SignIn
Kerala Kaumudi Online
Wednesday, 30 July 2025 1.56 PM IST

മില്ലത്ത് ഇബ്രാഹിമും ബലിപെരുന്നാളും

Increase Font Size Decrease Font Size Print Page
a

പരിശുദ്ധ മക്കയിലെ ഹജ്ജ് കർമ്മത്തിനും ബലിപെരുന്നാളിനും 4500 സംവത്സരം പഴക്കമുണ്ട്. ഹസ്രത്ത് ഇബ്രാഹിം നബിയുടെയും സ്വപുത്രൻ ഇസ്‌മായിൽ നബിയുടെയും മഹതിയായ ഹാജറ ബീവിയുടെയും ദൈവമാർഗത്തിലെ തീക്ഷ്ണമായ ജീവിത സ്‌മരണകളാണ് ബലിപെരുന്നാൾ നൽകുന്ന സന്ദേശം. അറബ് മാസത്തിലെ പന്ത്രണ്ടാമത് മാസം,​ ദുൽഹജ്ജ് ഒമ്പതിന് ഹാജിമാർ മക്കയിലെ അറഫാ മൈതാനത്ത് സംഗമിക്കുമ്പോൾ ഇതര നാടുകളിലെ വിശ്വാസികൾ വ്രതമനുഷ്ഠിച്ചും ദാനധർമ്മങ്ങൾ നൽകിയും പ്രാർത്ഥനാനിരതരാകുന്നു.

ദുൽഹജ്ജ് പത്താം ദിവസം പെരുന്നാൾ നമസ്‌കരിച്ചും ഈദ് സന്ദേശം കൈമാറിയും ബലികർമ്മം നിർവഹിച്ചും ഉളുഹിയത്തിന്റെ മാംസം സാധുക്കൾക്ക് വിതരണം ചെയ്തും ഈ ദിനത്തെ ബലിപെരുന്നാളായി ആഘോഷിക്കുന്നു. ആഘോഷങ്ങൾ ഇസ്ളാം നിഷ്‌കർഷിച്ച ആരാധന കൂടിയാകുന്നു. സംസ്കാരത്തിന്റെ കണ്ണാടിയും വിശ്വാസത്തിന്റെ അനുബന്ധവുമായാണ് വിശ്വാസികൾ ആഘോഷത്തെ കാണുന്നത്, അനിയന്ത്രിതമായ ആഘോഷങ്ങളെക്കാൾ നിയന്ത്രിതമായ ദൈവഹിതം നടപ്പാക്കുമ്പോഴാണ് ഏത് ആഘോഷവും ആരാധനയായി പരിലസിക്കുന്നത്.

ആഘോഷങ്ങൾ ഏകപക്ഷീയമാകുമ്പോഴും നമ്മുടെ വിശ്വാസവും സംസ്കാരവും മാത്രമാണ് ശരി എന്ന് ചിന്തിക്കുമ്പോഴുമാണ് ആഘോഷങ്ങളും മറ്റു വിശ്വാസങ്ങളും വർഗീയമായി തോന്നുന്നത്. ശാന്തിയുടെ വക്താക്കളായി ചമഞ്ഞ് ഏത് ദർശനവും വിശ്വാസവും കൊണ്ടുനടന്നാലും ശരി,​ ചാരപ്പണിയും ഭീകരതയും വർഗീയതയും വെറുപ്പും ഒരിക്കലും മതവിശ്വാസവുമായി പൊരുത്തപ്പെടുകയില്ലതന്നെ.

ബലിപെരുന്നാൾ ദിവസം ഇബ്രാഹിമി മാർഗം അഥവാ മില്ലത്ത് ഇബ്രാഹിം അവലംബിക്കുന്നതിന്റെ മാതൃകയാണ് ബലിപെരുന്നാൾ ആഘോഷവും ബലികർമ്മവും. പുരാതന കാലത്ത് മനുഷ്യൻ മനുഷ്യനെത്തന്നെ ദൈവത്തിന് എന്ന പേരിൽ ബലികഴിച്ചിരുന്നു. ഈ പുരോഗമന യുഗത്തിലും മനുഷ്യൻ അതിനു മടിക്കുന്നില്ല എന്നതാണ് സത്യം. ഇത്തരം അന്ധവിശ്വാസങ്ങളെ ഇസ്ളാം ശക്തിയുക്തം എതിർക്കുന്നു. പകരം മൃഗബലി നടത്തുന്നതിന് അനുവദിക്കുകയും ചെയ്തിരിക്കുന്നു. ദൈവദൂതനായ ഇബ്രാഹിം നബി കഠിനമായ ദൈവിക പരീക്ഷണങ്ങൾക്കൊടുവിൽ സ്വപുത്രനായ ഇസ്‌മായിൽ നബിയെ ബലിയർപ്പിക്കുവാൻ തയ്യാറാകുമോ എന്ന് പരീക്ഷിക്കുന്നതിനുവേണ്ടി ദൈവകല്പനയുണ്ടായപ്പോൾ,​ അതിനും ഇബ്രാഹിം നബി ഒരുക്കമാണെന്നു കണ്ട സന്ദർഭത്തിൽ അതിനു പകരം ആടിനെ ബലിയറുക്കുവാൻ ദൈവം കല്പിക്കുകയുണ്ടായി.

സ്രഷ്ടാവിന്റെ ആജ്ഞകൾ മനുഷ്യൻ എത്രകണ്ട് അനുസരിക്കുന്നുവെന്ന് പരീക്ഷിക്കുന്നതിനുവേണ്ടിയാണ് ഇതിലൂടെ ജഗദീശ്വരൻ ഉദ്ദേശിച്ചിട്ടുള്ളത്. വിശുദ്ധ ഖുൻആൻ ഇതേപ്പറ്റി പറയുന്നു: നിങ്ങൾ ബലിയറുക്കുന്ന മൃഗത്തിന്റെ ചോരയോ മാംസമോ ദൈവത്തിൽ എത്തുന്നില്ല. മറിച്ച് നിങ്ങൾ എത്രമാത്രം സ്രഷ്ടാവിന്റെ കൽപ്പനകൾക്ക് സൂക്ഷ്‌മത പുലർത്തുന്നു എന്ന് പരിശോധിക്കുന്നതിനുവേണ്ടിയാണ്.

(വിശുദ്ധ ഖുർആൻ 22 അദ്ധ്യായം, 37)

പെരുന്നാൾ ആഘോഷം,​ സ്‌നേഹത്തിന്റെയും ഒരുമയുടെയും സൗഹൃദത്തിന്റെയും ആകുന്നു. ദയ, കരുണ, വിട്ടുവീഴ്ച, ദാനധർമ്മം, പരോപകാരം തുടങ്ങിയ സദ്ഗുണങ്ങൾകൊണ്ടാണ് പെരുന്നാ

ളിനെ ആഘോഷമാക്കേണ്ടത്. മറ്റ് മതങ്ങളെയും സംസ്‌കാരങ്ങളെയും കൂടി അംഗീകരിക്കുകയും ഇതര സമുദായ സഹോദരങ്ങളെ തന്നോട് ചേർത്തുപിടിക്കുവാൻ മനസിനെക്കൊണ്ട് സമ്മതിപ്പിക്കുകയും ചെയ്യുമ്പോൾ മാത്രമാണ് അത് യഥാർത്ഥത്തിൽ ആഘോഷമായിത്തീരുന്നത്.

തന്റേതല്ലാത്ത വിശ്വാസത്തെയും ആചാരത്തെയും ആക്ഷേപിക്കുന്നതും പരിഹസിക്കുന്നതും പാപവും അത് വലിയ അക്രമവുമാണെന്നും വിശുദ്ധ ഖുർ ആൻ ഓർമ്മപ്പെടുത്തുന്നു. (വിശുദ്ധ ഖുർആൻ 6 അദ്ധ്യായം, 108 വചനം)

തന്റെ വിശ്വാസത്തെയും മതത്തെയും പറ്റി വ്യക്തമായ ധാരണയില്ലാത്തവരിൽ നിന്നു മാത്രമെ ഇത്തരം മോശം ചിന്താഗതികളും ചെയ്തികളും സംഭവിക്കുകയുള്ളൂ. മതങ്ങൾ ഒരിക്കലും പരസ്പരം ശത്രുക്കളല്ല. വിശ്വാസവും ആചാരവും അനുഷ്ഠാനവും മറ്റുള്ളവർക്കു മേൽ അടിച്ചേൽപ്പിക്കുവാൻ ശ്രമിക്കുമ്പോഴാണ് അത് വർഗീയതയും പരസ്പര ശത്രുതയും ഉണ്ടാകുവാൻ ഇടയായിത്തീരുന്നത്.

കേരള ഉലമ കൗൺസിലിന്റെ ഹൃദയം നിറഞ്ഞ ബലിപെരുന്നാൾ ആശംസകൾ നേരുന്നു. നല്ലൊരു നാളേയ്‌ക്കായി പ്രാർത്ഥിക്കുന്നു. ദൈവം ഏറ്റവും വലിയ മഹാനാകുന്നു. സർവസ്‌തുതി കീർത്തനങ്ങളും സർവശക്തനിൽ സമർപ്പിക്കുന്നു. ഇതാണ് വിശ്വാസി സമൂഹത്തിൽ നിന്ന് പെരുന്നാൾ ദിനത്തിൽ മുഴങ്ങിക്കേൾക്കുന്ന തക്‌ബീർ ധ്വനികൾ അഥവാ ദൈവ കീർത്തനങ്ങൾ.

(കേരള ഉലമ കൗൺസിൽ വർക്കിംഗ് പ്രസിഡന്റ് ആണ് ലേഖകൻ. ഫോൺ: 94005 51501)​

TAGS: BAKRID
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.