സംസ്ഥാനത്ത് തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് ഇനി മാസങ്ങൾ മാത്രമാണുള്ളത്. നിലവിലെ ഭരണസമിതികൾ അവസാന ലാപ്പ് ഓടുകയാണ്. ഇതിനിടയിൽ പലയിടത്തും പരമാവധി അടിവലി നടത്തുന്നുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. എറണാകുളം ജില്ലയിലെ രണ്ട് നഗരസഭകളിൽ കോടികൾ 'ആവി'യായെന്നാണ് ഓഡിറ്റ് വിഭാഗത്തിന്റെ കണ്ടെത്തൽ. ഭരണമാറ്റത്തിന് മുമ്പ് കഴിയുന്നത്ര കിമ്പളമുണ്ടാക്കാൻ ഉദ്യോഗസ്ഥ ലോബിയും രംഗത്തുണ്ട്.
''കാട്ടിലെ തടി, തേവരുടെ ആന, വലിയെടാവലി'... പൊതുസ്വത്ത് കട്ടുമുടിക്കുന്നതിനേക്കുറിച്ചുള്ള പഴമൊഴിയാണിത്. സർക്കാർ ഫണ്ട് കട്ടുമുടിച്ചാൽ ചോദിക്കാനും പറയാനും ആളില്ലാത്ത കാലമുണ്ടയിരുന്നു. എന്നാൽ ഇപ്പോൾ സ്ഥിതി മാറി. ഓഡിറ്റർമാരും വിജിലൻസ് സംവിധാനവുമെല്ലാം കാര്യക്ഷമമാണ്. ഇങ്ങനെയുള്ള കണക്കെടുപ്പിലും പരിശോധനയിലുമാണ് തൃക്കാക്കര, കളമശേരി നഗരസഭകളിൽ വലിയ ക്രമക്കേട് കണ്ടെത്തിയത്. കൊച്ചി കോർപ്പറേഷനിലെ കൈക്കൂലിക്കാരിലെ പ്രമുഖ കുടുങ്ങിയതും. തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് നാലുകാശു കൂടി ഉണ്ടാക്കാനുള്ള തത്രപ്പാതിലാണോ മെമ്പർമാരും ഉദ്യോഗസ്ഥരുമെന്ന് തോന്നിപ്പോകുന്ന വിധത്തിലാണ് കാര്യങ്ങൾ.
തൃക്കാക്കരയിലെ തിരിമറി
തൃക്കാക്കര നഗരസഭയിലേക്ക് നികുതി, ഫീസ് തുടങ്ങി വിവിധ ഇനങ്ങളിലേക്ക് ചെക്കുകളായി ലഭിച്ച 7,50,62,050 രൂപ ബാങ്ക് അക്കൗണ്ടിൽ എത്തിയിട്ടില്ലെന്നാണ് ഓഡിറ്റ് വകുപ്പിന്റെ കണ്ടെത്തൽ. 2016 മാർച്ച് മുതൽ 2024 മാർച്ച് വരെയുള്ള കാലയളവിൽ നഗരസഭയിൽ ലഭിച്ച 361 ചെക്കുകളാണ് ഇതുവരെ പണമായി നഗരസഭയുടെ അക്കൗണ്ടിൽ എത്താത്തത്. ബാങ്കുകളിലേക്ക് കളക്ഷനു നൽകിയെന്ന് പറയുന്ന ഈ ചെക്കുകളിലെ തുക വർഷങ്ങളായിട്ടും നഗരസഭ അക്കൗണ്ടിൽ എത്താത്തതിനെ കുറിച്ച് അധികൃതർ അന്വേഷിച്ചിട്ടില്ലെന്നതും ഗുരുതര വീഴ്ചയായി ഓഡിറ്റ് വകുപ്പ് ചൂണ്ടിക്കാട്ടുന്നു.
വരുമാനം ഏതുവഴിക്കു പോയെന്ന കാര്യം അന്വേഷിച്ചു നഗരസഭ കൗൺസിൽ അടിയന്തര നടപടി കൈക്കൊള്ളണമെന്ന് റിപ്പോർട്ടിൽ നിർദേശിച്ചിട്ടുണ്ട്. 2023-2024 സാമ്പത്തിക വർഷം മാത്രം വരുമാനമായി ലഭിച്ച 137 ചെക്കുകൾ പണമായി അക്കൗണ്ടിൽ എത്തിയിട്ടില്ല. നാട്ടുകാരും സ്ഥാപനങ്ങളും നികുതി ഉൾപ്പെടെയുള്ള ഇനങ്ങളിലേക്ക് നഗരസഭയ്ക്ക് നൽകിയ ചെക്കുകൾ കൈപ്പറ്റി രസീത് നൽകിയിട്ടുണ്ട്. ഈ ചെക്കുകൾ ബാങ്കിൽ എത്താത്തതാണോ, പണമില്ലാതെ മടങ്ങിയതാണോ, മറ്റേതെങ്കിലും വഴിക്ക് പോയതാണോ എന്ന ഓഡിറ്റ് വിഭാഗത്തിന്റെ ചോദ്യത്തിനും നഗരസഭയ്ക്ക് മറുപടിയില്ല.
ബാങ്കിൽ 2016 മുതൽ കളക്ഷനു സമർപ്പിച്ചതായി പറയുന്ന 117 ചെക്കുകളിലെ തുക അക്കൗണ്ടിൽ എത്തിയിട്ടില്ല. മറ്റൊരു ബാങ്കിൽ 2021 മുതൽ കളക്ഷനു നൽകിയെന്നു പറയുന്ന 84 ചെക്കുകളും ഇതുവരെ മാറി കിട്ടിയിട്ടില്ല. ഓരോ കാലത്തും നഗരസഭയിൽ നിന്നു ബാങ്കിലേക്ക് നൽകിയെന്നു പറയപ്പെടുന്ന ചെക്കുകളുടെ എണ്ണവും തുകയും കൃത്യമായി കണ്ടെത്തിയ ഓഡിറ്റ് വകുപ്പ് ഇതിൽ ഒരു രൂപ പോലും നഗരസഭയുടെ അക്കൗണ്ടിലേക്ക് ഇതുവരെ വന്നിട്ടില്ലെന്നതു ഗൗരവമായി അന്വേഷിക്കേണ്ട വിഷയമാണെന്നും ഓഡിറ്റ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
കണക്കിലെ കള്ളം
കളമശേരിയിലും
കളമശേരി മുനിസിപ്പാലിറ്റിയിലെ ഓഡിറ്റ് ക്രമക്കേടുകൾ പുറത്തുകൊണ്ടുവന്നത് 'കേരളകൗമുദി'യാണ്. നഗരസഭയുടെ 2023-2024 സാമ്പത്തിക വർഷത്തെ ഓഡിറ്റ് റിപ്പോർട്ടിലാണ് ക്രമക്കേടുകളും നിരുത്തരവാദപരമായ സമീപനങ്ങളും അക്കമിട്ട് നിരത്തുന്നത്. ഓഡിറ്റ് റിപ്പോർട്ട് പ്രകാരം നഗരസഭയുടെ 2.30 കോടി രൂപയാണ് കാണാതായത്. 2010 മുതൽ വിവിധ ബാങ്കുകളിൽ നഗരസഭയുടേതായി നിക്ഷേപിച്ച തുകകളാണ് ബാങ്കിൽ ക്രെഡിറ്റാകാത്തത്. 2010 ഏപ്രിൽ 16 മുതൽ 2024 ജനുവരി 19 വരെ എസ്.ബി.ടിയിൽ നിക്ഷേപിച്ച 29 ചെക്കുകളുടെ തുകയായ 11,08,237 രൂപ, 2014 മാർച്ച് 31ലെ രസീത് പ്രകാരം എസ്.ബി.ടി റെഗുലർ പെൻഷൻ ഇനത്തിൽ നിക്ഷേപിച്ച 11,01,496 രൂപ, 2024 ജനുവരിയിൽ എച്ച്.ഡി.എഫ്.സി ഇ.പി.ഒ.എസിൽ നിക്ഷേപിച്ച രണ്ട് ചെക്കുകൾ പ്രകാരമുള്ള 4,881 രൂപ, 2023 ആഗസ്റ്റ് എട്ട് മുതൽ ഫെഡറൽ ബാങ്കിൽ നിക്ഷേപിച്ച 2,08,49,673 രൂപയുടെ ചെക്കുകൾ എന്നിവയാണ് അക്കൗണ്ടിലേക്ക് ക്രെഡിറ്റാകാത്തത്.
ആകെ 2,30,64,287 രൂപയാണ് ഇത്തരത്തിൽ അപ്രത്യക്ഷമായത്. ചെക്കുകൾ സ്വീകരിച്ചതിനും രസീതിനുമെല്ലാം തെളിവുണ്ട്. അക്കൗണ്ടിലെത്തിയില്ല. ഇതെങ്ങോട്ട് പോയെന്ന ചോദ്യത്തിന് അധികൃതർക്കാർക്ക് ഉത്തരവുമില്ല. നികുതിയിനത്തിലും ഫീസിനത്തിലും ലഭിച്ച തുകയാണിത്. ഇത്രയേറെ ഗുരുതരമായ പ്രശ്‌നം സംബന്ധിച്ച് നഗരസഭ അതത് സമയത്ത് ആവശ്യമായ നടപടികൾ സ്വീകരിക്കുകയോ അന്വേഷിക്കുകയോ ചെയ്തിട്ടില്ലെന്നും ഓഡിറ്റ് പരിശോധനയിൽ വ്യക്തമായി.
സ്ഥലത്തെ പ്രധാന
കൈക്കൂലിക്കാരി
കൊച്ചി കോർപ്പറേഷനിലെ കൈക്കൂലിക്കച്ചവടം സംബന്ധിച്ച് വിജിലൻസിന്റെ പക്കലുള്ള ഹിറ്റ്‌ലിസ്റ്റിലെ പ്രധാന വിക്കറ്റാണ് അടുത്തിടെ വീണത്. വൈറ്റില സോൺ ബിൽഡിംഗ് ഇൻസ്‌പെക്ടർ എ.സ്വപ്ന. കെട്ടിട പെർമിറ്റിന് കോഴ കൈപ്പറ്റാൻ സ്വന്തം കാറിലാണ് സ്വപ്ന പൊന്നുരുന്നിയിൽ എത്തിയത്. കക്ഷിയിൽ നിന്ന് 15,000 രൂപ വാങ്ങുന്നതിനിടെ കയ്യോടെ പിടിയിലായി. കാറിൽ പറക്കമുറ്റാത്ത മൂന്ന് മക്കളുമുണ്ടായിരുന്നു. ഇവരെ കുടുംബാംഗങ്ങൾക്ക് കൈമാറാനായി സ്വപ്നയ്ക്ക് നാലുമണിക്കൂറോളം വണ്ടിയ്ക്കകത്ത് തടങ്കലിൽ ഇരിക്കേണ്ടിവന്നു. പൊതുമദ്ധ്യത്തിൽ അപഹാസ്യയായി. എന്നാൽ ചോദ്യംചെയ്യലിൽ സ്വപ്ന പറഞ്ഞ കാര്യം അമ്പരപ്പിക്കുന്നതായിരുന്നു.
വൈറ്റില ഓഫിസിലെ ജീവനക്കാരിൽ നല്ലൊരു ശതമാനവും കൈക്കൂലിക്കാരാണെന്നാണ് സ്വപ്ന വിജിലൻസിനു മൊഴി നൽകിയത്. ഇവരുടെ പേരുവിവരങ്ങളും കൈമാറി. കെട്ടിടനിർമാണവുമായി ബന്ധപ്പെട്ടുള്ള ഓരോ ഘട്ടവും മുന്നോട്ടു പോകണമെങ്കിൽ കൈക്കൂലി നിർബന്ധമാണെന്നും മിക്ക ഉദ്യോഗസ്ഥരും ഇതിന്റെ പങ്കു പറ്റുന്നവരാണെന്നുമാണു മൊഴി. സ്വപ്നയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ വിശദമായ അന്വേഷണം നടത്താൻ ഒരുങ്ങുകയാണു വിജിലൻസ്.
പൊതുസേവകരുടെ അഴിമതിയുടെ കാര്യത്തിൽ സാങ്കേതികമായ ഓഡിററിനേക്കാൾ ശക്തം സോഷ്യൽ ഓഡിറ്റിംഗാണ്. പൊതു സമൂഹം ഓരോന്നും കൃത്യമായി വിലയിരുത്തുകയും ബാലറ്റിലൂടെ മറുപടി നൽകുകയും ചെയ്തും. കലക്കവെള്ളത്തിൽ മീൻ പിടിക്കുന്നവർ കരുതിയിരിക്കണം. ഉദ്യോഗസ്ഥരെ കയറൂരി വിടാതെ നിയന്ത്രിക്കുകയും വേണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |