SignIn
Kerala Kaumudi Online
Friday, 25 July 2025 2.21 PM IST

സർപ്പയിൽ കാണാതാവുന്ന പാമ്പുകൾ

Increase Font Size Decrease Font Size Print Page
sarppa

കാട്ടുപന്നികളും തെരുവുനായകളും വിഷപ്പാമ്പുകളുമാണ് നാടെങ്ങും. സമാധാനപരമായി ആളുകൾക്ക് പുറത്തിറങ്ങി നടക്കാൻ പറ്റാത്ത അവസ്ഥ. കാട്ടുപന്നികൾ റോഡിന് കുറുകെ ചാടി വാഹന യാത്രക്കാരെ ഇടിച്ചു വീഴ്ത്തുന്നു. കൃഷിയിടങ്ങളിൽ കർഷകരെ ആക്രമിക്കുന്നു. റോഡിലൂടെ നടന്നു പോകുന്നവരെ തെരുവുനായ്ക്കൾ ഓടിച്ചിട്ടു കടിക്കുന്നു. വന്ധ്യംകരണം പദ്ധതി നടക്കാത്തതുകൊണ്ട് ഇവയുടെ എണ്ണവും ക്രമാതീതമായി കുതിച്ചുയരുന്നു. കടിയേറ്റാൽ വിഷ ചികിത്സയ്ക്കുള്ള വാക്സിൻ ഫലിക്കുന്നില്ലെന്ന് ആക്ഷേപം. ഇതിനെല്ലാം പുറമേയാണ് വിഷപ്പാമ്പുകൾ മാളം വിട്ട് ഇര തേടി ഇഴയുന്നത്. വീടിന്റെ മുറ്റത്തേക്കിറങ്ങുമ്പോൾ പാമ്പുണ്ടോ എന്നറിയാൻ എല്ലാ വശത്തേക്കും കണ്ണോടിക്കണം. ജനവാസ മേഖലകളിൽ പാമ്പുകളുടെ എണ്ണം പെരുകുന്നതിനാൽ വനംവകുപ്പ് പാമ്പ് പിടുത്തക്കാരെ പരിശീലിപ്പിച്ചു വിടുന്നുണ്ട്. തെരുവുനായക്കളെ കുരുക്കിട്ട് പിടിക്കാൻ ഡോഗ് ക്യാച്ചർമാരെ പരിശീലിപ്പിച്ചു വിട്ടിരുന്നു. അവരെ ഇപ്പോൾ കാണാനില്ല. പരിശീലനം കഴിഞ്ഞ് പുറത്തിറങ്ങിയ കുറച്ചുപേർ നായകളെ വലയിലാക്കിയിരുന്നു. ഏതാനും ദിവസങ്ങൾ മാത്രമേ അവരെ തെരുവിൽ കണ്ടുള്ളൂ. അതേപോലെയല്ല പാമ്പ് പിടുത്തക്കാർ. അവരെ വിളിച്ചാൽ കിട്ടും. സ്ഥലത്ത് ഓടിയെത്തും. ജനവാസമേഖലകളിൽ ഇറങ്ങുന്ന പാമ്പുകളെ പിടിച്ചാൽ മാത്രം പോര. പാമ്പിനെ കണ്ടെത്തിയ സ്ഥലം, ഏതു തരം പാമ്പ്. പിടിച്ചതിനെ എങ്ങോട്ടു കൊണ്ടുപോകുന്നു, പാമ്പുകളെ എത്തിച്ച ഫോറസ്റ്റ് സ്റ്റേഷൻ തുടങ്ങിയ വിവരങ്ങളെല്ലാം രജിസ്റ്റർ ചെയ്യണം. അതിനായി സർപ്പ എന്ന മൊബൈൽ ആപ്ളിക്കേഷൻ വനംവകുപ്പ് രൂപകൽപ്പന ചെയ്തിരുന്നു. അടുത്തിടെയായി പിടിക്കപ്പെടുന്ന പാമ്പുകളെ എന്തു ചെയ്യുന്നുവെന്നത് ചോദ്യമാണ്. സർപ്പ മൊബൈൽ ആപ്പിൽ പാമ്പുകൾ കയറുന്നില്ലെന്നാണ് ആക്ഷേപം. പിടികൂടിയ പാമ്പുകളെ എന്തു ചെയ്യുന്നുവെന്ന് കണ്ടെത്താനുമാകുന്നില്ല. ഇതേത്തുടർന്ന് പാമ്പ് പിടിത്തത്തിന് പരിശീലനം ലഭിച്ച അറുപത്തിരണ്ട് വാളണ്ടിയർമാരെ വനംവകുപ്പ് പിരിച്ചുവിട്ടു. ആകെ ആയിരത്തോളം സർപ്പ വാളണ്ടിയർമാരാണ് സംസ്ഥാനത്തുള്ളത്. പാമ്പുകളെ എവിടെ നിന്ന് പിടിക്കുന്നുവെന്നും എവിടെയാണ് തുറന്നുവിടുന്നതെന്നും ജി.പി.എസ് വിവരങ്ങൾ ഉൾപ്പെടെ രേഖപ്പെടുത്തുന്ന മൊബൈൽ ആപ്ളിക്കേഷനാണ് സർപ്പ.

പഴി കേൾക്കുന്ന ആപ്പ്

വനംവകുപ്പിന്റെ അറിവോടെ പിടിക്കപ്പെടുന്ന പാമ്പുകളുടെ വിവരങ്ങൾ സർപ്പയിൽ ചേർക്കുന്നില്ലെന്ന് അടുത്തിടെ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. പാമ്പുകളെ പിടിക്കുന്നതിനും വനത്തിൽ തുറന്നുവിടുന്നതിനും ഏർപ്പെടുത്തിയ മാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നില്ല. പാമ്പുകളെ പിടികൂടിയാൽ ഉടൻ സർപ്പ ആപ്പിൽ രേഖപ്പെടുത്തണം. പാമ്പുകളെ ചാക്കിലാക്കി സമീപത്തെ വനംവകുപ്പ് ഓഫീസിൽ ഏൽപ്പിക്കണം. കൺട്രോൾ റൂമിൽ സൂക്ഷിക്കുന്ന പാമ്പുകളെ ആർ.ആർ.ടി സംഘത്തിന്റെ സഹായത്തോടെ വനത്തിൽ തുറന്നുവിടണം. ഇത്രയും ചെയ്യുമ്പോഴാണ് സർപ്പ വാളണ്ടിയർമാരുടെ ജോലി പൂർത്തിയാകുന്നത്.

ചട്ടം പാലിക്കാതെ പാമ്പുകളെ കൈകാര്യം ചെയ്യുകയും കൊന്ന് എണ്ണ എടുക്കുകയും വേവിച്ച് ഭക്ഷിക്കുകയും ചെയ്യുന്ന ലോബികൾക്ക് പാമ്പുകളെ വിൽക്കുന്നതായി തെളിവുകൾ ലഭിച്ചു. ചില ഫോറസ്റ്റ് ഓഫീസർമാർ തന്നെ പാമ്പുകളെ വിൽക്കുന്ന വാളണ്ടിയർമാർക്ക് കൂട്ടുനിൽക്കുന്നതായി കണ്ടെത്തിയെങ്കിലും അവർക്കെതിരെ വകുപ്പ് തല നടപടിയെടുത്തിട്ടില്ല. ഒരു വനിതാ ഫോറസ്റ്റ് ഓഫീസർ പാമ്പുകളെ അനധികൃതമായി കൈകാര്യം ചെയ്തതായി വിജിലൻസ് റിപ്പോർട്ട് ചെയ്തിരുന്നു. ദുരുപയോഗം വർദ്ധിച്ചതോടെ സർപ്പ ആപ്പിലെ മാനദണ്ഡങ്ങൾ കർശനമാക്കണമെന്ന് വനംവകുപ്പിൽ അഭിപ്രായമുയർന്നിട്ടുണ്ട്. സംസ്ഥാനത്ത് പാമ്പുകളെ ഏറ്റവും കൂടുതൽ പാമ്പുകളെ പിടിക്കുന്നത് ആലപ്പുഴയിലാണ്. മൂന്നുവർഷം മുൻപ് വരെ പതിനേഴായിരത്തിലേറെ പാമ്പുകളെ ജനവാസമേഖലകളിൽ നിന്ന് പിടികൂടിയിട്ടുണ്ട്. എന്നാൽ, ഈ വർഷം പതിനായിരത്തിൽ താഴൊയിരുന്നു പിടിക്കപ്പെട്ട പാമ്പുകളുടെ എണ്ണം.

വനത്തിനുള്ളിൽ നടക്കുന്ന അനധികൃത ഇടപാടുകൾക്ക് വനംവകുപ്പ് ഒട്ടേറെ പഴി കേൾക്കുന്നുണ്ട്. കാട്ടാനകൾ പതിവായി ചെരിയുന്ന സംഭവങ്ങൾ, തടികൾ വെട്ടിക്കടത്ത്, വന്യമൃഗങ്ങൾ ജനവാസ മേഖലയിലേക്ക് കടക്കുന്നത് തടയാൻ സ്ഥാപിച്ച ഫെൻസിംഗിന്റെ പേരിലുളള അഴിമതി ആരോപണങ്ങൾ എന്നിങ്ങനെ വനംവകുപ്പ് പ്രതിക്കൂട്ടിലാകുന്ന സംഭവങ്ങളേറെ. ആ പട്ടികയിൽ ഒന്നു കൂടിയായി സർപ്പ ആപ്പ്. അറുപത്തിരണ്ട് വാളണ്ടിയർമാരെ പിരിച്ചുവിട്ട നടപടി സർപ്പ പദ്ധതിയിൽ ക്രമക്കേടുകൾ ഇല്ലാതാക്കാനുള്ള ശുദ്ധികലശമായി വകുപ്പ് കണക്കാക്കുന്നുണ്ട്. തെറ്റുകൾ ചെയ്ത വാളണ്ടിയർമാരെ പിരിച്ചു വിട്ടതുകൊണ്ടായില്ല. അവർക്ക് സഹായവും സംരക്ഷണവും നൽകിയ വനപാലകരെ കണ്ടെത്താനും അവർക്കെതിരെ നടപടിയെടുക്കാനും കഴിയണം.

വന നിയമം

വനപാലകർക്കും ബാധകം

വനവും വനപാലകരും സാധാരണ ജനങ്ങളിൽ നിന്ന് അകന്നു നിൽക്കുകയാണ്. വനമേഖലയിൽ നിന്ന് ഒരു ചുള്ളിക്കമ്പ് എടുത്താൽ പോലും സാധാരണക്കാർക്കു നേരെ ശക്തമായ വകുപ്പ് ചുമത്തി കേസെടുക്കുന്ന നിയമമാണ് നിലവിലുള്ളത്. അതേസമയം, വനം തങ്ങളുടെ സർവാധികാര മേഖലയായി കാണുന്നവരാണ് വനപാലകർ. സാധാരണക്കാരെ നിയമവും വകുപ്പും കാണിച്ച് പേ‌ടിപ്പിക്കുന്നവർ നിയമത്തിന്റെ മറവിൽ കാട്ടിക്കൂട്ടുന്ന തട്ടിപ്പുകൾ പുറത്തറിയുന്നില്ല. നിയമം എല്ലാവർക്കും ബാധകമാണ്. പൊതുജനങ്ങൾ പാലിക്കേണ്ട കാര്യങ്ങൾ വനപാലകരും പാലിക്കണം. പക്ഷെ, ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കുന്ന നിയമങ്ങൾ വനപാലകർ ലംഘിക്കുകയാണ്. വനംകൊള്ള, വന്യമൃഗവേട്ട തുടങ്ങിയ സംഭവങ്ങളിൽ പങ്കുള്ള വനപാലകർ രാഷ്ട്രീയ സ്വാധീനത്തിന്റെയും സംഘടനാ ശക്തിയുടെയും മറവിൽ രക്ഷപെടുന്നു. ഇത്തരം കളങ്കങ്ങളിൽ നിന്ന് വനമേഖലയെയും വകുപ്പിനെയും സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ഉദ്യോഗസ്ഥർക്കുണ്ട്.

TAGS: SARPA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.