രാജ്യാന്തര ബന്ധങ്ങൾ വളരെ വിചിത്രവും പ്രവചനാതീതവുമാണ്. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഇക്കഴിഞ്ഞ ദിവസം ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്റിയും അഫ്ഗാനിസ്ഥാൻ വിദേശകാര്യ മന്ത്രി അമിർ ഖാൻ മുത്താഖിയും തമ്മിൽ ദുബായിൽ നടന്ന കൂടിക്കാഴ്ചയും, ഇന്ത്യയും താലിബാനും തമ്മിൽ സഹകരണം വർദ്ധിപ്പിക്കുവാനുള്ള തീരുമാനവും. ഇന്ത്യ എല്ലാക്കാലത്തും താലിബാനെ ഒരു ഭീകര സംഘടനയായിട്ടാണ് കണ്ടിട്ടുള്ളത്. താലിബാനിൽ നല്ലതും മോശവുമില്ല എന്നതായിരുന്നു ഇന്ത്യൻ നിലപാട്.
അഫ്ഗാനിസ്ഥാനിൽ നിന്നുള്ള പിന്മാറ്റത്തിന്റെ ഭാഗമായി, ദോഹ കരാർ പ്രകാരം അധികാരം താലിബാന് കൈമാറുവാൻ അമേരിക്ക ശ്രമിച്ചപ്പോൾ കടുത്ത എതിർപ്പാണ് ഇന്ത്യയ്ക്കുണ്ടായിരുന്നത്. താലിബാൻ അഫ്ഗാനിസ്ഥാനിൽ അധികാരത്തിൽ വരുന്നത് ഇന്ത്യയ്ക്ക് ചിന്തിക്കുവാൻ പോലും കഴിയുമായിരുന്നില്ല. അവർ പാകിസ്ഥാന്റെ പിണിയാളായി ഇന്ത്യയ്ക്കെതിരെ പൊരുതും എന്നതായിരുന്നു ആശങ്ക. എന്താണ് ഈ നയം മാറ്റത്തിന്റെ കാരണം?
പാകിസ്ഥാനും
താലിബാനും
താലിബാന് അധികാരം നേടിക്കൊടുത്ത ദോഹ കരാറിൽ ഏറ്റവും അധികം സന്തോഷിച്ച രാജ്യമായിരുന്നു പാകിസ്ഥാൻ. ഇന്ത്യയ്ക്ക് എതിരെയുള്ള തങ്ങളുടെ 'തന്ത്രപരമായ കരുതൽശേഷി" ആയിട്ടാണ് പാകിസ്ഥാൻ താലിബാനെ കരുതിയത്. എന്നാൽ അധികാരത്തിലെത്തി മൂന്നു വർഷമാകുമ്പോഴേക്കും ഇവർ തമ്മിലുള്ള ബന്ധം സംഘർഷപൂരിതമാണ്.
കഴിഞ്ഞയാഴ്ച പാക് വ്യാേമസേന താലിബാനെ ലക്ഷ്യംവച്ചു നടത്തിയ ആക്രമണത്തിൽ നൂറിൽപ്പരം ആൾക്കാരാണ് അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ടത്. അഫ്ഗാൻ പിന്തുണയുള്ള തെഹ്‌രിക് -ഇ - താലിബാൻ നടത്തിയ തിരിച്ചടിയിൽ പാകിസ്ഥാന്റെ ഒട്ടനവധി സൈനികർ, പ്രത്യേകിച്ച് അതിർത്തി ജില്ലകളിൽ കൊല്ലപ്പെട്ടു.
അഫ്ഗാനിസ്ഥാന്റെ പിന്തുണയോടുകൂടി താലിബാൻ പാകിസ്ഥാനിൽ തീവ്രവാദ ആക്രമണം നടത്തുന്നു എന്നതാണ് പരാതി. എന്നാൽ തങ്ങളുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമായാണ് പാക് സൈനിക നീക്കത്തെ അഫ്ഗാനിസ്ഥാൻ കാണുന്നത്. ഇരു രാജ്യങ്ങളും വിഷമസന്ധിയിലാണ്. പാകിസ്ഥാനിലെ താലിബാനെ പൂർണമായി നിയന്ത്രിക്കുവാൻ അഫ്ഗാനിസ്ഥാന് കഴിയുന്നില്ല. പാകിസ്ഥാനിലെ താലിബാൻ വിഭാഗത്തെ അഫ്ഗാനിസ്ഥാൻ ഭരിക്കുന്ന താലിബാൻ നിയന്ത്രിക്കാൻ ശ്രമിച്ചാൽ, പാക് താലിബാൻ അഫ്ഗാനിസ്ഥാനിലെ ഇസ്ളാമിക് സ്റ്റേറ്റുമായി ചേർന്ന് അവിടുത്തെ താലിബാൻ ഭരണകൂടത്തെ അട്ടിമറിക്കുമെന്ന് ഭയക്കുന്നു.
അതേസമയം, സൈനികരെയും പൗരന്മാരെയും ചൈനീസ് തൊഴിലാളികളെയും ആക്രമിക്കുന്ന താലിബാന് എതിരെ നടപടിയെടുക്കാൻ പാകിസ്ഥാൻ നിർബന്ധിതമാണ്. ഈ സംഘർഷം അതിർത്തി തർക്കം, വ്യാപാരം, ഈ പ്രദേശത്തെ ഭൗമരാഷ്ട്രീയം തുടങ്ങിയവയുമായി ബന്ധപ്പെട്ടുകിടക്കുന്നു. പ്രശ്നം അതിസങ്കീർണമാണ്. ഇവിടെയാണ് ഇന്ത്യ-താലിബാൻ സഹകരണത്തിന്റെ സാഹചര്യവും സാദ്ധ്യതകളും ഉരുത്തിരിയുന്നത്.
സഹകരണം
എന്തുകൊണ്ട്?
അടിസ്ഥാനപരമായി വിയോജിപ്പുകൾ ഒട്ടനവധി ഉണ്ടെങ്കിലും താലിബാനുമായി സഹകരിക്കേണ്ടത് ഇന്ത്യയുടെ ദേശീയ താത്പര്യത്തിന് അനിവാര്യമാണ്. താലിബാനും ഇന്ത്യയുമായി സഹകരണം അത്യാവശ്യമാണ്.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം കാശ്മീരുമായി ബന്ധപ്പെട്ട ഭീകരപ്രവർത്തനങ്ങൾക്ക് തടയിടുവാൻ താലിബാൻ ബന്ധം ഉപകരിക്കും. മദ്ധ്യഏഷ്യയും റഷ്യയുമായുള്ള ഇന്ത്യയുടെ വാണിജ്യ- വ്യാപാരത്തിൽ അഫ്ഗാനിസ്ഥാൻ ഗുണം ചെയ്യും. അതുപോലെതന്നെ, ഇറാനിലെ ചബഹാർ തുറമുഖം വഴിയുള്ള വ്യാപാരത്തിലും അഫ്ഗാനിസ്ഥാൻ അവശ്യമാണ്.
മറ്റൊരു പ്രധാന കാര്യം, തെക്കേ മദ്ധ്യഏഷ്യയിലെ ഭൗമരാഷ്ട്രീയ സാഹചര്യം തങ്ങൾക്ക് അനുകൂലമാക്കേണ്ടത് അവശ്യമാണ്. ഇന്ത്യാ വിരുദ്ധ ചൈന- പാക് അച്ചുതണ്ടിലെ ഒരു കണ്ണിയായി അഫ്ഗാനിസ്ഥാൻ മാറാതിരിക്കേണ്ടത് നമ്മുടെ ആവശ്യമാണ്. കാര്യങ്ങൾ പൂർണമായും ചൈനയുടെ വരുതിയിലായാൽ സാമ്പത്തികമായും സുരക്ഷാപരമായും ഇന്ത്യയ്ക്ക് അത് വലിയ ക്ഷീണം ചെയ്യും. 2001-നു ശേഷം ഇന്ത്യ വലിയ രീതിയിലുള്ള നിക്ഷേപവും സഹായവുമാണ് അഫ്ഗാനിസ്ഥാന് നൽകിയിട്ടുള്ളത്. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ഇന്ത്യയ്ക്ക് അഫ്ഗാനിസ്ഥാനുമായി നല്ല ബന്ധമാണുള്ളത്. ഈ ആനുകൂല്യം നിലനിറുത്തണമെങ്കിൽ താലിബാനുമായി സഹകരിക്കണം.
താലിബാന്
നേട്ടം പലത്
ഇന്ത്യയുമായി സഹകരിക്കുന്നതുകൊണ്ട് താലിബാനും നിരവധി നേട്ടങ്ങളുണ്ട്. ഒന്ന്, സാമ്പത്തികമായി നട്ടംതിരിയുന്ന അഫ്ഗാനിസ്ഥാന് ഇന്ത്യൻ നിക്ഷേപവും മറ്റു സഹായങ്ങളും അനിവാര്യമാണ്. ഇക്കാര്യത്തിൽ പാകിസ്ഥാനേക്കാൾ ഇന്ത്യയ്ക്ക് സഹായിക്കുവാൻ കഴിയും. രണ്ട്, ഇന്ത്യ ഭയക്കുന്നതുപോലെ തന്നെ ചൈന- പാകിസ്ഥാൻ അച്ചുതണ്ട് അഫ്ഗാനിസ്ഥാനും ഭീഷണിയാണ്. പൂർണമായി ഇവരെ ആശ്രയിച്ചാൽ, അഫ്ഗാനിസ്ഥാന് സ്വതന്ത്രമായി കാര്യങ്ങൾ തീരുമാനിക്കുവാൻ കഴിയില്ല. ചൈനീസ് കടക്കെണിയെ ഭയക്കേണ്ടതുണ്ട്. മാത്രമല്ല അഫ്ഗാനിസ്ഥാനിൽ രാഷ്ട്രീയ-സാമ്പത്തിക സ്ഥിരത പാകിസ്ഥാൻ ആഗ്രഹിക്കുന്നില്ല.
മൂന്നാമതായി, അഫ്ഗാനിസ്ഥാൻ ചരിത്രപരമായി വിദേശ ശക്തികളുടെ ശാക്തിക മത്സര വേദിയാണ്. ചൈനയ്ക്കും പാകിസ്ഥാനും പുറമേ റഷ്യ, ഇറാൻ, ടർക്കി, മറ്റ് മദ്ധ്യേഷ്യൻ രാജ്യങ്ങൾക്കും ഇവിടെ താത്പര്യമുണ്ട്. ഇക്കൂട്ടത്തിൽ തങ്ങളുടെ താത്പര്യം സംരക്ഷിക്കുവാൻ എല്ലാവരുമായി വ്യത്യസ്ത തലങ്ങളിൽ സഹകരണം അവശ്യമാണ്. യഥാർത്ഥത്തിൽ അന്താരാഷ്ട്ര ബന്ധങ്ങൾ എപ്രകാരമാണ് നടക്കുന്നത് എന്നതിന് ഒരു ഉത്തമ ഉദാഹരണമാണ് ഇന്ത്യ -താലിബാൻ സഹകരണം. ശത്രുക്കൾ മിത്രങ്ങളും, മിത്രങ്ങൾ ശത്രുക്കളുമാകുന്ന വിചിത്രമായ കാഴ്ചയാണിത്. പ്രശസ്ത രാഷ്ട്രമീമാംസാ ചിന്തകനായ മോർഗൻതോ പറഞ്ഞപോലെ, അന്താരാഷ്ട്രീയം, അധികാര വടംവലിയുടെയും സ്വന്തം കാര്യസംരക്ഷണത്തിന്റെയും വേദിയാണ്. ഇവിടെ ധാർമ്മികതയും തത്വങ്ങളും ഒന്നുമില്ല! 'അയൽക്കാർ ശത്രുക്കളും അയൽക്കാരുടെ അയൽക്കാർ മിത്രങ്ങളു"മാണെന്ന, പ്രാചീന ഇന്ത്യൻ ചിന്തകൻ കൗടില്യന്റെ വിലയിരുത്തൽ അക്ഷരാർത്ഥത്തിൽ ശരിയാണിവിടെ.
(യു.ജി.സി- എം.എം.ടി.ടി.സി, കേരള സർവകലാശാലാ ക്യാമ്പസ് ഡയറക്ടറും പൊളിറ്റിക്സ് വിഭാഗം പ്രൊഫസറുമാണ് ലേഖകൻ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |