'വീട്ടുമുറ്റത്ത് വരെ കാട്ടാനയിറങ്ങാറുണ്ട്. സ്വസ്ഥമായി ഒന്നുറങ്ങാൻ പോലും കഴിയുന്നില്ല. അത്യാവശ്യ സമയങ്ങളിൽ ഓട്ടോറിക്ഷ വിളിച്ചാൽ പോലും ആരും വരാറില്ല. ഏതു നിമിഷവും വലിയ ദുരന്തം സംഭവിക്കുമെന്ന പേടിയുമുണ്ട്' പാലക്കാട് കാട്ടാനശല്യം രൂക്ഷമായ ധോണി, മുണ്ടൂർ, പുതുശ്ശേരി എന്നിവിടങ്ങളിലെ പ്രദേശവാസികൾ പങ്കുവെച്ച ആവലാതികളാണിവ. തുടരെയുള്ള കാട്ടാനയാക്രമണത്തിന്റെ ഭീതിയിലാണ് നാട്. വനയോര മേഖലയോടു ചേർന്നുകിടക്കുന്ന ഗ്രാമങ്ങളിലാണു കാട്ടാനശല്യം കൂടുതൽ. രാപ്പകൽ വ്യത്യാസമില്ലാതെ മേഖലയിൽ കാട്ടാനശല്യം രൂക്ഷമാണെന്നു പ്രദേശവാസികൾ പറയുന്നു. വേനൽ രൂക്ഷമായതോടെ കാടിറങ്ങുന്ന ആനകൾ, ഗ്രാമ-നഗര വ്യത്യാസമില്ലാതെയാണ് എത്തുന്നത്. പാമ്പ്, പുലി, പന്നി, മയിൽ, കുരങ്ങ് തുടങ്ങിയവയും ജീവിതം ദുസ്സഹമാക്കുന്നുണ്ട്. കഴിഞ്ഞ പത്തുവർഷത്തിനിടെ സംസ്ഥാനത്തു തന്നെ ഏറ്റവുമധികം പേർ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ടത് പാലക്കാടാണ്. 2016 മുതൽ ഇതുവരെ ജില്ലയിൽ കാട്ടാനയാക്രമണത്തിൽ പൊലിഞ്ഞത് 49 ജീവൻ. പാലക്കാട്, മണ്ണാർക്കാട്, നെന്മാറ വനം ഡിവിഷനുകൾക്ക് കീഴിലായാണിത്. ഇക്കാലയളവിൽ കാട്ടാനയാക്രമണത്തിൽ 28 പേർക്ക് പരിക്കുമേറ്റു. കഴിഞ്ഞ ഫെബ്രുവരിയിൽ നിയമസഭയിൽ മനുഷ്യ കാട്ടാന സംഘർഷത്തിൽ മരിച്ചവരെക്കുറിച്ചുള്ള ചോദ്യത്തിന് മന്ത്രി നൽകിയ ഉത്തരത്തിൽ അവതരിപ്പിച്ച കണക്കുകളാണിവ. മനുഷ്യജീവൻ നഷ്ടപ്പെടുന്നതിന് പുറമെ ഏക്കറു കണക്കിന് കൃഷിയിടങ്ങളും കാട്ടാനക്കൂട്ടം നശിപ്പിക്കുന്നുണ്ട്. കാട്ടാനകൾ അപ്രതീക്ഷിതമായി മുന്നിലേക്കു പാഞ്ഞെത്തുമെന്നതിനാൽ ഭീതിയോടെയാണ് കർഷകർ കൃഷിയിടങ്ങളിലേക്കു പോകാറ്. പടക്കം പൊട്ടിച്ചും പാട്ടകൊട്ടിയും ആളുകൾ ആനകളെ തുരത്താൻ നോക്കിയിട്ടും കാടുകയറുന്നില്ല.
വർഷം മരിച്ചവർ പരിക്കേറ്റവർ
2016 -6 -0
2017 -8 -5
2018 -3 -1
2019 -5 -4
2020 -4 - 5
2021 -10 -2
2022 -7 -7
2023 -5 -2
2024 -0 -2
കാട്ടാനയൊഴികേയുള്ള വന്യജീവി ആക്രമണത്തിൽ പൊലിഞ്ഞത് 76
കാട്ടാനക്കലിയിൽ മാത്രമല്ല മറ്റു വന്യജീവി ആക്രമണത്തിലും നിരവധി ജീവൻ പൊലിയുന്നുണ്ട്. അഞ്ചുവർഷത്തിനിടെ 76 പേരാണ് കൊല്ലപ്പെട്ടത്. 2020 മുതൽ 2024 വരെയുള്ള കണക്കാണിത്. കാട്ടുപന്നി, പാമ്പ് ഉൾപ്പടെയുള്ള ജീവികളാണ് കൂടുതലും ആക്രമിച്ചിട്ടുള്ളത്.
പ്രതിരോധങ്ങൾ ഫലവത്താവുന്നില്ല
മരണഭീതിയോടെ ജനങ്ങൾ കഴിയുമ്പോഴും പ്രതിരോധ മാർഗങ്ങൾ ഫലം കാണുന്നത് പേരിനുമാത്രം. കാട്ടാനകൾ നാട്ടിലിറങ്ങുമ്പോഴും കൃഷി നശിപ്പിക്കുമ്പോഴും അപകടസാദ്ധ്യതാ മുന്നറിയിപ്പു നൽകാനും പ്രതിരോധിക്കാനും വനംവകുപ്പിനു സാധിക്കുന്നില്ല. ആനകൾ കാടിറങ്ങുന്നത് തടയാനും പ്രതിരോധിക്കാനും വനാതിർത്തികളിൽ സൗരവേലി സ്ഥാപിച്ചിട്ടുണ്ട്. ഇതിനുപുറമേ സൗര തൂക്കുവേലി, കിടങ്ങ്, മതിൽ തുടങ്ങിയ സംവിധാനങ്ങളുമുണ്ട്. എന്നാൽ, കാട്ടാനകൾ വൈദ്യുതവേലികൾ തകർത്ത് നാട്ടിലെത്തുകയാണ്. മൂന്ന് ഡിവിഷനുകളിലുമായി മൂന്ന് സ്ഥിരം ദ്രുതകർമസേനയും മനുഷ്യമൃഗ സംഘർഷം കൂടുതലുള്ള സ്ഥലങ്ങളിൽ നാല് താത്കാലിക ദ്രുതകർമസേനയുമാണുള്ളത്. കാട്ടാനയെത്തി കൃഷി നശിപ്പിച്ചശേഷമോ അപകടങ്ങളുണ്ടായ ശേഷമോ ആണ് പലപ്പോഴും ഉദ്യോഗസ്ഥരും വാച്ചർമാരുമെല്ലാം എത്താറ്. പടക്കംപൊട്ടിച്ചടക്കം ആനയെ തുരത്തിയാലും ഒന്നോരണ്ടോ ദിവസത്തിനകം തിരിച്ചെത്തുന്ന സ്ഥിതിയാണ്. കാട്ടാനയിറങ്ങിയാൽ എസ്.എം.എസ് മുന്നറിയിപ്പ് സംവിധാനം നൽകാൻ പ്രാദേശിക ജാഗ്രതാസമിതികളടക്കം പ്രവർത്തിക്കുന്നുണ്ട്. ആരെങ്കിലും കൊല്ലപ്പെട്ടാൽ മാത്രം ഭവനസന്ദർശനത്തിനെത്തുന്ന ജനപ്രതിനിധികളും തുടർനടപടികൾ സ്വീകരിക്കുന്നതിൽ ഗുരുതരവീഴ്ച വരുത്തുന്നു എന്നാണ് ജനങ്ങളുടെ പരാതി. സാങ്കേതിക തടസങ്ങളുണ്ടായാൽപ്പോലും മുന്നറിയിപ്പ് സംവിധാനം പാളുമെന്നും വന്യമൃഗങ്ങൾ നാട്ടിലെത്താതിരിക്കാനുള്ള വഴിയാണ് വേണ്ടതെന്നും നാട്ടുകാർ പറയുന്നു. കാട്ടാനശല്യം തടയാൻ ശാശ്വത പരിഹാരമാർഗങ്ങളൊന്നും ഇതുവരെ പ്രദേശങ്ങളിൽ നടപ്പാക്കാനായിട്ടില്ല.
കാട്ടാനക്കലിയിൽ 192 പേർ
സംസ്ഥാനത്തൊട്ടാകെ പത്തു വർഷത്തിനിടെ 192 പേരാണ് കാട്ടാനയാക്രമണത്തിൽ മാത്രം മരിച്ചത്. 278 പേർക്ക് പരിക്കേറ്റിട്ടുണ്ട്. പാലക്കാടാണ് മുന്നിൽ 49. ഇടുക്കിയാണ് തൊട്ടു പിന്നിലുള്ളത്. 40 ആളുകളാണ് ഇടുക്കിയിൽ മരിച്ചത്. വയനാട്ടിൽ 36 പേരും മരിച്ചിട്ടുണ്ട്. വന്യജീവികളാൽ മനുഷ്യർ കൊല്ലപ്പെടുന്ന സംഭവങ്ങൾ കൂടിവരുമ്പോൾ 1972ലെ വനം-വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യണമെന്ന ആവശ്യം ശക്തമാണ്.
ജില്ലയിൽ കാട്ടാന സാന്നിദ്ധ്യമുള്ള ഇടങ്ങൾ
വനംവകുപ്പിന്റെ കണക്കനുസരിച്ച് പാലക്കാട്, മണ്ണാർക്കാട്, നെന്മാറ ഡിവിഷനു കീഴിലായി കാട്ടാനയുടെ സാന്നിദ്ധ്യമുള്ള നൂറിലധികം ഇടങ്ങളുണ്ട്.
പാലക്കാട് ഡിവിഷനിൽ
പുളിയംപുള്ളി, ചക്കരകാട്ടിക്കൽ, വടക്കന്റെ കാട്, മീൻവല്ലം, കണ്ണാടുംചോല, അത്താണിപ്പറമ്പ്, ധോണി, കോർമ, പന്നിമട, വേനോലി, വാധ്യാർചള്ള, ചുള്ളിമട, വരകുളം, ചീക്കുഴി, അയ്യപ്പൻപൊറ്റ, ആറങ്ങോട്ടുകുളമ്പ്.
മണ്ണാർക്കാട് ഡിവിഷനിൽ
പൂഞ്ചോല, വെറ്റിലച്ചോല, വട്ടപ്പാറ, ഇഞ്ചിക്കുന്ന്, അച്ചിലട്ടി, തരിപ്പപ്പതി, മുണ്ടനാട്, നിരവ്, പാലക്കയം, ചീനിക്കപ്പാറ, മൂന്നേക്കർ, പാങ്ങ്, പരശുറാം, മരുതംകാട്, മീൻവല്ലം, വാക്കോട്, അമ്പതേക്കർ, കാഞ്ഞിക്കുളം, കല്ലടിക്കോട്, ആറ്റില, ഓട്ടമൂച്ചി, പാറക്കലടി, തത്തേങ്ങലം കരിമൺകുന്ന്, മേലാമുറി, മെഴുകുംപാറ, പൊതുവപ്പാടം, മൈലാംപാടം, പൊൻപാറ, ചളവ, ഉപ്പുകുളം, കുന്നശ്ശേരി, മുട്ടിപ്പാറ, പൂളക്കുന്ന്, പുലിക്കലടി, വെള്ളാരംകുന്ന്, വെള്ളാരംകോട്, പുളിയക്കോട്ടുകര, കല്ലംപുലി, കമ്പിപ്പാറ, നാലേരിക്കുന്ന്, കൊട്ടിയോട്, ചച്ചംപാടം, കപ്പുപറമ്പ്, ചൂരിയോട്, അമ്പലപ്പാറ, ഇരട്ടവാരി, കരടിയോട്, തച്ചൻകോട്, മേലേക്കളം, കുന്തിപ്പാടം, തേക്കിൻതിട്ട, 30 ഏക്കർ, മന്നതി, പുളിച്ചിപ്പാറ, തോട്ടപ്പള്ളി, പിലച്ചുള്ളി, കോട്ടനി, നെല്ലിക്കുന്ന്, ചട്ടക്കുന്ന്, കണ്ടമംഗലം, പുറ്റാണിക്കാട്, കുരുമുഖം, കൊടുവാളിപ്പുറം, ആനക്കല്ല്, കാഞ്ഞിരംകുന്ന്, കുണ്ടുകണ്ടം, തിരുവിഴാംകുന്ന് ഫാം, ചെറിയപ്പാറ, ചിറ്റൂർ, കട്ടേക്കാട്, കോട്ടമല, ചുണ്ടകുളം, മൂച്ചിക്കടവ്, സാമ്പാർക്കോട്, അഗളി എസ്.ബി.ഐ ജങ്ഷൻ, ബോഡിചാള, കള്ളക്കര, വണ്ണാന്തറ ബിറ്റ്-1, കരടിപ്പാറ, ചിന്നപ്പറമ്പ്, തച്ചമല, നീലിക്കുഴി, മുക്കാലി, ചോലക്കാട്, കൊറവൻപടി, നരിസിമുക്ക്, കാരയൂർ, വട്ലക്കി, മട്ടത്തുകാട്, പട്ടിമാളം, തേക്കുവട്ട, ചാവടിയൂർ, കാരത്തൂർ, വെള്ളമാരി, വേലംപടിക, കരിവടം, കൽക്കണ്ടിയൂർ, പരപ്പൻതറ, പന്നിയൂർപടിക, തവക്കൽ എസ്റ്റേറ്റ്, ദാസനൂർ, ആനക്കട്ടി പമ്പ്, കുലുക്കൂർ, വെള്ളകുളം, വെച്ചപ്പതി, വരകംപാടി, കൂടുതറ കത്താളക്കണ്ടി, പൂപ്പണി, ചാളയൂർ, പുളിയപ്പതി, ചെമ്മൻ പടിക, രാമകൃഷ്ണപുരം.
നെന്മാറ ഡിവിഷനിൽ
നേർച്ചപ്പാറ, പൂതംകുഴി, പാലക്കുഴി, നേമല, എലവഞ്ചേരി, മാത്തൂർ, ശുക്രിയൽ, പലകപ്പാണ്ടി, ചെമ്മണാംപതി, കൽച്ചാട്ടി, ഓവുപാറ, ഇല്ലത്തംകുളമ്പ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |