മുതിർന്ന പൗരന്മാർ സമൂഹത്തിന്റെ അവിഭാജ്യ ഘടകമാണ്. അവരുടെ അറിവും അനുഭവസമ്പത്തും സമൂഹത്തിന് മുതൽക്കൂട്ടാണ്. അതേസമയം, ലോകമെമ്പാടും മുതിർന്നവർ പലപ്പോഴും ദുരുപയോഗങ്ങൾക്കും അവഗണനകൾക്കും ഇരകളാകുന്നുണ്ട്. ഈ വിഷയം പൊതുസമൂഹത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനും മുതിർന്നവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമായാണ് ലോക വയോജന ദുരുപയോഗ അവബോധ ദിനം (World Elder Abuse Awareness Day - WEAAD) ആചരിക്കുന്നത്.
2006-ൽ ഇന്റർനാഷണൽ നെറ്റ്‌വർക്ക് ഫോർ ദി പ്രിവൻഷൻ ഓഫ് എൽഡർ അബ്യൂസ് (INPEA) ലോകാരോഗ്യ സംഘടനയുമായി ചേർന്ന് WEAAD ആരംഭിച്ചു. പിന്നീട് 2011-ൽ ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലി ഈ ദിനത്തെ ഔദ്യോഗികമായി അംഗീകരിച്ചു. മുതിർന്നവരുടെ അവകാശങ്ങൾക്കും സുരക്ഷയ്ക്കുമായി ആഗോള തലത്തിൽ ബോധവത്കരണം നടത്തുന്നതിനുള്ള ഒരു പ്രധാന വേദിയായി ഇത് മാറുകയായിരുന്നു. വയോജന ദുരുപയോഗത്തിന്റെ വിവിധ രൂപങ്ങൾ ഇനി പറയുന്നതു പോലെയാകാം
ശാരീരിക ദുരുപയോഗം: തല്ലിച്ചതയ്ക്കൽ, തള്ളിയിടൽ, അടിക്കൽ തുടങ്ങിയവ.
മാനസിക ദുരുപയോഗം: അപമാനിക്കുക, ഭീഷണിപ്പെടുത്തുക, ഒറ്റപ്പെടുത്തുക തുടങ്ങിയവ
സാമ്പത്തിക ചൂഷണം: നിയമവിരുദ്ധമായി പണം കൈക്കലാക്കുക, വസ്തുവകകൾ തട്ടിയെടുക്കുക.
അവഗണന: ആവശ്യമായ പരിചരണം, മരുന്ന്, ഭക്ഷണം എന്നിവ നൽകാതിരിക്കുന്നത്.
സാമൂഹിക ഒറ്റപ്പെടുത്തൽ: ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും മനഃപൂർവം അകറ്റിനിറുത്തുന്നത്.
സാമ്പത്തിക ചൂഷണമാണ് മുതിർന്നവർക്കെതിരെ ഏറ്റവും കൂടുതൽ നടക്കുന്ന ദുരുപയോഗം. ഇത്തരം ദുരുപയോഗങ്ങളിൽ ഭൂരിഭാഗവും കുടുംബാംഗങ്ങളോ അടുത്ത പരിചയക്കാരോ ആണ് നടത്തുന്നത് എന്നതാണ് ഏറ്റവും ദു:ഖകരം. 2030-ഓടെ ലോകത്ത് ഏകദേശം 1.4 ബില്യൺ മുതിർന്നവർ ഉണ്ടാകുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഏറ്റവും കുറഞ്ഞത് ആറിൽ ഒരു മുതിർന്ന വ്യക്തിയെങ്കിലും ഏതെങ്കിലും തരത്തിലുള്ള ദുരുപയോഗം അനുഭവിക്കുന്നുണ്ട്. ഭൂരിഭാഗം കേസുകളും റിപ്പോർട്ട് ചെയ്യപ്പെടാറില്ല. ചില പഠനങ്ങൾ പ്രകാരം 24 കേസുകളിൽ ഒന്നു മാത്രമാണ് പുറത്തുവരുന്നത്.
2025- ലെ ലോക വയോജന ദുരുപയോഗ അവബോധ ദിനത്തിന്റെ തീം, Grow the Conversation- Recognize the Signs, Reduce the Risks എന്നതാണ്. ഇത് മൂന്ന് പ്രധാന കാര്യങ്ങൾക്ക് ഊന്നൽ നൽകുന്നു:
സംഭാഷണം വളർത്തുക: മുതിർന്നവരുടെ പ്രശ്നങ്ങളെക്കുറിച്ച് തുറന്ന ചർച്ചകൾക്ക് വേദിയൊരുക്കുക.
ലക്ഷണങ്ങൾ തിരിച്ചറിയുക: ദുരുപയോഗത്തിന്റെ സൂചനകൾ തിരിച്ചറിയാൻ പൊതുജനങ്ങളെ ബോധവത്കരിക്കുക.
അപകടസാദ്ധ്യതകൾ കുറയ്ക്കുക: മുതിർന്നവരെ സംരക്ഷിക്കുന്നതിനായി സഹായക ശൃംഖലകൾ രൂപീകരിക്കുക.
എങ്ങനെ
പങ്കാളിയാകാം?
ഈ ദിനത്തിൽ നമുക്ക് പല രീതികളിൽ പങ്കാളികളാകാം:
പർപ്പിൾ നിറം ധരിക്കുക: ഈ ദിനത്തിന്റെ ഔദ്യോഗിക നിറം പർപ്പിളാണ്.
സാമൂഹിക മാധ്യമങ്ങളിൽ പങ്കചേരുക: #WEAAD, #StopElderAbuse തുടങ്ങിയ ഹാഷ്‌ടാഗുകൾ ഉപയോഗിച്ച് ബോധവത്കരണം നടത്തുക.
പ്രാദേശിക പരിപാടികളിൽ പങ്കെടുക്കുക: സെമിനാറുകൾ, വെബിനാറുകൾ, ബോധവത്കരണ കാമ്പെയ‌്നുകൾ എന്നിവയിൽ ചേരുക.
മുതിർന്നവരുമായി ബന്ധം പുലർത്തുക: അവരുടെ ക്ഷേമം ഉറപ്പാക്കാൻ അവരുമായി സംസാരിക്കുക.
നയരൂപീകരണത്തിൽ പങ്കാളിയാകുക: മുതിർന്നവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന നയങ്ങളെ പിന്തുണയ്ക്കുക.
ഇന്ത്യയിലും
കേരളത്തിലും
ഇന്ത്യയിൽ, പ്രത്യേകിച്ച് കേരളത്തിൽ മുതിർന്നവരുടെ എണ്ണം വർദ്ധിച്ചുവരികയാണ്. സാമൂഹിക മാറ്റങ്ങളും കുടുംബഘടനകളിലെ വ്യത്യാസങ്ങളും പലപ്പോഴും മുതിർന്നവരെ ഒറ്റപ്പെടുത്തുകയും അവഗണനകൾക്ക് ഇരയാക്കുകയും ചെയ്യുന്നു. കേരള സർക്കാർ മുതിർന്നവർക്കായി വിവിധ പദ്ധതികൾ നടപ്പിലാക്കുന്നുണ്ടെങ്കിലും, കൂടുതൽ ബോധവത്കരണവും സമൂഹത്തിന്റെ സജീവ പങ്കാളിത്തവും ഈ വിഷയത്തിൽ അനിവാര്യമാണ്.
മുതിർന്നവരോടുള്ള ദുരുപയോഗം സംശയിക്കുന്നുവെങ്കിൽ, അടുത്തുള്ള സാമൂഹികക്ഷേമ ഓഫീസുമായോ അധികാരികളുമായോ ബന്ധപ്പെടുക. മുതിർന്നവർക്ക് സുരക്ഷിതവും മാന്യവുമായ ജീവിതം ഉറപ്പാക്കേണ്ടത് നമ്മുടെ കടമയാണെന്ന് ഓർമ്മിക്കുക. മുതിർന്നവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അവരോടുള്ള ദുരുപയോഗം തടയുന്നതിനും നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |