പാൽ ഒരു സുകൃതമാണ്. സർവ പോഷകവും ഒത്തുചേർന്ന ജീവൽഗന്ധിയായ ഒരുല്പന്നം പാൽ പോലെ മറ്റൊന്നില്ല. ഒരു ദശാബ്ദത്തോളമായി ക്ഷീരമേഖലയിൽ സംസ്ഥാന സർക്കാർ നടത്തിയ സമാനതകളില്ലാത്ത മുന്നേറ്റങ്ങൾ, ഒന്നൊന്നായി നടപ്പിലാക്കിയ കർഷകപ്രിയ പദ്ധതികൾ, ക്ഷീരകർഷക ക്ഷേമ പരിപാടികൾ ഇവയൊക്കെ പാൽ സ്വയം പര്യാപ്തത എന്ന നമ്മുടെ പ്രഖ്യാപിത ലക്ഷ്യത്തിലേക്കുള്ള ദൂരം കുറച്ചിട്ടുണ്ട്.
നമ്മുടെ പൈക്കളുടെ ശരാശരി കറവ 10.7 ലിറ്ററാണ്. ദേശീയ തലത്തിൽ ശരാശരി കറവയിൽ നമ്മൾ മൂന്നാംസ്ഥാനത്താണ്. രാജ്യത്തു തന്നെ മികച്ച പാൽ മലബാർ രേഖലയിലേതാണ് എന്നതിൽ നമുക്ക് അഭിമാനിക്കാം. ഏറ്റവും കൂടുതൽ കർഷകർക്ക് ഏറ്റവും ഉയർന്ന രീതിയിൽ പാൽവില നല്കുന്ന സംസ്ഥാനവും കേരളമാണ്. സൂര്യാഘാതവും അത്യാഹിതങ്ങളും മൂലം പൈക്കൾ നഷ്ടപ്പെട്ടവർക്ക് അടിയന്തര ധനസഹായം, എല്ലാ പശുക്കൾക്കും 'ഗോസമൃദ്ധി" ഇൻഷ്വറൻസ്, മൃഗാശുപത്രികളിലെ ഒ.പി. മാനേജ്‌മെന്റ് സിസ്റ്റം, സൈബർ ലോകവുമായി മൃഗചികിത്സയെ ബന്ധിപ്പിക്കുന്ന 'ഇ- സമൃദ്ധ" പദ്ധതി എന്നിവയൊക്കെ ആരംഭിക്കാൻ സംസ്ഥാന മൃഗസംരക്ഷണ, ക്ഷീര വികസന വകുപ്പിന് കഴിഞ്ഞിട്ടുണ്ട്.
എന്റെ സ്വന്തം
പാറുക്കുട്ടി
മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രിയെന്ന നിലയിൽ ഒരു പശു എന്റെ വീട്ടിൽ ഉണ്ടാകുന്നത് നല്ലതു തന്നെയാണ് എന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. അങ്ങനെയാണ് പാർവതി എന്ന പാറുക്കുട്ടി എന്റെ വീട്ടിൽ വരുന്നത്. ആർക്കും എന്നെ പശുവിന്റെ കാര്യങ്ങൾ പറഞ്ഞു പഠിപ്പിക്കേണ്ടി വരില്ല. ദിവസവും അത്തരം കാര്യങ്ങളിലൂടെ കടന്നുപോകുമ്പോൾ ഒരു ക്ഷീരകർഷകനുണ്ടാകാവുന്ന ബുദ്ധിമുട്ടുകളും പ്രയാസങ്ങളും മന്ത്രിയെന്ന നിലയിൽ മനസിലാക്കാൻ കഴിയുന്നു എന്നത് പ്രധാനം തന്നെ. അതുകൊണ്ടുതന്നെ ഒരുപാട് കാര്യങ്ങൾ പഠിക്കാനും കഴിയും. പാലിന്റെ ഘടന, അതിന്റെ ശരാശരി നിലവാരം, പശുവിന് സമയാസമയങ്ങളിൽ നൽകേണ്ട തീറ്റക്രമം, പാൽ വില്പനയിലെ പ്രതിസന്ധികൾ... ഇത്തരം കാര്യങ്ങൾ നേരിട്ട് അറിയാൻ കഴിയുന്നത് ഹൃദയത്തിൽ തൊടുന്ന ഒരു അനുഭവം തന്നെയാണ്.
സംസ്ഥാനത്തെ ക്ഷീരമേഖലയെ സ്വയം പര്യാപ്തതയിലേക്ക് നയിക്കാനായി ഒട്ടനവധി പദ്ധതികൾ നമ്മൾ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നുണ്ട്. അതൊക്കെ ഫലം കണ്ടുതുടങ്ങിക്കഴിഞ്ഞു. ക്ഷീരഗ്രാമവും ക്ഷീരതീരവും ക്ഷീരലയവുമൊക്കെ പാവപ്പെട്ടവരെ സഹായിക്കാൻ വേണ്ടിയുള്ള പദ്ധതികളാണ്. അതൊക്കെ പല വേദികളിൽ പല ജില്ലകളിൽ ഉദ്ഘാടനം ചെയ്യപ്പെടുമ്പോൾ വീട്ടിലെ തൊഴുത്തും അവിടുത്തെ പശുവും അതിന്റെ സാഹചര്യങ്ങളും എന്റെ മനസിൽ അറിയാതെ തെളിഞ്ഞുവരും.
നേരിട്ടറിഞ്ഞ
ബദ്ധപ്പാടുകൾ
പലപ്പോഴും പ്രസംഗത്തിന് എനിക്കുള്ള ഊർജ്ജമാകുന്നത് മന്ത്രിമന്ദിരത്തിലെ അത്തരം അനുഭവങ്ങൾ തന്നെയാണ്. കഷ്ടപ്പാടിന്റെയും അദ്ധ്വാനത്തിന്റെയും വിളനിലമാണ് ക്ഷീരകർഷകരുടെ തൊഴുത്തുകൾ. അതികാലത്തുതന്നെ തുടങ്ങുന്ന ആ സപര്യ അവസാനിക്കുന്നത് അന്തിമയങ്ങുമ്പോഴാണ്. ഒരു കല്യാണത്തിനോ മരണത്തിനോ പോകാൻ കഴിയാതെ രാവിലെയും ഉച്ചയ്ക്കുമൊക്കെ വീട്ടിൽ നിന്നുകൊണ്ട് പശുവിനെ പരിപാലിക്കുകയും കറവ നടത്തുകയും ചെയ്യേണ്ട പ്രതിബദ്ധതയും ഉത്തരവാദിത്വവും ക്ഷീരകർഷകർക്കുണ്ട്. അവർ അതൊക്കെ ഒരു തപസ്യപോലെ ചെയ്യുന്നതുകൊണ്ടാണ് നമ്മളൊക്കെ മുടങ്ങാതെ പാൽ കുടിക്കുന്നത്.
പശു കൃത്യമായ ഒരു 'ഫാക്ടറി"യാണ്. അത് 24 മണിക്കൂറും പ്രവർത്തിച്ചുകൊണ്ടേയിരിക്കും. അവിടെ കൃത്യമായ ഇടപെടലുകൾ നടത്തിയില്ലെങ്കിൽ ക്ഷീരവൃത്തി പരാജയപ്പെടും. പൈക്കൾക്ക് ഉയർന്ന ജനിതകമേന്മ ഉണ്ടായതുകൊണ്ടു മാത്രം കാര്യമില്ല, നല്ല മാനേജ്‌മെന്റ് കൂടി വേണം. ആദ്യ കറവയിൽ 14 ലിറ്റർ പാൽ കിട്ടിയിരുന്ന പാറുവിന് രണ്ടാം പ്രസവത്തിൽ 21 ലിറ്റർ കിട്ടിയത് മികച്ച പരിപാലനം ഒന്നുകൊണ്ടു മാത്രമാണെന്ന് ഞാൻ വിശ്വസിക്കുന്നു. അതിദരിദ്രരായ കുറേയെങ്കിലും ആളുകൾ നമ്മുടെ നാട്ടിലുണ്ട്. അവരെ സഹായിക്കുവാൻ വേണ്ടിയുള്ള ദാരിദ്ര്യനിർമാർജന പ്രവർത്തനങ്ങൾ ഏറ്റെടുക്കുവാൻ ഈ വകുപ്പിന് കൂട്ടായത് മന്ത്രിമന്ദിരത്തിലെ പശുവുമായുള്ള എന്റെ അനുഭവങ്ങൾ തന്നെയാണ്.
ക്ഷീരകർഷക
പദ്ധതികൾ
മിൽക്ക് ഷെഡ് വികസന പദ്ധതി വഴി അതിദരിദ്രർക്ക് ജീവനോപാധിയായി പശുക്കളെ നൽകിക്കഴിഞ്ഞു. ഈ കടുത്ത സാമ്പത്തിക ഞെരുക്കത്തിലും 10 ലക്ഷത്തിൽ കുറയാത്ത തുക ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനവും മുടക്കിയാൽ അവിടെ തുടങ്ങാൻ കഴിയുന്ന ക്ഷീരഗ്രാമം പദ്ധതി കേരളത്തിൽ നാല്പതോളം പഞ്ചായത്തുകളിൽ നടപ്പാക്കാൻ കഴിഞ്ഞു. മത്സ്യത്തൊഴിലാളികൾ താമസിക്കുന്ന ഇടങ്ങളിൽ പൈക്കളെ വാങ്ങുവാനും അടിസ്ഥാന സൗകര്യമൊരുക്കാനും 1,29,000 രൂപ സബ്സിഡി നൽകുന്ന ക്ഷീരതീരം പദ്ധതി, തോട്ടം തൊഴിലാളികൾക്കായുള്ള ക്ഷീരലയം പദ്ധതി, ധനകാര്യസ്ഥാപനങ്ങളിൽ നിന്ന് ലോണെടുത്ത് തിരിച്ചടയ്ക്കാൻ പെടാപ്പാട് പെടുന്നവരെ സഹായിക്കുന്ന ഇന്ററസ്റ്റ് സബ് വെൻഷൻ സ്‌കീം, തരിശുനില പുൽ കൃഷിക്കുള്ള സഹായം, ഹീഫർ പാർക്കുകൾ... അങ്ങനെ കേരളത്തിന്റെ ക്ഷീരമേഖല ഏറ്റെടുത്ത് വിജയിപ്പിച്ച പദ്ധതികൾ നിരവധിയാണ്.
നമ്മുടെ കർഷകർ ഉത്പ്പാദിപ്പിക്കുന്ന പാലെടുത്ത് മൂല്യവർദ്ധിത ഉത്പന്നങ്ങളുണ്ടാക്കുന്ന ധാരാളം പ്രസ്ഥാനങ്ങൾ സംസ്ഥാനത്തുണ്ട്. പാലിന് കേവലം 50 രൂപയിൽ താഴെ വിലയുള്ളപ്പോൾ ഒരു ലിറ്റർ പാലിൽ നിന്ന് അവർ ഉല്പന്നങ്ങളുണ്ടാക്കി മൂന്നും നാലും ഇരട്ടി ലാഭമെടുക്കുന്നു. അങ്ങനെ വരുമ്പോൾ അതിന്റെ ഒരു അവകാശ ലാഭം നമ്മുടെ കർഷകർക്ക് കിട്ടത്തക്ക രീതിയിൽ ഒരു നിയമം കൊണ്ടുവരണം. അതും കേരളത്തിലെ ക്ഷീരകർഷകർക്ക് പ്രയോജനപ്പെടുമെന്ന് ഞാൻ കരുതുന്നു. സർക്കാരിന്റെ പദ്ധതികൾ ക്ഷീരകർഷകരും അവരെ സഹായിക്കുന്ന ഉദ്യോഗസ്ഥരും ഹൃദയംകൊണ്ട് ഏറ്റെടുത്തതാണ് നമ്മുടെ വിജയം. ആ വിജയഗാഥ തുടരുമെന്ന് ഉറപ്പാണ്.
ക്ഷീര കർഷകർ, ക്ഷീര സംഘങ്ങൾ, ക്ഷീര വ്യവസായികൾ എന്നിവരെയെല്ലാം ഒരുമിപ്പിച്ച് പാലുത്പാദനത്തിലെ ശക്തമായ ഒരു ഉത്പാദന, വിനിമയ, വിപണന ശൃംഖല സൃഷ്ടിക്കുവാനാണ് സർക്കാർ ശ്രമം. അതിലൂടെ കർഷകരുടെയും ഉരുക്കളുടെയും പാൽ ഉപഭോക്താക്കളുടെയും ആരോഗ്യവും, പോഷക സുരക്ഷിതത്വവും ഉറപ്പുവരുത്തണം. കർഷകർക്ക് സുസ്ഥിര സാമ്പത്തിക വരുമാനം ഉറപ്പാക്കണം. അതിനു വേണ്ടിക്കൂടിയാണ് ഐക്യരാഷ്ട്ര സംഘടന 2001 മുതൽ ക്ഷീരദിനാചരണം ആഹ്വാനം ചെയ്തത്. തോളോടു തോൾ ചേർന്ന് ആ ലക്ഷ്യങ്ങൾക്കായി നമുക്കു മുന്നേറാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |