SignIn
Kerala Kaumudi Online
Saturday, 26 July 2025 5.16 PM IST

അവസാനിക്കാതെ തീക്കളി

Increase Font Size Decrease Font Size Print Page
kozhikkode

കോഴിക്കോട് നഗരത്തിലുണ്ടാകുന്ന തീപിടിത്തം തുടർക്കഥയാവുകയാണ്. ഈ വർഷം അഞ്ച് മാസത്തിനിടെയുണ്ടായ വൻ തീപിടിത്തങ്ങളുടെ എണ്ണം നാലാണ്. സംസ്ഥാനത്തെ തന്നെ പ്രധാനപ്പെട്ട സർക്കാർ മെഡിക്കൽ കോളേജുകളിലൊന്നായ കോഴിക്കോട് മെഡിക്കൽ കോളേജിൽ തീപിടിത്തമുണ്ടായത് കഴിഞ്ഞയാഴ്ചയാണ്. അതിന്റെ ദുരൂഹതകൾ വ്യക്തതമാകും മുമ്പേയാണ് ഞായറാഴ്ച നഗര ഹൃദയത്തിലെ മൊഫ്യൂസിൽ ബസ് സ്റ്റാൻഡ് കെട്ടിടത്തിൽ വൻ തീപിടിത്തമുണ്ടായത്. കോടികളുടെ നഷ്ടമുണ്ടായ സംഭവത്തിൽ പത്താം മണിക്കൂറിലാണ് തീ പൂർണ്ണമായും അണയ്ക്കാനായത്. ഇതേത്തുടർന്ന് കെട്ടിടത്തെക്കുറിച്ചും അതിന്റെ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ചും നിരവധി സംശയങ്ങളും ചോദ്യങ്ങളും ഉയർന്നിട്ടുണ്ട്. ഈ കെട്ടിടത്തിന്റെ മാത്രമല്ല, നഗരഹൃദയത്തിൽ സ്ഥിതിചെയ്യുന്ന നിരവധി കെട്ടിടങ്ങളും യാതൊരു സുരക്ഷാസംവിധാനങ്ങളുമില്ലാതെയാണ് പ്രവർത്തിക്കുന്നതെന്ന ആരോപണവും ശക്തമായി. കോഴിക്കോട് പോലെ പ്രധാനപ്പെട്ട ഒരു നഗരത്തിൽ കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ അഗ്നിസുരക്ഷാ സംവിധാനങ്ങളോ, എൻ.ഒ.സി യോ ഇല്ലാതെ ഇത്രയും നാൾ പ്രവർത്തിച്ചു എന്നത് കോർപ്പറേഷന്റെ അനാസ്ഥയെയാണ് കാണിക്കുന്നത്.

അവധി ദിവസത്തെ

ആശങ്കയിലാക്കിയ തീപിടിത്തം

ഞായറാഴ്ച വൈകിട്ട് അഞ്ചു മണിയോടെയാണ് നഗരത്തിനെ വിഴുങ്ങാൻ പോന്നവണ്ണം മൊഫ്യൂസിൽ ബസ് സ്റ്റാൻഡ് കെട്ടിടത്തിന്റെ ഒന്നാം നിലയിലുള്ള കാലിക്കറ്റ് ടെക്സ്റ്റയിൽസ് ഗോഡൗണിൽ നിന്ന് പുക ഉയർന്നത്. ഇത് ശ്രദ്ധയിൽപ്പെട്ട കച്ചവടക്കാരും നാട്ടുകാരുമാണ് ഫയർഫോഴ്സിലും പൊലീസിലും വിവരമറിയിച്ചത്. മറ്റുകടകളിലേക്കും തുണികളിലേക്കും പടർന്ന് തീ മണിക്കൂറുകളോളം നീണ്ടുനിന്നപ്പോൾ നഗരത്തിലൊട്ടാകെ കറുത്ത പുക വ്യാപിച്ചതും ജനങ്ങളുടെ ആശങ്ക വർദ്ധിപ്പിച്ചു. ആളപായമുണ്ടായില്ലെങ്കിലും കടകളിൽ നിന്ന് കടകളിലേക്ക് തീ പടർന്നത് ആശങ്കയ്ക്കിടയാക്കി.
ഫയർഫോഴ്സ് സൈറണും തീചൂടും നഗരത്തെ ശരിക്കും പൊള്ളിച്ചു. തീ നിയന്ത്രണ വിധേയമാക്കാൻ ഫയർ ഫോഴ്സ് മണിക്കൂറുകളോളം ശ്രമിച്ചെങ്കിലും ഫലം കാണാത്തതും ആശങ്ക വർദ്ധിപ്പിച്ചു.

ജില്ലയിലെ മുഴുവൻ ഫയർ യൂണിറ്റുകളും, മലപ്പുറത്തെ യൂണിറ്റുകളും, കരിപ്പൂർ വിമാനത്താവളത്തിലെ പ്രത്യേക ഫയർ എഞ്ചിനായ ക്രാഷ് ടെൻഡറും സ്ഥലത്തെത്തി അഞ്ചു മണിക്കൂറോളം പരിശ്രമിച്ച ശേഷമാണ് തീ നിയന്ത്രണ വിധേയമായത്. കെട്ടിടത്തിലുണ്ടായിരുന്ന ആളുകളെയും മാറ്റിയതും ബസ് സ്റ്റാൻഡിനകത്തുണ്ടായിരുന്ന ബസുകളും പെട്ടെന്ന് തന്നെ സ്ഥലത്തു നിന്ന് നീക്കിയതുമെല്ലാം അപകടത്തിന്റെ ആഴം കുറച്ചു. ആളപായമുണ്ടായില്ല എന്നത് മാത്രമാണ് ആശ്വാസമായത്.

സ്‌കൂൾ തുറക്കുന്ന സമയമായതിനാൽ യൂണിഫോമുകളുൾപ്പെടെ ലക്ഷക്കണക്കിന് രൂപയുടെ തുണിത്തരങ്ങളാണ് കത്തിനശിച്ചത്. 30 കോടിയോളം രൂപയുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തൽ. 72 തവണയാണ് ഫയർഫോഴ്സ് വാഹനങ്ങൾ മാനാഞ്ചിറയിലെത്തി വെള്ളം നിറച്ചത്.

സുരക്ഷയില്ലാത്ത

കെട്ടിടങ്ങൾ

ബസ് സ്റ്റാൻഡ് കെട്ടിടത്തിന്റെ ഒന്നാം നിലയിലും രണ്ടാം നിലയിലുമുള്ള സ്ഥാപനങ്ങളെല്ലാം പുറത്ത് നിന്ന് കാണാൻ കഴിയാത്ത വിധം തകര ഷീറ്റ് വച്ച് മറച്ച നിലയിലായിരുന്നു. ഇത് രക്ഷാപ്രവർത്തനം ദുഷ്കരമാക്കി. കെട്ടിടത്തിനകത്തേക്ക് കയറാനോ കൃത്യമായി വെള്ളം പമ്പ് ചെയ്യാനോ സാധിച്ചില്ല. രാത്രി ജെ.സി.ബിയെത്തി ഇവയെല്ലാം പൊളിച്ചുമാറ്റിയ ശേഷമാണ് കെട്ടിടത്തിനകത്തേക്ക് പൂർണ തോതിൽ വെള്ളമടിക്കാനായത്. കെട്ടിടത്തിൽ യാതൊരു സുരക്ഷാ സംവിധാനങ്ങളുമില്ലെന്ന് കാണിച്ച് നാല് വർഷം മുൻപ് കോർപ്പറേഷന് നോട്ടീസ് നൽകിയിരുന്നതായി ഫയർ ഫോഴ്സ് വിഭാഗവവും പറയുന്നുണ്ട്. ബസ് സ്റ്റാൻഡിന്റെ ഇരു വശങ്ങളിൽ നിന്നും കെട്ടിടത്തിലേക്കെത്താൻ വഴികളുണ്ട്. ഇവിടെയെല്ലാം തുണി നിറച്ച അവസ്ഥയിലായിരുന്നു എന്നാണ് ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ പറയുന്നത്.

തുടർക്കഥയാവുന്ന

തീപിടിത്തങ്ങൾ

12 വർഷത്തിനിടെ വലുതും ചെറുതുമായി കോർപ്പറേഷൻ പരിധിയിലുണ്ടായത് മുപ്പത്തഞ്ചിലധികം തീപിടിത്തമാണ്. നഗരത്തിൽ കൂടുതൽ തീപിടിത്തങ്ങളുണ്ടായത് മിഠായി തെരുവിലാണ്. 2007 ഏപ്രിൽ അഞ്ചിനുണ്ടായ തീപിടിത്തത്തിൽ ആറ് പേർക്ക് ജീവൻ നഷ്ടമായിരുന്നു. 50 ഓളം കടകളും കത്തിനശിച്ചു. 2017 ലും മിഠായി തെരുവിൽ തീപിടിത്തമുണ്ടായി. വർഷങ്ങൾക്കിപ്പുറം കാലിക്കറ്റ് ടെക്‌സ്റ്റൈൽസിലെ തീപിടിത്തത്തിലെത്തി നിൽക്കുമ്പോൾ മുമ്പുണ്ടായ അനുഭവങ്ങളിൽ നിന്ന് ഒന്നും പഠിച്ചില്ലെന്നാണ് തെളിയുന്നത്. നഗരപരിധിയിലെ കെട്ടിടങ്ങളിലെല്ലാം ഫയർ ഓഡിറ്റ് നടത്തണമെന്ന നിർദേശം നടപ്പാക്കിയിട്ടില്ല. വർഷാവർഷം ഫയർ ഫോഴ്സിന്റെ എൻ.ഒ.സി വാങ്ങിക്കണമെന്ന നിർദേശവും ആരും പാലിക്കുന്നില്ല. പത്ത് വർഷമായും എൻ.ഒ.സി വാങ്ങിക്കാത്ത കെട്ടിടങ്ങൾ ഇപ്പോഴും നഗരത്തിൽ പ്രവർത്തിക്കുന്നുണ്ടെന്നതാണ് വാസ്തവം.

നഗരത്തിന് വേണം

സുസജ്ജമായ ഫയർ സ്റ്റേഷൻ

പഴകിയ കെട്ടിടത്തിൽ പ്രവർത്തിക്കാൻ സാധിക്കാതെ വന്നതോടെയാണ് ബീച്ച് ഫയർ സ്റ്റേഷൻ നവീകരിക്കാൻ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി ഇവിടെയുണ്ടായിരുന്ന വാഹനങ്ങളെയും ഉദ്യോഗസ്ഥരെയും ജില്ലയിലെ മറ്റു ഫയർ സ്റ്റേഷനുകളിലേക്ക് മാറ്റി. നാല് യൂണിറ്റ് പ്രവർത്തിച്ചിരുന്ന ഇവിടെ ഇപ്പോഴുള്ളത് ഒരു യൂണിറ്റ് മാത്രം. അടിക്കടി തീപിടുത്തമുണ്ടാകുന്ന നഗരത്തിൽ രണ്ടു വർഷത്തോളമായി സജ്ജമായ ഫയർ സ്റ്റേഷനില്ല എന്നത് ഞെട്ടിക്കുന്നതാണ്. തീപിടിത്തമുണ്ടായ ആദ്യ മിനിറ്റുകളിൽ സ്ഥലത്തെത്തിയത് ഇവിടെ നിന്നുള്ള ഒരു യൂണിറ്റ് മാത്രം. മൂന്ന് മിനിറ്റ് പമ്പ് ചെയ്തപ്പോഴേക്കും വെള്ളം തീർന്നു. പിന്നീടാണ് മറ്റ് ഫയർ യൂണിറ്റുകൾ ഇവിടേക്കെത്തിയത്. മിഠായി തെരുവ്, വലിയങ്ങാടി ഉൾപ്പെടെ നിരവധി വ്യാപാര സമുച്ചയങ്ങളും ഓഫീസുകളുമെല്ലാം പ്രവർത്തിക്കുന്ന നഗരത്തിൽ ഫയർ സ്റ്റേഷൻ അത്യാവശ്യമാണ്. ഈ വിഷയം നിരവധി തവണ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയുണ്ടായില്ലെന്നാണ് ജില്ലയിലെ വ്യാപാരികളും പറയുന്നു.

TAGS: KOZHIKKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.