അല്ലയോ നന്മ അപേക്ഷിക്കുന്നവരേ, മുന്നോട്ടുവരുവിൻ; തിന്മയിൽ മുങ്ങിപ്പോയവരേ, മാറിനിൽക്കുവിൻ.... ആകാശ ഭൂമികളും അഖില സൃഷ്ടിജാലങ്ങളും പരിശുദ്ധ റമദാന്റെ വസന്തോത്സവത്തിന് ഒരുങ്ങിക്കഴിഞ്ഞിരിക്കുന്നു. എന്തുകൊണ്ടാണ് വിശ്വാസി സമൂഹം റമദാൻ മാസം കടന്നുവരുമ്പോൾ ഇത്രയ്ക്കും ആവേശഭരിതരാകുന്നത്? റമദാൻ മാസം വിമലീകരണത്തിനും ആത്മ സംസ്‌കരണത്തിനുമായി സ്രഷ്ടാവായ നാഥൻ തമ്പുരാൻ കനിഞ്ഞു നൽകിയ മാസമത്രെ.
റമദാൻ എന്ന വാക്കിന് കരിച്ചുകളയരുത് എന്നാണ് അർത്ഥം. അവനവന്റെ ഉള്ളിലെ തിന്മകളെ മായ്ച്ചുകളയുവാനും നന്മകളെ നട്ടു നനയ്‌ക്കുവാനും അതുവഴി വിളവെടുപ്പിൽ ശുഭപ്രതീക്ഷയ്ക്കും വകനൽകുന്ന മാസമാണ് പരിശുദ്ധ റമദാൻ. റമദാനിലെ വ്രതാനുഷ്ഠാനം ഒരു പരിചയാണ് എന്നാണ് അന്ത്യപ്രവാചകൻ തിരുനബി അരുൾചെയ്തത്.
സ്വേച്ഛകളെയും ബാഹ്യപ്രലോഭനങ്ങളെയും ചിറകെട്ടി നിറുത്തുവാനും തെറ്റുകുറ്റങ്ങളുടെ ഏതു മാർഗത്തെയും പ്രതിരോധിക്കുവാനുമുള്ള ഒരു രക്ഷാ കവചമത്രെ ഒരു മാസക്കാലത്തെ വ്രതാനുഷ്ഠാനത്തിലൂടെ വിശ്വാസി ആർജ്ജിച്ചെടുക്കുന്നത്.
വ്രതാനുഷ്ഠാനത്തിന്റെ ഭാഗമായി ഭക്ഷണം മാത്രമല്ല നിയന്ത്രിക്കേണ്ടത്. അശ്ളീലച്ചുവയുള്ള വാക്കുകൾ, തലച്ചോറിൽ തിളച്ചുമറിയുന്ന തന്ത്ര - കുതന്ത്രങ്ങൾ, ഞരമ്പുകളിൽ നുരഞ്ഞുവരുന്ന ആസക്തികൾ... ഇവയെല്ലാം ശരീരത്തെയും ആത്മാവിനെയും ബന്ധനസ്ഥമാക്കുന്ന ഘടകങ്ങളാണ്. ഇതൊന്നുമില്ലാതെ ഒരു മാസംകൊണ്ട് സ്ഫുടംചെയ്ത് എടുക്കുന്ന ആത്മസംസ്‌കരണമാകണം റമദാൻ വ്രതം. നോമ്പ് അവരവരുടെ ചെറുലോകത്തു നിന്ന് അന്യന്റെ പ്രശ്നങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് അത്താണിയാകാൻ വിശ്വാസിയിൽ തോന്നൽ ജനിപ്പിക്കുന്നു. കാരുണ്യവും സഹാനുഭൂതിയും പങ്കുവയ്ക്കാതെ ഒരു റമദാനുമില്ല.
റമദാൻ വിശുദ്ധ ഖുർആന്റെ അവതരണം കൊണ്ട് ധന്യമാകയാൽ വിശ്വാസിയുടെ വസന്തോത്സവം കൂടിയാണ് അത്.
മഴയുടെ കുളിരുപോലെ മുഴുവൻ മനുഷ്യരിലേക്കും പെയ്തിറങ്ങുന്ന കാരുണ്യത്തിന്റെയും സ്നേഹത്തിന്റെയും സഹവർത്തിത്വത്തിന്റെയും വലിയ സന്തോഷമാണ് ഖുർആൻ വാക്യങ്ങൾ. അത് ഹൃദയങ്ങൾക്ക് സാന്ത്വനവും സമാധാനവും നൽകുന്നു. റമദാൻ നൽകുന്ന ഏറ്റവും വലിയ സന്തോഷം വിശുദ്ധ ഖുർആൻ ആണ്. ഈ റമദാനെ നമുക്ക് ഒരുമിച്ച് വരവേൽക്കാം. സ്നേഹംകൊണ്ടും കാരുണ്യംകൊണ്ടും മനുഷ്യരെ ചേർത്തുപിടിക്കാം. ഒത്തുചേർന്ന് ഇഫ്‌താർ ഒരുക്കാം. ആർക്കും ആരോടും വെറുപ്പും പകയും വിദ്വേഷവുമില്ലാത്ത, എവിടെയും സ്‌നേഹത്തിൽ ചാലിച്ച മധുരങ്ങൾ മാത്രം നിറയുന്ന റമദാൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |