SignIn
Kerala Kaumudi Online
Saturday, 26 July 2025 11.23 AM IST

വരൂ, പ്രകൃതിക്കായി പക്ഷികളെ നിരീക്ഷിക്കാം

Increase Font Size Decrease Font Size Print Page
black-

പ്രകൃതിയിൽ നിന്ന് അകന്ന് മനുഷ്യന് നിലനിൽപ്പുണ്ടോ? ഒരിക്കലുമില്ല. എത്ര ബഹുനില കോൺക്രീറ്റ് മന്ദിരങ്ങളിൽ കഴിഞ്ഞാലും മനുഷ്യൻ, മനുഷ്യനാകണമെങ്കിൽ പ്രകൃതിയിലേക്ക് കാതോർത്ത് കണ്ണുതുറക്കണം. പ്രകൃതിയോട് ഇണങ്ങിച്ചേർന്നുള്ള നിലനിൽപ്പാണ് മറ്റു ജീവജാലങ്ങളെ പോലെ മനുഷ്യനും അഭികാമ്യം. പ്രകൃതിയിൽ കണ്ണിനും കാതിനും ഇമ്പം നൽകുന്നവയാണല്ലോ പക്ഷികൾ. അവയെ നിരീക്ഷിക്കുന്നതും കാടുകളിൽ സമയം ചെലവഴിക്കുന്നതും പ്രകൃതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതും മാനസികാരോഗ്യം മെച്ചപ്പെടുത്തുമെന്ന് പഠനങ്ങൾ പറയുന്നു. ഉത്കണ്ഠ, പഠനഭാരം, വിഷാദരോഗം, സമ്മർദ്ദം എന്നിവ മനുഷ്യരിൽ വല്ലാതെ ഉയരുന്ന കാലമാണിത്. ഇവയ്ക്കുള്ള പരിഹാരമായി പ്രകൃതിയിൽ അധിഷ്ഠിതമായ പക്ഷി നിരീക്ഷണം പോലുള്ള പ്രവർത്തനങ്ങൾ മുന്നോട്ട് വയ്ക്കുന്നതാണ് പുതിയ പഠനം. ക്ഷമയും ശ്രദ്ധയുമൊക്കെ ആവശ്യമുള്ള ജോലിയാണ് പക്ഷി നിരീക്ഷണം. കേൾക്കാനും സൂക്ഷ്മമായി നിരീക്ഷിക്കാനും വിശദാംശങ്ങളിൽ ശ്രദ്ധിക്കാനുമെല്ലാമുള്ള മനുഷ്യരുടെ കഴിവുകൾ വളർത്താനും പക്ഷിനിരീക്ഷണം സഹായിക്കും. സമ്മർദ്ദം കുറയ്ക്കാനും സംതൃപ്തി നൽകാനും ഈ ശീലം നല്ലതാണെന്നും പറയുന്നു. പക്ഷി നിരീക്ഷണത്തിന്റെ ഗുണങ്ങൾ തിരിച്ചറിഞ്ഞ് നിരവധി സന്നദ്ധ സംഘടനകൾ രൂപീകരിച്ചിട്ടുണ്ട്.

കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട പക്ഷി നിരീക്ഷണ കൂട്ടായ്മയാണ് ‘കേരള ബേർഡ് മോണിറ്ററിംഗ്'. പത്തുവർഷം പിന്നിടുമ്പോൾ, ആ കൂട്ടായ്മ കണ്ടെത്തിയത് 559 ഇനം പക്ഷികളെയാണ്. നിരീക്ഷണത്തിൽ ഏഴുലക്ഷം പക്ഷി ലിസ്റ്റ്‌ സമർപ്പിച്ചു. പക്ഷി-നിരീക്ഷണ, സംരക്ഷണ പ്രവർത്തനങ്ങൾക്കായി സാധാരണക്കാരെ ഉൾപ്പെടുത്തിയുള്ള പൗരശാസ്ത്ര മാതൃകയിൽ കണ്ണികളായത് പതിനായിരത്തോളം പേരും. ആയിരത്തോളം പക്ഷിനിരീക്ഷകർ വഴി 3000ത്തിൽ പരം ഇടങ്ങളിൽ ‘കേരള ബേർഡ് അറ്റ്‌ലസ്' എന്ന ഏഷ്യയിലെ ഏറ്റവും വലിയ പക്ഷി ഭൂപടവും അഞ്ചുവർഷ കാലയളവിൽ പൂർത്തിയാക്കി. ചുറ്റുമുള്ള സാധാരണ പക്ഷികളെ നിരീക്ഷിക്കുന്ന 'കോമൺ ബേർഡ് മോണിറ്ററിംഗ് പ്രോഗ്രാം" വഴി ആവാസവ്യവസ്ഥയുടെ സൂചകങ്ങളായ പക്ഷികളെയും നിരീക്ഷിച്ചു. പഞ്ചായത്ത്‌ തലത്തിൽ പക്ഷികളുടെ അടിസ്ഥാന വിവരങ്ങൾ ലഭ്യമാക്കാനും ഇത് സഹായകമായി. നിരവധി പഞ്ചായത്ത്‌ –കോർപറേഷൻ തലങ്ങളിൽ പക്ഷികളുടെ പോസ്റ്ററുകൾ തയ്യാറാക്കി നൽകി. കൊറ്റില്ലങ്ങളുടെ ചിട്ടയായ നിരീക്ഷണം വഴി അവയുടെ സംഖ്യ, പ്രജനനം, നേരിടുന്ന ഭീഷണികൾ എന്നിവയെക്കുറിച്ച് വ്യക്തമായ വിവരം ശേഖരിച്ചു. ഏഷ്യൻ നീർപ്പക്ഷി സെൻസസ് നടത്തുന്നതിലൂടെ നീർപ്പക്ഷികളുടെ സംഖ്യ, അവയുടെ ദേശാന്തരഗമന രീതികൾ എന്നിവയെക്കുറിച്ച് വിവരങ്ങൾ ശേഖരിച്ചു.

കടൽപക്ഷികളേയും

നിരീക്ഷിക്കുന്നു

കടൽപ്പക്ഷികളുടെ കണക്കെടുപ്പിനും ദേശാന്തരഗമനത്തിനെക്കുറിച്ച്‌ മനസിലാക്കാനും പെലാജിക് ബേർഡ് സർവേ നടത്തിവരുന്നുണ്ട്. പരുന്തുകളെപ്പറ്റി മനസിലാക്കാൻ "റാപ്റ്റർ മോണിറ്ററിംഗും നടത്തുന്നു. എണ്ണം കുറഞ്ഞുവരുന്ന തീരദേശ പക്ഷികളുടെ കണക്കെടുപ്പ് 'ബീച്ച് കോമ്പിംഗ്" വഴി നടത്തി. അവയുടെ സംരക്ഷണ പ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള വിവരങ്ങൾ ശേഖരിക്കാനും കഴിഞ്ഞു.

എല്ലാ വനങ്ങളിലും കൃത്യമായി പക്ഷി സർവ്വേകൾ നടത്തി വരുന്നുണ്ടെന്നും പ്രതിസന്ധികളുണ്ടെങ്കിലും കടലിലും നിരീക്ഷണം തുടരുമെന്നും കേരള കാർഷിക സർവകലാശാല കാലാവസ്ഥ പരിസ്ഥിതി ശാസ്ത്ര കോളേജ് ഡീൻ ഡോ. പി.ഒ നമീർ പറയുന്നു.

അന്താരാഷ്ട്ര പ്രാധാന്യമുള്ള റാംസാർ തണ്ണീർത്തടങ്ങളുടെ പാരിസ്ഥിതിക സ്വഭാവവും ആരോഗ്യവും വിലയിരുത്താനായി റാംസാർ സൈറ്റ് മോണിറ്ററിംഗ് നടപ്പാക്കി. കേരള കാർഷിക സർവകലാശാലയിലെ കാലാവസ്ഥ പരിസ്ഥിതി ശാസ്ത്ര കോളേജും, വനശാസ്ത്ര കോളേജും, കേരള പക്ഷി നിരീക്ഷണ ശൃംഖലയും ചേർന്ന് 'പൗര ശാസ്ത്രത്തിലൂടെ പക്ഷി നിരീക്ഷണം: പരിവർത്തനത്തിന്റെ ഒരു ദശകം' എന്ന വിഷയത്തിൽ സെമിനാർ നടത്തിയിരുന്നു. ചീഫ് വൈൽഡ് ലൈഫ് ഓഫീസർ പ്രമോദ്. ജി. കൃഷ്ണൻ ഉദ്ഘാടനം നിർവ്വഹിച്ച ചടങ്ങിൽ കാർഷിക സർവ്വകലാശാല വെെസ് ചാൻസിലർ ഡോ. ബി. അശോക്, കെ.എഫ്.ആർ.ഐ. ഡയറക്ടർ ഡോ. കണ്ണൻ സി.എസ് വാര്യർ, ഡോ. ആർ.എൽ രതീഷ്, ജെ.പ്രവീൺ തുടങ്ങിയവർ പങ്കെടുത്തിരുന്നു.


ദേശാടനപ്പക്ഷികളും

നിർണ്ണായകം

അറുന്നൂറോളം പക്ഷികളെ കൂടുതലായി കണ്ടെത്തിയെങ്കിലും മൂന്നുവർഷം മുൻപ് ദേശാടനപക്ഷികളുടെ വരവ് കുറയുന്നതായി നീർപക്ഷി നിരീക്ഷണസർവേയിൽ വെളിപ്പെട്ടിരുന്നു. 2018ൽ 30,000 ലേറെ പക്ഷികളെ കണ്ടെത്തിയിരുന്നെങ്കിലും പിന്നീട് പകുതിയോളമായി കുറഞ്ഞു. പരിസ്ഥിതി മലിനീകരണം, കാലാവസ്ഥാ വ്യതിയാനം, നീർത്തടങ്ങളിലെ മലിനീകരണം, റോഡ് കെട്ടിടനിർമ്മാണ, ഖനന പ്രവർത്തനം തുടങ്ങി നിരവധി പ്രത്യാഘാതങ്ങൾ പരിസ്ഥിതി പ്രവർത്തകർ ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നു. കൃത്യമായ കാരണം കണ്ടെത്താൻ കൂടുതൽ പഠനം വേണമെന്നാണ് പറയുന്നത്. കാലാവസ്ഥാ മാറ്റം പക്ഷികളേയും വലിയ അളവിൽ സ്വാധീനിക്കുന്നുണ്ടെന്നുള്ള റിപ്പോർട്ട് പുറത്തുവന്നിരുന്നു. പക്ഷികൾ ഒരിടത്തും സ്ഥിരമായി നിലകൊള്ളാറില്ല. ഭക്ഷണം തേടിയാണ് ഈ സഞ്ചാരം. ദേശാടനപ്പക്ഷികൾ കൂടുകൂട്ടാറുമില്ല. ബോട്ടിംഗും മറ്റും തുടങ്ങിയതോടെ പക്ഷികൾ കുറഞ്ഞെന്നാണ് ചില പരിസ്ഥിതിപ്രവർത്തകരുടെ അഭിപ്രായം. നീർക്കാക്ക, ചൂളാൻ എരണ്ട, ചിന്നമുണ്ടി, വരിഎരണ്ട, നീലക്കോഴി എന്നിങ്ങനെ നിരവധി പക്ഷികൾ തൃശൂരിന്റെ കോൾമേഖലയിലെ സുന്ദരകാഴ്ചകളാണ്. തൃശൂരിലെ കോൾമേഖല പക്ഷികളാലും വിവിധയിനം തുമ്പികളാലും സമൃദ്ധമാണ്. പാരിസ്ഥിതിക സന്തുലനത്തെ നിലനിറുത്തുന്നതും ഇവയെല്ലാമാണ്. അതുകൊണ്ടു തന്നെ പറവകളെ നിരീക്ഷിക്കുന്നതും സംരക്ഷിക്കുന്നതും നമുക്കു വേണ്ടി തന്നെയാണെന്ന് തിരിച്ചറിയേണ്ടതുണ്ട്.

TAGS: BIRD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.