ആറു പതിറ്റാണ്ടോളം കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ രംഗങ്ങളിലെ നിറസാന്നിദ്ധ്യമായിരുന്ന വർക്കല രാധാകൃഷ്ണൻ ഓർമ്മകളിലേക്ക് വിടവാങ്ങിയിട്ട് ഇന്ന് പതിനഞ്ചു വർഷം. പ്രവർത്തിച്ച മേഖലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. 1953-ൽ വർക്കല പഞ്ചായത്തിൽ നിന്ന്, പ്രായപൂർത്തി വോട്ടവകാശപ്രകാരം തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ ആദ്യത്തെ പഞ്ചായത്ത് പ്രസിഡന്റായിട്ടായിരുന്നു പാർലമെന്ററി രംഗത്ത് വർക്കല രാധാകൃഷ്ണന്റെ തുടക്കം. പിന്നീട് 1980, 1982, 1987, 1991 വർഷങ്ങളിൽ വർക്കല മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തി. 1987 മാർച്ച് 30-ന് കേരള നിയമസഭാ സ്പീക്കർ ആയി തിരഞ്ഞെടുക്കപ്പെട്ട വർക്കല, നാലുവർഷത്തിലേറെക്കാലം ആ പദവിയിൽ പ്രശംസനീയമായ സേവനം കാഴ്ചവച്ചു.
അതിനു ശേഷം 1998, 1999, 2004 വർഷങ്ങളിൽ ലോക്‌സഭാംഗമായി ചിറയിൻകീഴിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം, ലോക്‌സഭയിൽ മാതൃകാ പാർലമെന്റേറിയനായി അംഗീകരിക്കപ്പെട്ടു. കർക്കശനായിരുന്ന അന്നത്തെ ലോക്‌സഭാ സ്പീക്കർ സോമനാഥ് ചാറ്റർജിയുടെ പ്രശംസയ്ക്കു പാത്രമാകാൻ വർക്കലയ്ക്കു സാധിച്ചു. വിവിധ പാർലമെന്ററി കമ്മിറ്റികളിൽ അംഗമായിരുന്ന അദ്ദേഹം പാനൽ ചെയർമാനായി പ്രവർത്തിച്ച് നിരവധി തവണ ലോക്‌സഭാ നടപടികൾ നിയന്ത്രിച്ചിട്ടുണ്ട്. പാർലമെന്ററി നടപടിക്രമങ്ങളിൽ തികഞ്ഞ അവഗാഹമുണ്ടായിരുന്ന അദ്ദേഹം ആ വിഷയത്തിൽ 'എ ബുക്ക് ഓൺ പാർലമെന്ററി പ്രാക്ടീസ് "എന്നൊരു ഗ്രന്ഥം രചിക്കുകയും ചെയ്തു. രണ്ടാം ഇ.എം.എസ് മന്ത്രിസഭയുടെ കാലത്ത് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി, മൂന്നാം നായനാർ മന്ത്രിസഭാ കാലയളവിൽ ഭരണപരിഷ്‌കാര കമ്മിഷൻ വൈസ് ചെയർമാൻ എന്നീ നിലകളിലും സേവനമനുഷ്ഠിച്ചു.
നിയമരംഗത്തെ
പാഠപുസ്തകം
എസ്.എഫ്.ഐയുടെ സജീവ പ്രവർത്തകനായിരുന്ന ഈ ലേഖകന് നിയമപഠനത്തിനു ശേഷം, എം.എൽ.എ ആയിരുന്ന സി.ബി.സി വാര്യരുമായി പുലർത്തിയിരുന്ന അടുപ്പമാണ് വർക്കലയുടെ ജൂനിയർ അഭിഭാഷകൻ ആകാനുള്ള പാത തുറന്നുനൽകിയത്. 1973 ഡിസംബർ മാസത്തിലാണ് വർക്കല രാധാകൃഷ്ണനു കീഴിൽ എന്റെ അഭിഭാഷകവൃത്തി തുടങ്ങുന്നത്. തിരുവനന്തപുരം കോർപ്പറേഷൻ ഓഫീസിൽ നടന്ന ഇരട്ടക്കൊലപാതകത്തിന്റെ വിചാരണയിൽ തുടങ്ങി നിരവധി ക്രിമിനൽ കേസുകൾ അദ്ദേഹത്തോടൊപ്പം നിന്ന് പഠിക്കുവാനുള്ള അവസരം കൈവന്നു. വർക്കലയോടൊപ്പമുള്ള കേസ് പഠനം അദ്ദേഹത്തിന്റെ വസതിയിൽ പകലന്തിയോളം നീളുമായിരുന്നു. സെഷൻസ് കോടതിയിലെ പ്രതിഭാഗം അഭിഭാഷകൻ എന്ന നിലയിൽ വർക്കലയുടെ ക്രോസ് വിസ്താരം കേൾക്കാൻ വേണ്ടി മാത്രം മറ്റുള്ള അഭിഭാഷകർ എത്തുമായിരുന്നു. ഒരു ക്രിമിനൽ അഭിഭാഷകന്റെ മാറ്റുരയ്ക്കുന്ന പ്രക്രിയയാണ് ക്രോസ് എക്സാമിനേഷൻ. അതിൽ വർക്കലയെ വെല്ലാൻ ചുരുക്കം അഭിഭാഷകരേ അന്നുണ്ടായിരുന്നുള്ളൂ.
കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടിയുമായി ബന്ധപ്പെട്ട പ്രധാന കേസുകളെല്ലാം അന്ന് വാദിച്ചിരുന്നത് വർക്കല രാധാകൃഷ്ണൻ ആയിരുന്നു. അച്യുതമേനോൻ മന്ത്രിസഭയുടെ കാലത്ത് നിയമസഭയിലെ ചീഫ് മാർഷലിന്റെ പരാതിയിൽ സി.ബി.സി വാര്യർ, എ.വി. ആര്യൻ, ഇമ്പിച്ചിബാവ തുടങ്ങിയ എം.എൽ.എമാർക്കെതിരെയുള്ള കേസ്, 'ദേശാഭിമാനി" ദിനപത്രത്തിന് എതിരെ മന്ത്രി ബേബി ജോൺ നൽകിയ മാനനഷ്ടക്കേസ് തുടങ്ങി കോളിളക്കം സൃഷ്ടിച്ച കേസുകളെല്ലാം വർക്കലയാണ് കൈകാര്യം ചെയ്തിരുന്നത്. നിയമസഭയുമായി ബന്ധപ്പെട്ട കേസുകളിൽ പാർലമെന്ററി നടപടിക്രമങ്ങളും കീഴ് വഴക്കങ്ങളും സംബന്ധിച്ച കൗൾ ആൻഡ് ശക്തർ രചിച്ച ആധികാരിക ഗ്രന്ഥം കോടതിയിൽ വാദത്തിന് അവലംബിച്ചത് വർക്കലയാണ്.
പ്രമുഖ അഭിഭാഷകനായ വർക്കലയുടെ സേവനം അടിയന്തരാവസ്ഥക്കാലത്ത് പാർട്ടിക്കും നേതാക്കൾക്കും വലിയ മുതൽക്കൂട്ടായിരുന്നു. അടിയന്തരാവസ്ഥയ്ക്കെതിരെ പ്രകടനം നടത്തിയ എ.കെ.ജി, ഇ.എം.എസ് ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കന്മാരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ വർക്കലയുടെ ഇടപെടലിനെ തുടർന്ന് രാത്രി എഴരയ്ക്ക് മജിസ്‌ട്രേറ്റിനു മുമ്പാകെ ഹാജരാക്കി കോടതി പ്രത്യേക സിറ്റിംഗ് നടത്തിയതും ചരിത്രമാണ്. അടിയന്തരാവസ്ഥയ്ക്കെതിരെ പ്രകടനം നടത്തിയ വിദ്യാർത്ഥി യുവജന നേതാക്കളായിരുന്ന ജി. സുധാകരൻ, എം.വിജയകുമാർ, എം.എ. ബേബി തുടങ്ങിയവരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച അവസരത്തിലും മുൻ എം.പി കെ. അനിരുദ്ധൻ തുടങ്ങിയവരെ ഡി.ഐ.ആർ പ്രകാരം തടവിലാക്കിയ അവസരത്തിലും അവർക്കുവേണ്ട നിയമ സംരക്ഷണം നൽകിയത് വർക്കല രാധാകൃഷ്ണൻ ആയിരുന്നു. 'മിസ" പ്രകാരമുള്ള കേസുകളിൽ കാട്ടായിക്കോണം ശ്രീധർ ഉൾപ്പെടെയുള്ള നേതാക്കൾക്ക് പരോൾ അനുവദിക്കുന്നതിന് വർക്കലയുടെ ഇടപെടൽ സഹായകമായി.
ആർ. ബാലകൃഷ്ണപിള്ളയുടെ നിയമസഭാംഗത്വം റദ്ദാക്കിക്കൊണ്ട് കൂറുമാറ്റ നിരോധന നിയമപ്രകാരമുള്ള സ്പീക്കറുടെ അധികാരം വർക്കല പ്രയോഗിച്ചത് കേരള രാഷ്ട്രീയത്തിലെ ചരിത്ര സംഭവമാണ്. അഴിമതി നിരോധന നിയമനിർമാണത്തിനു വേണ്ടി ഇരുപത്തിനാലു മണിക്കൂർ സഭ സമ്മേളിച്ചതും വർക്കല രാധാകൃഷ്ണൻ സ്പീക്കർ ആയിരുന്ന അവസരത്തിലാണ്. അഭിഭാഷകരുടെ പ്രശ്നങ്ങളിൽ എപ്പോഴും സജീവ ഇടപെടൽ നടത്തിയിരുന്നു. ഹൈക്കോടതി ബെഞ്ച് സമരസമിതി ചെയർമാനും രക്ഷാധികാരിയും ആയിരുന്നു. പ്രോഗ്രസീവ് ലായേഴ്സ് യൂണിയന്റെ ഭാരവാഹിയായും തുടർന്ന് ഓൾ ഇന്ത്യ ലായേഴ്സ് യൂണിയൻ വൈസ് പ്രസിഡന്റ് ആയും സ്തുത്യർഹമായ സേവനമാണ് അദ്ദേഹം കാഴ്ചവച്ചത്
വ്യക്തിപരമായി വർക്കലയുടെ കുടുംബവുമായി വെറുമൊരു സീനിയർ- ജൂനിയർ ബന്ധം മാത്രമായിരുന്നില്ല എനിക്കുണ്ടായിരുന്നത്. വർക്കലയുടെ സഹധർമ്മിണി സൗദാമിനി ടീച്ചർ പുത്രനിർവിശേഷമായ സ്‌നേഹമാണ് പുലർത്തിയിരുന്നത്. അദ്ദേഹത്തിന്റെ മക്കളായ ജയശ്രീ, ശ്രീലത, ഹരി എന്നിവരിലൂടെ ആ ബന്ധം ഇന്നും തുടർന്നു പോരുന്നു. അദ്ദേഹത്തിന്റെ സ്മരണ നിലനിറുത്തുന്നതിനായി തുടങ്ങിയ വർക്കല രാധാകൃഷ്ണൻ ഫൗണ്ടേഷൻ കഴിഞ്ഞ 15 വർഷമായി ജീവകാരുണ്യ മേഖലയിൽ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളുമായി സജീവമാണ്. ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന ചെയർമാൻ കൂടിയായ വർക്കലയുടെ ജാമാതാവ് വിമൽ പ്രകാശിന്റെ സേവനം ശ്ലാഘനീയമാണ്. വർക്കല രാധാകൃഷ്ണന്റെ സ്മരണ നിലനിറുത്തുന്നതിനായി ഉചിതമായ ഒരു സ്മാരകം തലസ്ഥാനത്തു വരേണ്ടത് അനിവാര്യമാണ്. വർക്കലയുടെ സ്മരണയ്ക്കു മുമ്പിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു.
(വർക്കല രാധാകൃഷ്ണന്റെ ജൂനിയർ ആയി പ്രാക്ടീസ് ആരംഭിച്ച് അഭിഭാഷക വൃത്തിയിൽ അരനൂറ്റാണ്ടു പിന്നിട്ട തിരുവനന്തപുരം ബാറിലെ പ്രമുഖ അഭിഭാഷകനാണ് ലേഖകൻ. ഫോൺ: 98460 31214)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |