വലിയൊരു പാർട്ടിയും ആദർശം തലയ്ക്കുപിടിച്ച നേതാക്കന്മാരും ആകുമ്പോൾ അല്ലറ ചില്ലറ പ്രശ്‌നങ്ങൾ സ്വാഭാവികമാണ്. എൻ.സി.പിയിലെ ശശിമന്ത്രിയും പാർട്ടി സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോച്ചനും തമ്മിലുള്ള തർക്കവും അത്രയേ ഉള്ളൂ. എ.കെ. ശശീന്ദ്രൻ മന്ത്രിക്കസേരയിൽ ഇരിപ്പുതുടങ്ങിയിട്ട് കുറേക്കാലമായില്ലേയെന്നും ഒരു വിശ്രമം വേണ്ടേയെന്നും കുട്ടനാടൻ നേതാവ് തോമസ് കെ. തോമസ് ചോദിച്ചത് അത്രവലിയ കാര്യമൊന്നുമല്ല. ദേഹമനങ്ങാതെ ഒരേ കിടപ്പ് കിടന്നാലും ഇരുന്നാലും ആ ഭാഗം പൊട്ടി വ്രണമാകാൻ സാദ്ധ്യതയുണ്ട്. ബെഡ്‌സോർ എന്നു പരിഷ്‌കാരികൾ പറയും. പ്രായമായ ശശിമന്ത്രിക്ക് അങ്ങനെയുണ്ടാകാതിരിക്കാനാണ് പാവം തോമാച്ചൻ കസേരയിൽനിന്ന് എഴുന്നേറ്റു പോകാൻ പറഞ്ഞത്. പാർട്ടിക്കാരും നാട്ടുകാരും മാത്രമല്ല, സാക്ഷാൽ മുഖ്യമന്ത്രി വരെ അതുകേട്ട് തെറ്റിദ്ധരിച്ചു. ഓടിച്ചാടി നടന്ന പ്രായത്തിൽ ശശിമന്ത്രിയൊരു പുലിയായിരുന്നെന്ന് സകലർക്കും അറിയാം. ഇപ്പോൾ പഴയ ശുഷ്‌കാന്തി ഒരു കാര്യത്തിലും ഇല്ലെന്നാണ് തോമാച്ചന്റെ അഭിപ്രായം. പകരം ഈയുള്ളവൻ ആയാൽ എന്താണ് കുഴപ്പമെന്നാണ് വിനയാന്വിതമായ ചോദ്യം. അഖിലേന്ത്യാതലത്തിൽ വലിയ പിടിപാടുള്ള പാർട്ടി പ്രസിഡന്റ് പി.സി. ചാക്കോ എന്ന നമ്മുടെ സ്വന്തം ചാക്കോച്ചനും ഇതു ബോദ്ധ്യമായി. ചാക്കോച്ചൻ ഇക്കാര്യം മുഖ്യനോട് പറഞ്ഞെങ്കിലും ഏറ്റില്ല. സാത്വികനായ ഒരു മനുഷ്യനെ എല്ലാരുംകൂടി വെറും ശശിയാക്കരുതെന്ന് മുഖത്തുനോക്കി മുഖ്യൻ പറഞ്ഞപ്പോൾ ചാക്കോച്ചൻ ഇറങ്ങിയോടിയെന്നും ആ ഓട്ടം അവസാനിച്ചത് അങ്ങ് മുംബയിൽ പ്രിയഗുരുനാഥൻ ശരദ് പവാർജിക്ക് മുന്നിലാണെന്നുമാണ് റിപ്പോർട്ട്. ശിഷ്യൻ എന്താഗ്രഹിച്ചാലും സാധിച്ചുകൊടുത്തിരുന്ന ഗുരുജി ഇക്കാര്യത്തിൽ പിന്മാറി. ഓവർലോഡ് മോഹങ്ങൾ പാടില്ലെന്നും ഉപദേശിച്ചു.
ഇത്തരം നിസാര കാര്യങ്ങൾ പറഞ്ഞ് തന്റെ വിലേയറിയ സമയം കളയാതിരിക്കൂ എന്ന് പവാർജി പറഞ്ഞത്രേ. സ്വന്തം പാർട്ടിയിൽ മാത്രമല്ല, കമ്മ്യൂണിസ്റ്റ് പാർട്ടിയിലും ശശിമന്ത്രിക്ക് പിടിപാടുണ്ടെന്നു അതോടെ വ്യക്തമായി.
ഈ മന്ത്രിസഭ അരങ്ങൊഴിയാൻ ഒന്നരവർഷം മാത്രം ശേഷിക്കേ പെട്ടെന്നൊരു പുനഃസംഘടന വേണോയെന്നാണ് പൊതുവേയുള്ള ചിന്ത. കോൺഗ്രസുകാർക്കും ഇക്കാര്യത്തിൽ വലിയ താത്പര്യമില്ല. ഒരു ദിവസമെങ്കിലും മന്ത്രിയാകണമെന്ന തോമാച്ചന്റെ ചെറിയൊരു ആഗ്രഹം എല്ലാവർക്കും കൂടി സാധിച്ചുകൊടുത്തുകൂടേയെന്നാണ് പി.സി. ചാക്കോച്ചൻ അടുപ്പക്കാരോട് പറഞ്ഞത്. കറങ്ങിത്തിരിഞ്ഞ് എൻ.സി.പിയിൽ കടന്നുകൂടി ചുളുവിൽ പാർട്ടി പ്രസിഡന്റായ പി.സി. ചാക്കോ ഭാരിച്ച കാര്യങ്ങളിൽ ഇടപെടേണ്ടെന്നാണ് ശശീന്ദ്രന്റെ നിലപാട്. ശശീന്ദ്രനും തോമസ് കെ. തോമസും തമ്മിലുള്ള തർക്കത്തിൽ മദ്ധ്യസ്ഥനായെത്തിയ ചാക്കോ കൈപൊള്ളിയ അവസ്ഥയിലാണെന്ന് പാർട്ടിക്കാർ പറയുന്നു. മുഖ്യമന്ത്രിയെ കണ്ട് കാര്യങ്ങൾ സംസാരിക്കാൻ ചാക്കോയും തോമസ് കെ. തോമസും ശ്രമിക്കുന്നുണ്ടെങ്കിലും അതിനും സാധിച്ചില്ലത്രേ. അഖിലേന്ത്യാ പാർട്ടിയായ എൻ.സി.പിയോട് വെറുമൊരു സംസ്ഥാനപാർട്ടിയായ സി.പി.എമ്മിന്റെ ഈ നിലപാട് ശരിയാണോയെന്ന് പവാർജിയോട് ചാക്കോജി ചോദിച്ചെങ്കിലും അദ്ദേഹം പ്രതികരിച്ചില്ല. സ്വന്തം പാർട്ടിയിലെ മന്ത്രിയെ നിശ്ചയിക്കാനുള്ള സ്വാതന്ത്ര്യംപോലും ഇല്ലാത്ത പ്രസിഡന്റാണ് ചാക്കോച്ചനെന്ന് പലരും കളിയാക്കിത്തുടങ്ങി. ഇതിലും വലിയ പ്രശ്‌നത്തിലാണ് താനെന്നും പല കാര്യങ്ങളും കണ്ടില്ല, കേട്ടില്ലെന്ന് ഭാവിച്ച് ജീവിക്കുന്നതാണ് ഇനിയുള്ള കാലത്ത് നല്ലതെന്നും പവാർജി ശിഷ്യനെ ആശ്വസിപ്പിച്ചെന്നാണ് വിവരം.
നയതന്ത്ര നാരങ്ങയുമായി
പവാർജി!
ഈ തിരക്കുകൾക്കിടയിലും പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ച് ഒരുപെട്ടി മാതളനാരങ്ങ സമ്മാനിക്കാൻ പവാർജി സമയം കണ്ടെത്തി. മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പിൽ ബി.ജെ.പി നേതൃത്വത്തിലുള്ള മഹായുതിയോട് ദയനീയമായി തോറ്റ മഹാവികാസ് അഘാഡിയുടെ പ്രമുഖ നേതാവായ പവാർജിയുടെ വലിയ മനസാണിത്. ക്ഷീണം മാറ്റാൻ ഭാവി പ്രധാനമന്ത്രി രാഹുൽജിക്കാണ് മാതളനാരങ്ങ നൽകേണ്ടിയിരുന്നതെങ്കിലും അതു ചെയ്തില്ല. പവാർജിയുടെ തോട്ടത്തിൽ ധാരാളം മാവുകളുമുണ്ട്. സീസണാകുമ്പോൾ മോദിക്കായി മാമ്പഴപ്പെട്ടിയുമെത്തും. മാതളനാരങ്ങ കഴിച്ചിട്ട്, വളരെ നന്നായിരിക്കുന്നെന്നും ഇത്രയും മധുരം പ്രതീക്ഷിച്ചില്ലെന്നും മോദി പറഞ്ഞതായാണ് റിപ്പോർട്ട്.
മടങ്ങാൻ നേരത്ത് പവാർജിക്ക് മോദിജി യോഗയെക്കുറിച്ച് ഒരു പുസ്തകം സമ്മാനിക്കുകയും ചെയ്തു. ശരീരത്തിന്റെയും മനസിന്റെയും വഴക്കം കൂടാൻ യോഗ നല്ലതാണ്. ബംഗാളിൽനിന്ന് മമതാജി രണ്ടുപെട്ടി സ്‌പെഷൽ ലഡുവും ജിലേബിയും മോദിക്ക് കൊടുത്തയച്ചെന്നും റിപ്പോർട്ടുണ്ട്. മധുരം കഴിക്കാറില്ലെന്ന് മോദി പറഞ്ഞെങ്കിലും മമതാജി നിർബന്ധിച്ച് കഴിപ്പിച്ചത്രേ. യോഗാ ചെയ്യുന്നയാൾ ആയതുകൊണ്ട് വല്ലപ്പോഴും ലഡുവും ജിലേബിയും കഴിച്ചതുകൊണ്ട് കുഴപ്പമില്ലെന്നു പറഞ്ഞപ്പോൾ മോദി മാത്രമല്ല, കൂടെയുണ്ടായിരുന്ന അമിത്‌ജിയും കഴിച്ചെന്നാണ് വിവരം. ഒരു ലഡുവോ ഗോതമ്പുണ്ടയോ പോലും രാഹുൽജിക്ക് കൊടുക്കാത്തതിൽ കോൺഗ്രസുകാർക്ക് പരിഭവമുണ്ട്. ആരെന്ത് കൊടുത്താലും സന്തോഷത്തോടെ കഴിക്കുന്നയാളാണ്.
ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കു നേരെ വർദ്ധിച്ചുവരുന്ന ആക്രമണങ്ങളിലും ഇസ്‌കോൺ സന്യാസിയെ അറസ്റ്റ് ചെയ്തതിലും ശക്തമായ പ്രതികരിച്ച മോദിയെ മമതാജി പിന്തുണ അറിയിച്ചിട്ടുണ്ട്. കേവല ഭൂരിപക്ഷമില്ലാത്ത കേന്ദ്രസർക്കാർ 15 ദിവസത്തിനകം വീഴുമെന്നു പറഞ്ഞ മമതാജി, ഇപ്പോൾ ഇന്ത്യ മുന്നണിയോട് മമത പുലർത്തുന്നുമില്ല.
ഇതിലൊന്നും കാര്യമില്ലെന്നും പ്രധാനമന്ത്രിയെ കാണാൻ ചെല്ലുമ്പോൾ അതത് നാടുകളിലെ എന്തെങ്കിലും സാധനങ്ങൾ സമ്മാനമായി നൽകുന്നത് പതിവാണെന്നും ആരും മനസിലാക്കുന്നില്ല. കേരള മുഖ്യമന്ത്രി ചെന്നപ്പോഴും എന്തോ സമ്മാനമായി നൽകി. പൊതി കണ്ടിട്ട് അവലോസുണ്ടയായിരുന്നെന്നാണ് ബി.ജെ.പിക്കാർ പറയുന്നത്.
തമിഴ്‌നാട്ടിൽനിന്ന് ഇറക്കുമതി ചെയ്ത മാങ്ങയുമായി മോദിയെ കാണാൻ സഖാക്കൾ പോകാറില്ല. ഒരു ഫാസിസ്റ്റിന് തമിഴകത്തെ മാങ്ങ നൽകുന്നത് മുഖ്യമന്ത്രി സ്റ്റാലിന് ഇഷ്ടപ്പെട്ടെന്നുവരില്ല. ഇതിനൊരു മാറ്റമുണ്ടാകണമെങ്കിൽ കേരളത്തിൽ മാവിൻതോട്ടങ്ങൾ തുടങ്ങേണ്ടി വരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |