കേരളത്തിലെ തുമ്പയിൽ, ശാന്തമായൊരു മത്സ്യബന്ധന ഗ്രാമത്തിലെ പള്ളിമുറ്റത്തു നിന്ന് വിക്ഷേപിക്കപ്പെട്ട റോക്കറ്റുകളിലൂടെ ഇന്ത്യയുടെ ബഹിരാകാശ യാത്ര ആരംഭിക്കുമ്പോൾ, ഭാവിയിൽ രാഷ്ട്രം എത്രത്തോളം ഉയരങ്ങളിലെത്തുമെന്ന് ചുരുക്കം ചിലർക്കു മാത്രമെ സങ്കല്പിക്കാൻ കഴിഞ്ഞിരുന്നുള്ളൂ. പരിമിതമായ മാർഗങ്ങളിലൂടെയും പരിധിയില്ലാത്ത അഭിലാഷങ്ങളിലൂടെയും നക്ഷത്രങ്ങളിലെത്തുക എന്ന സ്വപ്നം തളിരിട്ട, ശാന്തമായ ദൃഢനിശ്ചയത്തിന്റെ ഒരു കാലമായിരുന്നു അത്.
ഇന്ന്, ആ സ്വപ്നം ഒരു ദേശീയ ദൗത്യമായി വളർന്നിരിക്കുന്നു. നരേന്ദ്രമോദി സർക്കാരിന്റെ പതിനൊന്ന് വർഷങ്ങൾ ആഘോഷിക്കുമ്പോൾ, ഇന്ത്യയുടെ ബഹിരാകാശ പദ്ധതി അദ്‌ഭുതകരമാം വിധം രൂപാന്തരം പ്രാപിച്ചിരിക്കുന്നു- ധീരവും, എല്ലാവരെയും ഉൾക്കൊള്ളുന്നതും, സാധാരണ പൗരന്മാരുടെ ജീവിതവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നതുമാണ് ഇന്ത്യയുടെ ബഹിരാകാശ പദ്ധതി. ഈ പരിവർത്തനം കേവലം റോക്കറ്റുകളുടെയും ഉപഗ്രഹങ്ങളുടെയും മാത്രം കഥയല്ല; ഇത് ജനങ്ങളുടെ കൂടി കഥയാണ്. ഒരു വിദൂര ഗ്രാമത്തിലെ കർഷകന്റെയും ഡിജിറ്റൽ ക്ലാസ് മുറിയിലെ വിദ്യാർത്ഥിയുടെയും ദൈനംദിന ജീവിത താളങ്ങളിലേക്ക് ബഹിരാകാശ സാങ്കേതികവിദ്യ എങ്ങനെ നിശബ്ദം പ്രവേശിക്കുന്നു എന്നതിന്റെ വിശദീകരണമാണത്. പ്രധാനമന്ത്രി മോദിയുടെ ദാർശനിക നേതൃത്വത്തിലും ബഹിരാകാശ വകുപ്പിന്റെ തന്ത്രപരമായ മേൽനോട്ടത്തിലും, വികസനം, ശാക്തീകരണം, അവസരം എന്നിവയ്ക്കുള്ള ഉപാധിയായി ഇന്ത്യ സ്വന്തം ബഹിരാകാശ പദ്ധതിയെ പുനർവിചിന്തനം ചെയ്തു.
2014 മുതൽ നടപ്പിലാക്കിയ പരിഷ്‌കാരങ്ങൾ പുതിയ അതിർത്തികൾ തുറന്നു നൽകി. 2020-ൽ IN-SPACe- ന്റെ സൃഷ്ടി സ്വകാര്യ കമ്പനികൾക്ക് ബഹിരാകാശ പ്രവർത്തനങ്ങളിൽ പങ്കെടുക്കുവാൻ അവസരമൊരുക്കി. ഇത് ഒരു നൂതനാശയ തരംഗത്തിന് കാരണമായി. ഇന്ന്, മുന്നൂറിലധികം ബഹിരാകാശ, സാങ്കേതിക സ്റ്റാർട്ടപ്പുകൾ ഉപഗ്രഹങ്ങൾ നിർമ്മിക്കുകയും വിക്ഷേപണ വാഹനങ്ങൾ രൂപകല്പന ചെയ്യുകയും കൃഷി, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, ഗതിനിയന്ത്രണം എന്നീ മേഖലകളിൽ സേവനങ്ങൾ ലഭ്യമാക്കുന്ന ആപ്ലിക്കേഷനുകൾ വികസിപ്പിക്കുകയും ചെയ്യുന്നു. ഈ സ്റ്റാർട്ടപ്പുകൾ കേവലം സാങ്കേതികവിദ്യയുടെ സൃഷ്ടി മാത്രമല്ല നിർവഹിക്കുന്നത്; മറിച്ച് രണ്ടാംനിര, മൂന്നാം നിര നഗരങ്ങളിലെ യുവ എൻജിനീയർമാർക്കും സംരംഭകർക്കും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നു.
വിതയ്ക്കുന്നു,
കൊയ്യുന്നു
ഇന്ത്യയുടെ ഉപഗ്രഹങ്ങൾ ഇപ്പോൾ കാലാവസ്ഥാ പ്രവചനത്തിൽ നിർണായക പങ്ക് വഹിക്കുന്നു. വിത്ത് വിതയ്ക്കുന്നതിനും വിളവെടുപ്പിനുമുള്ള സമയക്രമം അതീവ കൃത്യതയോടെ ആസൂത്രണം ചെയ്യാൻ കർഷകരെ സഹായിക്കുന്നു. ഉപഗ്രഹ ഡാറ്റകൾ വെള്ളപ്പൊക്ക സാദ്ധ്യതയുള്ള പ്രദേശങ്ങളിൽ മുൻകൂർ മുന്നറിയിപ്പുകളും ദുരന്ത പ്രതികരണവും സുസാദ്ധ്യമാക്കുന്നു. ജീവനും ഉപജീവനമാർഗങ്ങളും സംരക്ഷിക്കുന്നു. ചുഴലിക്കാറ്റുകളും വരൾച്ചയും മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾ കണക്കാക്കാനും ലഘൂകരിക്കാനും റിമോട്ട് സെൻസിംഗ് സഹായിക്കുന്നു. സാറ്റലൈറ്റ് കണക്റ്റിവിറ്റിയുടെ പിന്തുണയോടെയുള്ള ടെലി മെഡിസിൻ, ഗ്രാമീണ ക്ലിനിക്കുകളിലെത്തുന്ന വിദൂര പ്രദേശങ്ങളിലെ രോഗികൾക്ക് നഗര കേന്ദ്രങ്ങളിലെ ഡോക്ടർമാരുടെ വിദഗ്ദ്ധാഭിപ്രായം തേടാൻ അവസരമൊരുക്കുന്നു. ഉപഗ്രഹ പിന്തുണയോടെയുള്ള ഇ- ലേണിംഗ് പ്ലാറ്റ്‌ഫോമുകൾ, ഗ്രാമങ്ങളിലെ കുട്ടികൾക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം ലഭ്യമാക്കുന്നു...
ഇന്ത്യയുടെ തദ്ദേശീയ ജി.പി.എസ് ശൃംഖലയായ 'നാവിക്" സംവിധാനം (NavIC) ഇപ്പോൾ വാഹനങ്ങളിലെ നാവിഗേഷൻ ആവശ്യങ്ങൾക്കും, ട്രെയിനുകളും കപ്പലുകളും നിരീക്ഷിക്കുന്നതിനും, മത്സ്യത്തൊഴിലാളികളെ സുരക്ഷിതമായി തീരത്ത് തിരികെയെത്തിക്കുന്നതിനും ഉപയോഗിക്കുന്നു. മണ്ണിലെ ഈർപ്പം, വിളകളുടെ ആരോഗ്യം, കീടബാധ എന്നിവ നിരീക്ഷിക്കാൻ കർഷകരെ ഉപഗ്രഹാധിഷ്ഠിത മാർഗനിർദ്ദേശങ്ങൾ സഹായിക്കുന്നു. ഇവയെല്ലാം അമൂർത്തമായ നേട്ടങ്ങളല്ല; കോടിക്കണക്കിന് ആളുകളെ സംബന്ധിച്ചിടത്തോളം മൂർത്തവും അനുഭവവേദ്യവും ജീവിതഗന്ധിയുമായ നേട്ടങ്ങളാണ്.
കഴിഞ്ഞ ദശകത്തിൽ ഇന്ത്യ തുടക്കം കുറിച്ച ബഹിരാകാശ ദൗത്യങ്ങൾ ആഗോള ശ്രദ്ധയ്ക്ക് പാത്രമായി. ഇന്ത്യയുടെ എൻജിനീയറിംഗ് മികവ് പ്രകടമാക്കിക്കൊണ്ട് 'മംഗൾയാൻ" ആദ്യ ഉദ്യമത്തിൽത്തന്നെ ചൊവ്വയിലെത്തി. ജലഹിമം കാണപ്പെടുന്ന ചന്ദ്രന്റെ ദക്ഷിണധ്രുവത്തിനടുത്താണ് ചന്ദ്രയാൻ-3 ഇറങ്ങിയത്. അതിലെ 'റോവർ" ഭാവിയിലെ ചാന്ദ്ര ദൗത്യങ്ങൾക്ക് ശക്തി പകരുന്ന പരീക്ഷണങ്ങൾ നടത്തി. 'ആദിത്യ-എൽ1" ഇപ്പോൾ സൗരവാതങ്ങളെക്കുറിച്ച് പഠിക്കുന്നു, ആശയവിനിമയ സംവിധാനങ്ങളിലും ഊർജ്ജ ഗ്രിഡുകളിലും ബഹിരാകാശ കാലാവസ്ഥയുടെ സ്വാധീനം മനസിലാക്കാൻ ശാസ്ത്രജ്ഞരെ സഹായിക്കുന്നു.
ഗഗൻയാൻ
തരംഗം
2027-ൽ ആസൂത്രണം ചെയ്തിരിക്കുന്ന 'ഗഗൻയാൻ" ദൗത്യം ഇന്ത്യൻ ഗഗനചാരികളെ ബഹിരാകാശത്തേക്ക് അയയ്ക്കും. എന്നാൽ മനുഷ്യദൗത്യത്തിന് മുമ്പുതന്നെ, 'ഗഗൻയാൻ" ദൗത്യം പുതുതലമുറയെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ചു. ബഹിരാകാശയാത്രികരുടെ പരിശീലനം, സുരക്ഷാ സംവിധാനങ്ങളുടെ വികസനം, ആളില്ലാ പരീക്ഷണപ്പറക്കലുകൾ എന്നിവ തരംഗം സൃഷ്ടിക്കുന്നു , ഗവേഷണം വിപുലീകരിക്കുകയും പ്രതിഭകളെ ആകർഷിക്കുകയും ദേശാഭിമാനം വളർത്തുകയും ചെയ്യുന്നു.
ഭാവിയിലേക്ക് കണ്ണോടിക്കുമ്പോൾ, 2035-ഓടെ ഇന്ത്യ സ്വന്തമായി ഒരു ബഹിരാകാശ നിലയം (ഭാരതീയ അന്തരീക്ഷ നിലയം) നിർമ്മിക്കാൻ പദ്ധതിയിടുന്നു. ആദ്യ മൊഡ്യൂൾ 2028-ൽ വിക്ഷേപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സ്പേസ് ഡോക്കിംഗ് പരീക്ഷണത്തിന്റെ സമീപകാല വിജയം ഈ അഭിലാഷ ലക്ഷ്യത്തിന് ആവശ്യമായ സാങ്കേതികവിദ്യകളെ സാധൂകരിക്കുന്നു. ദീർഘകാല വാസവും ഗവേഷണവും സാദ്ധ്യമാക്കുന്ന ഈ സ്റ്റേഷൻ, ഗഹനമായ ബഹിരാകാശ പര്യവേക്ഷണത്തിനും ഗ്രഹാന്തര ദൗത്യങ്ങൾക്കുമുള്ള വാതായനങ്ങൾ തുറക്കും.
വളരുന്ന ഈ അഭിലാഷങ്ങളെ പിന്തുണയ്ക്കുന്നതിനായി 30,000 കിലോഗ്രാം ഭാരം വഹിച്ച് ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തിലെത്തിലേക്ക് സഞ്ചരിക്കാൻ ശേഷിയുള്ള നെക്സ്റ്റ് ജനറേഷൻ ലോഞ്ച് വെഹിക്കിൾ (NGLV) ഇന്ത്യ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. പുനരുപയോഗിക്കാവുന്ന ഘട്ടങ്ങളും മോഡുലാർ പ്രൊപ്പൽഷൻ സംവിധാനങ്ങളും ഇതിൽ ഉൾപ്പെടുന്നു. ഇത് ഇന്ത്യയുടെ ബഹിരാകാശ ഉദ്യമങ്ങളുടെ ചെലവ് കുറയ്ക്കുകയും സുസ്ഥിരത മെച്ചപ്പെടുത്തുകയും ചെയ്യും. വർദ്ധിച്ചുവരുന്ന വിക്ഷേപണങ്ങളുടെ ആവൃത്തി കൈകാര്യം ചെയ്യുന്നതിനും വാണിജ്യ ദൗത്യങ്ങളെ പിന്തുണയ്ക്കുന്നതിനുമായി ശ്രീഹരിക്കോട്ടയിൽ മൂന്നാമത്തെ വിക്ഷേപണത്തറയും തമിഴ്‌നാട്ടിൽ ഒരു പുതിയ ബഹിരാകാശ പോർട്ടും നിർമ്മിക്കുന്നു.
തന്ത്രപരമായ
അനിവാര്യത
ഇതൊക്കെയാണെങ്കിലും ബഹിരാകാശമെന്നാൽ പര്യവേക്ഷണം മാത്രമല്ല - അത് ഉത്തരവാദിത്തം കൂടിയാണ്. ആയിരക്കണക്കിന് ഉപഗ്രഹങ്ങൾ ഭൂമിയെ ചുറ്റുന്നതിനാൽ, ബഹിരാകാശ അവശിഷ്ടങ്ങൾ ഗുരുതരമായ ആശങ്കയായി മാറിയിരിക്കുന്നു. ഐ.എസ്.ആർ.ഒയുടെ ബഹിരാകാശ സാഹചര്യ അവബോധ പരിപാടി (Space Situational Awareness program) അവശിഷ്ടങ്ങളെ തത്സമയം നിരീക്ഷിക്കുക മാത്രമല്ല, കൂട്ടിയിടികൾ ഒഴിവാക്കുന്നതിനും ബഹിരാകാശ പ്രവർത്തനങ്ങളുടെ ദീർഘകാല സുസ്ഥിരത ഉറപ്പാക്കുന്നതിനുമുള്ള തന്ത്രങ്ങൾ വികസിപ്പിക്കുകയും ചെയ്യുന്നു.
രാജ്യത്തിന്റെ എല്ലാ കോണുകളിലും ബഹിരാകാശ സാങ്കേതികവിദ്യയുടെ സ്വാധീനം ദൃശ്യമാണ്. ഹിമാലയൻ സംസ്ഥാനങ്ങളിൽ മണ്ണിടിച്ചിലുകളും ഹിമാനികളുടെ ചലനങ്ങളും നിരീക്ഷിക്കാൻ ഉപഗ്രഹ ഡാറ്റ സഹായിക്കുന്നു. തീരപ്രദേശങ്ങളിൽ സമുദ്ര സംരക്ഷണത്തെയും ദുരന്ത നിവാരണ തയ്യാറെടുപ്പിനെയും പിന്തുണയ്ക്കുന്നു. ഗോത്ര, വിദൂര മേഖലകളിൽ ഉപഗ്രഹ ഇന്റർനെറ്റ് വഴി ഡിജിറ്റൽ ശാക്തീകരണം സാദ്ധ്യമാക്കുന്നു. അടുത്ത ദശകത്തിലേക്ക് കണ്ണോടിക്കുമ്പോൾ, നമ്മുടെ ലക്ഷ്യങ്ങൾ സുവ്യക്തമാണ്: 2040-ഓടെ മനുഷ്യനെ ചന്ദ്രനിലെത്തിക്കുക, പൂർണമായും പ്രവർത്തനക്ഷമമായ ബഹിരാകാശ നിലയം, ആഗോള ബഹിരാകാശ നൂതനാശയങ്ങളിൽ നേതൃപരമായ പങ്ക്... ഇവയൊന്നും വെറും സ്വപ്നങ്ങളല്ല- സമൂഹത്തെ പരിവർത്തനം ചെയ്യാനുള്ള ശാസ്ത്രത്തിന്റെ ശക്തിയിൽ സദാ വിശ്വസിക്കുന്ന ഒരു രാഷ്ട്രത്തെ സംബന്ധിച്ചിടത്തോളം തന്ത്രപരമായ അനിവാര്യതകളാണ്.
തുമ്പയിലെ സൈക്കിൾ ഷെഡുകൾ മുതൽ ഭ്രമണപഥത്തിലെ ഡോക്കിംഗ് പ്രക്രിയ വരെ, ഇന്ത്യയുടെ ബഹിരാകാശ യാത്ര ചെറുത്തുനില്പിന്റെയും ഭാവനയുടെയും നിരന്തര പരിശ്രമത്തിന്റെയും കഥയാണ്. ഇത് ഓരോ പൗരന്റെയും ഓരോ ശാസ്ത്രജ്ഞന്റെയും ഓരോ സ്വപ്‌നാടകന്റെയും കഥ കൂടിയാണ്. പതിനൊന്ന് വർഷത്തെ പരിവർത്തനാത്മക ഭരണം ആഘോഷിക്കുമ്പോൾ, നക്ഷത്രങ്ങളെ കൈക്കുമ്പിളിലൊതുക്കി, അവയുടെ വെളിച്ചം ഭൂമിയിലേക്ക് ആവാഹിച്ച ഒരു രാഷ്ട്രത്തെ നാം ആഘോഷിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |