മാനവരാശിക്കു മേൽ ഭീകരത ഒരു ശിക്ഷയാണ്. പരിഷ്‌കൃത സമൂഹത്തിന്റെ വിലമതിക്കാനാവാത്ത മൂല്യങ്ങൾക്കുമേൽ ഒരു ശാപമാണ് അത്. വിപ്ലവത്തെയും രക്തസാക്ഷിത്വത്തെയും കുറിച്ച് തെറ്റായ ധാരണകളിൽ ഊന്നിയും അക്രമം സംബന്ധിച്ച കാല്പനിക വീക്ഷണത്തിലുമാണ് ഭീകരത വളർച്ച പ്രാപിക്കുന്നത്. ‘ഒരാളുടെ സ്വാതന്ത്ര്യസമര സേനാനി മറ്റൊരാൾക്ക് ഭീകരവാദിയാണെന്ന’ വാദം അനുചിതവും അപകടകരവുമായ പ്രയോഗമാണ്- ഒരിക്കലും ഭയത്തിലൂടെയും രക്തച്ചൊരിച്ചിലിലൂടെയും കെട്ടിപ്പടുക്കാനാവുന്നതല്ല യഥാർത്ഥ സ്വാതന്ത്ര്യം.
ഐക്യപൂർണമായ ഇന്ത്യയ്ക്കു മുന്നിൽ ഭീകരത അതിന്റെ വികല പ്രത്യയശാസ്ത്രത്തിലും വക്രീകരിച്ച പ്രയോഗത്തിലും സ്വയം തോൽക്കാൻ വിധിക്കപ്പെട്ടിരിക്കുന്നു. അതിന്റെ നിലനില്പ്- ഒരു ദിവസത്തേക്കാണെങ്കിൽപ്പോലും- രാജ്യത്തിന്റെ കൂട്ടായ മന:സാക്ഷിയെയും സമാധാന പ്രതിബദ്ധതയെയും വെല്ലുവിളിക്കുന്നു. സമാധാനം ആഗ്രഹിക്കുന്ന എല്ലാ രാജ്യങ്ങളും വ്യക്തികളും ഈ വിപത്തിനെ എന്നെന്നേക്കുമായി ഇല്ലാതാക്കാൻ ഒരുമിക്കേണ്ടതുണ്ട്. ഇത് എങ്ങനെ സാദ്ധ്യമാക്കാമെന്ന് ഇന്ത്യ കാണിച്ചുകഴിഞ്ഞു.
പതിറ്റാണ്ടുകളായി ഭരണകൂട പിന്തുണയോടെ പാകിസ്ഥാനിൽ നിന്ന് തുടക്കം കുറിക്കുന്ന അതിർത്തി ഭീകരതയുടെ ഇരകളാണ് നാം. ഈയിടെയുണ്ടായ പഹൽഗാം ഭീകരാക്രമണം ഇന്ത്യയുടെ ഐക്യം തകർക്കാനും ജനങ്ങളിൽ ഭയം പടർത്താനും ലക്ഷ്യമിട്ട ക്രൂരമായ പരാജിത ശ്രമമായിരുന്നു. വിനോദസഞ്ചാരികളെ കൊലപ്പെടുത്തുന്നതിനു മുമ്പ് ഭീകരവാദികൾ അവരുടെ മതം അന്വേഷിച്ചതിൽ നിന്ന് ഇത് വ്യക്തം. വ്യത്യസ്ത വിശ്വാസങ്ങളുടെ ഭാഗമായ രാജ്യത്തെ വിവിധ മതകേന്ദ്രങ്ങൾ ആക്രമിക്കാൻ ഡ്രോണുകളും പീരങ്കികളും പ്രയോഗിച്ചും പാകിസ്ഥാൻ ഇന്ത്യയുടെ ഐക്യത്തെ വെല്ലുവിളിക്കാൻ സമാന ശ്രമം നടത്തി.
മറയായി
മതം
ഒരു മതത്തിനും ഇത്തരം നീചകൃത്യങ്ങളെ അംഗീകരിക്കാനാവില്ല. ഭീകരവാദികൾ തങ്ങളുടെ ക്രൂരതകളെ ന്യായീകരിക്കാൻ തന്ത്രപരമായി മതത്തെ ദുരുപയോഗം ചെയ്യുകയും ആക്ഷേപിക്കുകയും ചെയ്യുന്നു. മതം മറയാക്കി ഒളിഞ്ഞിരിക്കുന്ന ഭീകരവാദികൾ അവർ പിന്തുടരുന്നതായി അവകാശപ്പെടുകയും നടിക്കുകയും ചെയ്യുന്ന വിശ്വാസത്തെ ഗുരുതരമായി തകർക്കുന്നു. മതത്തിന്റെ ഈ ദുരുപയോഗം ആകസ്മികമോ ആവേശഭരിതമോ അല്ല; മറിച്ച് അതിക്രമങ്ങളെ തെറ്റായി ന്യായീകരിക്കാൻ ശ്രദ്ധാപൂർവം തയ്യാറാക്കിയ ബോധപൂർവമായ തന്ത്രമാണ്.
ഭീകരതയോട് ഒരു വിട്ടുവീഴ്ചയുമില്ലാത്ത നയമാണ് പിന്തുടരുന്നതെന്ന് ഇന്ത്യ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ചർച്ചയും ഭീകരതയും ചേർന്നു പോകില്ല. പാകിസ്ഥാനുമായി ഏതൊരു ഭാവി സംഭാഷണവും തീവ്രവാദത്തിലും പാക് അധീന കശ്മീരിലും മാത്രം കേന്ദ്രീകരിക്കുന്നതായിരിക്കും. മാത്രമല്ല, പാകിസ്ഥാന്റെ നിലപാട് ഗുരുതരമാണെങ്കിൽ ഐക്യരാഷ്ട്രസഭ ഭീകരവാദികളായി ചൂണ്ടിക്കാട്ടിയ ഹാഫിസ് സഈദ്, മസൂദ് അസ്ഹർ എന്നിവരെ നീതി ഉറപ്പാക്കാനായി കൈമാറണം.
ദീർഘകാല കാഴ്ചപ്പാടും തന്ത്രവും തേടുന്നതിനിടെയാണ് ഏറെക്കാലമായി നാം ഭീകരവാദ പ്രവർത്തനങ്ങളോട് പ്രതികരിച്ചിരുന്നത്. രാജ്യത്തെ സായുധ സേനയ്ക്ക് നേരത്തെ പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ മാത്രമായിരുന്നു അനുമതി. സർജിക്കൽ സ്ട്രൈക്കിലൂടെയും (2016) ബാലാകോട്ട് പ്രത്യാക്രമണത്തിലൂടെയും (2019) ഇപ്പോൾ ഓപ്പറേഷൻ സിന്ദൂറിലൂടെയും പാകിസ്ഥാൻ ഭീകരവാദികളോടും അവരുടെ പൂർവികരോടും കൈക്കൊണ്ട നയത്തിൽ ഇന്ത്യ അടിസ്ഥാനപരമായ പുനർവിചിന്തനം നടത്തിയിട്ടുണ്ട്. ധാർമിക- രാഷ്ട്രീയ വിയോജിപ്പും പ്രതിരോധ നിലപാടും അപര്യാപ്തമാണെന്ന് നാം തിരിച്ചറിയുന്നു.
ഭീകരതയുടെ
പ്രായോജകർ
ഭീകരവാദികൾ എവിടെയായാലും അവരെ ആദ്യമേ ഉന്മൂലനം ചെയ്യുകയെന്നതാണ് ഇപ്പോൾ രാജ്യത്തിന്റെ നയം. ഏതൊരു ഭീകരപ്രവർത്തനവും യുദ്ധമായി കണക്കാക്കുന്നു. ഇന്ത്യയിൽ ഒരു ഭീകരാക്രമണമുണ്ടായാൽ ഭീകരതയുടെ പ്രായോജകരായ സർക്കാരിനെയും ഭീകരവാദികളെയും തമ്മിൽ വേർതിരിക്കാതെ ഉചിതമായ മറുപടി നൽകിയിരിക്കും. സ്വന്തം മണ്ണിൽ പ്രവർത്തിക്കുന്ന ഭീകരവാദികളെ നിയന്ത്രിക്കാൻ പാകിസ്ഥാന് സാധിക്കുന്നില്ലെങ്കിൽ അതിന് അവർ വലിയ വില നൽകേണ്ടിവരും.
ഭീകരത ഇന്ത്യയുടെ മാത്രം പ്രശ്നമല്ല; അതൊരു ആഗോള പ്രശ്നമാണ്. ആഗോള ഭീകരവാദ സൂചിക (ജി.ടി.ഐ) പ്രകാരം, ഭീകരാക്രമണം നേരിടുന്ന രാജ്യങ്ങളുടെ എണ്ണം വർഷംതോറും വർദ്ധിക്കുന്നു. ഭീകരവാദ ശൃംഖലകളെ ഫലപ്രദമായി തകർക്കാനും ഭീകരവാദം ചെറുക്കാനും വരുംതലമുറകൾക്ക് സുരക്ഷിത ഭാവി ഉറപ്പാക്കാനും കേവല ശ്രമങ്ങൾക്കപ്പുറം നാം മുന്നോട്ടു നീങ്ങേണ്ടതുണ്ട്. തത്വാധിഷ്ഠിതവും, സമഗ്രവും സുസ്ഥിരവും ഏകോപിതവുമായ ആഗോള തന്ത്രം നാം അവലംബിക്കണം. ഇതിൽ അഞ്ച് പ്രധാന നടപടികൾ ഉൾപ്പെടുന്നു.
പ്രാഥമികമായി 'ഭീകരത" എന്ന പദം നിർവചിക്കേണ്ടതുണ്ട്. ഇന്ത്യയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ഐക്യരാഷ്ട്ര സഭയിൽ അന്താരാഷ്ട്ര ഭീകരതയ്‌ക്കെതിരെ നടന്ന കൺവെൻഷനിലാണ് ഭീകരതയുടെ നിർവചനത്തിൽ നാം പരമാവധി അടുത്തെത്തിയിരിക്കുന്നത്. ഭീകരവാദ പ്രവർത്തനങ്ങൾ അന്വേഷിക്കുന്നതിനും വിചാരണ ചെയ്യുന്നതിനും വിദേശ ഭീകരവാദികളുടെ കൈമാറ്റം ഉറപ്പാക്കുന്നതിനും ഉതകുംവിധം വ്യാപകമായി അംഗീകരിക്കുന്ന നിർവചനം അനിവാര്യമാണ്. രണ്ടാമതായി, ഭീകര സംഘടനകളുടെയും ഭീകരതയുടെ പ്രായോജകരായ രാജ്യങ്ങളുടെയും ധനസഹായം മരവിപ്പിക്കേണ്ടതുണ്ട്. അടിയന്തര രക്ഷാ ധനസഹായളും വായ്പാ ധനസഹായളും സർക്കാർ- പ്രായോജിത അതിർത്തി ഭീകരതയ്‌ക്ക് ഉപയോഗിക്കുന്ന ഒരു ചരിത്രം പാക്കിസ്ഥാനുണ്ടെന്ന് ബഹുരാഷ്ട്ര ഏജൻസികളും ധനസഹായ ദാതാക്കളായ രാജ്യങ്ങളും തിരിച്ചറിയണം.
അവർക്ക് എല്ലാം
ഒന്നുതന്നെ!
മൂന്നാമതായി, പാകിസ്ഥാനിൽ ഔദ്യോഗിക- വിമത സംഘടനകൾ ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണെന്നത് ഏറെക്കാലമായി അറിയപ്പെട്ടിരുന്നതും, കൂടുതൽ വ്യക്തമായിക്കൊണ്ടിരിക്കുന്നതുമായ കാര്യമാണ്. ഈയിടെ ഔദ്യോഗിക ബഹുമതികളോടെ യൂണിഫോം ധരിച്ച സൈനിക ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ ഭീകരരുടെ മരണാനന്തരചടങ്ങുകൾ നടത്തിയതിലും ഇത് വ്യക്തം. പാകിസ്ഥാനിലെ ആണവായുധങ്ങൾ വിമത സംഘടനകളുടെ കൈവശം എത്തിച്ചേരുമെന്ന സ്ഥിരഭീഷണിയും നിലനിൽക്കുന്നു. ഈ ഗുരുതര അപകടസാദ്ധ്യത അന്താരാഷ്ട്ര സമൂഹം തിരിച്ചറിയുകയും പാകിസ്ഥാന്റെ ആണവായുധങ്ങൾ അന്താരാഷ്ട്ര ആണവോർജ ഏജൻസിയുടെ മേൽനോട്ടത്തിൽ സൂക്ഷിക്കുകയും വേണം.
നാലാമതായി, അപകടകരമായ ഭീഷണിയാണ് നിഴൽയുദ്ധം. അയൽരാജ്യത്തെ അസ്ഥിരപ്പെടുത്താൻ മറ്റുള്ളവരെ ഉപയോഗപ്പെടുത്തുന്ന രാജ്യങ്ങളെ തുറന്നുകാട്ടണം. ഭീകരതയ്ക്കെതിരായ പ്രത്യാക്രമണങ്ങളുടെ വ്യാപ്തിയും തീവ്രതയും, അവ എവിടെ സംഭവിക്കുന്നു എന്നതിനെയോ ഇരകളുടെ ദേശീയതയെയോ ആശ്രയിച്ചായിരിക്കില്ല. അഞ്ചാമതായി, പാകിസ്ഥാനിലെ സുരക്ഷിത ഭീകര താവളുടെ അന്താരാഷ്ട്ര വ്യാപ്തിയും നിർമ്മിതബുദ്ധി, സ്വയംനിയന്ത്രിത സംവിധാനങ്ങൾ, ഓഗ്‌മെന്റഡ് റിയാലിറ്റി, ബയോടെക്നോളജി, നാനോ ടെക്നോളജി തുടങ്ങി, ഉയർന്നുവരുന്ന സാങ്കേതികവിദ്യകളുടെ അവലംബവും ആഗോള അപകടാവസ്ഥ സൃഷ്ടിക്കുന്നു. ഈ സാഹചര്യത്തിലാണ് ദുർബലതകളെ ചൂഷണം ചെയ്യുന്ന ഭീകരവാദികളുടെ ഭീഷണി നേരിടാൻ ആഗോള സഹകരണം അനിവാര്യമായി മാറുന്നത്. എല്ലാ രാജ്യങ്ങളും ഒത്തുചേർന്ന് അന്താരാഷ്ട്ര ഭീകരതയ്‌ക്കെതിരായ സമഗ്ര ഉടമ്പടിയിൽ ഒപ്പുവയ്ക്കേണ്ട സമയമാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |