ചരിത്രത്തെ വളച്ചൊടിക്കുക എന്ന വാക്യം വ്യാപകമായി പറഞ്ഞു കേൾക്കാറുണ്ടല്ലോ. പക്ഷേ, ചരിത്രത്തെ കണ്ണടച്ച് തമസ്കരിക്കുന്നതും കണ്ടില്ലെന്ന് നടിക്കരുത്. അതിലൊന്നാണ് ഭാരതീയ അറിവുകൾ ലോകത്തിന് ശാസ്ത്രീയമായി തുറന്നുകൊടുത്ത ജർമ്മൻ ഈശോസഭ വൈദികൻ അർണോസ് പാതിരിയുടെ ജീവിതം. അദ്ദേഹത്തെ മറക്കുന്നുവെന്ന് മാത്രമല്ല, ആ ജ്ഞാന പുരുഷൻ ജീവിച്ച വസതി ചിതലരിക്കുന്നുവെന്നും പലപ്പോഴും ആവർത്തിച്ച് പരാതിപ്പെട്ടിട്ടും കേൾക്കേണ്ടവർ കേൾക്കുന്നില്ല, കാണേണ്ടവർ കാണുന്നുമില്ല. മലയാള നിഘണ്ടുവിന്റെ പിതാവ് ആരെന്നും ആദ്യ മലയാള നിഘണ്ടു ആരുടേതെന്നും ചോദിച്ചാൽ ഒരുത്തരമേയുള്ളൂ, അർണോസ് പാതിരി. 1720 കളിൽ രചിച്ചതാണ് മലയാളം - പോർത്തുഗീസ് നിഘണ്ടു. കെെയെഴുത്തു പ്രതിയായതിനാൽ രേഖകളിലായില്ല. ഒരു നൂറ്റാണ്ടു കഴിഞ്ഞ്, 1846 ൽ ബെഞ്ചമിൻ ബെയ്‌ലിയുടെ മലയാളം- ഇംഗ്ലീഷ് നിഘണ്ടു മലയാളത്തിൽ പ്രസിദ്ധീകൃതമായ ആദ്യ നിഘണ്ടുവായി. ഇതിന്റെ പോരായ്മകൾ പരിഹരിച്ച് ഹെർമ്മൻ ഗുണ്ടര്‍ട്ട് 1872 ൽ തയ്യാറാക്കിയ മലയാളം -ഇംഗ്ലീഷ് നിഘണ്ടുവും ചരിത്രത്തിൽ ഇടംപിടിച്ചു. 1700 ലാണ് പാതിരി ഇന്ത്യയിലെത്തിയത്, 325-ാം വർഷമാണിത്. പക്ഷേ, ആദ്യ നിഘണ്ടുകാരൻ എന്ന് അറിയപ്പെട്ടില്ല. വർഷങ്ങൾക്കു മുമ്പ് കേരള സാഹിത്യ അക്കാഡമി ഇംഗ്ലീഷ് പരിഭാഷയോടുകൂടി പാതിരിയുടെ നിഘണ്ടു 'വൊക്കാബുലാറിയം മലബാറിക്കോ ലുസിതാനം' അച്ചടിപ്പിച്ചിരുന്നു. വത്തിക്കാൻ ലൈബ്രറിയിലെ കൈയെഴുത്തു പ്രതി പ്രൊഫ. എസ്.ഗുപ്തൻ നായരുടെ അവതാരികയും പോർച്ചുഗീസിലെ അർത്ഥങ്ങൾക്ക് ഇംഗ്ലീഷ് വ്യഖ്യാനവും ചേർത്താണ് പുറത്തിറക്കിയത്. ഗ്രീക്ക് യൂറോപ്യൻ അക്ഷരമാല ക്രമത്തിൽ പതിനാലായിരത്തോളം പദങ്ങളുണ്ടായിരുന്നു.
ചിതൽ തിന്ന് ഭവനം
അർണോസ് തൃശൂർ വേലൂരിൽ താമസിച്ചിരുന്ന ഭവനം ചിതലരിച്ച് തകരാറായി. മുകൾ നിലയിലേക്ക് ആർക്കും കയറാനാവില്ല. തൂണുകൾ കൊണ്ട് താങ്ങി നിറുത്തിയിരിക്കുകയാണ്. അർണോസ് പാതിരി അക്കാഡമിയും അദ്ധ്യാപകനായിരുന്ന ജോൺ കള്ളിയത്തും നിവേദനങ്ങൾ നൽകിയെങ്കിലും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ചെവികൊണ്ടില്ല. വേലൂരിൽ അക്കാഡമിയും റഫറൻസ് ലെെബ്രറിയും പ്രാർത്ഥനാലയവുമുണ്ട്. 1681ൽ ജർമ്മനിയിലെ ഓസ്നാംബുർക്കിൽ ജനിച്ച അദ്ദേഹം ഇന്ത്യയിലെ സൂറത്തിലെത്തിയത്
1700ലാണ്. യൗവനാരംഭത്തിൽ ഇന്ത്യയിലെത്തിയ അദ്ദേഹം മരണം വരെ കേരളത്തിൽ നിലകൊണ്ടു. ഭാരതീയ സംസ്കാരവും കേരളീയ അറിവുകളും സംസ്കൃതഭാഷയുമെല്ലാം അർണോസിനെ വിസ്മയിപ്പിച്ചു.
1701ൽ കേരളത്തിലെത്തിയ അദ്ദേഹം 1707ൽ തൃശൂർ മാളയിലെ സമ്പാളൂർ പള്ളിയിൽ നിന്നാണ് തിരുപ്പട്ടം സ്വീകരിക്കുന്നത്. 1712 വേലൂരിൽ താമസിച്ച് ഗ്രന്ഥരചന തുടങ്ങി. നിഘണ്ടുക്കളും കാവ്യഗ്രന്ഥങ്ങളുമെല്ലാം എഴുതി. സംസ്കൃതം, ഉപനിഷത്തുക്കൾ, വസിഷ്ഠസാരം, രാമായണം, ഭാരതം, ഭാഗവതം, യുധിഷ്ഠിര വിജയം, വേദാന്തസാരം, അഷ്ടാവക്രഗീത എന്നിവ യൂറോപ്യരെ പരിചയപ്പെടുത്തി. മലയാള ക്രിസ്തീയ കാവ്യങ്ങളായ ചതുരന്ത്യം, പുത്തൻ പാന, ഉമ്മാപർവ്വം, ഉമ്മാടെ ദുഃഖം, മലയാള കാവ്യങ്ങളായ വ്യാകുലപ്രബന്ധം, വ്യാകുലപ്രലാപം , ജനോവ പർവ്വം. മലയാള, സംസ്കൃത വ്യാകരണങ്ങൾ, മലയാളം - പോർട്ടുഗീസ് - ലത്തീൻ, മലയാളം - സംസ്കൃതം നിഘണ്ടുക്കൾ എന്നിവയുടെ രചനകളും പൂർത്തിയാക്കി.
1732ൽ മാർച്ച് 20 ന് തൃശൂർ പഴുവിലിൽ അദ്ദേഹം മണ്ണോടു ചേരുമ്പോൾ ഒരു വിദേശപൗരനും ചെയ്തിട്ടില്ലാത്ത പഠന-ഗവേഷണങ്ങൾ നടത്തിക്കഴിഞ്ഞിരുന്നു. ലോകം മുഴുവൻ ആദരിക്കുന്ന പ്രതിഭയായിരുന്നിട്ടും അദ്ദേഹത്തിന്റെ കൃതികൾ പാഠ്യപദ്ധതികളിലും പുത്തൻപാനാലാപനം കലോത്സവങ്ങളിൽ ഉൾപ്പെടുത്താനുളള ശ്രമങ്ങൾ പോലുമുണ്ടായില്ലെന്ന് അർണോസ് പാതിരി അക്കാഡമി ഡയറക്ടർ ഫാ. ഡോ. ജോർജ് തേനാടിക്കുളം പറയുന്നു. നൂറ്റാണ്ടുകളായി മലയാളികൾ പാടിവരുന്ന അർണോസ് പാതിരിയുടെ പുത്തൻപാന, സ്‌കൂൾ കലോത്സവത്തിൽ ഉൾപ്പെടുത്തണമെന്ന അപേക്ഷ ഫയലിൽ നിന്ന് വെളിച്ചം കാണാൻ എത്രകാലം വേണമെന്നാണ് അർണോസിന്റെ അനുയായികളും ചോദിക്കുന്നത്.
അനാഥ പ്രതിമ ബാക്കി
യുഗപുരുഷനായി വിശേഷിപ്പിക്കേണ്ട അദ്ദേഹത്തിന്റെ പ്രതിമ തിരുവനന്തപുരം ലയോള കോളേജിൽ അനാഥമായി കിടക്കുകയാണ്. അത് തലസ്ഥാനത്തോ തൃശൂരിലോ സ്ഥാപിക്കേണ്ടതായിരുന്നു. പക്ഷേ, ഇന്നേ വരെ നടന്നില്ല. 1995 മാർച്ചിൽ പ്രതിമ നിർമ്മാണത്തിന് രണ്ട് ലക്ഷം രൂപ സർക്കാർ നൽകിയ ശേഷം തിരുവനന്തപുരം ജനറൽ ഹോസ്പിറ്റൽ ജംഗ്ഷനിൽ സ്ഥാപിക്കുന്നതിനായി ഉത്തരവിട്ടിരുന്നു. എന്നാൽ അത് നടന്നില്ല. തമിഴ് ഭാഷയ്ക്കുവേണ്ടി പ്രവർത്തിച്ച വിദേശമിഷണറിമാരായ ജോസഫ് ബെസ്‌ക്കി, ഡി. നൊബിലി തുടങ്ങിയവരുടെ പ്രതിമകൾ ചെന്നൈ മറീനബീച്ച്, മധുര തുടങ്ങിയ സ്ഥലങ്ങളിൽ തമിഴ്‌നാട് സർക്കാർ സ്ഥാപിച്ചിട്ടുണ്ട്. അതെങ്കിലും സർക്കാർ കണ്ടിരുന്നെങ്കിൽ എന്നാണ് അർണോസിന്റെ സ്നേഹിക്കുന്നവർ ചോദിക്കുന്നത്.
അർണോസ് പാതിരിയുടെ നാമത്തിൽ പ്രവർത്തിക്കുന്ന ഈശോസഭ വൈദികർ നേതൃത്വം നൽകുന്ന വേലൂരിലെ അർണോസ് പാതിരി അക്കാഡമിക്ക് പ്രത്യേക വാർഷിക ഗ്രാൻഡ് അനുവദിക്കണമെന്നും, 53 വർഷമായി അർണോസ് പാതിരിക്ക് വേണ്ടി ജീവിതം സമർപ്പിച്ച ജോൺ കള്ളിയത്ത് മുഖ്യമന്ത്രി പങ്കെടുത്ത തൃശൂരിലെ മുഖാമുഖം പരിപാടിയിൽ നിവേദനം നൽകിയിരുന്നു. പ്രതിമ തൃശൂരിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ടിരുന്നു. അതെല്ലാം ജലരേഖയായി തുടരുന്നു.
സംസ്‌കൃതഭാഷ സാധാരണ ജനങ്ങൾക്ക് അപ്രാപ്യമായിരുന്ന കാലത്ത് വിദേശികൾക്കു വേണ്ടിയും ബ്രാഹ്മണരല്ലാത്തവർക്കു വേണ്ടിയും അദ്ദേഹം തയ്യാറാക്കിയ സംസ്‌കൃത വ്യാകരണമാണ് 'ഗ്രമാറ്റിക്ക ഗ്രന്ഥോണിക്ക'. ആ ഗ്രന്ഥമടക്കം നിരവധി പുസ്തകങ്ങൾ അധികാരികൾ വിസ്മൃതിയുടെ ശേഖരത്തിലേക്ക് തള്ളി.
അർണോസ് പാതിരി ഭാരതീയ വിജ്ഞാനം വിദേശങ്ങളിൽ എത്തിച്ച സഞ്ചാരിയാണെന്നും കേവലമൊരു പണ്ഡിതനല്ല സമുദ്രം തന്നെയാണെന്നും സുകുമാർ അഴീക്കോട് മുൻപ് അഭിപ്രായപ്പെട്ടിരുന്നു.
അർണോസിന്റെ സംഭാവനകളെക്കുറിച്ച് ആഴത്തിൽ പഠിച്ച പണ്ഡിതരിൽ ആദ്യം നിലകൊണ്ടത് സുകുമാർ അഴീക്കോടായിരുന്നു. നിരവധി സെമിനാറുകളിലും പ്രഭാഷണ പരിപാടികളിലും അദ്ദേഹം അർണോസ് പാതിരിയുടെ സംഭാവനകൾ എണ്ണിയെണ്ണിപ്പറഞ്ഞു. അന്നും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അർണോസിനെ അവഗണിച്ചു.
സംസ്‌കൃത - മലയാള ഭാഷകൾക്കു വേണ്ടി നിരവധി രചനകൾ നടത്തിയ ഈ മഹാമിഷണറിയെ കണ്ടില്ലെന്ന് നടിക്കുന്നത് രാജ്യത്തിനും സംസ്ഥാനത്തിനും അപമാനകരമാണെന്ന് സംസ്കൃത-മലയാള ഭാഷാ പണ്ഡിതരും പറയുന്നു. ലോകചരിത്രത്തിൽ ആദ്യമായി ഇന്ത്യൻ സംസ്‌കാരത്തിന്റെ ആഴങ്ങളിലിറങ്ങി മഹത്തായ രചനകൾ സമർപ്പിച്ച എത്രപേരുണ്ടെന്ന് ഇനിയെങ്കിലും ചിന്തിക്കേണ്ടിയിരിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |