ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്ന ഗുരുദേവ സന്ദേശം ലോകസമാധാനത്തിനുള്ള മഹത്തരമായ മാർഗമാണെന്ന് ലോകസമൂഹം അംഗീകരിക്കുന്ന നവയുഗമാണിത്. വിശ്വഗുരുവായ ശ്രീനാരായണ ഗുരുദേവന്റെ ഉപദേശങ്ങളുടെ വെളിച്ചം സാർവത്രിക സാഹോദര്യവും ഏകത്വവുമാണ്. ശ്രീനാരായണ ഗുരുസ്വാമികളുടെ ഹൃദയഭാഷ ഗാന്ധിജിയുടെ ചിന്താധാരകളിൽ ചെലുത്തിയ സ്വാധീനം വളരെ വലുതാണ്. 1925 മാർച്ച് 12 നായിരുന്നു ഗുരുദേവ - ഗാന്ധിജി കൂടിക്കാഴ്ച .
'ചാതുർവർണ്യം മയാസൃഷ്ടം" എന്നു വാദിച്ച ഗാന്ധിജിയോട് ജാതിയും മതവും പ്രകൃതിസൃഷ്ടിയല്ല; അവ മനുഷ്യസൃഷ്ടിയാണെന്ന് ഗുരുദേവൻ ഉപദേശിച്ചു. മനുഷ്യത്വം എന്ന ഗുണമാണ് മനുഷ്യന്റെ ജാതി. അത് ഏകമാണ് . ഗാന്ധിജിക്ക് ഗുരുദേവന്റെ യുക്തി മനസിലായി. ഹരിജനോദ്ധാരണം, മതവിശ്വാസങ്ങൾ, അയിത്തോച്ചാടനം, ഭാരതത്തിന്റെ സ്വാതന്ത്ര്യസമരം എന്നിങ്ങനെ നിരവധി കാര്യങ്ങളിൽ നിർണായക സ്വാധീനം ചെലുത്താൻ മഹാത്മാഗാന്ധിക്കു കഴിഞ്ഞത് ശിവഗിരിയിലെത്തി ഗുരുദേവ ദർശനം സാദ്ധ്യമായതോടെയാണ്. ജാതിയുടെ നിരർത്ഥകത ബോദ്ധ്യമാക്കിക്കൊണ്ടുള്ള മഹാഗുരുവിന്റെ ഭാഷണം പിന്നീട് ചരിത്രമായി.
ഗുരുദർശനം ഭൂമിശാസ്ത്രപരമായോ വംശീയമായോ പരിമിതപ്പെടുന്നില്ല. സത്യത്തിലാണ് ലോകം നിലനിൽക്കുന്നത്. സത്യത്തിൽ നിന്ന് ആരും വ്യതിചലിക്കരുത് എന്നാണ് ഗുരു ഉപദേശിച്ചത്. ഗുരുദേവന്റെ ഈ ഉപദേശം ജീവിതത്തിൽ അന്വർത്ഥമാക്കിയ മഹാത്മാവാണ് ഗാന്ധിജി. അഹിംസയുടെ ഉപാസകരായ രണ്ട് യുഗപുരുഷന്മാരുടെ സമാഗമം ഒരു നൂറ്റാണ്ട് പിന്നിടുമ്പോൾ ശിവഗിരി മഠത്തിന്റെ നേതൃത്വത്തിൽ ഡൽഹി വിജ്ഞാൻഭവനിൽ ഇന്നു നടത്തുന്ന ശ്രീനാരായണ ഗുരുദേവ- മഹാത്മാഗാന്ധി സമാഗമ ശതാബ്‌ദി ആഘോഷത്തിന് ഏറെ പ്രധാന്യമുണ്ട്.
മനുഷ്യരാശിയുടെ ഏകതയ്ക്കു വേണ്ടിയാണ് ഗുരു നിലകൊണ്ടത്. വാദിക്കാനും ജയിക്കാനുമല്ല; അറിയാനും അറിയിക്കാനുമാണ്, മതമേതായാലും മനുഷ്യൻ നന്നായാൽ മതി, ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് തുടങ്ങിയ ഗുരുവിന്റെ തത്വദർശനത്തിന്റെ വെളിച്ചത്തിൽ ലോകമെമ്പാടും സർവമത സമ്മേളന ശതാബ്‌ദി ആഘോഷങ്ങളും മഠത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചുവരുന്നുണ്ട്. ഗുരുദേവ- മഹാത്മാഗാന്ധി സമാഗമ ശതാബ്‌ദി ഡൽഹി സമ്മേളനവും ഇത്തരത്തിലാണ് സംഘടിപ്പിച്ചിട്ടുള്ളത്. മഹാസമാഗമത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ടുകൊണ്ട് കേരളത്തിൽ നിന്നു മാത്രമല്ല, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുമുള്ള നിരവധിപേർ ഡൽഹി സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.
ഡൽഹിയിലെ എല്ലാ പ്രസ്ഥാനങ്ങളും സമ്മേളനത്തിന്റെ ഭാഗഭാക്കാണ്. എല്ലാ ജീവജാലങ്ങളും ഒരേ സാർവത്രിക ബോധത്തിന്റെ പ്രകടനങ്ങളാണ്. മതം, ജാതി, ആചാരങ്ങൾ എന്നിവയെ മറികടക്കുന്നതിനും എല്ലാ മനുഷ്യരെയും ഒന്നിപ്പിക്കുന്ന ഒരു സാർവത്രിക ആത്മീയതയെ പ്രോത്സാഹിപ്പിക്കുന്നതിനും ഗുരു ഉപദേശിച്ചു. ലോകത്ത് ശാന്തിയും സമാധാനവും പുലരേണ്ടതുണ്ട്. ഗുരുദേവൻ നന്മയുടെ പാതയാണ് നമുക്കായി തെളിച്ചത്. സത്യവും സ്നേഹവും വിരാജിക്കുന്ന മനസിന് ഉടമകളായി നന്മയുടെ വെളിച്ചം സ്വാംശീകരിച്ച് കർമ്മപഥത്തിൽ നമുക്ക് സഞ്ചരിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |