കേരളത്തിലെ കോൺഗ്രസിലെ സർവാദരണീയനായ, എതിരാളികളില്ലാത്ത, എല്ലാവരും ബഹുമാനിച്ചിരുന്ന, സ്നേഹിച്ചിരുന്ന നേതാവായിരുന്നു അന്തരിച്ച തെന്നല ബാലകൃഷ്ണപിള്ള. രാഷ്ട്രീയ എതിരാളികൾ പോലും ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്ത വ്യക്തിത്വമായിരുന്നു. രാഷ്ട്രീയത്തിന് അതീതമായി എനിക്ക് ഒരു ജ്യേഷ്ഠസഹോദരനായിരുന്നു തെന്നല. ഞാൻ കെ.എസ്.യുവിന്റെ സംസ്ഥാന പ്രസിഡന്റായിരുന്ന കാലഘട്ടത്തിലാണ് അദ്ദേഹവുമായി അടുപ്പം തുടങ്ങുന്നത്. അദ്ദേഹത്തിന്റെ വീട്ടിൽ മിക്കപ്പോഴും പോകുന്ന പതിവുണ്ടായിരുന്നു.
പിന്നീട് ഞാൻ കെ.പി.സി.സി അദ്ധ്യക്ഷനായപ്പോൾ തെന്നല കൊല്ലം ഡി.സി.സി പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്. ഏറെക്കാലത്തിനു ശേഷം എനിക്കൊപ്പം ദീർഘകാലം കെ.പി.സി.സി ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു. അക്കാലയളവിൽ കെ.പി.സി.സി ഓഫീസിലെ എല്ലാ ഉത്തരവാദിത്വങ്ങളും വളരെ ചിട്ടയോടെയാണ് അദ്ദേഹം നിർവഹിച്ചത്. സാമ്പത്തിക കാര്യങ്ങളിൽ വലിയ അച്ചടക്കം പാലിച്ചിരുന്നു. പിന്നീട് അദ്ദേഹം കെ.പി.സി.സി പ്രസിഡന്റായി വന്നപ്പോഴും ഏറെ സൗഹാർദ്ദപൂർവും ഒരുമിച്ച് പ്രവർത്തിച്ചു.
തർക്കങ്ങളും അഭിപ്രായഭിന്നതകളും സൗമ്യമായി പരിഹരിക്കുന്നതിൽ അദ്ദേഹത്തിന് പ്രത്യേക കഴിവുണ്ടായിരുന്നു. പാർട്ടിക്കുള്ളിൽ തർക്കങ്ങൾ രൂക്ഷമായ പല ഘട്ടങ്ങളിലും പരിഹാരത്തിന് എല്ലാവരും നിർദ്ദേശിക്കുന്നത് 'തെന്നല കമ്മിറ്റി"യുടെ ഇടപെടലാണ്. അദ്ദേഹം തീർപ്പുകല്പിച്ചാൽ പിന്നീട് ഒരു കോൺഗ്രസ് നേതാവും ചോദ്യം ചെയ്യാറില്ല. അത്രയ്ക്ക് നീതിമാനായിരുന്നു അദ്ദേഹം. എല്ലാ വശങ്ങളും നോക്കിയായിരിക്കും തീരുമാനമെടുക്കുക. കേരളത്തിലെ കോൺഗ്രസിൽ ഒരു ഘട്ടത്തിൽ ഗ്രൂപ്പ് ശക്തമായി നിലനിന്നിരുന്നു. കെ.കരുണാകരനും ഞാനുമാണ് രണ്ടുഭാഗത്ത് നേതൃത്വം കൊടുത്തിരുന്നത്. അന്ന് ഗ്രൂപ്പ് പ്രവർത്തനം രൂക്ഷമാകാതിരിക്കാനും രണ്ടു വിഭാഗങ്ങളും തമ്മിലുള്ള സമീപനം രമ്യമാക്കാനും ഞങ്ങൾക്കിടയിൽ പാലമായി പ്രവർത്തിച്ചത് തെന്നലയാണ്.
2001-ൽ അദ്ദേഹം കെ.പി.സി.സി അദ്ധ്യക്ഷനായിരിക്കുമ്പോൾ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലാണ് കേരളത്തിൽ കോൺഗ്രസിന് ഏറ്റവും കൂടുതൽ എം.എൽ.എമാരെ ലഭിക്കുന്നത്. 100 സീറ്റുകളിൽ യു.ഡി.എഫ് അന്നു വിജയിച്ചു. അഭിമാനകരമായ ആ തിരഞ്ഞെടുപ്പു വിജയത്തിന് തൊട്ടുപിന്നാലെ ദൗർഭാഗ്യകരമായ ഒരു സംഭവവും- അത് മുൻധാരണപ്രകാരം ആയിരുന്നെങ്കിൽക്കൂടി- ഉണ്ടായി. ഞാൻ മുഖ്യമന്ത്രിയായ ദിവസം തന്നെ കെ.പി.സി.സി പ്രസിഡന്റ് പദം രാജിവയ്ക്കാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. യാതൊരു പരിഭവവും പറയാതെയായിരുന്നു രാജി. ആരും ചെയ്യാത്ത ഒരു കാര്യമായിരുന്നു അത്. പാർട്ടിയുടെ തീരുമാനം ആരും ചോദ്യം ചെയ്യാറില്ലെങ്കിലും ചിലപ്പോഴെങ്കിലും ചില്ലറ പരിഭവങ്ങൾ സ്വാഭാവികമാണ്. എന്നാൽ തെന്നല പരിഭവിച്ചില്ല, പരാതിപ്പെട്ടില്ല, പിണങ്ങിയില്ല.
പക്ഷെ. കോൺഗ്രസ് അദ്ധ്യക്ഷയായിരുന്ന സോണിയാഗാന്ധി ഇക്കാര്യം ഓർത്തുവച്ചിരുന്നു. പിന്നീട് രാജ്യസഭയിൽ വന്ന ഒഴിവുകളിലേക്ക് മൂന്നു പേരുടെ പേര് നിർദ്ദേശിച്ചപ്പോൾ ആദ്യം അംഗീകാരം നൽകിയത് അദ്ദേഹത്തിന്റെ പേരിനാണ്. രാജ്യസഭയിൽ ഞങ്ങൾ ഒരുമിച്ചു പ്രവർത്തിക്കുന്ന ഘട്ടത്തിൽ ഡൽഹിയിൽ അടുത്തടുത്ത ഫ്ളാറ്റുകളിലാണ് താമസിച്ചിരുന്നത്. ഏറെ ലാളിത്യത്തോടെയുള്ളതായിരുന്നു അദ്ദേഹത്തിന്റെ ജീവീതവും പെരുമാറ്റവും. ശൂരനാട്ട് അതിസമ്പന്നമായ ജന്മി കുടുംബത്തിൽ ജനിച്ച അദ്ദേഹം 11 സെന്റ് ഭൂമി ഒഴികെയുള്ള മുഴുവൻ സ്വത്തും രാഷ്ട്രീയ പ്രവർത്തനത്തിനു വേണ്ടിയാണ് നഷ്ടപ്പെടുത്തിയത്. കേരള രാഷ്ട്രീയത്തിൽ മറ്റാരും കാട്ടാത്ത ത്യാഗമാണ് അദ്ദേഹം കാണിച്ചിട്ടുള്ളത്. ത്യാഗമനോഭാവമുള്ള ആൾക്കാരുടെ എണ്ണം രാഷ്ട്രീയത്തിൽ കുറഞ്ഞുവരികയാണ്. തീർത്തും ജ്വലിക്കുന്ന ഒരു മാതൃകയായിരുന്നു തെന്നല ബാലകൃഷ്ണപിള്ള.
തിരുവിതാംകൂർ ചരിത്രത്തിൽ ഏറ്റവും വലിയ സമരങ്ങൾ അരങ്ങേറിയ, ശുരനാട് സംഭവത്തിന്റെ മണ്ണായ ശൂരനാട്ട് , അദ്ദേഹത്തിന്റെ 90-ാം ജന്മദിനാഘോഷം നടന്നതും അതിൽ പങ്കെടുത്തതും ഓർക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനാണ് അന്ന് പരിപാടികൾ ഉദ്ഘാടനം ചെയ്തത്. കാനം രാജേന്ദ്രനും രമേശ് ചെന്നിത്തലയും ഞാനും ഉൾപ്പെടെ നിരവധി നേതാക്കൾ അതിൽ പങ്കെടുത്തിരുന്നു. കോൺഗ്രസുകാരും കമ്യൂണിസ്റ്റുകാരും തമ്മിൽ വലിയ പോരാട്ടങ്ങൾ നടന്ന നാടാണ് ശൂരനാട്. പക്ഷെ തെന്നലയുടെ നവതി ആഘോഷ ചടങ്ങിൽ കോൺഗ്രസുകാർ മാത്രമല്ല, ഒരുവിധ രാഷ്ട്രീയ വൈരവും കാട്ടാതെ കമ്യൂണിസ്റ്റുകാരും കർഷകത്തൊഴിലാളികളും സാധാരണക്കാരുമെല്ലാം പങ്കുകൊണ്ടു.
കോൺഗ്രസുകാർക്കു മാത്രമല്ല, എല്ലാ പൊതുപ്രവർത്തകർക്കും മാതൃകയാക്കാവുന്ന രാഷ്ട്രീയ നേതാവായിരുന്നു അദ്ദേഹം. തെളിമയാർന്ന വ്യക്തിത്വത്തെയാണ് തെന്നല ബാലകൃഷ്ണപിള്ളയുടെ വിയോഗത്തോടെ നഷ്ടമായിരിക്കുന്നത്. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ വിയോഗത്തിൽ കോൺഗ്രസുകാർ മാത്രമല്ല, മറ്റു രാഷ്ട്രീയ പ്രവർത്തകരും പൊതുപ്രവർത്തകരുമെല്ലാം ദുഃഖിക്കുന്നുണ്ടാവും. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു, അദ്ദേഹത്തിന്റെ ഓർമ്മകൾക്കു മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |