധി പ്രതിബന്ധങ്ങളെ മറികടന്ന് വനാതിർത്തിയിൽ ആന മതിൽ നിർമാണം ആരംഭിച്ചത്. മതിൽ സമയ ബന്ധിതമായി പൂർത്തിയാക്കുന്നതിനായി കളക്ടറുടെ മേൽനോട്ടത്തിൽ വകുപ്പ് മേധാവികളെ ഉൾപ്പെടുത്തി മേൽനോട്ട സമിതിയും രൂപവത്കരിച്ചിരുന്നു. എന്നിട്ടും 10 കിലോമീറ്ററിലേറെ വരുന്ന മതിൽ നിർമാണം അനിശ്ചിതമായി നീളുകയാണ്. രണ്ട് കിലോ മീറ്റർ മാത്രമാണ് ഇതുവരെ പൂർത്തിയായത്. ഇത്രയും ഭാഗം ഒക്ടോബർ പകുതിയോടെ പൂർത്തിയാക്കാനും ശേഷിക്കുന്ന ഏഴ് കിലോമീറ്ററോളം ഭാഗം മാർച്ച് അവസാനത്തോടെ പൂർത്തിയാക്കാനുമാണ് അന്തിമ നിർദേശം.
വൻ നഷ്ടം
വന്യ ജീവികളുടെ വിഹാര കേന്ദ്രമായി മാറിയ ആറളം ഫാമിംഗ് കോർപറേഷന്റെ കൃഷി ഭൂമിയിൽ കഴിഞ്ഞ 7 വർഷത്തെ നഷ്ടം 85 കോടിയിലധികം രൂപ. തെങ്ങ്, കവുങ്ങ്, കുരുമുളക്, കശുമാവ്, കൊക്കോ, തുടങ്ങിയ ഫാമിൽ കൃഷി ചെയ്ത എല്ലാ ത്തരം വിളകളും വന്യ മൃഗങ്ങളു ടെ ആക്രമണത്തിൽ നശിച്ചു.ചില ബ്ലോക്കുകൾ കാർഷിക വിളകൾ ഒന്നുപോലും അവശേഷിക്കാതെ സ്ഥലം തരിശായി മാറി. കാട്ടാനകളുടെ ബാഹുല്യം കാരണംവീണ്ടും അവിടെ കൃഷിയിറക്കാൻ സാധിക്കാത്ത സ്ഥിതിയാണുള്ളത്. ആന, മുള്ളൻ പന്നി, കാട്ടുപന്നി, കുരങ്ങ്, മാൻ, മയിൽ, തുടങ്ങിയവയാണ് കൃഷി നശിപ്പിക്കുന്നതിൽ മുന്നിൽ. ഈ കാലയളവിൽ പുതിയ കൃഷികൾ ഇറക്കാൻ പറ്റാത്തതിന്റെ നഷ്ടം വേറെയും ഉണ്ട്.
നഷ്ടക്കണക്ക്
2017 ജൂൺ മുതൽ ഡിസംബർ മാസം വരെ 7,42,1150
2018 ജനുവരി മുതൽ ഡിസംബർ വരെ 2,95,3000
2019 ജനുവരി മുതൽ ഡിസംബർ വരെ 15,93,83,950
2020 ജനുവരി മുതൽ ഡിസംബർ വരെ 18,59,54,050,
2021 ജനുവരി മുതൽ ഡിസംബർ വരെ 19,32,40,275
2022 ജനുവരി മുതൽ ഡിസംബർ വരെ 3,04,77850
2023 ജനുവരി മുതൽ ഡിസംബർ വരെ 21,52,21,100,
2024 ജനുവരി മുതൽ മേയ് മാസം വരെ 6,33,73,650 രൂപ
ആകെ 85,80,25025 രൂപ
വീണ്ടും സർവേ വിനയായി
മതിൽ നിർമിക്കാൻ സംയുക്ത പരിശോധന നടത്തണമെന്നും ഫോറസ്റ്റ് മിനി സർവേ വിഭാഗത്തിന്റെ നേതൃത്വത്തിൽ വീണ്ടും സർവേ നടത്തി അതിർത്തി നിർണയിക്കണമെന്നുമുള്ള വനംവകുപ്പിന്റെ പുതിയ തീരുമാനമാണു വിനയായത്. മിനി സർവേ വിഭാഗം നേതൃത്വത്തിൽ രണ്ടു കിലോമീറ്റർ പരിശോധന നടത്തിയപ്പോൾതന്നെ അലൈൻമെന്റ് മാറി. ഇതോടെ വീണ്ടും മരങ്ങൾ മുറിച്ചു മാറ്റേണ്ടതുൾപ്പെടെയുള്ള സാങ്കേതിക തടസ്സങ്ങളുംവന്നു.ആദ്യഘട്ടത്തിൽ പ്രവൃത്തി വളരെ ഊർജിതമായി മുന്നോട്ടു പോയിരുന്നു. എന്നാൽ, 70 ലധികം ജോലിക്കാർ പ്രതിദിനം പണി നടത്തിയിരുന്നിടത്ത് ഇപ്പോൾ 20 പേർ മാത്രമാണുള്ളത്. മരാമത്ത് കെട്ടിടനിർമാണ വിഭാഗത്തിനാണു പ്രവൃത്തിയുടെ മേൽനോട്ടച്ചുമതല.
പദ്ധതിയുടെ മറവിൽ മരംകൊള്ള
ആന മതിൽ നിർമാണത്തിന്റെ പേരിൽ കണ്ണൂർ ആറളം വന്യജീവി സങ്കേതത്തിനുളളിലെ മരങ്ങൾ മുറിച്ചതരുമായി ബന്ധപ്പെട്ട് വിവാദം. വനാതിർത്തി കൃത്യമായി നിർണയിക്കാതെ മരം മുറിക്കാൻ അനുമതി നൽകിയതിൽ ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ചയുണ്ടായെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ആറളം വൈൽഡ് ലൈഫ് വാർഡൻ, അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ, സോഷ്യൽ ഫോറസ്ട്രി എസിഎഫ് ഉൾപ്പെടെ ഏഴ് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടി ശുപാർശ ചെയ്‌തെങ്കിലും തുടർനീക്കമുണ്ടായിട്ടില്ല. തേക്ക് ഉൾപ്പെടെയുള്ള മരങ്ങളാണ് സർവേ നടത്താതെ മുറിക്കാൻ അനുവദിച്ചത്. ഈ വർഷം മാർച്ചിൽ ആറളം ഫാം പത്താം ബ്ലോക്കിൽ നിന്ന് വനംവകുപ്പിന് കിട്ടിയ പരാതിയിലാണ് അന്വേഷണം തുടങ്ങിയത്. ആറളം വന്യജീവി സങ്കേതത്തിനുള്ളിലെ മരങ്ങൾ മുറിച്ചെന്നായിരുന്നു പരാതി. വനം വിജിലൻസാണ് സംഭവത്തിൽ അന്വേഷണം നടത്തിയത്. വന്യജീവി സങ്കേതത്തിൽ നിന്ന് തേക്കുൾപ്പെടെ 17 മരങ്ങൾ ഉദ്യോഗസ്ഥരുടെ അലംഭാവം കാരണം മുറിച്ചെന്ന് കണ്ണൂർ ഫ്ളയിങ് സ്‌ക്വാഡ് ഡി.എഫ്.ഒ നടത്തിയ അന്വേഷണ റിപ്പോർട്ടിൽ കണ്ടെത്തി. പട്ടികവർഗ വകുപ്പിന്റെ സ്ഥലത്താണ് പുതിയ ആന മതിൽ നിർമ്മിക്കുന്നത്. ഇത് കടന്നുപോകുന്നത് വന്യജീവി സങ്കേതത്തിന്റെ അതിരിലായതിനാൽ മുറിക്കേണ്ട മരങ്ങളുടെ കണക്കെടുക്കാൻ സംയുക്ത പരിശോധന കഴിഞ്ഞ വർഷം ജൂണിൽ നടത്തിയിരുന്നു. അഞ്ച് കിലോമീറ്റർ നീളത്തിലുളള പഴയ ആന മതിലാണ് ഉദ്യോഗസ്ഥർ അതിരായി കണക്കാക്കിയത്. ജണ്ടകളുൾപ്പെടെ കാടുകയറിയ സ്ഥലമാണ് ഇവിടം. പട്ടിക വർഗ വകുപ്പ് കരാർ നൽകിയവരാണ് മരം മുറിച്ചത്. പരാതി ഉയർന്നപ്പോൾ കേസായി. കരാറെടുത്ത എസ്ടി പ്രമോട്ടറും തൊഴിലാളികളും പ്രതികളായി. മരങ്ങൾ കസ്റ്റഡിയിലെടുത്തു. എന്നാൽ വീഴ്ചയുണ്ടായത് അനുമതി നൽകിയവർക്കെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |