SignIn
Kerala Kaumudi Online
Wednesday, 30 July 2025 1.09 AM IST

കൊട്ടിയൂരിൽ വൈശാഖ മഹോത്സവം, ഭക്ത മാനസങ്ങൾ ഇനി പ്രകൃതിയുടെ മടിത്തട്ടിൽ 

Increase Font Size Decrease Font Size Print Page
ezhunnalath

കൊട്ടിയൂരിലെ ഇരുണ്ട നിബിഡ വനങ്ങളിൽ, മഴയിൽ നനഞ്ഞ് ആയിരങ്ങൾ വിശ്വാസത്തിൽ അലിയുന്ന വൈശാഖ മഹോത്സവത്തിന്റെ നാളുകൾ. പ്രകൃതി ആചാരാനുഷ്ഠാനങ്ങളുമായി ഒന്നിക്കുന്ന ഗംഭീരമായ അനുഭവത്തിനായി നാട് ഒരുങ്ങി. കണ്ണൂർ ജില്ലയുടെ കിഴക്കൻ അതിർത്തിയിൽ പശ്ചിമഘട്ടത്തിന്റെ താഴ്വരയിൽ, പുണ്യനദിയായ ബാവേലിയുടെ തീരത്ത്, ശാന്തമായ സ്ഥലമായ കൊട്ടിയൂർ ശിവക്ഷേത്രം സ്ഥിതിചെയ്യുന്നത്. ആത്മീയത നിറഞ്ഞ ഹൃദയങ്ങളോടും ആനന്ദത്താൽ പ്രകാശിതമായ മനസുകളോടും കൂടി ആയിരക്കണക്കിന് ആളുകൾ ഒരു മാസം മുഴുവൻ നീണ്ടുനിൽക്കുന്ന വൈശാഖ മഹോത്സവ ആഘോഷങ്ങൾക്കായി കൊട്ടിയൂർ ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തും. അക്കര കൊട്ടിയൂർ, ഇക്കര കൊട്ടിയൂർ എന്നീ രണ്ടു ക്ഷേത്രങ്ങളാണ് ഉത്സവത്തിന് ആതിഥേയത്വം വഹിക്കുന്നത്, വർഷം തോറും ഉത്സവ ദിവസങ്ങളിൽ മാത്രം തുറക്കുന്ന അക്കര കൊട്ടിയൂർ ക്ഷേത്രമാണ് വേദി. മലയാള മാസം ഇടവത്തിലെ ചോതി മുതൽ മിഥുനത്തിലെ ചിത്തിര വരെയാണ് (ജൂൺ 8 മുതൽ ജൂലായ് 4 വരെ) ഉത്സവം.
ശക്തമായ ബാവേലി നദി പൂർണ്ണമായി പ്രവഹിക്കുന്ന മഴക്കാലത്ത് മനോഹരമായ ഒരു വനപ്രദേശത്തിന്റെ മടിത്തട്ടിലാണ് ഉത്സവം നടക്കുന്നത് എന്നതിനാൽ, വൈശാഖ ഉത്സവം ഒരു പ്രകൃതിയുടെ ഉത്സവമാണ്. ഓരോ ദിവസവും ഗോത്രവർഗക്കാർ, ബ്രാഹ്മണർ തുടങ്ങിയ വിവിധ സമുദായങ്ങളിൽ നിന്നുള്ള ആളുകൾ പങ്കെടുക്കുന്ന, ആചാരപരമായ സ്ഥാനപ്പേരുകളും കടമകളും കൈവശം വച്ചുകൊണ്ട്, അതുല്യമായ ഉത്സവമാക്കി മാറ്റുന്നു. നെയ്യാട്ടം (നെയ്യ് അർപ്പിക്കൽ) എന്ന ആചാരത്തോടെ ആരംഭിച്ച് തൃക്കലശത്ത് (സമാപന ചടങ്ങ്) എന്ന ചടങ്ങോടെയാണ് ഉത്സവം അവസാനിക്കുന്നത്. ഔപചാരികമായ ഘടനയില്ലാത്ത ഈ ക്ഷേത്രത്തിൽ പ്രതിഷ്ഠയുള്ളത്, നദിയിലെ കല്ലുകൾ കൊണ്ട് നിർമ്മിച്ച മണിത്തറ എന്ന വേദിയിലാണ് പ്രതിഷ്ഠ.


പ്രകൃതിയുടെ

പ്രദക്ഷിണ വഴി

വടക്കൻ മലബാറുകാർ വൈശാഖമാഘോഷിക്കുന്ന ഈ പുണ്യകാലത്താണ് ബാവലിപ്പുഴ കുത്തിയൊഴുകാൻ തുടങ്ങുക. അത് കൊട്ടിയൂരിലെ മണിത്തറയെയും വലം വയ്ക്കുന്നു. പുഴപോലും പ്രദക്ഷിണം ചെയ്യുന്ന പുണ്യഭൂമിയാണ് കൊട്ടിയൂർ. ഇവിടെ സ്വയംഭൂവായ പരമശിവനേയും പാർവ്വതിയേയും വലംവച്ച് ബാവലിപ്പുഴയൊഴുകുന്നു. ഒരു തവണ തീർത്ഥാടനത്തിനെത്തിയാൽ പിന്നീട് അതൊരു ജീവിത സപര്യയായി മാറുകയാണെന്നാണ് ഭക്തഭാഷ്യം. സർവ്വപാപനാശമാണ് കൊട്ടിയൂർ ദർശനഫലം. മലയാളിക്ക് കാശിദർശനത്തിന് തുല്യമാണത്രേ ഇത്. ദക്ഷിണ കാശിയിലേക്കുള്ള യാത്ര, വടക്കീശ്വരം തീർത്ഥാടനം, വടക്കുംകാവ് തൊഴൽ തുടങ്ങി പല പേരുകളിലും കൊട്ടിയൂർ തീർത്ഥാടനം അറിയപ്പെടുന്നുണ്ട്. ഓടത്തണ്ടുകൾ ഏച്ചുകൂട്ടാത്ത മൂന്ന് ഉത്തരങ്ങളിൽ ഉറപ്പിച്ചാണ് താത്ക്കാലിക ശ്രീകോവിലുണ്ടാക്കുന്നത്. ഇത് പനയോലകൊണ്ട് പൊതിയുന്നു.
ഉത്സവം സമാപിച്ചാൽ പിഴുത് തിരുവഞ്ചിറയിൽ തള്ളുകയാണ് പതിവ്. അതുകഴിഞ്ഞാൽ അക്കരെക്കൊട്ടിയൂർ തീർത്തും നിശബ്ദമാണ്. പിന്നെ അടുത്ത ഉത്സവത്തിനേ മനുഷ്യപാദ സ്പർശമേൽക്കൂ.
ദക്ഷയാഗത്തിൽ സതീദേവി ദേഹത്യാഗം ചെയ്തതായി വിശ്വസിക്കുന്ന പുണ്യഭൂമിയാണിത്. ചില സ്ഥലനാമങ്ങൾ ശ്രദ്ധിച്ചാൽ വിശ്വാസ്യതയ്ക്ക് കൂടുതൽ അർത്ഥതലങ്ങൾ കൈവന്നേക്കും. കണിച്ചാർ, നീണ്ടുനോക്കി, പാമ്പുറപ്പൻ തോട്, പാലുകാച്ചിമല, എന്നിവ ഉദാഹരണമാണ്. സതീദേവിയുടെ കണ്ണുനീർ ഒഴുകിയ സ്ഥലമാണത്രേ കണിച്ചാർ.
സതീദേവി നീണ്ടുനിവർന്ന് എത്തിനോക്കിയ ഇടം നീണ്ടുനോക്കിയായി. സതി യാഗവേദിയിലേക്കായി യാത്രതിരിക്കാൻ ഒരുങ്ങിയപ്പോൾ യാഗത്തിനു പോകേണ്ടതില്ലെന്ന് സർപ്പങ്ങളും ഉറപ്പിച്ചു പറഞ്ഞുവത്രേ. ഇതാണ് പാമ്പുറപ്പൻ തോടായി മാറിയത്. അങ്ങനെ ദക്ഷയാഗവുമായി ബന്ധപ്പെട്ടാണ് ക്ഷേത്രമില്ലാ ക്ഷേത്രത്തിന്റെ മുഴുവൻ ഐതിഹ്യങ്ങളും ചരിത്രങ്ങളും ചുറ്റപ്പെട്ടു കിടക്കുന്നത്.
നൂറ്റാണ്ടുകൾക്കുശേഷം നായാട്ടിനുവന്ന കുറിച്യരാണ് കല്ലിൽ ദേവസാന്നിദ്ധ്യം കണ്ടെത്തിയതത്രേ. നൂറ്റാണ്ടുകളായി പറഞ്ഞു പറഞ്ഞ് പ്രചരിച്ച ഐതിഹ്യ കഥകൾ അടുത്തറിയാൻ പ്രശ്നചിന്ത വച്ചപ്പോൾ ആ കല്ല് സ്വയംഭൂ ശിവലിംഗമാണെന്ന് തിരിച്ചറിയുകയാണുണ്ടായത്.
ദാക്ഷായണി ജീവത്യാഗം ചെയ്ത ഈ യാഗഭൂമിയാണത്രേ അമ്മാറക്കൽ തറ. അമ്മ മറഞ്ഞ തറയാണ് പിന്നീട് അമ്മാറക്കൽ തറയായി അറിയപ്പെട്ടത്. സ്വയംഭൂവായി കുടികൊള്ളുന്ന പരമശിവന്റെ സ്ഥാനം മണിത്തറയിലാണ്. ഇവ രണ്ടും വലംവച്ചാണ് ബാവലിപ്പുഴയുടെ ഒഴുക്ക് തുടരുന്നത്.


വൈശാഖോത്സവ

വിശേഷങ്ങൾ അറിയാം

ബ്രാഹ്മണാചാരങ്ങൾക്കൊപ്പം ഗോത്രചടങ്ങുകൾ കൂടി കൊട്ടിയൂരിൽ നടക്കുന്നുണ്ട്. ഒറ്റപ്പിലാന്റെ പൂർവികനായ കുറിച്യനാണ് കൊട്ടിയൂരിലെ സ്വയംഭൂ വിഗ്രഹം കണ്ടെത്തിയതെന്നാണ് വിശ്വാസം. ഉത്സവകാലമൊഴികെയുള്ള 11 മാസവും അക്കരെ കൊട്ടിയൂരിന്റെ ചുമതലക്കാരനും കാവൽക്കാരനും പരിപാലകനുമെല്ലാം ഒറ്റപ്പിലാനാണ്. വൈശാഖോത്സവം ആരംഭിക്കും മുൻപ് ഒറ്റപ്പിലാന് ദക്ഷിണ വച്ച് മണിത്തറ ഏറ്റുവാങ്ങിയാണ് വൈശാഖോത്സവം ആരംഭിക്കുന്നത്. അക്കരെ ക്ഷേത്ര തിരുവഞ്ചിറയിലേക്ക് ബാവലിയിൽ നിന്ന് വെള്ളം തിരിച്ചുവിടുന്നതും അക്കരെ കൊട്ടിയൂരിൽ അവകാശികൾക്ക് താമസിക്കാൻ പർണശാലകൾ കെട്ടിമേയുന്നതും തൃത്തറയിൽ അഭിഷേകത്തിനു മുന്നോടിയായി മുള കൊണ്ടുള്ള പാത്തി വയ്ക്കുന്നതും ഒറ്റപ്പിലാനാണ്. പ്രക്കൂഴം നടത്തി ഉത്സവച്ചടങ്ങുകൾ നിശ്ചയിക്കും. വൈശാഖ ഉത്സവത്തിന് മുന്നോടിയായി നീരെഴുന്നള്ളത്ത് നടക്കും. ഉത്സവത്തിന് മുൻപുള്ള ആചാരങ്ങളുടെ ഭാഗമായി അടിയന്തിര യോഗക്കാരും ആചാര്യന്മാരും സ്ഥാനികരും അക്കരെ സന്നിധാനത്തിൽ പ്രവേശിക്കുന്ന ആദ്യ ചടങ്ങാണ് നീരെഴുന്നള്ളത്ത്. രാവിലെ ഇക്കരെ കൊട്ടിയൂർ ക്ഷേത്രത്തിലാണ് ചടങ്ങുകളുടെ ആരംഭം തിരൂർകുന്നിൽ നിന്ന് വിളക്കു തിരി സംഘം ഇക്കരെ കൊട്ടിയൂരിൽ എത്തിച്ചേർന്ന ശേഷം ഒറ്റപ്പിലാൻ, ആശാരി, പുറങ്കലയൻ എന്നിവർ ചേർന്ന് ഇക്കരെ ക്ഷേത്ര നടയിലും അക്കരെ ക്ഷേത്രത്തിന്റെ കിഴക്കെ നട ആയ മന്ദംചേരിയിലും തണ്ണീർകുടി ചടങ്ങ് നടത്തും. ഉച്ചയ്ക്ക് ജന്മശാന്തിയുടെയും സമുദായിയുടെയും നേതൃത്വത്തിൽ ഊരാളന്മാരും അടിയന്തിര യോഗക്കാരും ഇക്കരെ സന്നിധാനത്തിൽ നിന്ന് നീരെഴുന്നള്ളത്തിന് പുറപ്പെടും. ഇവർ പ്രത്യേക വഴിയിലൂടെ നടന്ന് മന്ദംചേരി ഉരുളിക്കുളത്തിൽ എത്തും. അവിടെ നിന്ന് കൂവയില പറിച്ചെടുത്ത് ബാവലി പുഴയിൽ എത്തിച്ചേരും. എല്ലാവരും സ്നാനം ചെയ്ത ശേഷം സമുദായിയും ജന്മശാന്തിയും ബാവലി പുഴയിൽ നിന്ന് കൂവയിലയിൽ തീർഥ ജലം ശേഖരിച്ച് ഓടക്കാടിന് ഇടയിലൂടെ കർക്കിടക കണ്ടി വഴി നടന്ന് അക്കരെ ക്ഷേത്രത്തിലെ സ്വയംഭൂ വിഗ്രഹം കുടികൊള്ളുന്ന മണിത്തറയിൽ പ്രവേശിക്കും. അവിടെ ഒറ്റപ്പിലാൻ, ജന്മാശാരി, പുറങ്കലയൻ എന്നിവരുടെ സാന്നിദ്ധ്യത്തിൽ ജന്മശാന്തി നീരഭിഷേകം നടത്തും. സ്ഥാനികർ, അടിയന്തിര യോഗക്കാർ, അവകാശികൾ എന്നിവർക്ക് പ്രസാദം നൽകി മടങ്ങും. രാത്രി ഇക്കരെ കൊട്ടിയൂർ ക്ഷേത്രത്തിന്റെ കിഴക്കു ഭാഗത്തുള്ള ആയില്യാർ കാവിൽ പ്രത്യേക പൂജയും അപ്പട നിവേദ്യവും നടത്തും. പിന്നീട് വയനാട്ടിലെ മുതിരേരി കാവിൽ നിന്നു വാൾ എഴുന്നള്ളത്ത് നടത്തും. വൈകിട്ട് ഇക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ എത്തുന്നതോടെ ഉത്സവ ചടങ്ങുകൾ ആരംഭിക്കും. ബ്രാഹ്മണർ ചേർന്ന് ചോതി വിളക്ക് തെളിക്കുന്നതോടെ നെയ്യാട്ട ചടങ്ങുകൾ ആരംഭിക്കും.


ഉള്ളുണർത്തും

ബാവലിയിൽ പാദം തൊടുമ്പോൾ അനുഭൂതിയുടെ തണുപ്പ് അരിച്ചുകയറി ഉള്ളുണർത്തും. പദവും മനവുമൊരുപോലെ ശുദ്ധിയായിട്ടേ ദേവസന്നിധിയിലേക്ക് കയറാനാകൂ. കാലു നനഞ്ഞ് മണ്ണിൽ ചവിട്ടി നിന്നു തേവരെ തൊഴണം.

TAGS: KOTTIYOOR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.