ഞങ്ങളുടെ വിശ്വാസം അബദ്ധമെന്ന് നിങ്ങൾ യുക്തിപൂർവം ചൂണ്ടിക്കാണിച്ചാൽ അതേക്കുറിച്ച് വീണ്ടും ആലോചിക്കാൻ സന്നദ്ധരാണെന്ന വിവരം ആദരപൂർവ്വം അറിയിക്കുന്നു- ശ്രീനാരായണ ഗുരുദേവന്റെ നിർദ്ദേശാനുസരണം 1924-ൽ ആലുവ അദ്വൈതാശ്രമ പരിസരത്ത് വിളിച്ചുചേർത്ത സർവമത സമ്മേളനത്തിന്റെ സ്വാഗത പ്രസംഗത്തിലെ ഒരു വാചകമാണ് ഇത്. 'ദേശവും മതവും ജാതിഭേദവും ഗണിക്കാതെ എല്ലാം മനുഷ്യജാതിയുടെ പൊതുസ്വത്തായി ഗണിക്കുകയും, വിജ്ഞാനാഭിവൃദ്ധിക്കായി അവയെ കൈകാര്യം ചെയ്യുകയും ചെയ്യണമെന്നാണ് ഞങ്ങളുടെ വിനീതമായ വിശ്വാസം" എന്ന് പറഞ്ഞതിനു ശേഷമാണ് ഗുരുദേവന്റെ സന്യാസി ശിഷ്യൻ സ്വാമി സത്യവ്രതൻ ഒന്നരമണിക്കൂറോളം നീണ്ട സ്വാഗത പ്രസംഗത്തിന്റെ തുടക്കത്തിൽ, ഈ വാചകം പറഞ്ഞത്.
ആ കാലഘട്ടത്തെക്കുറിച്ചും ഇത്തരമൊരു സമ്മേളനത്തിലേക്കു നയിച്ച സാമൂഹ്യ സാഹചര്യങ്ങളെക്കുറിച്ചും ചിന്തിക്കേണ്ടതുണ്ട്. അമ്പലങ്ങളിൽ പ്രവേശിക്കാൻ എല്ലാവർക്കും തുല്യ അവകാശം ലഭിച്ചിട്ടില്ലാത്ത, പൊതുവഴികൾ എല്ലാവർക്കും പ്രാപ്യമല്ലാതിരുന്ന കാലഘട്ടത്തിൽ, 'ഞങ്ങളുടെ വിശ്വാസം അബദ്ധമാണെന്ന് യുക്തിപൂർവ്വം ചൂണ്ടിക്കാണിക്കൂ; പുനരാലോചനയ്ക്ക് ഞങ്ങൾ സന്നദ്ധരാ"ണെന്ന് ആദരപൂർവം അറിയിക്കുന്നു എന്ന വാചകത്തിൽ നിറയുന്ന ബഹുമാനം, മറ്റുള്ളവരെ കേൾക്കാനുള്ള സന്നദ്ധത, സ്വന്തം വിശ്വാസത്തെ പുനരാലോചന ചെയ്യാനുള്ള വിവേകം എന്നിവയൊക്കെ കേരളത്തിന് അത്ര പരിചിതമല്ലാത്ത ഒരു ഭാഷയായിരുന്നു. എന്നാൽ തീരെ പരിചിതമല്ലെന്നും പറഞ്ഞുകൂടാ. അവഗണിക്കാൻ ശ്രമിച്ചാലും തിരത്തള്ളൽ പോലെ വീണ്ടും ബോധമണ്ഡലത്തിലേക്ക് അടിച്ചു കയറുന്ന ഒന്നിന്റെ തുടർച്ചയായിരുന്നു അത്.
36 വർഷത്തിനു മുമ്പ് അരുവിപ്പുറത്ത് ഇതുപോലെ ഒരു ശിവരാത്രി ദിവസം അർദ്ധരാത്രിക്ക്, ശങ്കരൻകുഴിയുടെ ആഴങ്ങളിലേക്ക് ഊളിയിട്ട് ഒരു മഹാഋഷി ശിവലിംഗം കണ്ടെടുത്തു പ്രതിഷ്ഠിച്ചിട്ട്, ചുണ്ണാമ്പു കൊണ്ട് അവിടുത്തെ പാറപ്പുറത്ത് എഴുതി വച്ച, മനുഷ്യഹൃദയങ്ങളോട് നേരിട്ട് സംവദിക്കുന്ന അസാധാരണമായ ഒരു വാക്യം കേരളം കണ്ടിരുന്നു: 'ജാതിഭേദം, മതദ്വേഷം ഏതുമില്ലാതെ സർവരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത്." പുതിയ കേരളത്തെ സൃഷ്ടിച്ച മഴുവെറിയൽ ആയിരുന്നു ആ പ്രതിഷ്ഠയും മുദ്രാവാക്യവും.
1924- ലെ ശിവരാത്രി ദിവസം ആലുവാപ്പുഴയുടെ തീരത്ത് സർവമത സമ്മേളനം നടത്തുമ്പോൾ അത് നടക്കുന്നതിനു മുൻപു തന്നെ സമ്മേളനസ്ഥലത്തെ കവാടത്തിൽ മുദ്രാവാക്യങ്ങൾക്ക് ഉയരാവുന്നതിന്റെ പരമോന്നതിയെ സ്പർശിച്ച ഒരു വാചകം സമ്മേളനത്തിനു വന്നവരെ മുഴുവൻ സ്വാഗതം ചെയ്തു. ആ ഒറ്റ വാചകത്താൽത്തന്നെ പരിവർത്തിക്കപ്പെട്ടവർ എത്രയെങ്കിലും കാണുമായിരുന്നിരിക്കാം- 'വാദിക്കാനും ജയിക്കാനുമല്ല; അറിയാനും അറിയിക്കാനുമാണ്!" വാദങ്ങളും ജയങ്ങളും അപമാനവീകരമായ പരാജയങ്ങളും മാത്രം നിറഞ്ഞുനിന്ന് എതിർവാദങ്ങൾക്ക് ചെവി കിട്ടാതിരുന്ന ഒരു കാലത്ത്, അറിവ് പകർന്നു നൽകലും സമന്വയവും ഒരു സാദ്ധ്യതയാണെന്ന് ഇതേപോലെ ഓർമ്മപ്പെടുത്തിയ മറ്റൊരു മുദ്രാവാക്യം കാണില്ല.
1924-ലെ സമ്മേളനം യാദൃച്ഛികമായിരുന്നില്ല. ആ കാലഘട്ടം അങ്ങനെയൊന്ന് ആവശ്യപ്പെടുന്നുണ്ടായിരുന്നു. ഒരുവശത്ത്, പൊതുവഴിയിലെ സഞ്ചാര സ്വാതന്ത്ര്യത്തിനും ആരാധനാലയങ്ങളിലെ പ്രവേശനത്തിനുമായുള്ള ആവശ്യങ്ങളും പ്രക്ഷോഭങ്ങളും. ലോകം അതിനകം ഒരു മഹായുദ്ധം കണ്ടു കഴിഞ്ഞിരുന്നു. മുതലാളിമാർക്കെതിരെ തൊഴിലാളികൾ ന്യായമായ വേതനത്തിന്റെ നിഷേധത്തിനെതിരെയും മനുഷ്യത്വമുള്ള സമീപനത്തിനു വേണ്ടിയും സമരങ്ങൾ ആരംഭിച്ചിരുന്നു. മതവിശ്വാസികളും മതങ്ങളിൽ വിശ്വസിക്കാത്തവരും തമ്മിലും പ്രശ്നങ്ങൾ നിലനിന്നിരുന്നു. ഇതിനെല്ലാമുപരി മതപരിവർത്തനത്തെപ്പറ്റിയും ആലോചനകൾ തുടങ്ങിക്കഴിഞ്ഞിരുന്നു.
ഈ സമ്മേളനത്തിന്റെ കാതൽ, ആത്മോപദേശ ശതകത്തിൽ ഗുരു അവതരിപ്പിച്ച ദർശനം തന്നെയായിരുന്നു. എല്ലാ മതങ്ങളുടെയും ഏകമായ സാരത്തെ അന്ധന്മാർ ആനയെ കണ്ടതുപോലെ പലതായി കണ്ട് അലയാതിരിക്കണം എന്ന് ഗുരു പറഞ്ഞിരുന്നു. മതങ്ങളുടെ കാര്യത്തിൽ പരമമായ സത്യമെന്നു പറയാവുന്നത്, ഒരു മതത്തെയും പൊരുതി ജയിക്കാൻ സാദ്ധ്യമല്ലെന്നതാണ്. പൊരുതുന്നവർ ഇല്ലാതാകും എന്ന അനിവാര്യതയല്ലാതെ പൊരുതുന്നതുകൊണ്ട് ഒരു മതവും ഇല്ലാതാകാൻ പോകുന്നില്ല. സഹവർത്തിത്വമോ സാഹോദര്യമോ സമന്വയമോ അല്ലാതെ മതങ്ങളെ സംബന്ധിച്ച് മറ്റൊരു മാർഗവുമില്ലെന്നതു തന്നെയാണ് സത്യം.
മതം ഉള്ളതാണ്. അതില്ലാതാക്കാൻ സാധിക്കുന്നതല്ല. ജാതിയാകട്ടെ, ഇല്ലാത്തതും കല്പിതവുമാണ്. അത് ഇല്ലായ്മ ചെയ്യപ്പെടേണ്ടതുമാണ്. ഗുരുവിന്റെ ഈ കാഴ്ചപ്പാടിന്റെ മൂർത്തമായ ആവിഷ്‌കാരം കൂടിയായിരുന്നു സർവമത സമ്മേളനം. സത്യവ്രത സ്വാമിയെന്ന ശിഷ്യൻ ജാതിഭേദത്തിന്റേതായ ഭൂതകാലത്തിൽ നിന്ന് ജാതി നിരാസത്തിലേക്ക് കടന്നുവന്ന ആളായിരുന്നു. ഈ സ്വാഗതപ്രസംഗ രൂപീകരണത്തിൽ പങ്കുചേർന്ന സി.വി കുഞ്ഞുരാമനാകട്ടെ വ്യവസ്ഥാപിത രീതിയിലുള്ള ഒരു മതവിശ്വാസിയുമായിരുന്നില്ല. വിവിധ അഭിപ്രായങ്ങളുടെ മേളനങ്ങൾക്കിടയിൽ ഒരു മലപോലെ സ്ഥിരത നൽകുന്നതായിരുന്നു വേദിയിൽ ഗുരുവിന്റെ സാന്നിദ്ധ്യം.
മനുഷ്യൻ നന്നാകുന്നതാണ് മതംമാറ്റം എന്ന് സഹോദരൻ അയ്യപ്പനുമായുള്ള സംഭാഷണത്തിൽ ഗുരു സൂചിപ്പിക്കുന്നുണ്ട്. 'മതമേതായാലും മനുഷ്യൻ നന്നായാൽ മതി"യെന്ന പ്രസിദ്ധമായ മുദ്രാവാക്യത്തിലും മതത്തിനെക്കാളും മനുഷ്യനേക്കാളും മുകളിൽ ഗുരു പ്രതിഷ്ഠിക്കുന്നത് നന്നാകൽ എന്ന ക്രിയയെയാണ്. അത്തരം നന്നാകലിന്റെ ഭാഗമായാണ് ഗുരു, മദ്യത്തിനും ദുർദ്ദേവതാരാധനയ്ക്കും മതപരിവർത്തനത്തിനും ജാതിഭേദത്തിനുമൊക്കെ എതിരായി നിന്നത്. വിദ്യയും അറിവും സാത്വികമായ ദൈവസങ്കല്പവും അഹിംസയും കൈത്തൊഴിലും വ്യവസായവും സംഘടനയും ശുചിത്വവും മിതവ്യയവുമൊക്കെ ഈ നന്നാകലിന്റെ ഭാഗമായിരുന്നു.
നന്നാകലിന് വിഘാതമായി നിൽക്കുന്നത് മതമാണെങ്കിൽ അതിനെയും മറികടക്കേണ്ടതുണ്ട് എന്നതായിരുന്നു ഗുരുവിന്റെ ആത്മീയത. സൂക്ഷ്മം അറിഞ്ഞവന് മതം പ്രമാണമല്ലെങ്കിലും സാധാരണ മനുഷ്യരെ സംബന്ധിച്ച് തെളിച്ചമുള്ള ജീവിതത്തിന് മതങ്ങളെ സംബന്ധിച്ച ധാരണകളും വിശ്വസിക്കുന്ന മതങ്ങളിലെ പ്രമാണങ്ങളെക്കുറിച്ചുള്ള വ്യക്തതയും വേണ്ടതുണ്ടെന്ന് ഗുരു മനസിലാക്കിയിരുന്നു. സർവമത സമ്മേളനം പോലൊന്ന് സംഘടിപ്പിക്കുവാൻ പ്രേരകമായതും അതായിരിക്കണം. 'വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനുമാണ്" എന്ന സത്യസന്ദേശം നൂറു വർഷങ്ങൾക്കു ശേഷവും പ്രസക്തി മങ്ങാതെ നിൽക്കുന്നു.
(ശ്രീനാരായണ ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ആണ് ലേഖകൻ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |