ഒരുവൻ പുനർജ്ജനിക്കണമെങ്കിൽ അയാൾ ആദ്യം മരിക്കണം! - സൽമാൻ റുഷ്ദിയുടെ 'ചെകുത്താന്റെ വചനങ്ങൾ" ആരംഭിക്കുന്നത് ഇങ്ങനെയാണ്. ഒരർഥത്തിൽ ഇതാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ കാര്യത്തിൽ സംഭവിച്ചതും. അത് 1975 ൽ മരിച്ചു; 77-ൽ പുനർജ്ജനിക്കാൻ. അടിയന്തരാവസ്ഥയിലൂടെ ഇന്ദിരാഗാന്ധി ജനങ്ങളുടെ അവകാശങ്ങൾ കവർന്നെടുത്തു. അടിയന്തരാവസ്ഥയുടെ ഒടുവിൽ നടന്ന തിരഞ്ഞെടുപ്പിലൂടെ ജനങ്ങൾ ഇന്ദിരയുടെ അധികാരം തിരിച്ചെടുത്ത് തങ്ങളുടെ അവകാശങ്ങൾ പുനഃസ്ഥാപിച്ചു.
മുഹമ്മദ് റാഫിയുടെ പഴയൊരു ഗാനത്തിലെ വരി ഓർമ്മവരുന്നു, 'എന്തൊരു മാറ്റം, എന്തൊരു ആന്റി-ക്ളൈമാക്സ് "(ചിത്രം: ഗൈഡ്). ഇന്ത്യൻ രാഷ്ട്രീയത്തിൽ ദൂരവ്യാപകമായ മാറ്റങ്ങൾക്ക് വഴിവച്ച ഒന്നാണ് അടിയന്തരാവസ്ഥ. അറുപതുകളുടെ അവസാനത്തോടെ ആരംഭിച്ച കോൺഗ്രസിന്റെ തകർച്ച അതിന്റെ രണ്ടാം ഘട്ടത്തിലേക്ക് നീങ്ങാൻ ഇത് വഴിയൊരുക്കി. എലിയുടെ വാൽ പോലെ കോൺഗ്രസ് നേർത്തുനേർത്തു വന്നു. 1984-ലെ തിരഞ്ഞെടുപ്പ് മാത്രമാണ് ഇതിനൊരു അപവാദമായി നിൽക്കുന്നത്. അതാകട്ടെ, ഇന്ദിരയുടെ രക്തസാക്ഷിത്വത്തിൽ പിറന്നതും. മറുവശത്ത്, ഇന്ത്യൻ രാഷ്ട്രീയത്തിൽ ബി.ജെ.പിയുടെ വരവിന് ഇത് നാന്ദികുറിക്കുകയും ചെയ്തു. രാഷ്ട്രീയം അങ്ങനെയാണ്. അത് സാദ്ധ്യതയുടെ കലയാണ്.
ഇന്ദിരയ്ക്കും കോൺഗ്രസിനും ഇന്ത്യയ്ക്കും ഒരുപോലെ നിർണായകമായ ദിനമാണ് 1975 ജൂൺ 12. ഗുജറാത്ത് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് തറപറ്റി. ഇന്ദിരാഗാന്ധിയുടെ തിരഞ്ഞെടുപ്പ് അലഹബാദ് ഹൈക്കോടതി റദ്ദാക്കിയത് അതിലും നിർണായകമായി. വിധി പുറത്തുവന്നതോടെ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് കോൺഗ്രസ് നേതാക്കളുടെ വരവായി. അവർ രണ്ടു ഗ്രൂപ്പുകളായി തിരിഞ്ഞ് വിധിയുടെ പ്രത്യാഘാതങ്ങൾ ചർച്ചചെയ്യാൻ ആരംഭിച്ചു- ഒരു ഗ്രൂപ്പ് പ്രശ്നത്തിന്റെ നിയമവശവും, രണ്ടാമത്തെ കൂട്ടർ അതിന്റെ രാഷ്ട്രീയ മാനങ്ങളും.
ഇതിനിടയിൽ ഗ്രൂപ്പിന് അതീതമായി, ഇന്ദിര രാജിവയ്ക്കേണ്ടതില്ലെന്ന് ഏവരും പറഞ്ഞു, ഒരാൾ ഒഴികെ - ഡോ. കരൺ സിംഗ്. “ഒരു വേള രാജിവയ്ക്കുന്നതാണ് നല്ലതെന്ന് ഞാൻ അവരെ ഉപദേശിച്ചു. പ്രസിഡന്റിന് രാജിക്കത്ത് നൽകുമ്പോൾ അദ്ദേഹത്തിന് അത് തള്ളിക്കളഞ്ഞുകൊണ്ട് സുപ്രീംകോടതി വിധി വരുന്നതുവരെ കാത്തിരിക്കാൻ പറയാവുന്നതേയുള്ളൂ. അവർ ഒരക്ഷരം ഉരിയാടിയില്ല. അവർക്കത് ഇഷ്ടപ്പെട്ടില്ലെന്ന് വ്യക്തം.”- കരൺസിംഗ് വെളിപ്പെടുത്തി (Neerja Chowdhury,How Prime Ministers Decide).
ഏതാണ്ട് 10.30-ഓടെ സഞ്ജയ്ഗാന്ധിയും ബൻസിലാലും ആർ.കെ ധവാനുമായി ഇന്ദിരാഗാന്ധി രഹസ്യമായി ചർച്ചയാരംഭിച്ചു. ഇതിനൊടുവിലാണ് ജൂൺ 25-ന് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള തീരുമാനം ഉണ്ടാകുന്നത്. ‘അടിയന്തരാവസ്ഥയ്ക്കു വേണ്ടി ഏറ്റവുമധികം വാദിച്ചത് സഞ്ജയ് ഗാന്ധിയാണെന്ന്’ കരൺ സിംഗ് വീണ്ടും പറയുന്നു. ശേഷം ചരിത്രം.
അതെ, ഞാൻ
സ്വേച്ഛാധിപതി!
അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള കാരണത്തെക്കുറിച്ച് ഇന്ദിര പാർലമെന്ററിൽ പറഞ്ഞത് ഇങ്ങനെ: “പ്രതിപക്ഷം എല്ലാ ജനാധിപത്യ മര്യാദകളും കാറ്റിൽ പറത്തിയിരിക്കുന്നു. അവരെ ഇങ്ങനെ വിട്ടാൽ ജനാധിപത്യത്തിന്റെ സ്ഥാനത്ത് അരാജകത്വവും ആശയകുഴപ്പവുമാകും ഫലം.” കൂട്ടത്തിൽ പ്രതിപക്ഷത്തോട് അവർ ഒന്നുകൂടി പറഞ്ഞു, “ഞാൻ സ്വേച്ഛാധിപതി അല്ലാതിരുന്നപ്പോൾ നിങ്ങൾ എന്നെ സ്വേച്ഛാധിപതിയെന്നു വിളിച്ചു. അതെ, ഇപ്പോൾ ഞാൻ അതാണ്!” ഈ പ്രസ്താവന പി.ടി.ഐക്ക് അയച്ചുകൊടുത്തെങ്കിലും സെൻസർ അത് പിൻവലിച്ചതിനാൽ അതിപ്പോൾ പാർലമെന്റ് രേഖകളിൽ മാത്രം ശേഷിക്കുന്നു.
ഈ അധികാര പ്രമത്തതയാണ് കോൺഗ്രസിന്റെ വാരിക്കുഴി തോണ്ടിയത്. ഇതിൽ സഞ്ജയ്ഗാന്ധി വഹിച്ച പങ്ക് വളരെ വലുതാണ്. രാജീവ്ഗാന്ധി തന്നെ 77-ലെ തിരഞ്ഞെടുപ്പു പരാജയത്തിനു ശേഷം ഇക്കാര്യം വ്യക്തമാക്കി. “മമ്മിയെ ഈ ഗതിയിലാക്കിയതിന് ഞാൻ സഞ്ജയിനോട് ഒരിക്കലും പൊറുക്കില്ല. അയാളാണ് ഇതിനുത്തരവാദി.” അദ്ദേഹം പറഞ്ഞു ( Sagarika Ghose, Indira: India’s Most Powerful Prime Minister).
സഞ്ജയ് അടിയന്തരാവസ്ഥയിലുടനീളം നടന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ ചുക്കാൻ പിടിച്ചു എന്നു മാത്രമല്ല, കോൺഗ്രസിലെ ബഹുജനാടിത്തറയുള്ള നേതാക്കളെ ഒന്നൊന്നായി തഴയുകയോ പാർട്ടി വിടാനുള്ള വഴിയൊരുക്കുകയോ ചെയ്തു. ഏതാനും ചില ഉദാഹരണങ്ങൾ ഇതാ. സി. സുബ്രഹ്മണ്യത്തിന്റെ സ്ഥാനത്ത് പ്രണബ് മുഖർജിയെ കുടിയിരുത്തി. വാർത്താ വിതരണ പ്രക്ഷേപണ മന്ത്രിയായിരുന്ന ഗുജ്റാളിനെ അംബാസഡറായി തരംതാഴ്ത്തി. അതിനു മുൻപ് ഇരുവരും തമ്മിൽ നടന്നൊരു സംഭാഷണം ഓർമ്മ വരുന്നു:
സഞ്ജയ്: ആകാശവാണി ഇന്ദിരാഗാന്ധിയെ വേണ്ടുംവിധം അവതരിപ്പിക്കുന്നില്ല. നിങ്ങൾ ശരിയായ രീതിയിലല്ല വകുപ്പ് കൈകാര്യം ചെയ്യുന്നത്. ഇനി മുതൽ എല്ലാ ന്യൂസ് ബുള്ളറ്റിനും ആദ്യം എനിക്കയയ്ക്കണം.
ഗുജ്റാൾ: ഞാൻ അത് നിങ്ങൾക്കയയ്ക്കില്ല, നിങ്ങളുടെ അമ്മയ്ക്ക് അയയ്ക്കും! (How Prime Ministers Decide )
ഇതേ രീതിയിലാണ് യു.പിയിലെ സമുന്നത നേതാവായിരുന്ന ബഹുഗുണയോട് അദ്ദേഹം പെരുമാറിയതും. അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് ഒഴിവാക്കാനായി ഓസ്ട്രേലിയയിലെ അംബാസഡറാക്കാൻ സഞ്ജയ് ശ്രമിച്ചു. ഇതിന് ബഹുഗുണ നൽകിയ മറുപടി ഇങ്ങനെ: “ഞാൻ ഐ.കെ. ഗുജ്റാൾ അല്ല.” കോൺഗ്രസിന്റെ ജനകീയാടിത്തറ തകർക്കുന്നതിൽ ഇത്തരം നീക്കങ്ങൾ വഹിച്ച പങ്ക് ചെറുതല്ല. ശ്രദ്ധേയമായത്, ഇതിൽ പലതും ഇന്ദിര അറിഞ്ഞിരുന്നില്ല എന്നതാണ്. ബി.കെ. നെഹ്രുവിന്റെ ഭാര്യ ഫോറി നെഹ്രു സൂചിപ്പിച്ചത് ഇതിനു തെളിവാണ്- “നിർബന്ധിത വന്ധ്യംകരണവുമായി ബന്ധപ്പെട്ട് സഞ്ജയും കൂട്ടരും കാണിക്കുന്ന അതിക്രമങ്ങളെക്കുറിച്ച് ഞാൻ അവരോടു പറഞ്ഞപ്പോൾ, സങ്കടത്തോടെ അവർ പ്രതിവചിച്ചു: ’ആരും എന്നോടൊന്നും പറയുന്നില്ല. ഞാൻ എന്തു ചെയ്യും?”
ഇതിൽ അത്ഭുതപ്പെടാനില്ല. സെൻസർഷിപ്പിന് ഇന്ദിരാഗാന്ധി നൽകേണ്ടിവന്ന വിലയാണിത്. അധികാരത്തിന്റെ ആനന്ദം അനുഭവിക്കുമ്പോഴും എല്ലാ സർവാധികാരികളും സ്വയം ഒറ്റപ്പെടുന്നു. തങ്ങൾക്കു പഥ്യമായതു മാത്രമേ അവർ കേൾക്കു, കാണൂ. ചുറ്റുമുള്ളവർ സാമൂഹ്യയാഥാർത്ഥ്യങ്ങൾ അവരിൽ നിന്ന് മറച്ചുപിടിക്കുന്നു. അധികാരത്തിന്റെ ഏകാന്തത.
രാഷ്ട്രീയ
പാഠങ്ങൾ
ഒരുപക്ഷേ സാമൂഹ്യ- രാഷ്ട്രീയ യാഥാർത്ഥ്യങ്ങളെക്കുറിച്ചുള്ള ഈ അജ്ഞതയവാം, 1977-ൽ തിരഞ്ഞെടുപ്പു പ്രഖ്യാപിക്കാൻ അവരെ പ്രേരിപ്പിച്ചത്. 340 സീറ്റ് കോൺഗ്രസിനു കിട്ടുമെന്ന ഐ.ബിയുടെ റിപ്പോർട്ടാണ് അപ്പോൾ അവരുടെ മുന്നിൽ. പ്രതിപക്ഷം വളരെപ്പെട്ടെന്ന് ഐക്യപ്പെടുമെന്ന് ഇന്ദിര കരുതിയില്ല. സഞ്ജയ്ഗാന്ധി ഇതു മനസിലാക്കിയിരുന്നു എന്നതാണ് വാസ്തവം. തിരഞ്ഞെടുപ്പിനു ശേഷം അദ്ദേഹം ഒരു സുഹൃത്തിനോടു പറഞ്ഞു: “തിരഞ്ഞെടുപ്പിനു പോയത് എത്ര മണ്ടത്തരമായി. ഞാൻ മമ്മിയോടു പറഞ്ഞതാണ്, ഫെബ്രുവരിയിൽ പ്രതിപക്ഷ നേതാക്കളെ ജയിൽവിമുക്തരാക്കാനും ഒക്ടോബറിലോ നവംബറിലോ തിരഞ്ഞെടുപ്പ് നടത്താനും. അപ്പോഴേക്കും അവർ തമ്മിൽത്തല്ലി പിരിഞ്ഞേനെ. മമ്മി ഞാൻ പറഞ്ഞത് വകവച്ചില്ല.” അതങ്ങനെയേ സംഭവിക്കൂ. ‘വിനാശകാലേ വിപരീത ബുദ്ധി’ എന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ ജെ.പി പറഞ്ഞത് ഓർമ്മയില്ലേ?
ഇന്ത്യൻ ജനത ഇത്രയധികം അവേശത്തോടെ സ്വീകരിച്ച മറ്റൊരു തിരഞ്ഞെടുപ്പു ഫലം ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്. രാജ്യത്തുടനീളം അഹ്ലാദം അണപൊട്ടി. കടക്കാർ രാവന്തിയോളം കടകൾ തുറന്നുവച്ച് മധുരം വിളമ്പി. ബുദ്ധിജീവികളും ഭരണഘടനാ സ്ഥാപനങ്ങളും പരാജയപ്പെട്ടിടത്ത് ജനങ്ങൾ വിജയിച്ചു. ബുദ്ധിജീവികൾ പുലർത്തിയ മൗനമാണ് തന്നെ അത്ഭുതപ്പെടുത്തിയത് എന്ന് ഒരു വിദേശ മാദ്ധ്യമ പ്രവർത്തകനോട് ഇന്ദിര പറഞ്ഞത് ഓർക്കുക. അധികാരികളുടെ ജനാധിപത്യവിരുദ്ധ പ്രവണതകൾ അധികകാലം ജനങ്ങൾ പൊറുക്കില്ലെന്നതാണ് അടിയന്തരാവസ്ഥ നൽകുന്ന രാഷ്ട്രീയ പാഠം. ഒപ്പം, അധികാരത്തിലൂടെ മാത്രമല്ല രാഷ്ട്രീയപ്പാർട്ടികൾ വളരുന്നത് എന്നും, അതിന് ജനങ്ങളോട് ചേർന്നുനിൽക്കണമെന്നുള്ള മറ്റൊരു പാഠവും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |